Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ദാര ചെപ്പുണ്ടോ...മനോഹരം ഈ ലൈവ്!

mg-sreekumar-rajalakshmy-live

കാറ്റിൽ പാറിവന്നൊരു മന്ദാര പുഷ്പം പോലെ മനോഹരമാണ് ഈ പാട്ട്. എന്നെന്നും മലയാളി കേൾക്കാന്‍ കൊതിക്കുന്ന ഹൃദയരാഗം. ജോൺസൺ മാസ്റ്ററിന്റെ ഏറ്റവും മികച്ച കോമ്പോസിഷൻ. ഓർമയിലിന്നും നോവായ ക്ലൈമാക്സുള്ള ചിത്രത്തിലെ ഗാനം. മന്ദാരച്ചെപ്പുണ്ടോ... എന്ന ഈ പാട്ടിന് ഒട്ടനവധി വിശേഷണങ്ങളുണ്ട്. പാട്ടുകാര്‍ വന്നെത്തുന്ന വേദികളിലേക്കു പോകുമ്പോൾ ഏത് മലയാളിയും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളിലൊന്നും ഇതു തന്നെ. പക്ഷേ ഒറിജിനൽ ഗാനത്തിന്റെ അതേ ഭാവഭംഗിയോടെ പാടിത്തരുവാൻ എത്ര ഗായകർക്കു സാധിക്കും. മനസ്സിനു സംതൃപ്തി തരുന്ന പോലെ ആലപിക്കുവാൻ ആർക്കാണു കഴിയുക. ഈ ലൈവ് കാണുമ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരമാകും. 

പുതിയ നിര ഗായകരിൽ ശ്രദ്ധേയയായ രാജലക്ഷ്മിയും ഒറിജിനൽ പാട്ട് കെ.എസ്.ചിത്രയോടൊപ്പം ആലപിച്ച എം.ജി.ശ്രീകുമാറും ചേർന്ന് അത്രമേൽ മനോഹരമായാണു പാടിയത്. രണ്ട് തലമുറയിലെ ഗായകർ ഒന്നുചേർന്ന് ഒരു ക്ലാസിക് ഗാനത്തെ അവിസ്മരണീയമായി പാടി. ആലാപനത്തിന്റെ പെർഫെക്ഷനപ്പുറം കൗതുകമായത് ഈ ഗായകരുടെ കോമ്പിനേഷനാണ്. ദശരഥം എന്ന മോഹൻലാൽ ചിത്രത്തിലേതാണ് ഈ പാട്ട്. ശുദ്ധസന്യാസി രാഗത്തിലെ പാട്ട് രചിച്ചത് പൂവച്ചൽ ഖാദറും.

എം.ജി.ശ്രീകുമാറിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേമായ ഗാനങ്ങളിലൊന്നാണീ പാട്ട്. ലൈവ് പാടിയപ്പോഴും പതിവുപോലെ ആ ഭംഗി നിലനിർത്തി. ആ നല്ല ചിത്രത്തിന്റെയും നല്ല പാട്ടുകൾ മാത്രമുണ്ടായിരുന്ന മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിലേക്കും കേൾവിക്കാരെ അദ്ദേഹം നയിച്ചു. മലയാളത്തിന്റെ ഹൃദയം കവർന്ന പഴയകാല മെലഡികളെ ഭാവാർദ്രമായി പാടുന്നതിൽ പ്രതിഭ തെളിയിച്ചയാളാണു രാജലക്ഷ്മി. എം.ജയചന്ദ്രൻ, യേശുദാസ്, എസ്.പി.ബാലസുബ്രഹ്മണ്യം, ഹരിഹരൻ തുടങ്ങിയവർക്കൊപ്പം അവർ ഗാനമേളകളിൽ അവർ പാടിയ പാട്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇവിടെയും അതുപോലെ തന്നെ.