Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

82–ാം വയസ്സിൽ അർജുനൻ മാസ്റ്റർക്ക് പുരസ്കാരത്തിന്റെ നിറയൗവ്വനം

m-k-arjunan-2

മലയാളത്തിലെ എക്കാലത്തെയും മികച്ചവയെന്ന് എണ്ണപ്പെടുന്ന നിരവധി ചലച്ചിത്രഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതസംവിധായകനാണ് എം.കെ. അർജുനൻ. 200–ലേറെ സിനിമകൾക്കായി 700–ലേറെ പാട്ടുകൾക്കും ആയിരത്തിലേറെ നാടകഗാനങ്ങൾക്കും ഇൗണമിട്ട അദ്ദേഹത്തെ തേടി 82–ാം വയസ്സിൽ വീണ്ടുമൊരു സംസ്ഥാന പുരസ്കാരം എത്തുമ്പോൾ പ്രായം തളർത്താത്ത ശുദ്ധസംഗീതത്തിനു കിട്ടിയ അംഗീകാരായി അത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് മാസ്റ്ററെ തേടി ഇത്തവണ പുരസ്കാരമമെത്തിയത്. 

പാടാത്ത വീണയും പാടും... കസ്തൂരി മണക്കുന്നല്ലോ കാറ്റേ... വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി... യദുകുല രതിദേവനെവിടെ... നീലനിശീഥിനി... ആയിരം കാതമകലെയാണെങ്കിലും... കുയിലിന്റെ മണിനാദം കേട്ടു... പാലരുവി കരയിൽ...ആയിരം അജന്താ ചിത്രങ്ങളിൽ... നന്ദ്യാർവട്ട പൂ ചിരിച്ചു ... കാണാനഴകുള്ള മാണിക്യ കുയിലേ... തുടങ്ങിയ അനശ്വരഗാനങ്ങൾ മലയാളികൾ കേട്ടത് എം.കെ. അർജുനന്റെ മായിക ഈണത്തിലായിരുന്നു. 

ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജനിച്ച് പ്രൈമറി സ്കൂളിൽ പഠനം അവസാനിപ്പിച്ച് അനാഥാലയത്തിൽ വളർന്ന അദ്ദേഹം സംഗീതമെന്ന വരദാനത്തിന്റെ മാത്രം കൈപിടിച്ച് രാജ്യത്തെ ഏറ്റവും മികച്ച സംഗീതസംവിധായകരുടെ നിരയിലേക്ക് ഉയരുകയായിരുന്നു. വീട്ടിലെ ദാരിദ്ര്യം മൂലം ഏഴാം വയസ്സിൽ പഴനിയിലെ ജീവകാരുണ്യ ആശ്രമത്തിൽ അഭയം തേടിയ അർജുനൻ മാസ്റ്ററെയും സഹോദരൻ പ്രഭാകരനെയും അണ്ണാമലൈ സർവകലാശാലയിലെ സംഗീതാധ്യാപകൻ കുമാരപിള്ളയാണ് സംഗീതത്തിന്റെ വഴിയെ കൈപിടിച്ചു നടത്തുന്നത്. പിന്നീട് പല ഗുരുക്കൻമാരിൽ നിന്നായി സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കിയ അർജുനൻ വിവിധ നാടക ട്രൂപ്പുകൾക്കുവേണ്ടി ഹാർമോണിയം വായിക്കുകയും ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ പ്രമുഖ സംഗീതസംവിധായകൻ ജി. ദേവരാജന്റെ കൂടെ ഹാർമോണിയം വാദകനായി ചേർന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 1968ൽ ദേവരാജൻ മാസ്റ്ററുടെ അനുഗ്രഹാശിസ്സുകളോടെ കറുത്തപൗർണമി എന്ന സിനിമയിൽ ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായി. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി– എം.കെ. അർജുനൻ കൂട്ടുകെട്ട് 1970കളിലും 80കളിലും മലയാള സിനിമാസംഗീതത്തിന്റെ സുവർണകാലം സൃഷ്ടിച്ചു. പി. ഭാസ്കരൻ, വയലാർ രാമവർമ, പൂവച്ചൽ ഖാദർ, ഒഎൻവി, യൂസഫലി കേച്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയ പ്രമുഖരുടെ വരികൾക്ക് അർജുനൻമാഷ് നൽകിയ സംഗീതം മലയാള ചലച്ചിത്രഗാനശാഖയ്ക്ക് മുതൽക്കൂട്ടാണ്. 

