പാട്ടുകൾ, അത് ഏതു കാലത്തിൽ നിന്നായാലും വന്നിടിച്ചു കയറുന്നത് കേൾവിയുടെ ഹൃദയത്തിലേക്കാണ്. എത്രകാലം കഴിഞ്ഞാലും ചിലത് എത്തുന്നത് സ്വന്തം ഉള്ളിൽ നിന്ന് തന്നെയാണെന്ന് തോന്നും, തുടങ്ങുന്നതും ഒടുങ്ങുന്നതും ഹൃദയത്തിൽ നിന്ന്. പൊതുവെ പുതിയ പാട്ടുകളുടെ ആയുസ്സ് അത്രയധികമൊന്നുമില്ലാ എന്ന് പലരും ഉറക്കെ നിലവിളിക്കുമ്പോഴും ചില പാട്ടുകൾ മരിക്കാതെ നിലനിൽക്കുന്നുണ്ട്. ഏറ്റവും പുതിയതായി ഇറങ്ങിയ സിനിമകളിലെ അത്തരം ചില പാട്ടുകളെ കുറിച്ച്...
ഗാനരചയിതാവ് ഹരിനാരായണൻ ബി കെയുടെ ഫെയ്‌സ്ബുക്ക് പേജിൽ നിന്നാണ് ആദം ജൊവാൻ എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിലേയ്ക്ക് ഒരു യാത്ര പോയത്.
"ഈ കാറ്റു വന്നു കാതിൽ പറഞ്ഞു
നീ എന്നുമെന്നുമെന്റേതുമാത്രം"
പാതിരാവെത്തുമ്പോൾ പ്രിയമുള്ളൊരാൾ വന്നു വിളിച്ചാൽ അവനൊപ്പം ഏതു കാട്ടിലേയ്ക്കും അവൾ പോയെന്നിരിക്കും, അവിടെ കാത്തിരിക്കുന്നത് അവന്റെ പ്രണയത്താൽ തീർത്ത ഒരു രാവിന്റെ സ്നേഹമാണെങ്കിലോ... അവളും പോയി... പിന്നെ അവന്റെ പ്രണയത്തിൽ അലിഞ്ഞു തീർന്നു. ഹരിനാരായണന്റെ വരികളുടെ തുടുപ്പ് തന്നെയാണ് എടുത്ത് പറയേണ്ടത്. സ്നേഹത്തിനു ഇത്രയധികം നിറച്ചാർത്തുകളൊരുക്കുക... അത് ഹൃദയത്തിൽ തറഞ്ഞിരിക്കുക...
ദീപക്‌ദേവിന്റെ സംഗീതത്തിൽ കാർത്തിക്കാണ് പാട്ട് പാടിയത്. സിനിമ റിലീസ് ആവുന്നതിനു ഹിറ്റായ പാട്ടുകളിൽ ഒന്നുമാണ് ആദം ജോണിലെ ഈ ഗാനം.
നെഞ്ചിൽ ഒരു സൂചി കൊണ്ട പോലെ തോന്നീട്ടുണ്ടോ? അതെ ഇടത്ത് തന്നെ പിന്നെ തേനിറ്റിയ പോലെയും? ഇത്രനാൾ ഉണ്ടാവാത്ത ഒരു അനുഭൂതിയുടെ തോന്നലുകളിൽ ഒരു രാവു മുഴുവൻ ഉറങ്ങാനാകാതെ കിടന്നിട്ടുണ്ടോ? പിറ്റേന്ന് രാവിലെയാകാൻ നെഞ്ചിൽ കിതപ്പുണ്ടായിട്ടുണ്ടോ.... എങ്കിലത് പ്രണയത്തിന്റെ അറിയിപ്പുകളാണ്. അതിരാവിലെ അവളെ വിളിച്ച് ഒരാവശ്യവുമില്ലെങ്കിലും പലതും പറയുമ്പോൾ നേരിട്ട് അവളുടെ ചിരി കാണാൻ ആയെങ്കിൽ എന്ന് തോന്നിപ്പോകും. അൽതാഫ് സലീമിന്റെ ഏറ്റവും പുതിയ നിവിൻ പോളി ചിത്രമായ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള" എന്ന ചിത്രത്തിലാണ് പ്രണയത്തിന്റെ പാരവശ്യം ഓർമ്മിപ്പിക്കുന്ന ഈ വരികളുള്ളത്
"എന്താവോ... ഇതെന്താവോ...
