Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളുടെ 'നിലാ': അമേരിക്കൻ മലയാളി ഗായികയുടെ പാട്ട് ശ്രദ്ധ നേടുന്നു

nila-music-album-irene

ഏറ്റവും പ്രിയപ്പെട്ടവർ അരികിലില്ലാത്തപ്പോൾ നമുക്ക് കൂട്ട് അവരുടെ ഓർമകൾ മാത്രമാണ്. ആ ഓർമ, ചിരിയും നൊമ്പരവും സ്വപ്നവും പ്രണയവുമൊക്കെ ഒന്നുചേർന്നതുമാണ്. ആ അനുഭൂതികളെ കുറിച്ചാണ് ഈ പാട്ടും. ഏതൊരു മനസിലുമുണ്ടാകാവുന്ന വികാരവിക്ഷോഭങ്ങളെ മെലഡിയുടെ ഭംഗിയിൽ അവതരിപ്പിച്ചിരിക്കുന്നു 'നിലാ' എന്ന സംഗീത ആൽബം. അമേരിക്കൻ മലയാളികൾക്ക് സുപരിചിതയായ ഗായിക  ഐറിൻ കല്ലൂറിന്റേതാണു ആലാപനം. ഐറിൻ തന്നെയാണു പാടി അഭിനയിച്ചതും. 

കേരളത്തിൽ നിന്നും  2014 ൽ ടെക്സസിലേക്കു  സ്ഥിര താമസത്തിനു വന്ന കോട്ടയം സ്വദേശിയായ ഐറിൻ, ഡാലസ് മെലഡിസ് എന്ന പാട്ടു കൂട്ടത്തിലൂടെ  ഡാലസ് ഫോർട്ട് വെർത്തിലെ മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു.  ഇന്ന് ഐറിൻറെ പാട്ടു  ഇല്ലാത്ത  വേദികൾ ഡാലസിൽ ഇല്ലന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ അമേരിക്കയിലെ മലയാളികൾ ഐറീന്റെ പാട്ടിനെ ഏറെയിഷ്ടത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ജിപ്സൺ ജോണിന്റെയും മിനി മുകുളേലിന്റേയും മകളായ ഐറിൻ ആറു വയസുള്ളപ്പോൾ മുതൽ സംഗീത പഠനം തുടങ്ങിയതാണ്. ഐറിന് ആരോഗ്യ മേഖലയിൽ തുടർ വിദ്യാഭ്യാസം നടത്തുവാനാണ് ഇഷ്ടം. എന്തായാലും പാട്ട് ഒപ്പമുണ്ടാകും.

കെ പി എ സി രവീന്ദ്രൻ നായരുടെ കീഴിലാണ് ഐറീൻ സംഗീതം അഭ്യസിച്ചത്. തന്റെ ഗുരുനാഥനോടും പാട്ടു പാടി വളരാൻ പ്രോത്സാഹിപ്പിച്ച ഹോളി ഫാമിലി ഫെറോന ചർച്ചിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകരോടുമാണ് സംഗീത ജീവിതത്തിലെ ഓരോ ചുവടുവയ്പ്പിനും ഐറീൻ നന്ദി പറയുന്നത്. 

പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച ആൽബമാണിത്. പ്രണവ് ജോർജ് ആണ് ഐറിനൊപ്പം അഭിനയിച്ചിരിക്കുന്നത്. ഷഫീക്  റഹ്‌മാനാണ് പാട്ടിന്റെ വരികളെഴുതി സംഗീത സംവിധാനം നിർവ്വഹിച്ചത്. സമദ് ഉസ്മാന്റേതാണു സംവിധാനം. നിർമ്മാണം ടി.ബി. വിനോദും. കാമറയും എഡിറ്റിങും പ്രിമസ് ജോണിന്റേതാണ്. 

Read More: Music Album, Malayalam Music Album, New Singers, Trending Songs