സംഗീത ഇതിഹാസങ്ങളായ യേശുദാസിനും എ.ആർ. റഹ്മാനും ഗുരുതുല്യനാണ് എം.കെ. അർജുനൻ. യേശുദാസിന്റെ ശബ്ദം ആദ്യമായി റിക്കോർഡ് ചെയ്തത് എം.കെ. അർജുനനായിരുന്നു. തെരുവു നാടകത്തിന്റെ ആവശ്യത്തിനായി പൊൻകുന്നം ദാമോദരന്റെ കവിതയ്ക്ക് അർജുനൻ സംഗീതം നൽകി യേശുദാസിനെക്കൊണ്ടു പാടിച്ച് റിക്കോർഡ് ചെയ്യുകയായിരുന്നു. ഫോർട്ട് കൊച്ചിയിൽ അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു ഇരുവരും. എ.ആർ. റഹ്മാന്റെ പിതാവ് സംഗീതജ്ഞനായ ആർ.കെ. ശേഖറുമായി എം.കെ. അർജുനന് ആത്മബന്ധമുണ്ടായിരുന്നു. ശേഖറിന്റെ അകാലമരണത്തെ തുടർന്ന് അർജുനൻമാഷ് ആ കുടുംബത്തിന് സഹായിയും മകൻ ദിലീപിന് (എ.ആർ. റഹ്മാൻ) സംഗീതലോകത്ത് വഴികാട്ടിയുമായിത്തീർന്നു. 1981ൽ അർജുനൻമാഷ് സംഗീതസംവിധാനം നിർവഹിച്ച അടിമച്ചങ്ങല എന്ന ചിത്രത്തിൽ കീ ബോർഡ് വായിച്ചാണ് എ.ആർ. റഹ്മാൻ സിനിമാസംഗീത ലോകത്തേക്കു കടന്നുവരുന്നത്. 

എളിമ നിറഞ്ഞ പെരുമാറ്റവും സൗമ്യമായ സാത്വിക ഭാവവും അർജുനൻ മാഷിന്റെ മുഖമുദ്രകളായിരുന്നു. കഠിനമായ ജീവിതസാഹചര്യങ്ങളെ നേരിട്ടുവളർന്ന അദ്ദേഹം സഹപ്രവർത്തകരോട് സ്നേഹപൂർവം മാത്രം പെരുമാറി. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കലാകാരൻമാരെ സഹായിക്കാനായി പള്ളുരുത്തി കേന്ദ്രമായി അദ്ദേഹം സ്ഥാപിച്ച സംഘടനയാണ് ആശ (ഓൾ ആർടിസ്റ്റ് സേവ് അസോസിയേഷൻ). 

വിവിധ വർഷങ്ങളിലായി സംഗീതനാടക അക്കാദമിയുടെ 14 അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചു. 1987ൽ പ്രഫഷനൽ നാടക അവാർഡും 1992ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചു. മികച്ച നാടക സംഗീതസംവിധായകനുള്ള അവാർഡ് നാലുതവണ അദ്ദേഹത്തെ തേടിയെത്തി. പി.ഭാസ്കരൻ പുരസ്കാരം, ഉദയഭാനു സംഗീത പുരസ്കാരം, തപസ്യ സംഗീത പുരുസ്കാരം, എം. ജി രാധാകൃഷ്ണൻ അവാർഡ്, എംഎസ് ബാബുരാജ് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾക്കും ബഹുമതികൾക്കും അർഹനായി. 

1936 മാർച്ച് ഒന്നിന് ഫോർട്ട്കൊച്ചി ചിരട്ടപ്പാലം മാളിയേക്കൽ വീട്ടിൽ കൊച്ചുകുഞ്ഞിന്റെയും പാർവതിയുടെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. പതിനാലു മക്കളിൽ ഏറ്റവും ഇളയവൻ. നന്നേ ചെറുപ്പത്തിൽ പിതാവ് മരിച്ചു. ഫോർട്ട്കൊച്ചി താമരപ്പറമ്പ് ഗവൺമെന്റ് യുപിസ്കൂളിൽ രണ്ടാംക്ളാസിൽ പഠനം അവസാനിപ്പിച്ചു. പ്രതിസന്ധികൾ നിറഞ്ഞ ബാല്യകൗമാരങ്ങൾ പിന്നിട്ട് മലയാള സിനിമാലോകത്ത് സ്വന്തമായ സ്ഥാനമുറപ്പിച്ച അദ്ദേഹം അകന്ന ബന്ധുവായ ഭാരതിയെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. അശോകൻ, അനിൽ, രേഖ, ശ്രീകല, ഗീത എന്നിവരാണ് മക്കൾ. 

