‘ശ്രീദേവിയേ... എന്‍ ജീവനേ..’ മറക്കാനാകില്ല ഇൗ പാട്ടുകൾ

മറക്കാനാകാത്ത അനവധി അനശ്വര കഥാപാത്രങ്ങൾക്കൊപ്പം കാതിനു ഇമ്പമായിരുന്ന അനവധി ഗാനങ്ങളിലും ശ്രീദേവിയുടെ സാന്നിധ്യം ആസ്വാദകർ അറിഞ്ഞിട്ടുണ്ട്. കണ്ണൈ കലൈമാനേ... മുതൽ മനസ്സു കീഴടക്കിയ ഗാനങ്ങളിൽ ഗായകന്റെയും സംഗീത സംവിധായകന്റെയും പങ്കിനെ നിഷ്പ്രഭമാക്കുന്നതായി ശ്രീദേവിയുടെ പ്രകടനം. ശ്രീദേവിയുടെ സാന്നിധ്യത്തിൽ കാഴ്ചക്കാരൻ ആ ഗാനത്തിന്റ പിറവിയെ തന്നെ മറക്കുന്നുവെന്നതാണ് വാസ്തവം. ശ്രീദേവിക്ക് ആസ്വാദകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ചില ഗാനങ്ങൾ ഇവയൊക്കെയാണ്. 

1. കണ്ണൈ കലൈമാനേ‌..

കമൽഹാസനും ശ്രീദേവിയും ഒന്നിക്കുന്ന ഇൗ താരാട്ടു പാട്ട് ഒരു സിനിമാപ്രേമിക്കും ഒരിക്കലും മറക്കാനാകില്ല. 1982–ല്‍ റിലീസായ ബാലുമഹേന്ദ്ര സംവിധാനം ചെയ്ത  'മൂന്നാം പിറൈ'യിലെ ഇൗ ഗാനം അന്നും ഇന്നും ഹിറ്റ് ചാർട്ടുകളിൽ ആദ്യ സ്ഥാനത്തുണ്ട്. 

തമിഴ്‍ കവി കണ്ണദാസനാണ് ഈ പാട്ടെഴുതിയത്. സംഗീതം കൊടുത്തിരിക്കുന്നത് ഇളയരാജ. 

2. നീലവാനച്ചോലയില്‍...

പ്രേമാഭിഷേകം എന്ന തെലുങ്കു ചിത്രത്തിന്റെ റീേമക്കിലാണ് പൂവച്ചൽ ഖാദർ എഴുതിയ ഇൗ ഗാനമുള്ളത്. കമൽഹാസൻ നായകനായ തമിഴ് റീേമക്ക് ചിത്രം മൊഴി മാറ്റിയാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്. 

3. ശശികല ചാര്‍ത്തിയ...

വിഖ്യാത സംവിധായകൻ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലെ പാട്ടുകള്‍ ഒരു മലയാളിക്കും മറക്കാനാകില്ല. ശശികലചാര്‍ത്തിയ, ശിശിരകാല, യ യ യാ യാദവാ തുടങ്ങിയ പാട്ടുകൾ ഇന്നും മലയാളിക്ക് രോമാഞ്ചം സമ്മാനിക്കുന്നവയാണ്. എം. ഡി രാജേന്ദ്രന്‍റെ എഴുതിയ വരികൾക്ക് ഇൗണം കൊടുത്തിരിക്കുന്നത് എം എം കീരവാണിയാണ്. 

4. നൈനോ മെ സപ്നാ...

ഹിമ്മത് വാല എന്ന സിനിമ ശ്രീദേവിയുടെ ബോളിവുഡ് യാത്രയിലെ വഴിത്തിരിവായിരുന്നു. ജിതേന്ദ്ര നായകനായ ഹിമ്മത്ത് വാലയില്‍ ശ്രീദേവിയുടെ പ്രകടനം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ബപ്പി ലാഹിരിയുടെ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. 

5. തേരേ മേരേ ഹോന്‍തോണ്‍ പെ..

ചാന്ദ്‍നി എന്ന സിനിമയിൽ ശിവ് ഹരിയുടെ ഈണം നൽകിയതാണ് ഇൗ ഗാനം. ആനന്ദ് ബക്ഷിയുടെ വരികള്‍ ആലപിച്ചത് ലതാ മങ്കേഷകർ. ഋഷി കപൂർ നായകനായ ഇൗ സിനിമയും ശ്രീദേവിയെന്ന നടിക്കുണ്ടാക്കിയ നേട്ടം വലുതാണ്.