നെഞ്ചിൽ സൂചി കൊണ്ട പോലെ
എന്താവോ..
പിന്നെ, തേൻ കിനിഞ്ഞ പോലെ...
എന്താവോ..." സന്തോഷ് വർമ്മയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ആണ് സംഗീതം. പാടിയത്, സൂരജ് സന്തോഷ്. പ്രണയത്തിന്റെ മുള്ളുകൾ കൊണ്ട പോലെ ആർദ്രമായ ഒരു സുഖമുണ്ട് ഈ പാട്ടിന്.
മാങ്ങാപ്പൂളും കടിച്ചു ഉപ്പ് തൊട്ടു തിന്ന ആ പ്രായം അങ്ങനെയങ്ങു കടന്നു പോകുമോ? ഇപ്പോഴും ഗൃഹാതുരതയുടെ അവസാന വരികളിലെവിടെയോ അന്നിട്ട യൂണിഫോമിന്റെ പളപളപ്പും നാണം കൊണ്ട് കുനിഞ്ഞു പോയ മുഖത്തിന്റെ ചുവപ്പുമുണ്ട്. പിന്നെ കോറി വരച്ചിട്ട ഡസ്കുകളുടെ മുറിവുകളും. എത്ര പേരാണ് ഉള്ളിൽ പ്രണയം ഒളിപ്പിച്ച് പറയാതെ ക്ലാസ്സ് മുറികൾ വിട്ടൊഴിഞ്ഞിട്ടുണ്ടാവുക! ചിലർ പറയും, പക്ഷെ മിക്കപ്പോഴും പെൺകുട്ടികൾ ഉള്ളിലൊളിപ്പിച്ച സ്നേഹം അങ്ങനെ തുറന്നു പറഞ്ഞെന്നു വരില്ല, ഒരുപക്ഷെ മറ്റുള്ളവരാൽ ഉപേക്ഷിക്കപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കാൻ തോന്നുന്നവരും ഉണ്ട്.
"മാങ്ങാപ്പൂള് പോലൊരു പ്രായം കൊതിയുപ്പിനു പോകുന്നു
നാവിൽ വെള്ളമൂറണ കാലം പുളി കൂട്ടിനു ചേരുന്നു..."
ക്ലാസ്സിലെ ആരും മോഹിക്കുന്നൊരു പെണ്ണിന് മോഹം മറ്റാരും മോഹിക്കാത്ത ഒരുവനോട്... രസകരമായ ഒരു ഗൃഹാതുര ചിത്രം പോലെ അവരും അവരുടെ പ്രായവും. തൃശ്ശിവപ്പേരൂർ ക്ലിപ്തം എന്ന ചിത്രത്തിലെ ഈ പാട്ട് എഴുതിയത് പി എസ് റഫീക്ക്. വരികളും സ്വരവും ബിജിബാൽ.
നായികയായ അപർണയുടെ സ്വരം മധുരമാണെന്നു അപർണയുടെ ആദ്യ ചിത്രം തന്നെ തെളിയിച്ചിരുന്നു, അപർണയുടെ രണ്ടാമത്തെ ആലാപനമാണ് "സൺഡേ ഹോളിഡേ" എന്ന ചിത്രത്തിലുള്ളത്. ഒപ്പം പാടിയിരിക്കുന്നത് മലയാളിയുടെ പാട്ടിഷ്ടങ്ങളെ എന്നും പാടിയുറപ്പിക്കുന്ന വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാലും.
"മഴ പാടും കുളിരായി വന്നതാരോ ഇവളോ
തെന്നലായി തണലായി ഇനിയാരോ ഇവനോ..."
