സോഷ്യൽ മീഡിയ ആർക്കൊക്കെ വേണ്ടിയുള്ളതാണ്? എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, പുതിയ സുഹൃദ് വലയങ്ങൾ തേടുന്നവർ? ഉത്തരങ്ങൾ ഇവിടം കൊണ്ടു തീരുന്നില്ല. എങ്കിലും പറയാം. സ്മ്യൂൾ പാട്ടുകാർക്കും വേണ്ടിയുള്ളതാണെന്ന്. അതും നമ്മളിന്നേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പാട്ടുകാർക്കു വേണ്ടിയുള്ളത്. ഒരു കണ്ടുപിടിത്തം ലോകത്തെ കലയിലൂടെ ഒന്നിപ്പിക്കുന്ന, അതിരുകളില്ലാതാക്കുന്ന കാഴ്ചയാണ് സ്മ്യൂളിലൂടെ കാണാനാകുന്നത്. മൂളിപ്പാട്ടുകളിലും അടുക്കളയിലെ തിരക്കിട്ട ജോലിയുടെ വേഗതയ്ക്കും ബാത്റൂമിനുള്ളിലെ നേരംപോക്കിന് ഒക്കെ പാടി നടന്നവർ സമൂഹമാധ്യമത്തിലെ വലിയ സമൂഹത്തിനു മുന്‍പിൽ താരങ്ങളാകുന്നു. വളരെ കുറച്ചു നാളായിട്ടേയുള്ളൂ ഒരുപക്ഷെ കേരളത്തിൽ സ്മ്യൂള്‍ തരംഗം പടർന്നു പിടിച്ചിട്ട്, അതിനും എത്രയോ മുൻപ് വിദേശരാജ്യങ്ങളിൽ സ്മ്യൂള്‍ ഒരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു!
സ്മ്യൂള്‍ എന്നത് ഒരു സംഗീത സാധ്യതകൾ തുറന്നിടുന്ന ആൻഡ്രോയിഡ് ആപ്പാണ്. സാൻഫ്രാൻസിസ്‌കോയിലെ രണ്ടു മിടുക്കന്മാർ തുറന്നിട്ട സംഗീതത്തിന്റെ ലോകമാണ് ഇപ്പോൾ അമേരിക്കയും കടന്നു പാട്ടുപാടാൻ കഴിവുള്ള ആർക്കും പാടി താരമാകാൻ കഴിയുന്ന നിലയിൽ എത്തി നിൽക്കുന്നത്. ജെഫ് സ്മിത്തും ഗെ വാഗും ഇത്തരമൊരു ആപ്പുണ്ടാക്കുമ്പോൾ ഒരുപക്ഷെ ഓർത്തിരിക്കില്ല അതിരുകളില്ലാത്ത, ജാതിയോ മതമോ ഇല്ലാത്ത വിശാലമായ ഒരു ലോകമാണ് തങ്ങൾ സോഷ്യൽ മീഡിയയ്ക്കു വേണ്ടി ഒരുക്കുന്നതെന്ന്. മാർക്കറ്റിങോ ഓർക്കസ്ട്രയുടെ ഭാരിച്ച ചിലവോ ഇല്ലാതെ ആർക്കും പാട്ടുകാരാനാകുന്ന അവസ്ഥ.
"സംഗീത കച്ചവട ലോകത്ത് ഇത് ഏറ്റവും ഉദാത്തമായ സമയമായിരിക്കുന്നു" സ്മ്യൂള്‍ ആപ്പ് ലോകത്തിനു സമർപ്പിച്ച ജെഫ് സ്മിത്തിന്റെ വാക്കുകളാണിത്. $40 മില്യൺ യു എസ് ഡോളർ ആണ് ഈ ആപ്പ് വഴി ഇതിന്റെ ഉടമസ്ഥർക്ക് ഇക്കഴിഞ്ഞ വർഷം ലഭിച്ചത് എന്ന് മനസ്സിലാക്കുമ്പോഴാണ് സ്മിത്തിന്റെ വാചകം എത്രമാത്രം അർത്ഥവത്തായിരിക്കുന്നതെന്ന് എന്നും നാം തിരിച്ചറിയണം. ഇപ്പോൾ സ്ഥിരമായി സ്മ്യൂള്‍ ആപ്പ് ഉപയോഗിക്കുന്ന 21 മില്യൺ ആളുകളിൽ ഏതാണ്ട് 350000 ഓളം ആളുകൾ ആപ്പിൽ പണമടച്ചു സബ്സ്ക്രൈബ് ചെയ്യുന്നവരാണ്. പണത്തിനു വേണ്ടി മാത്രമായിരുന്നില്ല ഇരുവരും ഇത്തരം ഒരു ആപ്പ് നിർമ്മിച്ചതും സംഗീതത്താൽ സാന്ദ്രമായ ഒരു ലോകം ഉണ്ടാക്കുക എന്ന സംഗീതഭരിതമായ ആശയം തന്നെയായിരുന്നു ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നതെങ്കിലും മികച്ച രീതിയിൽ വർദ്ധിക്കുന്ന ഇതിന്റെ സബ്സ്ക്രൈബേഴ്‌സ്, കാരണം സ്മ്യൂള്‍ ഒരു നല്ല വരുമാന മാർഗ്ഗമാണ് എന്ന് സ്മിത്തിനെയും വാഗിനെയും ഓർമ്മിപ്പിക്കുന്നു. തങ്ങളെക്കൊണ്ട് ആകുന്നതു പോലെ ഒരു ചെറിയ വിഹിതം ഇവരുടെ കമ്പനി തങ്ങൾ എടുക്കുന്ന കരൊക്കെയുടെ നിർമ്മാതാക്കൾക്ക് നൽകുകയും ചെയ്യുന്നുണ്ട്.
