മോഹൻലാൽ- ആ പേര് കേൾക്കുമ്പോൾതന്നെ മലയാളികളുടെ ഉള്ളിലൊരു ഇരമ്പലുണ്ടാകും. ഏട്ടൻ എന്നു വിളിക്കുന്നത് ഹൃദയത്തിൽനിന്ന് തന്നെയാണ് താനും. പല വിഷയങ്ങളിലും മോഹൻലാലിനെതിരെ ആരെങ്കിലും സോഷ്യൽ മീഡിയയിലോ മറ്റോ പറഞ്ഞാൽ വളരെ ക്രൂരമായിപോലും പ്രതികരിക്കാൻ ആൾക്കാരെ പ്രേരിപ്പിക്കുന്നതും ഈ അന്ധമായ ഇഷ്ടം കൊണ്ടാണ്.
കൈപിടിച്ച് നടക്കാൻ ഒരാൾ കൂട്ടുണ്ടാവുക, എത്ര മനോഹരമാണത്. ഉൾക്കണ്ണു കൊണ്ടു കാണുന്ന ജയറാമിന്റെ ജീവിതത്തിലേക്ക് അയാളുടെ കൈപിടിച്ച് നടക്കാനായി കൂട്ടിനെത്തിയ ചിത്തിര മുത്തായിരുന്നു അവൾ. സ്വന്തം അച്ഛനെ നഷ്ടമായിട്ടും മറ്റാരോ ആണ് അയാൾ എന്ന് തിരിച്ചറിഞ്ഞിട്ടും അച്ഛന് നൽകാൻ വച്ചിരുന്ന മുഴുവൻ സ്നേഹവും അവൾ അയാൾക്കു നൽകി. അയാൾക്ക് സർവസ്വവും അവളും.
"മിനുങ്ങും മിന്നാ മിനുങ്ങേ മിന്നി മിന്നി തേടുന്നതാരെ...
വരുമോ ചാരേ നിന്നച്ഛൻ ..."
പ്രിയദർശൻ സംവിധായൻ ചെയ്ത ഒപ്പം എന്ന ചിത്രത്തിനു വേണ്ടിയാണ് ബി.കെ. ഹരിനാരായണൻ ഈ വരികൾ കുറിച്ചത്. അതു കേൾവിക്കും ഏറ്റവും ആസ്വാദ്യകരമായി. ഫോർ മ്യൂസിക്സിന്റെ സംഗീത സംവിധാനത്തിൽ എം.ജി. ശ്രീകുമാറും ശ്രേയ ജയദീപുമാണ് ഗാനം ആലപിച്ചത്. അല്ലെങ്കിലും പ്രിയപ്പെട്ട ലാലേട്ടനോട് ഏറ്റവും ചേർന്നു നിൽക്കുന്ന ശബ്ദം എംജിയുടേതാണെന്നു പണ്ടേ തെളിഞ്ഞതാണല്ലോ.
കൈകൾ മെല്ലെ വിടർത്തി കണ്ണുകൾ തുറന്നു നോക്കുമ്പോൾ മുന്നിൽ ആഴമുള്ള കാടും മഞ്ഞണിഞ്ഞ മരങ്ങളും. ഒപ്പം ഏറ്റവും പ്രിയപ്പെട്ടവനും കുഞ്ഞുങ്ങളും... ഒരു സ്ത്രീക്ക് ഇതിലും പ്രിയമുള്ള നിമിഷങ്ങൾ ഏതുണ്ടാകും. ആനിയമ്മയുടെ ജീവിതം മടുപ്പിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അവളുടെ ജീവിതത്തിൽ ഒരു പാട്ടു വന്ന് അതിശയം കാണിച്ചത്. പിന്നെ മെല്ലെ മെല്ലെ അയാൾ അവളിലേക്ക് മഞ്ഞു പോലെ അലിഞ്ഞിറങ്ങി
‘അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ..
തെന്നിത്തെന്നി മണ്ണിൽ.. വീണതെങ്ങനെ
പുലരൊളിയങ്ങനെ.. യവനിക നീക്കവേ..’
