ആ ലുക്കു പോലെ ഹരംപിടിപ്പിച്ച് പാട്ടുകളും: വില്ലൻ മ്യൂസിക് റിവ്യൂ

എല്ലാ നായകനിലും ഒരു വില്ലനുണ്ട്, എല്ലാ വില്ലന്മാരിലും ഒരു നായകനും... "വില്ലൻ" എന്ന പുതിയ മോഹൻലാൽ സിനിമയിലെ ഏറ്റവും ഹിറ്റായ ഡയലോഗ് ഇതുതന്നെയാകും . പാട്ടിനേക്കാൾ ഹിറ്റായ വരികൾ പ്രിയപ്പെട്ട ലാലേട്ടന്റെ ശബ്ദത്തിൽ തന്നെ കേൾക്കുമ്പോൾ വില്ലൻ ചിത്രത്തിന്റെ ഒരു ഏകദേശ ധാരണ ലഭിക്കുന്നുണ്ട്. ഒപ്പം താരത്തിന്റെ സോൾട്ട് ആൻഡ് പേപ്പർ ലുക്ക് കൂടിയാകുമ്പോൾ മോഹൻലാൽ ആരാധകർക്ക് ഇത് വസന്തകാലമാണ്. ഒടിയനായും വില്ലനായും ഒക്കെ ലാൽ അവർക്കു മുന്നിലേക്ക് എത്തുന്നു. നിരവധി പ്രത്യേകതകൾ ഉള്ള ചിത്രമാണ് "വില്ലൻ". 8  കെ റെസൊല്യൂഷനിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇത് സാങ്കേതികതയാണെങ്കിൽ ചിത്രത്തിന്റെ സാറ്റലൈറ്റ് റേറ്റ് ചാനൽ വാങ്ങിയത് റെക്കോര്‍ഡ് റേറ്റിനാണ്. സിനിമയുടെ കാര്യത്തിൽ മാത്രമല്ല ഗാനവും ഇതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ചിരിക്കുന്നു,ജങ് ക്ലി മ്യൂസിക്കിന് വില്ലന്റെ ഓഡിയോ അവകാശം വിറ്റു പോയത് 50 ലക്ഷത്തിനാണ്. സാധാരണ ഗതിയില്‍ ഒരു മലയാള ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സിന് പരമാവധി ലഭിക്കുക 15 ലക്ഷം വരെയാണ്.‌മാത്രമല്ല ഗാനങ്ങളുടെ ഹിന്ദി മൊഴി മാറ്റത്തിനായി ലഭിച്ചത് ഒരു കോടിയും, ചുരുക്കം പറഞ്ഞാൽ വില്ലൻ റിലീസിനു മുൻപ് തന്നെ കോടികൾ കയ്യിലൊതുക്കി.

ഒപ്പം സിനിമയുടെ സംഗീതം ചെയ്ത ഫോര്‍ മ്യൂസിക് ആണ് വില്ലനിലും സംഗീതം നൽകിയിരിക്കുന്നത്. മെലോഡിയസും ഫാസ്റ്റും ആയ ഗാനങ്ങളാൽ മനോഹരമാണ് വില്ലൻ. ബി കെ ഹരിനാരായണന്റെ വരികൾക്ക് അല്ലെങ്കിലും ഒരു നാടൻ ഭംഗിയുണ്ട് എല്ലായ്പ്പോഴും. ചില പാട്ടുകൾക്ക് തീയുടെ ചൂട് തോന്നുമ്പോൾ ഒരെണ്ണം മഴ പെയ്താലെന്ന പോലെ കുളിരു കോരിയിടുന്നു.

എത്രയോ കാലങ്ങൾക്കു ശേഷമാണ് മലയാളികൾ പ്രിയപ്പെട്ട ദാസേട്ടനെ വീണ്ടുമൊന്ന് കേട്ടത്. വില്ലന്റെ തായി ആദ്യം പുറത്തിറങ്ങിയതും യേശുദാസ് പാടിയ ഗാനമായിരുന്നു.

"കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ

കണ്ണോടു കണ്ണോരം ചേരുന്നു നാം..

പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും

വാർമേഘതെല്ലായി മാറുന്നു നാം."

