എല്ലാ തലങ്ങളിലും ഉന്നതനിലവാരം പുലർത്തിയ സിനിമകൾ മാത്രം പുറത്തിറങ്ങിയ കാലത്തെ താരങ്ങളിൽ ഒരാൾ. മലയാള സിനിമയിൽ തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവും സംഗീത സംവിധായകനും നിർമാതാവുമൊക്കെയായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ശ്രീകുമാരൻ തമ്പി. ആ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായി നിലകൊണ്ടയാൾ. സിനിമയുടെ പുതിയ സമവാക്യങ്ങൾ കടന്നുവന്നപ്പോൾ അദ്ദേഹം പിന്നണിയിലേക്കു പോയെങ്കിലും ആ നിലപാടുകൾ എന്നും പ്രസക്തമായിരുന്നു. മനോരമ ഓണ്‍ലൈനിന്റെ ഐ മീ മൈസെൽഫിൽ അതിഥിയായി എത്തിയപ്പോൾ പുതിയ കാല സിനിമയുടെ മുന്നണി-പിന്നണി കാര്യങ്ങളെ കുറിച്ച് ഗൗരവതരമായി സംസാരിച്ചതിനോടൊപ്പം വളരെ അപൂർവമായ ചില അനുഭവങ്ങളും പങ്കുവച്ചു. മലയാള സിനിമയിലെ പ്രബലരായ മൂന്നു പേരുടെ ഉയർച്ച തുടങ്ങിയത് തന്നിലൂടെയായിരുന്നുവെന്ന വെളിപ്പെടുത്തലായിരുന്നു അത്. മമ്മൂട്ടിയും ജഗതിയും മണിയൻപിള്ള രാജുവുമാണ് ആ താരങ്ങൾ.
മമ്മൂട്ടിയെ നായകനാക്കിയെന്നതാണ് അക്കൂട്ടത്തിലൊന്ന്. മുന്നേറ്റം എന്ന ചിത്രത്തിലായിരുന്നു അത്. അന്നോളം വില്ലൻ വേഷങ്ങളിലും മറ്റും ഒതുങ്ങി നിന്നിരുന്ന താരത്തിന് വേഷം നല്‍കികൊണ്ട് ശ്രീകുമാരൻ തമ്പി പറഞ്ഞത് ഇത് നിങ്ങളുടെ മുന്നേറ്റമാണ് എന്നായിരുന്നുവത്രേ. മമ്മൂട്ടി അംഗീകരിച്ചാലും ഇല്ലെങ്കിലും ഇതു സത്യമാണെന്നു അദ്ദേഹം പറയുന്നു. ഇതുപോലെ തന്നെയായിരുന്നു മോഹൻലാലിന്റെ കാര്യവും. മോഹൻലാൽ വില്ലൻ വേഷങ്ങൾക്കപ്പുറമൊരു ചിത്രം ചെയ്യുന്നതും ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത സിനിമയിലായിരുന്നു. 22 വയസേയുള്ളൂ അന്ന് മോഹൻലാലിന്. നായകൻ ആകേണ്ടിയിരുന്ന രതീഷിനെ വില്ലനാക്കിയിട്ടാണ് ലാലിനെ നായകനാക്കിയത്. എനിക്കൊരു ദിവസം എന്ന ചിത്രത്തിലായിരുന്നു അത്. ശ്രീകുമാരൻ തമ്പി പറഞ്ഞു.
മോഹൻലാലും മമ്മൂട്ടിയും അനിഷേധ്യ മഹാനടൻമാരാണ്. ജോർജിനൊപ്പം ദേശീയ പുരസ്കാര ജൂറിയിൽ അംഗമായിരുന്നപ്പോൾ മികച്ച നടനുള്ള അവസാന പട്ടികയിൽ ഇവർ രണ്ടുപേരുമാണ് വന്നത്. എത്ര അഭിമാനകരമായ കാര്യമാണത്. 21 ഭാഷകളിലുള്ള ചിത്രങ്ങൾ മത്സരത്തിനെത്തിയതിൽ ഇന്ത്യയിലെ മികച്ച നടൻമാരെ തെരഞ്ഞെടുക്കേണ്ടതില്‍ അവസാന റൗണ്ടിലെത്തിയ രണ്ടു പേരും മലയാളത്തിൽ നിന്നുള്ളവര്‍. സൗമിത്ര ചാറ്റർജിയേയും അമിതാഭ് ബച്ചനേയുമൊക്കെ പിന്തള്ളിയായിരുന്നു അന്ന് അവസാന റൗണ്ടിൽ ഇവർ രണ്ടാളും വന്നത്. അവരുടെ കൈകളിൽ മാത്രമായി സിനിമ ഒതുങ്ങിയ കാലം കഴിഞ്ഞു. നിവിൻ പോളിയെ പോലെ പരാജയമറിയാത്ത പുതിയ നടൻമാർ വന്നല്ലോ. സിനിമയിലെ ആദ്യകാല വ്യവസ്ഥയും ഘടനയും തീരുമാനങ്ങളും മാറി. നിർമാതാവും സംവിധായകനും ചേർന്ന് നടൻമാരെ തീരുമാനിക്കുന്ന കാലമൊക്കെ മാറി. ഇന്ന് നടൻമാരാണു സംവിധായകരെ തീരുമാനിക്കുന്നത്. അതാണ് മലയാള സിനിമയിൽ വന്ന ഏറ്റവും വലിയ മാറ്റം എന്നാണ് എനിക്ക് തോന്നുന്നത്.
