വെയിലിനു പൊന്നിൻ നിറവും കാറ്റിനു പൂക്കുടന്നയുടെ മണവുമുള്ള ചിങ്ങമാസത്തിനെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളി. നമ്മെ ഗൃഹാതുരതയിലേക്കു കൈപിടിക്കുന്ന, ഇത്രമേൽ ഭംഗിയുള്ളൊരു മലയാള മാസം പോലും വേറെയില്ല. ചിങ്ങപ്പുലരിയെ കാത്തിരിക്കുന്ന മലയാളികൾക്കും മലയാളത്തിനും ഒരു സമ്മാനം നൽകാനൊരുങ്ങുകയാണ് മലയാള മനോരമ. മലയാളത്തിന്റെ ഭംഗിയെ പാടുന്നൊരു പാട്ട്.
മലയാള ഭാഷയുടെ ചേലും സംസ്കാരത്തിന്റെ നിറച്ചാർത്തുകളും ലളിത സുന്ദരമായി അവതരിപ്പിക്കുന്ന ചെറു പാട്ട് എഴുതിയത് കവി റഫീഖ് അഹമ്മദാണ്. പാട്ടിനു പൂവിളിയുടേതു പോലുള്ള ഈണമിട്ടത് സംഗീത സംവിധായകൻ എം. ജയചന്ദ്രനും. പാടിയത് കുഞ്ഞു ഗായിക ശ്രേയ ജയദീപാണ്. മലയാളത്തിന് പുതിയ മുഖത്തിലുള്ളൊരു ഓണപ്പാട്ട് എന്ന പോലെ മലയാള ഭാഷയുടെ പകരം വയ്ക്കാനാക്കാത്ത താളഭംഗിയെ കൂടി ഓർമപ്പെടുത്തുന്നു ഈ ഗാനം.