പാട്ടിന്റെ പൗർണമിയുമായി അർജുനശ്രീ 

ശ്രീകുമാരൻ തമ്പിയുടെ വരികളും എം.കെ. അർജുനന്റെ സംഗീതവും– മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ സംഗീതസുരഭിലമാക്കിയത് ഈ കൂട്ടുകെട്ടായിരുന്നു. 44 സിനിമകളിലായി 230 ഗാനങ്ങളാണ് ഇരുവരും ചേർന്ന് ഒരുക്കിയത്. ഇവയിൽ ഒട്ടുമിക്കവയും വൻ ഹിറ്റുകളുമായിരുന്നു.. പൗർണമി ചന്ദ്രിക..., പാടാത്ത വീണയും പാടും..., ദുഃഖമേ നിനക്കു പുലർകാല വന്ദനം..., സുഖമൊരു ബിന്ദു...,കസ്തൂരി മണക്കുന്നല്ലോ കാറ്റേ.., പാലരുവി കരയിൽ..., വാൽക്കണ്ണെഴുതി..., നീലനിശീഥിനി..., ചെട്ടിക്കുളങ്ങര ഭരണി നാളിൽ... തുടങ്ങിയവ ഉദാഹരണം. 

ആകസ്മികമായാണ് ഈ കൂട്ടുകെട്ട് രൂപപ്പെടുന്നത്. തന്റെ വരികൾക്ക് സംഗീതം നൽകാൻ മടിച്ച ദേവരാജൻ മാസ്റ്ററോട് ശ്രീകുമാരൻ തമ്പി ഒരു വെല്ലുവിളി നടത്തിയിട്ടുണ്ടായിരുന്നു. താങ്കളുടെ ഹാർമോണിസ്റ്റ് സംഗീതം ചെയ്താലും എന്റെ വരികൾ ഹിറ്റാകും എന്നായിരുന്നു അത്. എം.കെ. അർജുനനായിരുന്നു അന്ന് ഭാസ്കരൻ മാസ്റ്ററുടെ ഹാർമോണിസ്റ്റ് എന്ന് അറിഞ്ഞുകൊണ്ടായിരുന്നില്ല തമ്പിയുടെ വെല്ലുവിളി. ഏറെ കാലത്തിനുശേഷം കെപി കൊട്ടാരക്കര റെസ്റ്റ്ഹൗസ്് എന്ന ചിത്രം നിർമിച്ചപ്പോൾ ശ്രീകുമാരൻ തമ്പി പാട്ടുകൾ എഴുതി. സംഗീതത്തിനായി ദേവരാജൻ മാസ്റ്ററെ സമീപിച്ചെങ്കിലും അദ്ദേഹം അതിനു വിസമ്മതിച്ചു. പിന്നീട് ശ്രീകുമാരൻ തമ്പിയുടെ ശുപാർശ പ്രകാരം വി.വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനത്തിന് തയാറായെങ്കിലും കൊട്ടാരക്കരയുമായി ഉണ്ടായ ചില തെറ്റിദ്ധാരണകളെത്തുടർന്ന് അദ്ദേഹവും പിൻവാങ്ങി. ഒടുവിൽ, ആർ.കെ ശേഖറാണ് എം.കെ. അർജുനനെ നിർദേശിക്കുന്നത്. പക്ഷേ, ദേവരാജൻ മാസ്റ്റർ അനുമതി നൽകിയാൽ മാത്രമേ താൻ സംഗീതസംവിധാനം നിർവഹിക്കൂ എന്നായി അർജുനൻ. എന്നാൽ, ദേവരാജൻ മാഷ് സന്തോഷപൂർവം ശിഷ്യന് സ്വതന്ത്ര സംഗീത സംവിധാനത്തിന് അനുമതി നൽകുകയാണുണ്ടായത്. പുതിയ സംഗീതസംവിധായകനെ കെ.പി. കൊട്ടാരക്കരയ്ക്ക് ആദ്യ കാഴ്ചയിൽ തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു... എന്ന ഗാനത്തിന് അർജുനൻ നൽകിയ ഈണത്തിൽ വിസ്മയിച്ചുപോയ കൊട്ടാരക്കര തന്റെ അടുത്ത പത്തു പടത്തിലെങ്കിലും അർജുനൻതന്നെയായിരിക്കും സംഗീത സംവിധായകനെന്ന് ഉറപ്പു നൽകുകയാണുണ്ടായത്. 