പ്രണയത്തിന്റെ നേർത്ത പുഴയൊച്ചകൾ വീണ്ടും കേൾക്കുന്നുണ്ടോ...? നാട്ടിന്പുറത്തുകാരിയായ ഒരുപെൺകുട്ടി അവളുടെ സ്നേഹത്തിലേക്ക് ഇറങ്ങി ചെല്ലുന്നതിന്റെ മർമ്മരമാണത്. അവളുടെ സ്നേഹത്തെ അവൻ കയ്യേൽക്കുന്നതിന്റെ ആർദ്രത വരികളിലുമുണ്ട്.ഈ ഗാനത്തിന്റെ സംഗീത സംവിധാനം ദീപക് ദേവും വരികൾ ജിസ് ജോയിയുടേതുമാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയോടെ തന്നെ മലയാളിയുടെ വീട്ടിലേയ്ക്ക് ചോദ്യങ്ങളും പറച്ചിലുകളുമില്ലാതെ വന്നു കയറി ഇരുന്ന പെൺകുട്ടിയാണ് അപർണ, അതുകൊണ്ടു തന്നെ സൺഡേ ഹോളിഡേ എന്ന സിനിമയെ കുറിച്ച് പറയുമ്പോഴും അപർണ തന്നെയാണ് പ്രധാന താരം.
വിഷാദം തുളുമ്പുന്ന അവളുടെ കണ്ണുകൾ അവൻ പിന്നെയാണ് കണ്ടത്, അപ്പോഴേക്കും അവളിൽ നിന്ന് കണ്ണുകൾ അകറ്റാൻ കഴിയാത്തു പോലെ അവൻ അവളോട് ഒട്ടിപ്പോയിരുന്നു. ലിഫ്റ്റ് മാറി മാറി ദിവസവും കയറുമ്പോഴും ഇറങ്ങുമ്പോഴും ഒന്നിച്ചുള്ളപ്പോഴും ഇല്ലാത്തപ്പോഴും അവൻ അവളെ കുറിച്ച് മാത്രം ചിന്തിച്ചു. ഒരുപക്ഷെ വിനയ് ഫോർട്ട് എന്ന നടനെ ഏതു രീതിയിലേക്ക് മാറ്റണമെന്ന് നമ്മൾ ആഗ്രഹിച്ചാലും അതെ വേഷത്തിൽ, അതിന്റെ ഏറ്റവും മികച്ച രീതിയിൽ അയാൾ മാറപ്പെടുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്ന് തോന്നുന്നു. കള്ളനായും യുക്തിവാദിയായും ചീറ്റിപ്പോയ കാമുകനായും ഒക്കെ നിൽക്കുമ്പോഴും പ്രണയം തുളുമ്പുന്ന മുഖവും വിനയിനുണ്ടെന്ന് ഷാനിൽ മുഹമ്മദ് എന്ന സംവിധായകൻ തിരിച്ചറിഞ്ഞു എന്നതിന്റെ അടയാളമാണ് "അവരുടെ രാവുകൾ" എന്ന ചിത്രത്തെ ഗാനം
"ഏതേതോ സ്വപ്നമോ ഏതോ വെൺതാരമോ
ചാരെ അഴക് തൂകുവാൻ വന്നതാണ് നീ.."
സിബി പടിയറയുടെ വരികൾക്ക് ശങ്കർ ശർമ്മയാണ് സംഗീതം. വൈശാഖ് സി മാധവിന്റെ ശബ്ദം വിനയ് ഫോർട്ടിന് നന്നായി യോജിക്കുന്നുണ്ട്. പ്രണയത്തിന്റെ സുഖമുള്ള സീനുകളിലും വരികളിലും കാഴ്ച ഇങ്ങനെ ഒഴുകി നടക്കും. പറയാൻ പേടിച്ച് നടക്കുന്ന പ്രണയത്തിന്റെയൊടുവിൽ അവൻ അവളോട് ഇഷ്ടം തുറന്നു പറഞ്ഞ ശേഷമുള്ള അവളുടെ മിഴികൾ... വിഷാദം ഒഴുകി നിറഞ്ഞു തുളുമ്പി അതിലേയ്ക്ക് പ്രണയം കടം കൊണ്ട പോലെ മനോഹരമായി തീർന്നിരുന്നു.
