Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നതുല്യം 2.0 ഓഡിയോ ലോഞ്ച്: ദുബായിയെ കീഴടക്കി താരനിര

yandhiran-second-part-audio-launch

ദുബായ്ക്ക് അവിസ്മരണീയമായൊരു അനുഭവം സമ്മാനിച്ചാണ് എ.ആർ.റഹ്മാനും രജനീകാന്തും ശങ്കറും അക്ഷയ് കുമാറും അടങ്ങുന്ന സംഘം മടങ്ങിയത്. താരനിര കൊണ്ടും സംഘാടനം കൊണ്ടും സിനിമ ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ പരിപാടികളിലൊന്നായിരുന്നു ഈ ഓഡിയോ ലോഞ്ച്. ചിത്രങ്ങളിലൂടെ ശങ്കർ കാണിച്ച സ്വപ്നതുല്യമായ അനുഭവമായിരുന്നു ബുർജ് പാർക്കിലെത്തിയ ഓരോ സിനിമ പ്രേമികൾക്കും അനുഭവിക്കാനായത്. 

റാണാ ദഗ്ഗുബതിയും കരൺ ജോഹറുമായിരുന്നു പരിപാടിയുടെ അവതാരകർ. ദക്ഷിണേന്ത്യൻ താരനിരയേയും കാണികളേയും ഇവർ കയ്യിലെടുത്തുവെന്ന് പറയേണ്ടതില്ലല്ലോ. ഈ അവതാരകരായിരുന്നു പരിപാടിയിലെ മുഖ്യ ആകർഷണം എന്നു തന്നെ പറയണം.യ രജനീകാന്തിന്റെ ഈ ചിത്രത്തിൽ പ്രേക്ഷകർ ഒരുപാട് കൗതുകത്തോടെ കാത്തിരിക്കുന്നത് പാട്ടുകൾക്കായാണ്. എ.ആർ.റഹ്മാൻ തീർത്ത മാജിക്കൽ ഗാനങ്ങൾക്കായി. തന്നെ ഏറ്റവുമധികം വെള്ളകുടിപ്പിച്ച സംവിധായകൻ എന്നാണ് പലപ്പോഴും ശങ്കറിനെ കുറിച്ച് റഹ്മാൻ പറഞ്ഞിട്ടുള്ളത്. പരിപാടിയിലെ സൗമ്യ സാന്നിധ്യമായിരുന്ന റഹ്മാൻ പിയാനോയിൽ വിരലോടിച്ച് 125ഓളം സംഗീതജ്ഞർക്കൊപ്പം വേദിയെ സംഗീതമയമാക്കി. ശങ്കറിനും റഹ്മാനും രജനീകാന്തിനും ആദരമൊരുക്കി ദി ബോസ്കോ ഡാൻസ് ഗ്രൂപ്പ് ഒരുക്കിയ നൃത്തവും അരങ്ങേറി. മറ്റൊന്ന് തമന്നയുടെ ഡാൻസ് ആയിരുന്നു. റോബോട്ടിന്റെ രൂപത്തിൽ രജനീകാന്തിനെ അനുകരിച്ച് തമന്ന എല്ലാവരേയും ഞെട്ടിച്ചു. ഇന്നലെ നടന്ന പരിപാടിയിലെ പ്രധാന ആകർഷണം ഇതൊക്കെയായിരുന്നു.

സിനിമയുടെ മൊത്തം പ്രവർത്തകരേയും കൂടാതെ ധനുഷ്, ജ്യോതിക, രജനീകാന്തിന്റെ  മക്കളായ ഐശ്വര്യയും സൗന്ദര്യയും എന്നിവരും പരിപാടിക്കെത്തിയിരുന്നു. റോബോട്ടിന്റെ വിവിധ ലുക്കുകളിലെത്തിയവരുെട അകമ്പടിയോടെ വേദിയിലെത്തിയ രജനീകാന്തും ക്രോ മാൻ ലുക്കിലെത്തി വേദിയെ ഇളക്കി മറിച്ച അക്ഷയ് കുമാറും ഡാന്‍സുമായി അമി ജാക്സണും സദസിനെ ഇളക്കിമറിച്ചു. ഒരു ശങ്കർ ചിത്രത്തിൽ കാണുന്ന ആഢംബരവും പ്രൗഢിയും വ്യത്യസ്തതയുമെല്ലാം ഈ ഓഡിയോ ലോഞ്ചിലും ഉണ്ടായിരുന്നു. കോടികളാണ് 2.0 ഓഡിയോ ലോഞ്ചിനു വേണ്ടി മാത്രം ചെലവഴിച്ചത്. 12,000ഓളം സൗജന്യ പാസുകളാണ് അനുവദിച്ചത്. 

Read More:Music News