കങ്കണയിൽ നിന്ന് ബോളിവുഡിന് കിട്ടിയ അടി! വിഡിയോ തരംഗമാകുന്നു

കൈ തീർത്തൊന്നു കവിളിൽ കിട്ടിയ അമ്പരപ്പിലാണ് ബോളിവുഡ്. വലിയ താരമായതിനു ശേഷവും ധീരമായ അഭിപ്രായപ്രകടനങ്ങൾ കൊണ്ടു പ്രേക്ഷകരെ ഞെട്ടിച്ച നടി കങ്കണ റണൗട്ടാണ് ‘പ്രഹരദാതാവ്’. എഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘ഓൾ ഇന്ത്യ ബാക്ചോദ്’ എന്ന ഹാസ്യസംഘവുമായി ചേർന്നു കങ്കണ യുട്യൂബിൽ പോസ്റ്റ് ചെയ്ത ‘ദ് ബോളിവുഡ് ദിവ സോങ്’ എന്ന വീഡിയോ ബോളിവുഡിലെ ആൺമേധാവിത്തത്തെയും പെണ്ണിനെ വെറും ശരീരമായി മാത്രം കാണുന്നതടക്കമുള്ള വീക്ഷണവൈകല്യങ്ങളെയും തുറന്നുകാട്ടുകയോ അവയുടെ ചെകിട്ടത്ത് ഒന്നു പൊട്ടിക്കുകയോ ചെയ്യുന്നു. കഴിഞ്ഞ 11ന് അപ്‌ലോഡ് ചെയ്യപ്പെട്ട വീഡ‍ിയോ ഇതിനോടകം 23 ലക്ഷം പേർ കണ്ടു കഴിഞ്ഞു. മൂന്നു ദിവസത്തിനകം ടോപ് ട്രെൻഡിങിൽ 13ാം സ്ഥാനത്തെത്തിയ പാട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ബോളിവുഡ് ഡാൻസ് നമ്പർ

മലയാളം ഒഴികെയുള്ള മിക്ക ഭാഷകളിലെയും സിനിമകളിൽ ഒഴിച്ചുകൂടാത്ത ഘടകമാണു ‘തുള്ളൽപാട്ടുകൾ’. നൃത്തം ചെയ്യാൻ പാകത്തിനു ചടുലതയും കണ്ടാൽ വീണ്ടും കാണണമെന്നു തോന്നിപ്പിക്കുന്ന നിറങ്ങൾ ചേർത്ത ദൃശ്യങ്ങളും ഉൾപ്പെടുത്തിയ ഇവയെ തരാതരം പോലെ ഡപ്പാൻകൂത്ത് പാട്ട്, ഡാൻസ് നമ്പറുകൾ എന്നൊക്കെ വിളിക്കാം. അത്തരമൊരു ബോളിവുഡ് നൃത്ത ഗാനത്തിന്റെ ആക്ഷേപഹാസ്യ പതിപ്പായാണ് ‘ബോളിവുഡ് ദിവ സോങ്ങി’നെ എഐബി അവതരിപ്പിക്കുന്നത്. 

2015ല്‍ ഇറങ്ങിയ ‘റോയി’ എന്ന ഹിന്ദി ചിത്രത്തിലെ ‘ചിട്ടിയാൻ കലൈയാൻ’ എന്ന പാട്ടിനോടു സാദൃശ്യം തോന്നുന്ന ഈണമാണ് ദിവ സോങ്ങിനുള്ളത്. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന പ്രവണതെ വിമർശിക്കാൻ ഈ ഗാനം തന്നെ തിരഞ്ഞെടുത്തതു മന:പൂർവമാകാനെ തരമുള്ളു. കാരണം ജാക്വിലിൻ ഫെർണാണ്ടസ് എന്ന നടിയുടെ സൗന്ദര്യപ്രദർശനമാണ് ‘ചിട്ടിയാൻ കലൈയാൻ’ പാട്ടിന്റെ വീഡിയോയിൽ നിറയെ, മറ്റൊന്നുമില്ല തന്നെ.

കുത്താൻ കത്തി വേണമെന്നില്ല...