"നെഞ്ചിൽ ഈ നെഞ്ചിൽ
മിന്നൽ മിന്നും പോലെ
ഒരു തൂവെളിച്ചം
ഓ.. കണ്ണിൽ ഈ കണ്ണിൻ
മുന്നിൽ ഞാൻ നിന്നെ കണ്ടേ
പുതിയ പൊൻതിളക്കം""
സൗബിൻ എന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരുന്ന പല കഥാപാത്രങ്ങളുടെയും മുകളിലിരുന്ന് സൗബിൻ ഇവിടെയൊരു കഥ പറയുകയാണ്. മറ്റുള്ളവർ പറയുന്ന കഥയല്ല അയാളുടെ സ്വന്തം കഥ. സൗബിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "പറവ". സിനിമയുടെ മേക്കിങ് വീഡിയോ പോലെ ചിത്രീകരിച്ചിരിക്കുന്ന ഇപ്പോൾ "നെഞ്ചിൽ ഈ നെഞ്ചിൽ..." എന്ന ഗാനം. റെക്സ് വിജയൻ സംഗീതവും ആലാപനവും ചെയ്ത പാട്ടിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാർ ആണ്.
കത്തിനുള്ളിലെ വരികളും പ്രണയവും വർഷങ്ങൾക്കു ശേഷം ആദ്യമായി കണ്ടത് "തട്ടത്തിൻ മറയത്ത്" എന്ന ചിത്രത്തിലായിരുന്നു. അതിനു ശേഷം "ബഷീറിന്റെ പ്രേമലേഖനം"ൽ വരുമ്പോൾ അത് കുറച്ചു കൂടി ആർദ്രവും പ്രകൃതി രമണീയവുമാകുന്നു. കാമുകനിൽനിന്നും കാമുകിയിൽ നിന്നും അത് പുഴയിലേയ്ക്കും പച്ചപ്പിലേയ്ക്കും മഴയിലേയ്ക്കും പടരുന്നു.
"പെണ്ണെ പെണ്ണെ കണ്മിഴിയാളെ
തന്നെ തന്നെ നീയൊരു കത്ത്
തിങ്കൾ കിണ്ണം വെണ്ണിലാവിൽ തൂകും രാവിൽ..."
ബഷീറിന്റെ പ്രേമലേഖനം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ചാര് കസേരമേൽ ചാഞ്ഞിരിക്കുന്ന ആ മധുര രൂപത്തെയാവും, ബേപ്പൂരിന്റെ സ്വന്തം പ്രേമത്തിന്റെ സുൽത്താനെ. പക്ഷെ ഇവിടെ കാര്യങ്ങൾ മറിച്ചാണ്, സിനിമയിലെ നായകൻറെ പേരാണ് ബഷീർ. എൺപതുകളിലെ ഒരു പ്രണയത്തിന്റെ ഇമ്പമുള്ള വരികൾ പോലെയാണ് സിനിമയെന്ന് നിരൂപകർ വിലയിരുത്തുന്നുമുണ്ട്.
