മലയാളത്തിന്റെ സൂപ്പർ താരം നിവിൻപോളിയും തെന്നിന്ത്യൻ താരസുന്ദരി തൃഷ കൃഷ്ണനും മത്സരിച്ചഭിനയിക്കുന്ന ശ്യാമപ്രസാദ് ചിത്രം ‘ഹേ ജൂഡ്’ സംഗീതത്തിലും വ്യത്യസ്തത പുലർത്തുന്നു. ഇതിനോടകം സിനിമാ സംവിധായകൻ ശ്യാമപ്രസാദിനൊപ്പം പല സിനിമകൾക്കുമായ് സംഗീതം നൽകി നാല് പ്രമുഖ സംഗീത സംവിധായകർ ആദ്യമായി ‘ഹേ ജൂഡി’നായി അണിനിരക്കുന്നു.
പശ്ചാത്തല സംഗീതവും ഗാനവും ഒരുക്കുന്ന സീനിയറായ ഔസേപ്പച്ചനോടൊപ്പം യുവ സംഗീത സംവിധായകരിൽ ഏറ്റവും പ്രമുഖരായ എം ജയചന്ദ്രൻ, ഗോപി സുന്ദർ, രാഹുൽ രാജ് എന്നിവർ അണിനിരക്കുന്നു എന്നത് സംഗീത പ്രേമികൾക്ക് ഹൃദ്യമായ ഒരു വാർത്തയാണ്. ശ്യാമപ്രസാദിന്റെ തന്നെ ചിത്രങ്ങളായ ‘ഒരേ കടലി’നും, ‘അരികെ’യിലും ഔസേപ്പച്ചൻ മുൻപ് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ‘അകലെ’ എന്ന സിനിമയ്ക്കു വേണ്ടി എം ജയചന്ദ്രനും ‘ഇവിടെ’ എന്ന ചിത്രത്തിനായി ഗോപീസുന്ദറും, ‘ഋതു’ വിനു വേണ്ടി രാഹുൽരാജും ഇതിനോടകം ശ്യാമപ്രസാദിനൊപ്പം ഒരുമിച്ചിട്ടുണ്ട്.
സംഗീത സാന്ദ്രമായ ഒരു പ്രണയ കഥയാണ് ‘ഹേ ജൂഡ്’ എന്ന സിനിമ പറയുന്നത്. ചിത്രത്തിന്റെ പേരിന് സംഗീതവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബീറ്റിൽസിന്റെ ‘ഹേ ജൂഡി’ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നാമകരണം നടത്തിയിരിക്കുന്നത്. സംഗീത പ്രാധാന്യമുള്ള ഹേ ജൂഡിലെ നാലു തരം സംഗീതത്തിനായി നമുക്കും കാതോർക്കാം.