സിനിമ ഒരു മായിക ലോകമാണെന്നാണ് ശ്രീകുമാരൻ തമ്പിയുടെ അഭിപ്രായം. ആര് എപ്പോൾ എന്താകും എന്നു പറയാനാകില്ല. ഇങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. മണിയൻ പിള്ള രാജുവാണ് അതിനു കാരണം. സിനിമയിൽ ചാൻസ് തേടി നടന്ന ഒരു സമയത്ത് ശ്രീകുമാരൻ തമ്പിയ്ക്ക് അരികെയുമെത്തി മണിയൻ പിള്ള രാജു.
അന്ന് സുധീര്‍ കുമാർ എന്നായിരുന്നു പേര്. ഇന്നത്തെയത്രയും വണ്ണമൊന്നുമില്ല അന്ന്. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായിട്ടാണ് വന്നത്. ഒരു നടനാകാനുള്ള ആകാരഭംഗിയൊന്നുമില്ല. ഞാൻ ഇങ്ങനെയെല്ലാം തുറന്നു പറയുന്ന ആളായതുകൊണ്ട് അതങ്ങ് പറഞ്ഞു. അന്ന് സുധീർ പോയി കഴിഞ്ഞിട്ട് എന്റെ ഭാര്യ എന്നോടു പറഞ്ഞു, എന്തിനാണ് ആളുകളെയിങ്ങനെ വിഷമിപ്പിക്കുന്നതെന്ന്. നോക്കാം, ആലോചിക്കാം എന്നൊക്കെ പറഞ്ഞാൽ പോരെ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു, അങ്ങനെ പറഞ്ഞാൽ ആലോചിക്കണം, ചാൻസ് കൊടുക്കണം അല്ലാതെ പറയരുതെന്ന്. സുധീർ അന്ന് കരഞ്ഞാണ് മടങ്ങിയത്. എനിക്കും അതിൽ കുറ്റബോധം തോന്നി. സുധീർ പോയതിനു പിന്നാലെ ഞാൻ എന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറെ വിളിച്ച് സുധീറിനെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊണ്ടുവരാൻ പറഞ്ഞ് അയച്ചു. ലോഡ്ജിന്റെ പേരൊക്കെ പറഞ്ഞു കൊടുത്തിരുന്നു. പക്ഷേ അപ്പോഴേക്കും അയാൾ ബസ് കയറി പോയിരുന്നു.
അന്ന് ഞാൻ ചെറുപ്പമാണ്. ചെറുപ്പത്തിലേ പ്രശസ്തനായി, പണം വന്നു. അതിന്റേതായ ഒരു സ്വഭാവ വിശേഷം അന്നുണ്ട്. അതൊക്കെ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അന്ന്. മൂന്നു നായികമാർ. നായകൻമാരില്ല. വില്ലൻമാർ മാത്രം. അതിൽ ഒരു ഉദ്യോഗാർഥിയുടെ വേഷമാണ് സുധീറിന് മാറ്റിവച്ചത്. ഒറ്റ സീനിലേയുള്ളൂ. ഡയലോഗും ഉണ്ട്. സുധീറിനെ അന്വേഷിച്ച് കണ്ടുപിടിക്കാനാകാത്തതു കൊണ്ട് എന്റെ പ്രൊഡക്ഷൻ കണ്‍ട്രോളർക്ക് വേണ്ടപ്പെട്ടൊരാളെ തിരഞ്ഞെടുത്തു. അയാളെ മേക്കപ്പൊക്കെ ചെയ്യിച്ചിരുത്തിയപ്പോഴാണ് സെറ്റിലേക്ക് സുധീർ ഓടിപ്പാഞ്ഞു വരുന്നു....സർ ഞാൻ ഒരിടത്തു പോയിരുന്നു. അതാണ് അന്വേഷിച്ചു വന്നപ്പോൾ കാണാത്തത് എന്നു പറഞ്ഞുകൊണ്ട്. പ്രൊഡക്ഷൻ കൺട്രോളർക്ക് സുധീറിന് വേഷം നൽകുന്നതിൽ അത്ര താൽപര്യമില്ലായിരുന്നു. മറ്റേയാൾ മേക്കപ്പിട്ടു പോയെന്നൊക്കെ അയാൾ കാരണം പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. അങ്ങനെയാണ് സുധീർ സിനിമയിലെത്തിയത്. പിന്നീട് മണിയൻ പിള്ള രാജു എന്നു പേരു വന്നു. എന്നേക്കാൾ വലിയ നിർമാതാവായി....അതാണ് പറയുന്നത് സിനിമ ഒരു മായിക ലോകമാണ്. അതുകൊണ്ട് സൂക്ഷിച്ചു വേണം സംസാരിക്കാൻ. ആര് എപ്പോൾ എന്താകുമെന്ന് പറയാനാകില്ല. ശ്രീകുമാരൻ തമ്പി പറഞ്ഞു.