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് വേണ്ടി റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയത്. വി.ജെ.ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയാണ് ഈ സിനിമയായത്. പ്രണയത്തിന്റെ മുത്തുമണികളിൽ കൊരുത്ത മനോഹരമായ ഒരു ദാമ്പത്യകഥ. ലാലേട്ടനെ കുടുംബസ്ഥനായി കാണാൻ എല്ലാവർക്കും ഇഷ്ടമാണ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്.
പുലിമുരുകനെ ആർക്കാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാൽ കുട്ടികൾക്കാവും എന്നാണു ശരിയായ ഉത്തരം. മുരുകന്റെ കാലിലും കയ്യിലും കെട്ടിയ സ്ട്രാപ്പിനും പുലിയെ കാണുമ്പോഴുള്ള പ്രത്യേക രീതിയിലുള്ള നിൽപ്പിനു പോലും ആരാധകർ അവരാണ്.
‘കാടണിയും കാൽചിലമ്പേ കാനനമൈനേ
കാട്ടു ഞാവൽക്കാ പഴുത്തേ നീ വരുകില്ലേ...
കനവു നിറച്ചീ ഞാനെൻ ചിറകു നനച്ചേ
കളിയിലൊളിച്ചേ ഞാനീ കാടാകേ....’
കാടിന്റെ ഭംഗികളിൽ അലച്ചെത്തുന്ന പുഴ പോലെ പാദസരമണിഞ്ഞ അവളുടെ കൊഞ്ചലും കുറുമ്പുകളും മുരുകന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവളില്ലാതെ, ആ കാടില്ലാതെ അതിജീവിക്കാൻ പ്രയാസമാണെന്ന് മുരുകൻ തിരിച്ചറിയുന്നുമുണ്ട്. വളരെ വ്യത്യസ്തമായ ഒരു മാസ്സ് വേഷമായിരുന്നു പുലിമുരുകനിൽ മോഹൻലാലിന്റേത്. "മാനം മുട്ടും മാമരക്കാടും ആരും കാണാ താഴ്‌വരത്തോടും കുന്നിമണിയെന്നതു പോലെ ഞാനമ്മാനമാടിടാം പെണ്ണേ..." റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയത് ഗോപീ സുന്ദർ. പാടിയത് യേശുദാസ്.
വൈകാരികതയും ത്രില്ലും നിറഞ്ഞ ചിത്രമെന്ന നിലയിലാണ് ‘വില്ലൻ’ എത്തിയത്. ഒരുപക്ഷേ ചിത്രത്തേക്കാൾ പ്രേക്ഷകരെ ആകർഷിച്ചത് യോശുദാസ് പാടിയ ഗാനം തന്നെയാവും.
‘കണ്ടിട്ടും കണ്ടിട്ടും പോരാതെ
തമ്മിൽ കണ്ണോടു കണ്ണോരം ചേരുന്നു
നാം പെയ്തിട്ടും പെയ്തിട്ടും തോരാതെ
വീണ്ടും വാർമേഘത്തെല്ലായി മാറുന്നു നാം",
എത്ര കണ്ടിട്ടും പിന്നെയും കാണാൻ തോന്നിപ്പിക്കുന്ന ആ വികാരമെന്താകും? എത്ര നോക്കിയിട്ടും ആ തോന്നാലെന്താകും മാറാത്തത്? ബി.കെ. ഹരിനാരായണന്റെ പ്രണയാർദ്രമായ വരികൾക്ക് ഫോർ മ്യൂസിക്സാണ് സംഗീതം. ആ പഴയ ദാസേട്ടൻകാലത്തെ, ഈ പാട്ട് ഓർമിപ്പിക്കുന്നുണ്ട്. കേരളവും കടന്നുപോയ ആ പാട്ടിന് ലോകം താളമിട്ടു.
‘എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ..."
‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് പലരും സ്വന്തം വേർഷനുകൾ നൽകി സോഷ്യൽ മീഡിയയിൽ വൈറലാക്കി. അനിൽ പനച്ചൂരാൻ, സൂസന്ന എന്നിവരുടെ വരികൾക്ക് ഷാൻ റഹ്‌മാന്റെ സംഗീതം. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ് പാടിയത്.