ജിമ്മിക്കി കമ്മലിന്റെ ഓളം ചെറുതായിട്ടൊന്ന് അടങ്ങി വന്നപ്പോഴാണ് ദാ സാക്ഷാൽ മോഹൻലാൽ തന്നെ വിഡിയോയുമായി എത്തിയത്. സിനിമയുടെ അണിയറ പ്രവർത്തകർ സംഘടിപ്പിച്ച ജിമ്മിക്കി കമ്മൽ കോണ്ടസ്റ്റിൽ പങ്കെടുത്ത സ്റ്റൈലൻ പിള്ളേരുടെ അടുത്തേയ്ക്ക് ഒരു മാസ് എൻട്രി നടത്തിയിട്ടാണ് താരം കിടിലനായി ഡാൻസ് ചെയ്തത്. വിഡിയോയിൽ, സിനിമയില്‍ ഈ രംഗത്ത് ആടിപ്പാടിയ അപ്പാനി രവി അഥവാ ശരത് കുമാറും അരുൺ കുര്യനുമുണ്ടായിരുന്നു. അതിനിടയിൽ ശരത് കുമാർ ഒരു ചോദ്യം അരുണിനോടു ചോദിക്കുന്നുണ്ട്...ആ യുട്യുബിൽ വൈറലായ കുട്ടിയുണ്ടോ? ഷെറിൽ വരുന്നുണ്ടോ? എങ്കിൽ ഞാനില്ല എന്ന്...എന്തായാലും വിഡിയോയിൽ ഒട്ടേറെപ്പേർ പങ്കെടുത്തെങ്കിലും ഈ പാട്ടിന്റെ ഏറ്റവും ഹിറ്റ് കവർ വേർഷനില്‍ കളിച്ച ഷെറിലിനെ വിഡിയോയിൽ കണ്ടില്ലല്ലോ എന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും അല്ലേ? അപ്പാനി രവിയ്ക്ക് ഷെറിലിനോട് കുശുമ്പാണോ എന്ന് രസകരമായിട്ട് പറഞ്ഞും കാണും.
ഷെറിലും ആകെ സങ്കടത്തിലാണ്. ഒന്നാമതേ കടുത്ത മോഹൻലാൽ ആരാധികയാണു ഷെറിൽ. വിഡിയോയിൽ ഡാൻസ് ചെയ്യാനായി വിളിയുമെത്തി. പാട്ടിലെ യഥാർഥ താരങ്ങൾക്കൊപ്പം ഡാൻസ് ചെയ്യാനുള്ള ത്രില്ലിലായിരുന്നു. പക്ഷേ ഷൂട്ടിങ് ഡേറ്റ് അറിഞ്ഞതോടെ ആകെ നിരാശയായി. ഇക്കഴിഞ്ഞ 23ാം തീയതിയായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. പക്ഷേ അന്നേ ദിവസത്തേയ്ക്കു നേരത്തെ ഷെറിലും സംഘവും മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുള്ള ഡേറ്റ് നൽകിപ്പോയി. അതിൽ നിന്ന് ഒഴിഞ്ഞു മാറാനും സാധിക്കാതെയായി. അവിടെയും പോയി നന്നായി ഡാൻസ് നന്നായി ചെയ്തെങ്കിലും മോഹൻലാലിനോടൊപ്പമുള്ള അവസരം നഷ്ടപ്പെട്ടതിന് പകരം എന്തുണ്ടാകാനാണ് ഷെറിൽ ചോദിക്കുന്നു.
അപ്പാനി ശരത്തിന് കുശുമ്പുണ്ടോ എന്ന വെറുതെ ചോദിച്ചപ്പോൾ ഷെറിലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു...
അയ്യോ...അതൊക്കെ വെറുതെ ചെയ്തതല്ലേ. ഒരു രസം. വിഡിയോയിൽ എന്റെ പേര് പറഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അതൊക്കെ വലിയ കാര്യമല്ലേ?