നമ്മളിഷ്ടപ്പെടുന്ന ഒരു ഗാനത്തിന്റെ കരോക്കെ ലഭിക്കാൻ പലപ്പോഴും എന്തൊരു ബുദ്ധിമുട്ടാണ്. ഇനിയിപ്പോൾ ലഭിച്ചാലോ, വെറുതെ വീട്ടിലിരുന്നും സുഹൃത്തുക്കളുടെ മുന്നിലുമൊക്കെ അതിനൊപ്പം പാട്ടു പാടി കേൾപ്പിച്ച് ആസ്വദിക്കാം എന്നല്ലാതെ വളരെ വിശാലമായൊരു ലോകം ഇതുവരെ അന്യമായിരുന്നു. അവിടേക്കാണ് സ്മ്യൂള്‍ രംഗപ്രവേശം നടത്തിയത്. എല്ലാ ഭാഷകളിലെയും കരോക്കെ ഗാനങ്ങൾക്കൊപ്പം ഒറ്റയ്ക്കും മറ്റാരൊടൊപ്പം ആണെങ്കിലും ഈ മാധ്യമത്തിലൂടെ ഇഷ്ടമുള്ള ഗാനം തിരഞ്ഞെടുക്കുകയും അത് പാടുകയും ചെയ്യാം, അതുമാത്രമല്ല ഗാനം സോഷ്യൽ മീഡിയയിൽ പോസ്റ്റുകയും അഭിപ്രായങ്ങൾ നേടുകയുമാകാം.സ്റ്റുഡിയോകളിൽ റെക്കോർഡ് ചെയ്യപ്പെടുന്ന സിനിമാ ഗാനങ്ങൾക്കുൾപ്പെടെ ഇപ്പോൾ ഡ്യൂറ്റ് പാട്ടുകൾ ഒന്നിച്ചുള്ള, പ്രത്യേകം ട്രാക്കുകൾ ഇരുവരെ കൊണ്ടും പഠിപ്പിച്ച ശേഷം ഒന്നിച്ചൊരു ഒരു ഫയൽ ആക്കുകയാണ് ചെയ്യുക. അതെ പോലെ തന്നെയാണ് സ്മ്യൂള്‍ ആപ്പും പ്രവർത്തിക്കുന്നത്. നാം തിരഞ്ഞെടുക്കുന്ന പാട്ട് ഡ്യൂറ്റ് ആണെങ്കിൽ മറുവശത്ത് പാടാനുള്ള അവസരങ്ങൾ തുറന്നിടാം. മറ്റേതെങ്കിലും നാട്ടിലുള്ള അറിയാത്ത ഒരാൾ വന്നു ആ ഭാഗം പൂരിപ്പിച്ച് പാടിക്കൊള്ളും. ഒരുപക്ഷെ സംഗീതത്തിന്റെ ലോകത്തിനു ഇങ്ങനെയൊക്കെയാകുമോ അതിരുകൾ നഷ്ടപ്പെടുക? പരസ്പരമറിയാത്ത, വ്യത്യസ്ത നാടുകളിലുള്ള ഒരുപക്ഷെ വ്യത്യസ്ത രാജ്യത്തിൽ വരെയുള്ള രണ്ടു പേർ സ്മ്യൂള്‍ എന്ന ആപ്പിൽ ഒരേ കരോക്കെയ്‌ക്കൊപ്പം പാട്ടുകൾ പാടുന്നു, അത് ഒന്നിച്ചുമാകാം, അല്ലെങ്കിൽ അവരവർക്കിഷ്ടമുള്ള ഏതെങ്കിലും സമയത്തുമാകാം. അവിടെ സംഗീതം എന്ന മാന്ത്രിക അനുഭൂതി കാരണം രാജ്യങ്ങളുടെയും എന്തിനു ഭാഷയുടെ പോലും അതിരുകൾ നഷ്ടപ്പെടുകയാണ്.
