തീവണ്ടിയിൽ നമുക്കൊപ്പം ഹരംപിടിപ്പിക്കുന്ന ചില സുഹൃത്തുക്കളാണെങ്കിൽ ആ യാത്ര എത്ര രസകരമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കങ്കണയ്ക്കൊപ്പമുണ്ടായിരുന്നതും അത്തരമൊരു സംഘമായിരുന്നു. പരിഭവിച്ചിരുന്ന കങ്കണയെ പാട്ടു പാടി രസിപ്പിച്ച് അവർ നൃത്തംചെയ്യിപ്പിച്ചു. കങ്കണയുടെയും കൂട്ടുകാരുടെയും തീവണ്ടി പാട്ടും നൃത്തവും ഇന്ത്യൻ പ്രേക്ഷകർക്ക് ഒരുപാടിഷ്ടമായി. രംഗൂൺ എന്ന ചിത്രത്തിലേതാണീ ഗാനരംഗം.
നല്ലൊരു ഗാനവും രംഗങ്ങളും മാത്രമല്ല ഇത്. ഷാരുഖ് ഖാന്റെ ഛയ്യ ഛയ്യ പാട്ടിനെ അനുസ്മരിപ്പിക്കുകയാണ് കങ്കണ റണൗട്ടിന്റെ ടിപ്പാ പാട്ട്. ബോയ്ക്കട്ട് മുടിയും പണ്ടത്തെ ബോളിവുഡ് ശൈലിയെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണവുമൊക്കെയായി തീവണ്ടിയ്ക്കു മുകളിലും താഴെയുമൊക്കെ നിന്ന് കൂട്ടുകാരോടൊപ്പം ആടിപ്പാടുകയാണ് താരം. ബോൾഡ‍് ആൻഡ് ബ്യൂട്ടിഫുൾ ആണ് ഈ താരം എന്ന് ഒന്നുകൂടി തെളിയിക്കുന്ന അഭിനയശൈലിയും നൃത്തവും. കങ്കണയുടെയും അവർക്കൊപ്പമുള്ളവരുടെയും ലുക്കും ലളിതമായ നൃത്തച്ചുവടുകളും തീവണ്ടിയാത്രയുടെ ഗ്രാമീണ കാഴ്ചകളും ഒന്നുചേർന്ന പാട്ട് എത്ര കണ്ടാലും വിരസമാകില്ല.
കുസൃതിനിറഞ്ഞൊരു ഈണത്തിൽ തുടങ്ങി മെലഡിയും പഞ്ചാബി താളവും തീവണ്ടി സൃഷ്ടിക്കുന്ന ശബ്ദവും റാപ്പും ഒക്കെചേർന്നൊരു ഈണവും തന്നെയാണ് പാട്ടിനെ ഇത്രയേറെ ആകർഷകമാക്കിയത്. സുഖ്‍വിന്ദർ സിങും രേഖ ഭരദ്വാജും സുനീതി ചൗഹനും ഒ.എസ് അരുണും ചേർന്ന ഗായക സംഘമാണ് ഈ ഗാനം ആലപിച്ചത്. ഗുൽസാറിന്റേതാണ് വീണ്ടും വീണ്ടും പാടി നടക്കാൻ തോന്നുന്ന വരികൾ. വിശാൽ ഭരദ്വാജ് അതിനു നൽകിയ ഈണം വൈവിധ്യങ്ങളുടേതും. രംഗൂൺ എന്ന ചിത്രത്തിൽ നിന്നു പുറത്തുവന്ന ഏറ്റവും മനോഹരമായ ഗാനമാണിത്.