മുഖത്ത് ‌ചായം തേച്ച് മോഹൻലാൽ: ഒടിയൻ പാട്ട് ആതിരപ്പള്ളിയിൽ

മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്റെ ഗാനചിത്രീകരണം ആതിരപ്പള്ളിയിൽ പുരോഗമിക്കുന്നു. മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ഒരു പാട്ടും ഒപ്പം ചില രംഗങ്ങളും ആതിരപ്പള്ളിയിൽ ഷൂട്ട് ചെയ്യുന്നുണ്ട്. അഭിനേതാക്കളും അണിയറക്കാരും ഉൾപ്പടെയുള്ള വലിയൊരു സംഘമാണ് ആതിരപ്പള്ളിയിൽ താമസിച്ച് ഷൂട്ടിങ്ങിൽ‌ പങ്കെടുക്കുന്നത്. 

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹൻലാൽ എത്തുന്നത്. പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.

ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. 

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഏകദേശം 35 കോടിയോളം മുതല്‍മുടക്കിലുള്ള സിനിമയില്‍ ഏഴ് കോടിയോളം രൂപാ വിഎഫ്എക്‌സ് മികവിന് മാത്രമായി ചെലവഴിക്കുന്നു.