മാരകായുധങ്ങളൊന്നുമില്ലാതെ വെറും വാക്കുകളുടെ സംഗീതപരമായ വിന്യാസം കൊണ്ട് രക്തം പൊടിയുന്ന തരത്തിൽ കുത്താമെന്നു തെളിയിച്ചിരിക്കുകയാണ് ദിവ സോങ്. ഒരു ഹിന്ദി സിനിമയുടെ ഗാനചിത്രീകരണം നടക്കുന്ന സ്റ്റുഡിയോ ഫ്ലോറാണ് പശ്ചാത്തലം. പ്രധാന വേഷത്തിലഭിനയിക്കുന്ന നടി ‘പ്രിയ’യുടെ (കങ്കണ) അടുത്തേക്കു ചിത്രീകരിക്കാനുള്ള ഗാനത്തിന്റെ വരികൾ സഹസംവിധായകൻ ടോയ്‌ലറ്റ് നാപ്കിനിൽ എഴുതി നൽകുന്നിടത്തു വീഡിയോയും വിമർശനവും ആരംഭിക്കുന്നു. ഈ പ്രവൃത്തിയിലും എഴുതി നൽകിയ വരികളുടെ നിലവാരത്തകർച്ചയിലും നിരാശ തോന്നിയ നടി സംവിധായകന്റെ അടുത്തെത്തി പരാതി പറയാൻ ശ്രമിക്കുന്നു. എന്നാൽ സ്വന്തം പേരും ഒപ്പം അഭിനേത്രിയാണെന്നും ചിത്രത്തിലെ നായികയാണെന്നും പറഞ്ഞിട്ടും സംവിധായകനു പ്രിയയെ മനസിലാകുന്നില്ല. എന്നാൽ സഹികെട്ടു നായിക താൻ നായകന്റെ പ്രേമഭാജനമാണു പറയുമ്പോൾ ‘ഓ... നായകന്റെ കൂടെ താമസിക്കുന്ന കുട്ടി’ എന്ന ആത്മഗതത്തോടെ സംവിധായകൻ നടിയെ മനസിലാക്കുന്നു. അവിടം മുതൽ ബോളിവുഡ് എന്നു നാം ഓമനപ്പേരിട്ടു വിളിക്കുന്ന ഹിന്ദി സിനിമാ വ്യവസായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മണ്ടൻ സമ്പ്രദായങ്ങളെ ദിവ സോങ് കൂർത്ത മുനയുള്ള പാരകൊണ്ടു കുത്തി ചോര പൊടിക്കുകയാണ്. 

കണികാ ഊർജതന്ത്രജ്ഞയായ (ക്വാണ്ടം ഫിസിസ്റ്റ്) കഥാപാത്രം അവതരിപ്പിക്കുന്ന നായികയ്ക്കു സംവിധായകൻ നൽകുന്ന ഗാനത്തിന്റെ വരികൾ, ‘എന്റെ നെഞ്ചിൽ നിന്റെ ചുണ്ടുകൾ കൊണ്ട് വേദനസംഹാരി ബാം പുരട്ടൂ’ എന്നാണ്. ഇതിന്റെ സാംഗത്യം നായിക ചോദ്യം ചെയ്യുമ്പോൾ സംവിധായകന്റെ മറുപടി ‘നമുക്ക് ആളുകളെ ആനന്ദിപ്പിച്ചാൽ (ഇക്കിളിപ്പെടുത്തിയാൽ) പോരെ, ഇതൊരു ഐറ്റം സോങ് അല്ലെ’ എന്നാണ്. ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ ഷാറൂഖ് ഖാനെ അനുസ്മരിപ്പിക്കുന്ന എൻട്രിയോടെ നായകൻ എത്തുമ്പോൾ ഇതേ സംവിധായകൻ ആരതി ഉഴിഞ്ഞു സ്വീകരിക്കുകയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കുകയും ചെയ്യുന്നു. 

പാട്ടു തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതു വരെ പുരുഷൻമാര്‍ വാദങ്ങള്‍ നിരത്തുകയും അവയ്ക്കു കങ്കണയുടെ സ്ത്രീകഥാപാത്രം ചുട്ട മറുപടികൾ നൽകുകയുമാണ്. ‘ചിത്രം തുടങ്ങുമ്പോൾ നായകന്റെ പേരിനു മുൻപ് തന്നെ നായികയുടെ പേരെഴുതി കാണിക്കുന്നുണ്ടല്ലൊ എന്നു സുപ്പർസ്റ്റാർ പാട്ടിലൂടെ അവകാശപ്പെടുമ്പോൾ ‘എന്തു ചെയ്തിട്ടെന്താ കാര്യം... ശമ്പള ചെക് എഴുതി തരുമ്പോൾ കൂടുതൽ പൂജ്യങ്ങൾ നിങ്ങളുടെ ചെക്കിലാണല്ലൊ ഉള്ളത്’ എന്നു നായിക തിരിച്ചടിക്കുന്നു. 

മൂന്നിലൊന്നു പ്രായമുള്ള പെൺകുട്ടികളുടെ കാമുകനായി അഭിനയിക്കുന്നത് പീഡൊഫിലിയയുടെ (കുട്ടികളോട് അമിത ലൈംഗിക ആസക്തി തോന്നുന്ന മാനസിക രോഗം) ലക്ഷണമാണെന്നും പുരുഷ സൂപ്പർതാരങ്ങൾ ബ്ലോക്ബസ്റ്റർ സിനിമകൾ ഉണ്ടാക്കി പേരെടുക്കുമ്പോൾ കല്യാണം കഴിക്കുമ്പോഴും കുട്ടികൾ ഉണ്ടാകുമ്പോഴും മാത്രമാണ് ഒരു നടിക്കു പേരു കിട്ടുന്നതെന്നും നായിക പാടുമ്പോൾ ചിലർക്കെങ്കിലും അൽപം കൂടിപ്പോയില്ലെ എന്നു തോന്നാം. എന്നാൽ കമന്റ് ബോക്സിലെ അഭിപ്രായപ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ചെരുപ്പേറിനെക്കാൾ കൂടുതൽ കയ്യടി തന്നെയാണ് ദിവ സോങിനു ലഭിക്കുന്നതെന്നു മനസിലാകും. gana