Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവാംശമായി മാറിയ പൂമുത്തോളെ...!

joseph-jeevamsham

മഞ്ഞുപെയ്യുന്ന ഡിസംബറിലെ ക്രിസ്മസ് രാവ് കടന്നുപോയി. എങ്കിലും ആ ദിനങ്ങളില്‍ നമ്മള്‍കൊളുത്തിയ നക്ഷത്രക്കുഞ്ഞുങ്ങള്‍ ഇന്നുമോരോ വീഥികളില്‍, വീടുകളുടെ ഉമ്മറങ്ങളില്‍, മുല്ലപ്പൂ പടര്‍ന്ന മതിലുകൾക്കുമേൽ ഒക്കെ  നിറചിരിയോടെ നില്‍പ്പുണ്ട്. അതങ്ങനെ തുടരും, ഈ വര്‍ഷത്തിന്റെ അവസാന നിമിഷവും പിന്നിടും വരെയും. പിന്നെ കാത്തിരിപ്പിന്റെ നാളുകള്‍, അടുത്ത ആണ്ടില്‍ ആ ഇടങ്ങളിലേക്ക് അവര്‍ തിരികെയെത്തും വരെ. പക്ഷേ, അന്നേരം വരെ മനസ്സില്‍ വിരിയിക്കാന്‍ ഒരുപാട് നക്ഷത്രങ്ങള്‍ പിന്നെയുമുണ്ട്. അത് ഈ ഭൂമിയിലിന്നേവരെ കടന്നുപോയ ഓരോ വര്‍ഷങ്ങളും സമ്മാനിച്ച ഈണങ്ങളാണ്. ഈ വര്‍ഷത്തില്‍ നമ്മള്‍ കേട്ടു മനസ്സിലേക്കു കൂട്ടിവച്ച ആ ഈണങ്ങളിലേക്ക്. 2018ല്‍ മലയാള ചലച്ചിത്രങ്ങളിലൂടെ കേട്ട ഏറ്റവും മികച്ച പത്ത് പാട്ടുകളിലൂടെ...

പൂമുത്തോളെ നീ എരിഞ്ഞ...

ആത്മാവിനോടു ചേര്‍ന്നു നില്‍ക്കുന്ന ഗാനമെന്നൊക്കെ പറയുന്നതു ക്ലീഷേയാണെങ്കിലും ഈ പാട്ടിനെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റൊരു വാക്കില്ല. പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ...എന്നു പാടിത്തുടങ്ങുമ്പോഴേക്കും മനസ്സിലൊരു ചെറുമഴ പെയ്തു തുടങ്ങും. സ്‌നേഹത്തിന്റെ മഴ. ചില എടീ വിളികള്‍ മനസ്സിന്റെ അങ്ങേത്തലങ്ങളില്‍ നിന്ന് സ്‌നേഹത്തില്‍ കലര്‍ന്നൊഴുകി പുറത്തേക്കൊഴുകുന്നതാണ്. അതിന് നീയും ഞാനും രണ്ടല്ലെന്നു മാത്രമേ പറയാനുണ്ടാകൂ. അത്തരമൊരു പാട്ടായിരുന്നു ജോസഫ് എന്ന ചിത്രത്തിലെ ഈ ഗാനം. വരികളുടെ ഭംഗിയും അതിനോട് ഇഴചേര്‍ന്ന ലളിതമായ സംഗീതവുമാണ് ആത്മാവുള്ള ഗാനമാക്കി മാറ്റിയത്.

ഏറ്റവും പ്രിയപ്പെട്ടൊരാളെ പോലെ, കൈക്കുടന്നയിലേക്കു പാതിവിടര്‍ന്ന മുല്ലപ്പൂ പോലെ മലയാള സിനിമ സമ്മാനിച്ചതാണീ പാട്ട്. പൂമുത്തോളെ എന്ന വിളിപോലെ ഹൃദയം കീഴടക്കി ഈ പാട്ടും. സംഗീത സംവിധായകനും പാടിയവരും മാത്രം പാട്ടിന്‌റെ അവകാശികളായി മാറുന്ന, ആഘോഷങ്ങളില്‍ നിറയുന്ന ഇക്കാലത്ത് ഇതാരാ ഈ പാട്ട് എഴുതിയതെന്ന് ആവേശത്തോടെ നമ്മെ കൊണ്ടു ചോദിപ്പിച്ചു ഈ ഗാനം. അജീഷ് ദാസിന്റേതാണു വരികള്‍. സംഗീതം നവാഗതനായ രഞ്ജിന്‍ രാജിന്റേതും. ജോസഫ് എന്ന ചിത്രത്തിലേതാണീ ഈ പാട്ട്. 