ബഷീറിന്റെ പ്രണയലേഖനം എന്ന ചിത്രത്തിലെ തന്നെ മറ്റൊരു ഗാനവും ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്
"പ്രണയമാണിത് പ്രണയമാണിത് ഹൃദയ നദിയുടെ പ്രളയമാ
കവിതയാണിത് കവിതയാണിത് കിനിയും മുന്തിരി മധുരമാ"
സൂഫി ഗാനത്തിന്റെ സുഖമുള്ള ഇശൽ നിലാവ് പോലെ ഹൃദയം പിടഞ്ഞു പോകുന്ന ശീലിലാണ് വരികളും സംഗീതവും. വർഷങ്ങൾക്കു ശേഷം സ്വപ്നജോഡികൾ ഷീലയും മധുവും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് "ബഷീറിന്റെ പ്രേമലേഖനം". ആർ വേണുഗോപാൽ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു മോഹൻ സിത്താര.സച്ചിൻ രാജ്,വിഷ്ണു മോഹൻ സിത്താര എന്നിവർ ചേർന്ന് വരികൾ പാടിയിരിക്കുന്നു. റൊമാന്റിക് കോമഡി ചിത്രം എന്ന ലേബലിലാണ് സിനിമ പുറത്തിറക്കിയിരിക്കുന്നത്. ഈ ഗാനത്തിന്റെ സീനുകളുടെ സൂഫി ഭംഗി പ്രത്യേകം എടുത്തു പറയുകയും വേണം.
കടലും പ്രണയവും , ഇപ്പോഴും പൂക്കളുംശലഭവും പോലെയാണ്. ഒന്നിനൊന്നോടു ചേർന്നിരിക്കും. കടൽക്കാഴ്ചകളുംയൗവ്വനത്തിന്റെ ആഘോഷങ്ങളുംകൂടി ചേർന്നാലോ..? അതാണ് റോൾ മോഡൽസ് എന്ന ചിത്രത്തിലെ ഗാനം.
"തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി..
മറവിതന്‍ മഞ്ഞോലും ഇലകളില്‍ പൂവില്‍
പ്രണയമേ നീ തൊട്ടു തെന്നല്‍പോലെ"
അവളറിയാതെ അവന്റെ മിഴിയ്കളവളുടെ ഓരോ അനക്കങ്ങളിലുമുണ്ടായിരുന്നു. ഇടയ്ക്കൊക്കെ സ്വയം അവൾ പോലുമറിയാതെ അവൾ അവന്റെ കനവിൽ നായികയായി ഒപ്പം നൃത്തം കളിച്ചു. മധുരമായ ഒരു പ്രണയം അവന്റെയുള്ളിൽ നാമ്പിടുമ്പോൾ സാക്ഷിയായി കടൽ മാത്രം. മൗനമായി അവൻ തുടരെ പാടിക്കൊണ്ടിരിക്കുകയും ചെയ്തു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപീ സുന്ദറിന്റെ സംഗീതം. പാടിയത് നജീം അർഷാദും ശ്രേയ രാഘവും.
ആസിഫ് അലിയുടെയും ഭാവനയുടെയും രണ്ടു ഭാഗങ്ങളിലായി ഇറങ്ങിയ സിനിമാ സീരീസായിരുന്നു ഹണീ ബീ. രണ്ടുചിത്രങ്ങളും രസകരമായ വിധത്തിൽ തന്നെ പ്രദർശനത്തിനായി എത്തി. അതെ സിനിമയുടെ മറ്റൊരു ബാക്കിയയി ഹണി ബീ 2 .5 പുറത്തിറങ്ങുമ്പോൾ നായകനാകുന്നത് ആസിഫ് അലിയുടെ അനിയൻ അസ്‌കർ അലിയാണ്.
"കണ്ണിൽ മിന്നായമോ വർണ്ണ പൂക്കാലമോ
സുഖമെന്നെന്നും നെഞ്ചായെ
മണ്ണരുളിയ ദിനമിനി വരുമിതിലെ
നെഞ്ചങ്ങൾ ഒന്നായല്ലോ"
പ്രണയത്തിന്റെ സുഖമുള്ള കാഴ്ചകൾക്ക് പിന്നിലൂടെ ആർദ്രമായ വരികൾ ഒഴുകിയെത്തുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ദീപക് ദേവാണ് സംഗീതം. ഹണി ബിയുടെ ആഘോഷ രാവുകൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്നു ഈ സിനിമ പറയുന്നു. വീണ്ടുമൊരു വിവാഹവും അതിന്റെ പിന്നിലെ കഥകളുമാകുമോ... !