കേരളത്തിൽ കഴിഞ്ഞ ദിവസമാണ് സ്മ്യൂള്‍ പാട്ടുകാരുടെ കൂട്ടായ്മ നടന്നത്. വളരെ ആഘോഷത്തോടെ തന്നെ പാട്ടുകൾ പാടിയും ഭാവി ചർച്ച ചെയ്തും പലയിടത്ത് നിന്ന് വന്നവർ ഒരു ദിവസം ആഘോഷിച്ചു. പല രാജ്യക്കാരുടെ ഒപ്പം സ്വന്തം ക്രിയേറ്റിവിറ്റി പ്രദർശിപ്പിച്ചു സോഷ്യൽ മീഡിയയിൽ കയ്യടി നേടിയ താരങ്ങൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. പൊതുവെ കേരളത്തിലെ അറിയപ്പെടുന്ന പാട്ടുകാർക്ക് സ്മ്യൂള്‍ ആപ്പിൽ പാടുക എന്നത് നാണക്കേടാണെങ്കിൽ വിദേശത്ത് പ്രശസതരായ പാട്ടുകാർ പോലും സ്മ്യൂളിന്റെ ഭാഗമാകുന്നു, അവരോടൊപ്പം ഡ്യൂറ്റ് പാടാൻ പറ്റുക എന്ന സന്തോഷം അപരനും ലഭിക്കുന്നു. ഈഗോയ്ക്കപ്പുറം സംഗീതം ജയിക്കുന്ന കാഴ്ചകളാണ് അവയൊക്കെ.
ഒരുവിധം നന്നായി പാടുന്നവരൊക്കെയും സ്മ്യൂളിൽ ഒരു കൈ നോക്കുന്നുണ്ട്. സംഗീത രംഗത്ത് അവസരങ്ങളോ പ്രശസ്തിയ്ക്കോ അപ്പുറം അതൊരു സന്തോഷമാണ്. പണം അടച്ചു സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ ഇഷ്ടമുള്ള കരോക്കെ ഗാനം വിരൽത്തുമ്പിൽ ലഭിക്കും. അതുപയോഗിച്ച് ആ ഗാനം മൊബൈലിൽ വീഡിയോ ഉൾപ്പെടെ പാടാൻ സാധിക്കും. ഒരു ഇയർ ഫോണും ആൻഡ്രോയിഡ് അല്ലെങ്കിൽ ഐ ഓ എസ് ഉള്ള മൊബൈലുമാണ് ഇതിനു വേണ്ടത്. ഫെയ്‌സ്ബുക്ക്, അല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഇതിൽ ലോഗിൻ ചെയ്യാനും എളുപ്പത്തിൽ കഴിയും. ഇത്രയെളുപ്പത്തിൽ തന്റെ കഴിവ് ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ സാധ്യതകളുള്ള ഒരു ആപ്പ് ഒരുപക്ഷെ ആദ്യമായാണ് പുറത്തിറങ്ങുന്നത്, അതുതന്നെയാണ് സ്മ്യൂളിനുള്ള സ്വീകാര്യത വർദ്ധിപ്പിച്ചതും. കാരണം ജീവിതം ഏതാണ്ട് മുഴുവനും തന്നെ ആൻഡ്രോയിഡ് ഫോണുകളിൽ തളച്ചിടപ്പെട്ടവരാണ് ന്യൂജനറേഷൻ മനുഷ്യർ. എന്നാൽ സ്മ്യൂളിലെ പാട്ടുകാർ യുവാക്കൾ മാത്രമല്ല ഒരുകാലത്ത് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ അവസരം ലഭിക്കാതിരുന്ന പ്രായമേറിയ വ്യക്തികളും ഇതിന്റെ ഭാഗമാകുന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ കാലവും ദേശവും പ്രായവും കടന്നും സംഗീതത്തിന്റെ ലോകം പടരുന്നു. സംഗീതത്തിന് മുന്നിൽ അതിരുകൾ ഉൾപ്പെടെ എന്തും ഭേദിക്കപ്പെടുന്നു.
സിനിമ രംഗത്ത് തങ്ങളുടേതായ ഇടംനേടിയ ഗായകരെയാരെയും സ്മ്യൂളിൽ അധികം കാണാനില്ല. അതും ഒരു തരത്തിൽ നല്ലതാണ്. അല്ലെങ്കില്‍ നമ്മൾ ആ കൗതുകത്തിനു മാത്രമേ കാതോർക്കൂ. ഇതുവരെ അറിഞ്ഞതെല്ലാം മുൻപൊരിക്കലും നമ്മൾ കേൾക്കാത്ത സ്വരങ്ങളാണ്. ഇനിയുമെത്രെയോ കേൾക്കാനിരിക്കുന്നു...