m-k-arjunan

ശ്രീകുമാരൻ തമ്പിയുടെയും എം.കെ. അർജുനന്റെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധം പുലർത്തിയിരുന്നു. പാട്ടിന് ഈണമിടുമ്പോൾ പലപ്പോഴും ശ്രീകുമാരൻ തമ്പിയുടെ വീട്ടിലാണ് അർജുനൻ മാഷ് താമസിച്ചിരുന്നത്. തമ്പിയുടെ മക്കൾ അദ്ദേഹത്തെ പിതൃതുല്യനായി കണക്കാക്കി. അർജുനൻ മാഷുമായി ചെറിയ പിണക്കങ്ങൾ ഉണ്ടാകുമ്പോൾ മാഷിന്റെ വാക്കുകളാണ് തന്റെ ഭാര്യ എന്നും വിശ്വാസത്തിലെടുത്തിരുന്നതെന്ന് ശ്രീകുമാരൻതമ്പി പറഞ്ഞിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ മകൻ രാജകുമാരൻ തമ്പിയുടെ മരണം അർജുനൻ മാഷെയും വല്ലാതെ ഉലച്ചുകളഞ്ഞു. തന്റെ മടിയിലിരുന്നു വളർന്ന രാജകുമാരന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ആ വീട്ടിൽ പോകുന്നതിന് പിന്നീട് അദ്ദേഹത്തിനു മടിയായിരുന്നു. എങ്കിലും തമ്പിയും അർജുനൻമാഷും തമ്മിലുള്ള ഹൃദയബന്ധത്തിന് ഒരിക്കലും ഉടവു സംഭവിച്ചില്ല. 

പരീക്ഷണകാലം 

ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റ് ആയിരിക്കെയാണ് എം.കെ. അർജുനൻ സിനിമയിൽ സ്വതന്ത്ര സംഗീതസംവിധാനം ആരംഭിക്കുന്നത്. ആദ്യ സിനിമകളിൽതന്നെ ദേവരാജൻ മാസ്റ്ററോടു കിടപിടിക്കുന്ന രീതിയിലുള്ള സംഗീതം എം.കെ. അർജുനൻ ഒരുക്കിയപ്പോൾ. സിനിമാ ലോകത്തുള്ള പലരും സംശയാലുക്കളായി– ദേവരാജൻ മാസ്റ്റർ ഈണം നൽകിയിട്ട് അർജുനന്റെ പേര് വയ്ക്കുന്നതാണോ? തന്റെ പുതിയ സിനിമയായ പുഷ്പാഞ്ജലിയിൽ ശ്രീകുമാരൻ തമ്പിയുടെ നിർബന്ധം മൂലം സംഗീതസംവിധായകനായി എം.കെ. അർജുനനെ ക്ഷണിക്കുമ്പോൾ പ്രശസ്ത സംവിധായകൻ ശശികുമാറിനും നിർമാതാവ് ഹസൻഭായിക്കും ഈ സംശയമുണ്ടായിരുന്നു. പാട്ടൊരുക്കാൻ അർജുനൻ മാഷ് മദ്രാസിലെത്തി. താമസിക്കാനായി മുറി എടുത്തിട്ടില്ലെന്നും ഓഫിസിൽതന്നെ താമസസൗകര്യം ഉണ്ടെന്നും പ്രൊഡക്ഷൻ മാനേജർ അറിയിച്ചു. മുറി എടുത്തു നൽകിയാൽ അർജുനൻ ദേവരാജൻമാഷുമായി ബന്ധപ്പെടുമെന്നു കരുതിയാണ് അവർ അങ്ങനെ ചെയ്തത്. പ്രഭാതമേ... പ്രഭാതമേ... എന്ന പാട്ടിനാണ് അർജുനൻ മാഷ് ആദ്യമായി സംഗീതം നൽകിയത്. എന്നാൽ ഈണം ഇഷ്ടപ്പെട്ടില്ലെന്നും അനുപല്ലവിയും ചരണവും മാറ്റണമെന്നുമായി സംവിധായകനും നിർമാതാവും. അർജുനൻ മാഷ് അവരുടെ മുന്നിൽവച്ചുതന്നെ ഈണം മാറ്റി. പുതിയ ഈണം എല്ലാവർക്കും ഇഷ്ടപ്പെട്ടു. സിനിമയിലെ എല്ലാ പാട്ടും നിർവഹിച്ച് പുതിയ പടത്തിന് സംഗീതം നൽകാനുള്ള കരാർ ഒപ്പിട്ട് അഡ്വാൻസും വാങ്ങി മടങ്ങുമ്പോൾ ഇതുവരെയും തന്നെ പരീക്ഷിക്കുകയായിരുന്നുവെന്ന് അർജുനൻ മാഷ് അറിഞ്ഞിരുന്നില്ല. പിന്നീട് പ്രൊഡക്ഷൻ മാനേജർ അന്തിക്കാട് മണിയാണ് ഇക്കാര്യം അർജുനൻ മാഷോടു വെളിപ്പെടുത്തിയത്. കേട്ടമാത്രയിൽ ശശികുമാറിനോടു പിണക്കം തോന്നിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ നിരവധി സിനിമകൾക്ക് അർജുനൻ മാഷ് സംഗീതം നിർവഹിച്ചു. 

