പുത്തൻ ചിത്രം പടൈവീരനിലെ ട്രെയിലറിലെ വിജയ് യേശുദാസിന്റെ ലുക്കും അഭിനയവും കണ്ട് പ്രേക്ഷകർ മാത്രമല്ല അതിശയിച്ചത്; സിനിമ ലോകത്തിനും അതുപോലെ തന്നെ. വിജയ്‍യുടെ പ്രകടനത്തെ അഭിനന്ദിച്ച് നടൻ ദുൽഖർ സല്‍മാനുമെത്തി. അതിശയം, അഭിമാനം എന്നാണ് ദുൽഖർ വിജയ്‍യുടെ അഭിനയത്തെ കുറിച്ച് എഴുതിയത്. നായകനായി ത്രസിപ്പിക്കുന്ന പ്രകടനമാണെന്നും ദുൽഖർ പറയുന്നു.
മലയാളത്തിൽ ഭാവാർദ്രമായ മെലഡി ഗാനങ്ങൾ കുറയുന്നുവെന്ന ആരോപണങ്ങൾക്കിടയിലും വിജയ് യേശുദാസിന്റെ സ്വരത്തിൽ അത്തരത്തിലുള്ള ഒരുപിടി നല്ല ഗാനങ്ങൾ മലയാളി കേട്ടു. ഇതിനിടയിൽ അഭിനേതാവും ഒപ്പം മോഡലിങ്ങിലും സജീവമായി വിജയ്. വലിയ ഇടവേളകളിലാണ് വിജയ്‍യുടെ ഓരോ ചിത്രവുമെത്തുന്നതെങ്കിലും അവയെല്ലാം ശ്രദ്ധേയമായിരുന്നു. 2010ൽ പുറത്തിറങ്ങിയ 'അവൻ' ആയിരുന്നു ആദ്യ ചിത്രം. പിന്നീട് 2015ല്‍ തമിഴില്‍ മാരി എന്ന ചിത്രത്തിലെത്തി. ഇപ്പോൾ പടൈവീരനും. തമിഴിൽ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം ആണു അടുത്തത്.