പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് വില്ലൻ. സിനിമയിലെ ഗാനങ്ങൾ ഏതൊക്കെയാണെന്ന് പറയുന്ന ഓഡിയോ പ്രൊമോ പുറത്തിറങ്ങി. ഒരു മിനുട്ട് 40 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ സോങ് പ്രൊമോ ആണു പുറത്തിറങ്ങിയത്.
ബ്രഹ്മാണ്ഡ സംഗീതമാണു വില്ലനായി ഒരുക്കിയിരിക്കുന്നതെന്നു പ്രൊമോയിൽ നിന്നു മനസിലാക്കാം. ഹരംപിടിപ്പിക്കുന്ന സംഗീതം. മോഹൻലാലിന്റെ ലുക്ക് കണ്ട് ത്രില്ലടിച്ച പ്രേക്ഷകർക്കെല്ലാം പ്രിയപ്പെട്ടതാകുന്ന സംഗീതം. സുഷിൻ ശ്യാം ആണു സംഗീതം. എസ്ര, ഗ്രേറ്റ് ഫാദര്‍, തുടങ്ങിയ ചിത്രങ്ങൾക്ക് സുഷിൻ നൽകിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധേയമായിരുന്നു. യേശുദാസ് പാടിയതുൾപ്പെടെ ആകെ നാലു പാട്ടുകളാണു ചിത്രത്തിലുള്ളത്. പാട്ടുകളും പ്രൊമോ ഗാനവും ഫോർ മ്യൂസിക് ആണു ചെയ്യുന്നത്. ഒപ്പം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത സംഘമാണു ഫോർ മ്യൂസിക്.
ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലൻ. മഞ്ജു വാര്യർ, വിശാൽ, രാശി ഖന്ന, ഹൻസിക മോത്‍വാനി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. റോക്ക‍്‍ലൈൻ വെങ്കടേഷ് ആണു സിനിമ നിർമിക്കുന്നത്. മനോജ് പരമഹംസയുടേതാണു ഛായാഗ്രഹണം.