Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയാരെങ്കിലുമുണ്ടോ ജിമ്മിക്കി കമ്മൽ കളിക്കാൻ?വൈറലായ 10 വിഡിയോകളിലൂടെ

jimmikki-kammal-dance-videos

കാലം മാറും തോറും പല രൂപത്തിലും പല ഭാവത്തിലും മാറി വന്ന ജിമ്മിക്കി കമ്മലോ നിത്യഹരിത നായകനായ ബ്രാൻഡി കുപ്പിയോ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല തങ്ങളെ കുറിച്ച് പറയുന്ന പാട്ടിനൊത്ത് നാട്ടാരിങ്ങനെ പാടിയാടുമെന്ന്. പാട്ടിന്റെ സൃഷ്ടാക്കളെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് ജിമ്മിക്കി കമ്മൽ എന്ന പാട്ടിന്റെ പോക്ക്. കാരണം ഈ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോകൾ എത്രമാത്രമാണ് നാലു ഭാഗത്തു നിന്നും ഓരോ ദിവസവും  എത്തുന്നത്? അതെന്തായാലും ഒന്നുകേട്ടാൽ പിന്നെയാരും താളം പിടിച്ചു പോകുന്ന ഈ പാട്ടിനൊപ്പം സ്കൂളിലും കോളജിലും ഓഫിസിലും എന്തിന് ബസ് സ്റ്റാൻഡുകളിലും മാളുകളിലും നടത്താറുള്ള ഫ്ലാഷ് മോബുകളിലും താരം ഈ പാട്ടു തന്നെ. ഇനിയാരെങ്കിലുമുണ്ടോ ജിമ്മിക്കി കമ്മൽ കളിക്കാന്‍ എന്ന് ചോദിച്ചു പോകുകയാണ്. അതെന്തായാലും ഇതുവരെ കണ്ട ജിമ്മിക്കി കമ്മൽ വിഡിയോകളിൽ വൈറൽ ഹിറ്റ് ആയ കുറേയെണ്ണത്തിലേക്കു പോയി വരാം.

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ കോളജ് പിള്ളേരുെട ആവേശവും ആരവവും സംവദിച്ച ഗാനമാണ് ജിമ്മിക്കി കമ്മൽ. അപ്പാനി രവിയും ജൂഡ് ആന്റണിയും സംഘവും തകർത്താടിപ്പാടിയ പാട്ട്. ആരും ഏറ്റുപാടുന്ന ലളിതവും ചടുലവുമായ താളമാണു പാട്ടിന്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് പറഞ്ഞതുപോലെ കോളജുകളെ ഇളക്കിമറിയ്ക്കുന്നൊരു ഗാനം വേണമെന്ന ആവശ്യത്തെ അതുക്കുംമേലെ കൊണ്ടെത്തിച്ചു ഷാൻ. കഴിഞ്ഞ ഓണത്തിന് ഷാനിന്റെ തന്റെ തിരുവാവണി രാവ് എന്ന പാട്ടാണ് ഓണാഘോഷങ്ങളിൽ നിറഞ്ഞത്. ഇത്തവണ അത് ജിമ്മിക്കി കമ്മലാണ്. രണ്ട് മൂഡ്കളിലുള്ള പാട്ടുകളാണെന്നത് മറ്റൊരു പ്രത്യേകത. അനിൽ പനച്ചൂരാനാണ് വരികൾ കുറിച്ചത്. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന്. 

ഓഗസ്റ്റ് 17ന് യുട്യൂബിലെത്തിയ പാട്ടിന് ഇതിനോടകം രണ്ട് കോടിയോളം പ്രേക്ഷകരെ നേടാനായി. അതുപോലെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോകളിൽ ആദ്യത്തെ വൈറൽ ഹിറ്റിന് ഒന്നര കോടിയിലധികം പ്രേക്ഷകരേയും കിട്ടി യുട്യൂബിൽ ഇതുവരെ. ജിമ്മിക്കി കമ്മലിനൊത്ത് ഡാൻസ് ചെയ്ത നിക്കോളിനും സൊണാലിനും ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിൽ അവസരവും കിട്ടി. ജിമ്മിക്കി കമ്മലിന്റെ ഡാൻസ് വിഡിയോകളിൽ മികച്ചതും അല്ലാത്തതും എല്ലാം ട്രെൻഡിങ് ആണ്.