ഇത് ദീപക് ദേവിന്റെ സ്വപ്നം; പി. ഉണ്ണികൃഷ്ണൻ മലയാളത്തിൽ പാടുന്നു

വിഖ്യാത ദക്ഷിണേന്ത്യൻ ഗായകൻ പി. ഉണ്ണികൃഷ്ണൻ മലയാളത്തിൽ പാടുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പി.ഉണ്ണികൃഷ്ണൻ ഗാനം മലയാളത്തിലെത്തുന്നത്. ദീപക് ദേവ് ആണ് സംഗീതം. കാറ്റ് എന്ന ചിത്രത്തിലാണ് പി.ഉണ്ണികൃഷ്ണന്റെ ഗാനമുള്ളത്.

കരിയറിലെ ഏറ്റവും മികച്ച റെക്കോഡിങുകളിലൊന്ന് എന്നാണ് ഈ പാട്ടിനെ കുറിച്ച് ദീപക് ദേവ് പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം ദീപക് ദേവ് പറഞ്ഞത്. റെക്കോഡിങ് ദിനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നു തന്നെ പറയണം. കാരണം ഉണ്ണിച്ചേട്ടനാണ് ഇത് പാടുന്നത് എന്നതു കൊണ്ടു തന്നെ. വർഷങ്ങളുെട കാത്തിരിപ്പാണ് സഫലമായത്. ദീപക് ദേവ് എഴുതി. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റ്. 

ഇന്ത്യൻ സംഗീതത്തിൽ  വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് പി.ഉണ്ണികൃഷ്ണൻ. 25 കൊല്ലത്തോളമായി  ചലച്ചിത്ര സംഗീതത്തിൽ സജീവമായ അദ്ദേഹത്തെ ദേശീയ പുരസ്കാരവും തേടിയെത്തിയിട്ടുണ്ട്. കർണാടിക് സംഗീതത്തിൽ അഗ്രഗണ്യനായ പി.ഉണ്ണികൃഷ്ണൻ സംഗീത മേഖലയിൽ നിരവധി പരീക്ഷണങ്ങൾക്കു ധൈര്യം കാണിച്ച ഗായകൻ കൂടിയാണ്.