എത്ര കണ്ടാലും മതിവരാതെയാണ് ചില മുഖങ്ങൾ . എത്ര ആസ്വദിച്ചാലും മതിവരാതെ ചില ബന്ധങ്ങൾ , അവയെ കുറിച്ചൊക്കെ പറയാൻ ആയിരം നാവാണ് മനുഷ്യർക്ക്. സായംസന്ധ്യ ചായം തൂവുന്ന നീയാകുന്ന ആകാശത്തോടു ചേർന്നു കിടക്കുമ്പോൾ അവളുടെ ഓർമ്മകൾ വന്നു തൊടുന്നു. അപ്പോൾ വീശി കടന്നു പോയ കാറ്റ് പറയുന്നു മുറ്റത്തിന്റെ പടിഞ്ഞാറേ കോണിൽ നിൽക്കുന്ന തേൻമാവ് പൂക്കാൻ തുടങ്ങുന്നു. മാമ്പൂവിന്റെ ഈറൻ ഗന്ധം പരന്നൊഴുകുന്ന രാവ്... ഈ ഓർമ്മകളൊക്കെയും കൂട്ടിപ്പെറുക്കി വച്ച് ഞാനിനിയും എന്ത് ചെയ്യണം... എത്ര കണ്ടാലും കൊതി തീരാതെ നിന്നെ കാത്തിരിക്കുകയല്ലാതെ....!!! എത്ര കിട്ടിയാലും മതിവരാതെ വീണ്ടും നാമെപ്പോഴും കൂടുതൽ തേടുന്നുണ്ട്... ആ തിരയലിൽ തന്നെയാണ് നിറഞ്ഞു തുളുമ്പാൻ കൊതിക്കുന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനങ്ങളിരിക്കുന്നത്. ഒരിക്കലെങ്കിലും നിറഞ്ഞേക്കാം എന്ന് തോന്നും പക്ഷേ വെറും തോന്നലാണെന്നു മനസ്സിലാക്കി വീണ്ടും കാണാനും അനുഭവിക്കാനും ഓടിപ്പാഞ്ഞെത്തും...

"സായംസന്ധ്യ ചായം തൂവും

നീയാം വാനിൽ മെല്ലെ ചായാം

ഓരോ യാമം താനേ പായും

വേനൽ വെയിലായ് ഞാനെത്തുന്നു..."

ഈ പാട്ടിന്റെ ഏറ്റവും വലിയ ചാരുത ദാസേട്ടന്റെ ശബ്ദം തന്നെയാണ്. എത്ര കാലം കഴിഞ്ഞാലും, ഒരു തെന്നൽ വന്നു നെഞ്ചം തകർക്കുന്നത് പോലെ അദ്ദേഹത്തിന്റെ പാട്ടുകൾ ഹൃദയത്തെ ഇങ്ങനെ കലക്കി മറിച്ചു കൊണ്ടേയിരിക്കും...

പതിയെ നീ വന്നുവോ.... ഹരിത ബാലകൃഷ്ണന്റെ സ്വരത്തില്‍, പതിയെ വന്ന ആരോ അനുവാദം പോലും ചോദിക്കാതെ ഹൃദയത്തിന്റെ വാതിൽ തള്ളിത്തുറന്നു അകത്ത് കയറിയ അനുഭവമുണ്ട്. പക്ഷെ ആ ആൾ പ്രിയപ്പെട്ട ആരോ ആണ്...

"പതിയെ നീ ആത്മാവിൻ 

ആഴങ്ങൾ പുൽകുമോ..

പതിയെ നീ ആകാശതീരങ്ങൾ തേടുമോ

ആയിരം രാവുകൾ നീ വരും നാളിനായ്"

ആയിരം നാളുകളുടെ കാത്തിരിപ്പുണ്ട് നമുക്കിരുവർക്കുമിടയിൽ. പ്രണയത്തിലായി തീർന്ന കണ്ണുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും നക്ഷത്രങ്ങളെ പോലെ മിന്നി നിൽക്കും, അവയിൽ തീക്ഷ്ണമായ അഗ്നിയുണ്ടെന്നു തോന്നും. അതുപോലെ തന്നെയാണ് പ്രണയത്തിലായ മനസ്സും. അടങ്ങിയിരിക്കാനാകാതെ സ്വന്തമായി ചിറകുകൾ മുളച്ച് വരും, പിന്നെ അനന്തമായ പറക്കലാണ്. കാണാമറയത്തെങ്ങോ ചിറകടിയൊച്ചകൾ കേൾക്കാം... ഇടവഴികളിൽ മധുരമാ നാണം തുളുമ്പുന്നു.

"പിടയുന്നതെന്തിനോ മൗനമായ് 

ചിറകായ് മാറിടാമെൻമനം

വെണ്മുകിലിടുമിടവഴിയെ 

നീ വരൂ..."

