Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടഴകിൽ നിറഞ്ഞ് പുരസ്കാര സമർപ്പണം

mazhavil-mango-music-awards മഴവിൽ മനോരമ ടിവി ചാനലും റേഡിയോ മാംഗോയും സംയുക്തമായി ഏർപ്പെടുത്തിയ ജനകീയ സംഗീത പുരസ്ക്കാരമായ മഴവിൽ മാംഗോ മ്യൂസിക് അവാർഡിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ശ്രീകുമാരൻ തമ്പിയിൽ നിന്ന് യേശുദാസ് ഏറ്റുവാങ്ങുന്നു. ഗായകൻ ശങ്കർ മഹാദേവൻ സമീപം.

കൊച്ചി ∙ സംഗീതം അഴകുവിരിച്ച വേദിയിൽ, മലയാളത്തിലെ ഏറ്റവും വലിയ സംഗീത പുരസ്കാരങ്ങൾ- മഴവിൽ മാംഗോ മ്യൂസിക് അവാർഡ്- സമ്മാനിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ശ്രീകുമാരൻ തമ്പിയിൽനിന്നു ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ഏറ്റുവാങ്ങി. ഈ വർഷത്തെ ഗാനമികവിനുള്ള  പുരസ്കാരങ്ങളും സമ്മാനിച്ചു. പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ, ഗോപിസുന്ദർ, രാജലക്ഷ്മി, പ്രശാന്ത് പിള്ള, ഹരിചരൺ, രാഹുൽ രാജ്, ഹരിനാരായണൻ, നിർമാതാവ് മുകേഷ് ആർ. മേത്ത, ജ്യോൽസ്ന, സച്ചിൻ ബാലു എന്നിവരും മെമന്റോയും കാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 

മഴവിൽ മനോരമ ടിവി ചാനലും റേഡിയോ മാംഗോയും സംയുക്തമായാണു ജനകീയ സംഗീത പുരസ്കാരം ഏർപ്പെടുത്തിയത്. ലക്ഷക്കണക്കിനു സംഗീതാസ്വാദകർ പങ്കെടുത്ത എസ്എംഎസ്, ഓൺലൈൻ വോട്ടെടുപ്പിലൂടെയാണു പ്രഥമ പുരസ്കാരങ്ങൾ നിർണയിച്ചത്. ചടങ്ങിൽവച്ചായിരുന്നു പ്രഖ്യാപനം. 

യേശുദാസ് ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കളും ശങ്കർ മഹാദേവൻ, ബി.വസന്ത, വാണി ജയറാം, കെ.എസ്.ചിത്ര, സുജാത, ഉഷ ഉതുപ്പ്, മിൻമിനി, ഹരിചരൺ, റിമി ടോമി, ജ്യോത്സ്ന, സിത്താര, ശ്രേയ ജയദീപ്, സംഗീത സംവിധായകരായ ശരത്, അൽഫോൻസ്, ദീപക് ദേവ്, സ്റ്റീഫൻ ദേവസി എന്നിവരും ഗാനങ്ങൾ ആലപിച്ചു. നടിമാരായ അനുശ്രീ, രമ്യ നമ്പീശൻ, അപർണ ബാലമുരളി, വിഷ്ണുപ്രിയ, അനു സിത്താര എന്നിവരുടെ നൃത്തവിരുന്ന് വേദിക്ക് അഴകായി. 

അവാർ‍ഡ് നിശയുടെ പ്രായോജകരായ ഹീറോ മോട്ടോകോർപ് സോണൽ ഹെഡ് മഹേഷ് ഹിരമത്, ഏരിയ മാനേജർ വ്യാസരാജ് റാവു, യൂണിബിക് സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് കാർത്തികേയ മേത്ത, ധാത്രി മാനേജിങ് ഡയറക്ടർ ഡോ.എസ്.സജികുമാർ, കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബോബി എം. ജേക്കബ്, ആർടെക് റിയാൽറ്റേഴ്സ് സീനിയർ മാർക്കറ്റിങ് മാനേജർ ടി.സി.ബാബു, മെഡിമിക്സ് ചോലയിൽ ഗ്രൂപ്പ് കേരള സെയിൽസ് മാനേജർ ടി.സുരേഷ് എന്നിവരും പുരസ്കാര സമർപ്പണത്തിൽ പങ്കാളികളായി.