ആദ്യ പാട്ടിന്റെ ഓർക്കസ്ട്രയിൽ പ്രതിഭകൾ: മിഥുന് ഇതൊരു സ്വപ്നം പോലെ

ആദ്യമായി സംഗീതം ചെയ്ത പാട്ടിന് ജീവൻ നൽകാൻ ജീവിതത്തില്‍ ഏറെ ആരാധിച്ചിരുന്ന കുറേ സംഗീതജ്ഞർ എത്തുക. ഏതൊരു സംഗീത സംവിധായകനും സ്വപ്ന തുല്യമായൊരു തുടക്കമായിരിക്കും അത്. മിഥുന്‍ നാരായണന് സാധ്യമായതും അതാണ്. എഞ്ചിനീയറായി ജോലി നോക്കുന്നതിനോടൊപ്പം സംഗീതവും മനസിൽ കൊണ്ടു നടന്ന മിഥുന്‍ നാരായണന്റെ ആദ്യ ഗാനത്തിന് ഓർക്കസ്ട്രയിൽ ഒപ്പമെത്തിയത് വിശ്വമോഹൻ ഭട്ട് ഉൾപ്പെടെയുള്ള പ്രതിഭാധനരാണ്. 

ഒരു ഭക്തി ഗാനമാണ് മിഥുൻ ഒരുക്കിയത്. ആലാപനം ജി. വേണുഗോപാലിന്റേതും. മോഹനവീണയിൽ വിശ്വമോഹൻ ഭട്ട്, പുല്ലാങ്കുഴലിൽ നവീൻ മുംബൈ, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയിൽ തൃപ്പൂണിത്തുറ കൃഷ്ണദാസ് തുടങ്ങിയവരായിരുന്നു പിന്നണിയിൽ പ്രവർത്തിച്ചിരുന്നത്. സംഗീത ലോകം കണ്ട മികച്ച പ്രതിഭകളെ ഉൾപ്പെടുത്തി ആദ്യ ഗാനം പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് മിഥുന്‍. ചൈത്ര സന്ധ്യതൻ സിന്ദൂര ചെപ്പിലെ എന്ന ഗാനം ഒരു ഭക്തി ഗാനം എന്നതിനപ്പുറം മനോഹരമായൊരു മെലഡി കൂടിയാണ്. പി.ജി.ആണ് വരികൾ കുറിച്ചത്. ഹിന്ദുസ്ഥാനി രാഗമായ "ജോഗ് ' ൽ ഒരുക്കിയ ഗാനമാണിത്. വിശ്വമോഹൻ ഭട്ടിന്റെ മറ്റൊരു സംഗീത ആൽബത്തിൽ പ്രവർത്തിക്കാനുള്ള അവസരവും ഇതോടു കൂടി മിഥുനെ തേടിയെത്തിയിരിക്കുകയാണ്.