yesudas-arjunan-1

ദേവരാജന്റെ പ്രിയ ശിഷ്യൻ 

കാര്യമായ വരുമാനമോ ജീവിതോപാധിയോ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നാട്ടിലെ പാട്ട് കൂട്ടായ്മകളിൽ സജീവമായിരുന്നു എം.കെ. അർജുനൻ. ഫോർട്ട് കൊച്ചിയിലെ കല്യാണപ്പുരകളും കലാപരിപാടികളും ക്ലബുകളും ഉൾപ്പെടെയുള്ള പാട്ടിടങ്ങളിലെല്ലാം ഗായകനായും ഹാർമോണിസ്റ്റായും അദ്ദേഹം ഉണ്ടായിരുന്നു. നാടകപ്പറമ്പുകളിലെ അലച്ചിലുകൾക്കിടെയാണ് ‘ദേവരാജസംഗീതം’ ആദ്യമായി കേൾക്കുന്നത്. ആ സംഗീതത്തിന്റെ മായികപ്രഭയിൽ അകപ്പെട്ടുപോയ കാലത്തുതന്നെയാണ് ജി. ദേവരാജന്റെ കാളിദാസ കലാകേന്ദ്രത്തിൽ ഒരു ഹാർമോണിസ്റ്റിന്റെ ഒഴിവുണ്ടെന്ന് സുഹൃത്ത് മണവാളൻ ജോസഫ് അറിയിക്കുന്നത്. മണവാളനൊപ്പം കൊല്ലത്ത് എത്തിയ തന്നെ സ്വാഗതം ചെയ്ത ദേവരാജൻ മാസ്റ്ററുടെ വാക്കുകൾ അർജുനൻ മാഷ് ഒരിക്കലും മറന്നിട്ടില്ല– ‘‘അർജുനനായാലും ശരി, ഭീമനായാലും ശരി എനിക്കു പറ്റാത്ത ആളാണെങ്കിൽ ഞാൻ പറഞ്ഞുവിടും. സൗകര്യമുണ്ടെങ്കിൽ മാത്രം കൂടെ നിന്നാൽ മതി.’’ എന്നാൽ, ഒരുമിച്ചുണ്ടായിരുന്ന അരനൂറ്റാണ്ടുകാലത്ത് ഒരിക്കൽ മാത്രമാണ് ദേവരാജൻ മാസ്റ്റർക്ക് മുഖം കറുപ്പിക്കാനുള്ള അവസരമുണ്ടായത്. ഒരിക്കൽ കാളിദാസ കലാകേന്ദ്രത്തിനായി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ പാട്ടിന്റെ ഈണത്തിൽ അർജുനൻ ചെറിയ മാറ്റം വരുത്തി. ദേവരാജൻ മാസ്റ്റർ മദ്രാസിലായിരിക്കെ അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാതെ നാടകസമിതിയുടെ നിർബന്ധത്തെ തുടർന്നായിരുന്നു അത്. ക്ഷിപ്രകോപിയായ ദേവരാജൻ ഇതേത്തുടർന്ന് അർജുനനോടു പിണങ്ങി. പിന്നീട് വീണ്ടും അവർ സൗഹൃദത്തിലുമായി. സംഗീതം മാത്രമല്ല കൃത്യനിഷ്ഠയും അച്ചടക്കവും പണം കൈകാര്യം ചെയ്യാനുമൊക്കെ താൻ പഠിച്ചത് ദേവരാജൻ മാസ്റ്ററിൽ നിന്നായിരുന്നുവെന്ന് അർജുനൻമാഷ് സമ്മതിക്കും. 

