ഒരു കടലും അതിനു നടുവിലൊരു കരയും. അങ്ങനെയുള്ളൊരു നാട്ടിൽ നിന്നാണ് ഈ പാട്ട് വന്നത്. കുപ്പിഭരണിയിൽ നിന്നുതിർന്നു വീണൊരു കുഞ്ഞു മുത്തുപോലെ ചിരിച്ചുലഞ്ഞ സ്പാനിഷ് ഗാനം. കടലോരത്ത് ജീവിക്കുന്ന മനുഷ്യന്റെ ചിരികളേയും കളികളേയും ആ നാടിന്റെ നിറത്തേയും ആകാശത്തിന്റെ സന്തോഷത്തേയും പാടിയ ആ പാട്ടാണ് ഡെസ്പാസീത്തോ. ലോകത്തെ ഏറ്റവും കുഞ്ഞു ദ്വീപുകളിലൊന്നായ പ്യൂർട്ടോ റിക്കോയില്‍ നിന്ന് പിറവി കൊണ്ട് ലോകത്തിന്റെ കാതോരങ്ങളെ കീഴടക്കിയ ഈ പാട്ടാണ് പോയ വർഷം ലോകം ഏറ്റവുമധികം കണ്ട വിഡിയോ. ഡെസ്പാസീത്തോ താളങ്ങളുടെ കുറേ വിശേഷങ്ങളിലേക്ക്
ഇങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല!
പ്യൂർട്ടോ റിക്കോയിൽ ജനിച്ചു വളർന്ന ലൂയി ഫോൺസി, എറിക്കാ എൻഡറിനൊപ്പം ചേർന്നെഴുതി ഈണമിട്ട് പാടിയ പാട്ടാണ് ഡെസ്പാസീത്തോ. ഡാഡി യാങ്കിയാണ് പാട്ടിൽ ഫോൺസിയ്ക്കൊപ്പം അഭിനയിച്ചത്. നാട്ടിലെ ഒരു കുഞ്ഞു ബാൻഡിന്റെ സംഗീതം കേട്ടു വളർന്ന ഫോൺസി ലോക സംഗീതത്തിന്റെ ചരിത്രത്തിലിടം നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല; ഫോൺസി പോലും. ഇതുവരെ 450 കോടിയോളം ആളുകളാണ് ഈ ഗാനം യുട്യൂബ് വഴി വീക്ഷിച്ചത്.
നാടിനെ രക്ഷിച്ച പാട്ട്!
കാലമെന്നും കേൾക്കുന്ന ചില പാട്ടുകൾക്ക് പിന്നിലെ സൃഷ്ടാക്കൾ പോലും കാലക്രമേണെ അപ്രസക്തരായി പോകും. അതങ്ങനെയാണ്. ആ പാട്ടിന്റെ നാടു പോലും അതോർത്തിരിക്കില്ല. പക്ഷേ ഡെസ്പാസീത്തോയെ പ്യൂർട്ടോ റിക്കോ മറക്കില്ല. പ്യൂർട്ടോ റിക്കോയുടെ ആത്മാവുറങ്ങുന്ന കടൽത്തീരത്തേയും അതിന്റെ നിറപുഞ്ചിരിയേയും അതിന്റെ തുടിപ്പുകളേയുമാണ് ഡെസ്പാസീത്തോ എന്ന പാട്ടിന്റെ ദൃശ്യങ്ങളായി മാറ്റിയത്. ആ പാട്ടും അതിനൊപ്പമുള്ള കാഴ്ചകളും ലോകത്തിനു പ്രിയങ്കരമായതോടെ പാട്ടിൽ കണ്ട ഇടം തേടി ലോകം സഞ്ചരിച്ചു. പ്യൂർട്ടോ റിക്കോയുടെ സുന്ദരമായ വിനോദ സഞ്ചാര മേഖലകളിൽ തിരക്കേറിയത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കു കുതിപ്പേകി. കലങ്ങിമറിഞ്ഞ ഉൾക്കടലിൽ അകപ്പെട്ടൊരു കുഞ്ഞു കപ്പൽ പോലെ നിന്ന രാജ്യം പതിയെ പതിയെ നല്ല നാളെയുടെ തീരമണിഞ്ഞത് അങ്ങനെയാണ്. നാടിനെ രക്ഷിച്ച പാട്ടാണ് ഡെസ്പാസീത്തോ.
റെക്കോഡുകൾ ഏറെ!
ഡെസ്പാസീത്തോ എന്ന വാക്കിന്റെ അർഥം പതിയെ എന്നാണ്. പക്ഷേ മനസുകളിൽ നിന്ന് മനസുകളിലേക്ക് പാട്ടിന്റെ സഞ്ചാരം അങ്ങനെയേ ആയിരുന്നില്ല. ഇംഗ്ലിഷ് ഗാനങ്ങളുടെ ആധിപത്യമുള്ള പാട്ടു ഭൂപടത്തിൽ ഡെസ്പാസീത്തോയുടെ താളമങ്ങനെ ലയിച്ചു ചേരുകയായിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള 50ലേറെ രാജ്യങ്ങളുടെ ചാർട്ട്ബീറ്റിലാണ് ഈ പാട്ട് ഒന്നാമതെത്തിയത്. പോയ വർഷം യുട്യൂബിൽ ഏറ്റവുമധികം പ്രേക്ഷകരെ നേടിയ ഗാനം എന്നതിനപ്പുറം യുട്യൂബിന്റെ ചരിത്രത്തിൽ ഒന്നാം സ്ഥാനത്തുളള സംഗീത വിഡിയോയും ഇതുതന്നെയാണ്. 200 കോടി പ്രേക്ഷകരെ ഏറ്റവുമധികം വേഗത്തിൽ നേടിയ ഗാനം, യുട്യൂബിൽ ആദ്യമായി 300 കോടി പ്രേക്ഷകർ കണ്ട പാട്ട് എന്നീ റെക്കോഡുകളും ഡെസ്പാസീത്തോയുടെ പേരിലാണ്. പുറത്തിറങ്ങി ആറു മാസത്തിനുള്ളിലായിരുന്നു ഈ നേട്ടമെല്ലാം. 20,000 മണിക്കൂറുകളാണ് ഡെസ്പാസീത്തോ കാണാൻ ലോകം നീക്കി വച്ചതും. യുട്യൂബ് ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളിലും ഡെസ്പാസീത്തോ തന്നെയാണ് ലോകം ഏറ്റവുമധികം കണ്ട പാട്ടും.