ഓരോ പാട്ടിനു പിന്നിലുമുണ്ടാകും ഒരു കഥ. അതുപോലെ ഓരോ സംഭവങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും ഓര്‍ത്തുപോകുന്നത് ചില പാട്ടുകളാണ്. രണ്ടു ദിവസമായി മുഴുവന്‍ ശ്രദ്ധയും ദിലീപിലേക്കാണല്ലോ? ദിലീപ് കഥകൾ ചാനലുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ചില പാട്ടുകൾ ഓർക്കാതെ വയ്യ. ചാനലുകളിലെ വാർത്താധിഷ്ഠിത പരിപാടികളിലും ഈ പാട്ടുകളാണ് താരങ്ങൾ. അറംപറ്റിയെന്നൊക്കെ പറയില്ലേ അതുപോലെയായി ദിലീപിന്റെ അവസാന സിനിമകളിലെ ഈ പാട്ടുകൾ.
ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിലേതാണ് ഒരു ഗാനം. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് നടിയ ആക്രമിക്കുന്നതിനായുള്ള ഗൂഢാലോചനയുടെ അവസാന ഘട്ടം നടന്നതെന്നാണ് പൊലീസ് പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായ പൾസർ സുനി ഇവിടെയെത്തിയിരുന്നുവെന്ന കാര്യവും ഒരു സെൽഫി വഴി പുറത്തായിരുന്നു. ഈ സിനിമയിലെ ഒരു ഗാനമാണ് ഇന്നലെ വിവിധ ചാനലുകളിലെ പരിപാടികളിലും പിന്നെ ട്രോളൻമാരുടെ വിഡിയോകളിലും നിറഞ്ഞുനിന്നത്. 'ഒടുവിലെ യാത്രയ്ക്കായി നീ ഇന്ന്' എന്ന പാട്ട്. ചിത്രത്തിൽ ടി ജി രവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരണ സമയത്തുള്ള പാട്ടാണിത്. ദിലീപിന്റെ അഭിനയവും പാട്ടിന്റെ ഭാവവും അതിമനോഹരമാണ്. ഈ പാട്ടിലെ ദിലീപിന്റെ ഭാവമായിരുന്നു ട്രോളുകളിൽ അധികവുമെത്തിയത്.
'വെൽകം റ്റു സെൻട്രൽ ജയിൽ' എന്ന ചിത്രത്തിലേതാണു മറ്റൊരു ഗാനം. സിനിമയിലെ ഒരു പാട്ടിന്റെ വരികൾ ഇങ്ങനെയാണ്...
പൊലീസാണു താരം ...
സൂപ്പർ താരം
നല്ല മിന്നും താരം
കള്ളന്‍മാരെ കൊള്ളക്കാരെ വെൽകു ടു സെൻട്രൻ ജയില്‍
ഇതുതന്നെയാണ് കഴിഞ്ഞ രണ്ടു ദിവസമായി നാട്ടുകാരും മാധ്യമങ്ങളും പൊലീസിെന കുറിച്ചു പറയുന്നത്. ദിലീപിന്റെ അറസ്റ്റു വരെ നീണ്ട അന്വേഷണം അത്രയ്ക്കും വിദഗ്ധവും രഹസ്യവുമായിട്ടാണ് പൊലീസ് ആസൂത്രണം ചെയ്തത്. അന്വേഷണം പൾസർ സുനിയിൽ ഒതുങ്ങുന്നുവെന്ന ധാരണ പുറത്തു സൃഷ്ടിച്ച് വളരെ രഹസ്യമായി നടിയ്ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്ത 'സൂത്രധാരനിലേക്ക്' പോലീസ് എത്തുകയായിരുന്നു. സൂത്രധാരൻ എന്നത് ദീലിപിന്റെ ഒരു ചിത്രത്തിന്റെ പേരു കൂടിയാണെന്നതു മറ്റൊരു കാര്യം.
ദിലീപ് അറസ്റ്റിലായി എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ദിലീപിന്റെ പടം അടക്കം ആളുകൾ ഹാഷ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തത് ഈ ചിത്രത്തിന്റെ പേരായിരുന്നു. വെൽകം ടു സെൻട്രൽ ജയിൽ. സിനിമയിൽ ജയിലിലെ സുഖ സൗകര്യങ്ങളെ കുറിച്ച് ദിലീപ് അവതരിപ്പിച്ച കഥാപാത്രം പറയുന്ന കാര്യങ്ങളും ഓര്‍ക്കാതെ വയ്യ. സിനിമയിലെ താരങ്ങളുടെ ജീവിതത്തിലെ പല സംഭവങ്ങളും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളുമായി ചേർന്ന് നിൽക്കാറുണ്ട്. ദിലീപിന്റെ കാര്യത്തിൽ അത് അസാധാരണമായി ചേർന്നുനിൽക്കുന്നുവെന്നു പറയാതെ വയ്യ.