ഒറ്റ വിഡിയോ കൊണ്ടാണ് ഇപ്പോൾ അധ്യാപിക കൂടിയായ ഷെറിൽ.ജി.കടവൻ പ്രശസ്തയായത്. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാകണം ഓണപ്പരിപാടി ഉഷാറാക്കേണ്ടതെന്ന തീരുമാനത്തിലാണ് ഷെറിലും ഡാൻസിനിറങ്ങിയത്. കൂട്ടുകാർക്കു മുന്നിൽ അവതരിപ്പിക്കാനുള്ളതല്ലേ...വലിയ പ്രാക്ടീസിനൊന്നും പോകാതെയങ്ങ് തട്ടിലേറി. വെറുതെ ഒരു രസത്തിന് വിഡിയോ യുട്യൂബിലെത്തിയതോടെ സംഗതി കൈവിട്ടുപോയെന്നു പറഞ്ഞാൽ മതിയല്ലോ.
ഷെറിലിന് തമിഴ്നാട്ടിലും കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഇതിനിടയിൽ ഷെറിൽ സിനിമയിലേക്ക് പോകുന്നുവെന്നും വാർത്തകൾ വന്നു. എന്തായാലും ഷെറിൽ സിനിമയിലേക്കില്ല. അധ്യാപികയായി തുടരാൻ തന്നെയാണിഷ്ടം. ചെറുപ്പം മുതൽക്കേ സ്കൂളിലും കോളജിലും പരിപാടികളൊന്നും വിടാറില്ല. ഷെറിലിന്റെ വക ഡാൻസ് ഉറപ്പാണ്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കും ഷെറിൽ പറയുന്നു.
കൈവിട്ടു പോയ ജിമ്മിക്കി കമ്മൽ ഡാൻസ് വിഡിയോ യുട്യൂബ് വഴി കണ്ടവരുടെ എണ്ണം രണ്ടു കോടിയോട് അടുക്കുമ്പോൾ യുട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് ഈ സംഘം. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ ബ്രാൻഡ് ഡെവലപ്പർ കൂടിയായ മിഥുൻ ആണ് വിഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്.
അമേരിക്കൻ ആസ്ഥാനമായ ന്യൂസ് കോർപ്പിന് വിഡിയോ മോണിറ്റൈസ് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുകയാണ് ഇവർ. ഇതുവഴി കിട്ടുന്ന തുക എത്രയാണോ അത്രയും തന്നെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇവർ കൈമാറും. നമ്മളൊരു വിഡിയോ ചെയ്ത് അപ്‍ലോഡ് ചെയ്യുകയായിരുന്നു. അത് കണ്ട് വിജയിപ്പിച്ചത് ജനങ്ങളാണ്. അതുകൊണ്ടാണ് അവർക്കു വേണ്ടി തന്നെ ഈ വരുമാനം ഉപയോഗിക്കണം എന്നു തീരുമാനിച്ചത്. ഇത്രയധികം വ്യൂവേഴ്സ് അതിനു കിട്ടും എന്നു ചിന്തിച്ചിരുന്നേയില്ല. കുറേ വ്യൂവേഴ്സ് ആയതിനു ശേഷമാണ് ഇത് മോണിറ്റൈസ് ചെയ്യണം എന്നു തീരുമാനിച്ചതു തന്നെ. മിഥുൻ പറയുന്നു.
വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഈ ജിമ്മിക്കി കമ്മൽ പാട്ടിന്റെ തരംഗം ഒന്നടങ്ങി വരികയായിരുന്നു. അപ്പോഴാണ് സാക്ഷാൽ മോഹൻലാൽ തന്നെ പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോയുമായെത്തിയത്. ആ പഴയ തരംഗം പഴയതിലും ഇരട്ടിയായി ഉയർന്നു പൊങ്ങി. ഒന്നര ലക്ഷത്തോളം പേരാണ് ഈ വിഡിയോ സമൂഹ മാധ്യമം വഴി ഇതുവരെ പങ്കുവച്ചത്.