സിനിമ താരങ്ങൾ പാട്ടു പാടുന്ന രീതിയാണല്ലോ ഇപ്പോഴുള്ളത്. ദാ ഇവിടെ രണ്ടു പേർ ഗായകരായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. ലവ കുശ എന്ന ചിത്രത്തിലൂടെ അജു വർഗീസും നീരജ് മാധവുമാണ് പാട്ടുകാരാകുന്നത്. ഗോപി സുന്ദർ ഈണമിട്ട പാട്ടാണ് ഇവർ പാടിയത്.
ഒരു അടിപൊളി പാട്ടാണ് ഇവർ പാടുന്നത്. യുവാക്കൾക്ക് ഏറെയിഷ്ടമാകും ഈ പാട്ട് എന്നാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. വൃന്ദ മാസ്റ്ററാണ് പാട്ടിലെ നൃത്തം ചിട്ടപ്പെടുത്തിയത്. മുപ്പതോളം കലാകാരൻമാരാണ് ഈ നൃത്ത രംഗത്തിലുള്ളത്. ചെന്നൈയിൽ അഞ്ചു രാത്രികളിലാണ് പാട്ടിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
ലവ കുശയുടെ ടീസറിനു താഴെ മോഹൻലാൽ അഭിനന്ദനമറിയിച്ച് കമന്റ് ചെയ്ത കാര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസറിന് 15 ലക്ഷത്തോളം പ്രേക്ഷകരെയാണ് നേടാനായത്.
നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മറ്റൊരു ചിത്രത്തിലും കരാർ ഒപ്പിടാതെയാണ് രണ്ടുപേരും ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നത്.
ചിത്രം പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കുമെന്ന് ടീസറിൽ നിന്നു തന്നെ വ്യക്തം. ദീപ്തി സതിയാണ് നായിക. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
നീ കോ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം ജെയ്‌സൺ ഇളംകുളം നിർമിക്കുന്നു. ചെന്നൈ, കൊച്ചി, പാലക്കാട്, കൊളംബൊ എന്നിവടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പ്രഖാശ് വേലായുധം ആണ് ഛായാഗ്രാഹകൻ.