പട്ടിണിയിൽ തുടങ്ങിയ പാട്ട് 

സപ്തസ്വരങ്ങളി‍ൽ താൻ ആദ്യം പഠിച്ചത് ‘പ’ ആയിരുന്നുവെന്ന് അർജുനൻ മാഷ് പറയും.‘പട്ടിണി’യുടെ ‘പ’ ആണത്. അതികഠിനമായ ദാരിദ്ര്യത്തിലൂടെ കടന്നുപോയൊരു കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. കോൽക്കളി ആശാനും മൃദംഗം വാദകനുമായിരുന്ന മാളിയേക്കൽ കൊച്ചുകുഞ്ഞിന്റെയും നല്ല പാട്ടുകാരിയായ ഭാര്യ പാർവതിയുടെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അർജുനൻ. ദാരിദ്ര്യവും രോഗവും ജീവനോടെ അവശേഷിപ്പിച്ചത് പതിനാലു മക്കളിൽ നാലുപേരെ മാത്രം. അർജുനൻ ജനിച്ച് ആറുമാസമായപ്പോൾ പിതാവ് മരിച്ചു. വിശപ്പിനുമുന്നിൽ പുസ്തകത്തിന് എന്തു പ്രാധാന്യം? അങ്ങനെ രണ്ടാം ക്ളാസിൽ പഠനം ഉപേക്ഷിച്ചു. ഏഴാം വയസ്സിൽ പത്തുവയസ്സുകാരനായ ചേട്ടൻ പ്രഭാകരനൊപ്പം പളനിയിലെ ജീവകാരുണ്യാശ്രമം എന്ന അനാഥാലയത്തിലെ അന്തേവാസിയായി. പകൽ ആശ്രമജോലികളും വൈകുന്നേരം ഭജനയും. സംഗീതമയമായ ആ പ്രാർഥനകളാണ് അർജുനനിലെ സംഗീതവാസനയെ ഉണർത്തുന്നത്. ആശ്രമത്തിൽ കുമാരപിള്ള എന്ന അധ്യാപകനു കീഴിൽ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കാൻ അവസരമുണ്ടായി. ആശ്രമവും സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ഏഴു വർഷങ്ങൾക്കു ശേഷം അർജുനനും പ്രഭാകരനും നാട്ടിലേക്കു മടങ്ങി. നാട്ടിലെത്തി കച്ചേരികൾ നടത്തി ജീവിക്കാം എന്നാണു കരുതിയത്. എന്നാൽ അത് പ്രായോഗികമല്ലെന്ന് ഉടൻതന്നെ മനസ്സിലായി. പിന്നീട് കൂലിപ്പണി, പറമ്പിൽ പണി, പെയിന്റിങ്, വീട്ടുജോലി അങ്ങനെ ചെയ്യാത്ത പണികൾ ഒന്നുമില്ലെന്ന് അർജുനൻ മാഷ് സമ്മതിക്കും. എന്നാൽ, പ്രാരബ്ധങ്ങൾക്കിടയിൽ ഒരിക്കലും അദ്ദേഹം സംഗീതത്തെ ഉപേക്ഷിച്ചില്ല, സമയവും അവസരവും ഉണ്ടാക്കി സംഗീതത്തിൽ ഉപരിപഠനം നടത്തിയ അദ്ദേഹം ഹാർമോണിയവും പഠിച്ചു. നാട്ടുസദസ്സുകളിലെ പാട്ടുകാരനിൽ നിന്ന് ലോകമറിയുന്ന സംഗീതജ്ഞനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ തരണംചെയ്ത പ്രതിസന്ധികളിൽ ഏറ്റവും വലുത് വിശപ്പുതന്നെയായിരുന്നു.