Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറയാൻ ഉദ്ദേശിച്ചത് അതല്ല, ചിന്തയെ വിമർശിച്ചതിനെ കുറിച്ച് മുരളി ഗോപി

murali-gopy-chintha

സ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ജിമ്മിക്കി കമ്മൽ എന്ന പാട്ടിനെ കുറിച്ചു നടത്തിയ പരാമർശം സമൂഹ മാധ്യമത്തിലുൾപ്പെടെ വൻ വിമർശനങ്ങൾക്കു വിധേയമായിരുന്നു. മുരളി ഗോപി  ഉൾപ്പെടെയുള്ള താരങ്ങൾ പ്രതികരണമറിയിച്ചിരുന്നു. മുരളി ഗോപിയുടെ അഭിപ്രായം സമൂഹമാധ്യത്തിൽ വൻ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. എന്നാൽ ചിന്തയെ ട്രോൾ ചെയ്യാനോ കളിയാക്കാനോ കണ്ണടച്ച് വിമർശിക്കാനോ ഇടവരുത്തണം എന്ന് കരുതിയല്ല സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയതെന്ന് മുരളി ഗോപി വ്യക്തമാക്കുന്നു.

തന്റെ അഭിപ്രായം കൂടി ചേർത്ത് ചിന്തയ്ക്കു നേരെ പലരും ചീറിയടുക്കുന്നത് കാണാനിടയായി. അതായിരുന്നില്ല തന്റെ ഉദ്ദേശം. ചിന്ത നടത്തിയ പ്രസ്താവന ഒരു യഥാർഥ ഇടതുപക്ഷത്തിന്റെ രീതിയുമായി ഒത്തുപോകുന്നതല്ലെന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്ന് മുരളി ഗോപി പറയുന്നു. 

 ''കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ. അഥവാ ആ ജിമ്മിക്കി കമ്മൽ ആരെങ്കിലും മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നായിരുന്നു പാട്ടിനെ കുറിച്ച് ചിന്ത പറഞ്ഞത്". 

ചിന്ത ഒരു ഇടതുപക്ഷ യാത്രക്കാരിയാണ്. പ്രസക്തമായ ഒരു തസ്തികയും കൈകാര്യം ചെയ്യുന്നു. തെറ്റുകൾ തിരുത്തി മുന്നേറേണ്ടത് മറ്റേതു പ്രസ്ഥാനത്തേക്കാളും ആവശ്യം ഇടതുപക്ഷത്തിനാണ്. ഇപ്പോൾ ആ തിരുത്തലിന് പ്രസക്തി ഏറെയാണ്. അക്കാര്യത്തിന് ഒരു ഓർമപ്പെടുത്തൽ മാത്രമായിരുന്നു തന്റെ അഭിപ്രായ പ്രകടനം എന്ന് മുരളി ഗോപി പറയുന്നു. 

അദ്ദേഹം സമൂഹ മാധ്യമത്തിൽ എഴുതിയ കാര്യം വായിക്കാം. 

 കഴിഞ്ഞ ദിവസം ഒരു fb പോസ്റ്റിട്ടു. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ഒരു പ്രസംഗത്തിൽ അവർ നടത്തിയ ചില പരാമർശങ്ങൾ യഥാർഥ ഇടതു പക്ഷത്തിന്റെ രീതിയുമായി ഒത്തുപോകുന്നവയല്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. 
ആ പോസ്റ്റിന്റെ കൂട്ടുചേർന്ന് വന്ന ആയിരം ഷെയറുകളും അഭിപ്രായങ്ങളും ആ കുട്ടിയുടെ നേരെ ചീറിയടുക്കുന്ന കൌണ്ടർ വിഡിയോകളും കാണാൻ ഇടയായി. ഉദ്ദേശ്യം അതായിരുന്നില്ല താനും. അതിനാൽ, ഇതെഴുത്തുന്നു.
പാട്ടും കവിതയും കലയും യുക്തിയുടെ അളവുകോൽ കൊണ്ട് അളക്കുക എന്നത് ഒരുകാലത്തും ഇടതുപക്ഷത്തിന്റെ (കുറഞ്ഞ പക്ഷം, ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്കിലും) കടമയായിരുന്നില്ല. തീവ്ര വലതുപക്ഷ കക്ഷികൾ അങ്ങനെ ചെയ്യുമ്പോൾ അതിനെ ചെറുക്കുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ മൗലിക നിലപാട്. ഇടത് പക്ഷത്തെ ഇടതുപക്ഷമാക്കിയതും ആക്കുന്നതും ആ നിലപാടാണ്. 
തീവ്രമായ കവിതകൾ ഉറക്കെ ചൊല്ലി, പച്ചമനുഷ്യർ പാടുന്ന വിഭക്തികളില്ലാത്ത ഗാനങ്ങൾ നെഞ്ചിലേറ്റി, പാവങ്ങൾക്കൊപ്പം താളമിട്ടു വളർന്നു വന്ന ഒരു പ്രസ്ഥാനമാണ് അത്. കലയെ തളയ്ക്കാൻ ശ്രമിക്കാതെ, കലയിലൂടെ തന്നെ തർക്കിച്ചു വളർന്ന രീതി. മനുഷ്യഭാവനയെ പൂർണമായി അംഗീകരിച്ചാൽ മാത്രമേ അവന്റെ കരങ്ങൾ ഉയരുകയും മുഷ്ടി ചുരുളുകയും ഉള്ളൂ... എന്ന തിരിച്ചറിവിന്റെ പാത.
ആ കുട്ടി ഒരു ഇടതുപക്ഷ യാത്രക്കാരിയാണ്. പ്രസക്തമായ ഒരു തസ്തികയും ആളുന്നു. പാരമ്പരാഗതവാദത്തിൽ നിന്നും, യാഥാസ്ഥിതികവാദത്തിൽ നിന്നും മാറി സഞ്ചരിക്കേണ്ട ആവശ്യകത ചൂണ്ടികാണിച്ചു. അത്ര മാത്രം. 
തെറ്റുകൾ തിരുത്തി മുന്നേറേണ്ടത് മറ്റേതു പ്രസ്ഥാനത്തേക്കാളും ആവശ്യം ഇടതുപക്ഷത്തിനാണ്. അങ്ങിനെ മുന്നേറുന്ന ഒരു ഇടതുപക്ഷം ഈ നാടിന്റെ ആവശ്യവും ആണ്. എക്കാലത്തേക്കാളും ഇപ്പോഴാണ് ആ ആവശ്യത്തിന് പ്രസക്തിയും. 
ഓർമ്മിപ്പിച്ചു എന്നേയുള്ളൂ. ഒരു സഖാവ് പറഞ്ഞതായി കരുതില്ല എന്നറിയാം. സഹോദരനായി കരുതിയാൽ മതി.