നിന്റെ വഴികൾ പ്രായത്തോടെ ഇതാ തുറന്നു കിടക്കുന്നു ഇന്നീ പതിഞ്ഞ താളത്തിൽ എന്റെ പാട്ടിനൊപ്പം നീ കടന്നു വരൂ...

കനല് പോലെയുള്ള ചില മോഹങ്ങളുണ്ട്. നെഞ്ച് തകർക്കുന്ന ചില നോവുകളുമുണ്ട്.അവയിലൊന്നിൽ മോഹങ്ങൾ കൂടു കൂട്ടുന്നു .

"കനലേ നീയെൻ മോഹമേ  

 

മനസ്സേ നീയെൻ ഭാവമേ...

ആളിക്കത്തുന്നത് എന്റെ നെഞ്ചാണ്,പക്ഷെ വേദനയ്ക്കിടയിൽ പോലും ആനന്ദങ്ങളുണ്ട്, ഒരുപക്ഷേ അത് പ്രണയത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും. സങ്കടങ്ങൾ എത്ര വന്നാലും എപ്പോഴെങ്കിലും പ്രണയം അത് തിരസ്കരിച്ചിട്ടുണ്ടോ? ഒരിക്കലും പ്രണയം നോവുകൾ വിട്ടു കളയാറില്ല, വാരിയെടുത്ത് നെഞ്ചോരം ചേർത്ത് വയ്ക്കും. പൊള്ളിയടർന്നാലും ഉരുകി തീർന്നാലും പോകുന്നത് പോകട്ടെ എന്ന് വയ്ക്കും. ആ ആളലിൽ ഇല്ലാതാക്കാനും നമുക്കിഷ്ടമാണ്. 

"മാനം പൂക്കും നേരം കാണും നിന്നേ..

 

കാലം തന്നതല്ലേ…..

 

അങ്ങകലെ.. ചെങ്കതിരണിയെ…

 

വന്നാലും നാളമേ…"

തീ പോലും പൂവായി മാറുന്ന ആ നിമിഷം ഏതാണ്? അത് മനോഹരം എന്ന് പറയാൻ അത്രയെളുപ്പമല്ല പക്ഷെ അനുഭവത്തിൽ വരുമ്പോൾ വാരിപ്പുണരാൻ തോന്നുന്ന തോന്നൽ തന്നെയാണ്. സങ്കടങ്ങൾ നെഞ്ചിൽ തിക്കു മുട്ടിയാലും അലച്ചെത്തുന്ന ഒരു കുളിരിന്റെ കിരണം മതി എല്ലാ അഗ്നിയേയും കുടിച്ച് വറ്റിച്ച് ഉടലും ഉയിരും നിറയ്ക്കാൻ..

നിരഞ്ജ് സുരേഷ്, ശക്തിശ്രീ ഗോപാലൻ എന്നിവരാണ് ഈ ഗാനം പാടിയത്. വരികളുടെ ഭംഗിയിൽ ഭാവത്തിന്റെ തീ വന്നു വീണത് പോലെ തോന്നും ഈ ഗാനം കേൾവിയിൽ. വരികളിലെ പ്രണയത്തിന്റെ അഗ്നി കൂടിയാകുമ്പോൾ പൊള്ളുന്നത് ആത്മാവ് മാത്രമല്ല. ഉരുകി തുടങ്ങുന്ന ഉയിരിനെ എങ്ങനെ തണുപ്പിക്കും എന്നറിയാതെ അലഞ്ഞു നടക്കുന്ന മനുഷ്യരായി തീർന്നു പോകുന്നുണ്ട് നാം ഈ പാട്ടുകളിൽ .

ഭാവാർദ്രമായ ഒരുപിടി മെലഡികളാണ് വില്ലനിലുള്ളത്. മോഹന്‍ലാൽ കഥാപാത്രത്തിന്റെ ലുക്കു പോലെ നിഗൂഢമായ താളവും ആലാപനവും.. എന്തൊക്കെയോ മനസിൽ നിറയ്ക്കുന്ന, ഓർമിപ്പിക്കുന്ന, കോറിയിടുന്ന വരികൾ. ഓർമകളിലൊരു കനവായി നോവായി തണലായി മാറുന്ന ഈണങ്ങൾ. ഒറ്റയ്ക്കിരുന്നു കേൾക്കാൻ തോന്നിപ്പിക്കുന്ന ഈണങ്ങൾ...