ജീവാംശമായ്...

തീവണ്ടികളാണ് എന്നും എപ്പോഴും മുത്തശിക്കഥകള്‍ പോലെ മധുരമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നത്. നഗരത്തിന്റെ തിളപ്പിലൂടെ ഗ്രാമങ്ങളുടെ ശാന്തതയിലൂടെ ചുരങ്ങളുടെ നിഗൂഢതയിലൂടെയൊക്കെ കൂകിപ്പാഞ്ഞു പോകുന്ന വണ്ടി. ആ പേരിലെത്തിയ ചിത്രത്തില്‍ നിന്നു കേട്ടതും അതേ അനുഭൂതിയുള്ള ഗാനമായിരുന്നു. ഇതും ഒരു പുതുമുഖ സംഗീത സംവിധായകന്റെ പാട്ടായിരുന്നു. ആദ്യ ഗാനം അതിമധുരമായി. കൈലാസ് മേനോന്റെ സംഗീതത്തിന് വരികള്‍ ഹരിനാരായണന്റേതായിരുന്നു. ജീവാംശമായ് എന്ന തുടക്കം തന്നെ മനസ്സുകളെ പാട്ടിനോട് ഇനിയൊരിക്കലും പിരിയാനാകാത്ത വിധം ചേര്‍ത്തു വച്ചു. എപ്പോഴത്തേയും പോലെ ഒരു പ്രത്യേക ഭംഗിയായിരുന്നു ഹരിനാരായണന്റെ വരികള്‍ക്ക് ഇവിടെയും. ശ്രേയ ഘോഷാലിന് മലയാളത്തില്‍ നിന്നു പാടാന്‍ കിട്ടിയ ഏറ്റവും മികച്ച ഗാനമാണിതെന്നു നിസംശയം പറയാം. മലയാളത്തില്‍ പാടിത്തുടങ്ങിയ, ഹരിനാരായണന്‌റെ കരിയറിലെ ഏറ്റവും സുന്ദരമായ ഗാനവും ഇതു തന്നെ. 

മേടസൂര്യന്റെ

മേടസൂര്യന് തിളക്കവും അത് ഇടവഴികളില്‍ വീഴ്ത്തിയ നിഴലുകളും അതിമനോഹരമാണ്. അതുപോലെയായിരുന്നു ഉടലാഴം എന്ന ചിത്രത്തിലെ പാട്ടും. പാട്ടുകാരിയില്‍ നിന്ന് സിത്താര സംഗീത സംവിധായകയും മിഥുന്‍ ജയരാജ് സംഗീത സംവിധായകനുമായപ്പോള്‍ പിറന്ന ഗാനത്തിനു സന്ധ്യയില്‍ പെയ്യുന്ന മഴയുടെ ഭംഗിയും ആഴവുമായിരുന്നു. ഉണ്ണികൃഷ്ണന്‍ ആവളയുടേതാണു വരികള്‍. നമ്മുടെ പ്രകൃതിയെ കുറിച്ച് ഇനിയുമെത്രയോ എഴുതാനിരിക്കുന്നു. നാം കാണാത്ത എത്രയോ ഭാവങ്ങള്‍ ഒളിഞ്ഞിരിക്കുന്നു എന്നോര്‍മിപ്പിച്ച എഴുത്തായിരുന്നു അത്. ബിജിബാലിന്റെ സ്വരം കൂടിയായപ്പോള്‍ പാട്ട് അദ്ദേഹത്തിന്റെ സംഗീത സൃഷ്ടികള്‍ പോലെ ആത്മസ്പര്‍ശമുള്ളതായി. 

മാണിക്യ മലരായ പൂവി.

പഴയൊരു മാപ്പിളപ്പാട്ടിനെ പുതിയ കാലത്തിന്റെ ഈണക്കൂട്ടുകളോടു ചേര്‍ത്തു വച്ചു പുനരവതരിപ്പിച്ചതാണ് മാണിക്യമലരായ പൂവി. അതാകട്ടെ കടലോരത്തെ കാറ്റാടി പോലെ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പാറിപ്പോയി. പിഎംഎ ജബ്ബാറിന്റേതായിരുന്നു വരികള്‍. തലശ്ശേരി കെ റഫീഖ് ആണ് ഈണമൊരുക്കിയത്. പുതിയ ഈണം ഷാന്‍ റഹ്മാന്റേതും. വിനീത് ശ്രീനിവാസന്‍ പാടുക കൂടി ചെയ്തപ്പോള്‍ ഇവരുടെ കൂട്ടുകെട്ടിലെ മറ്റൊരു വൈറല്‍ ഹിറ്റ് ആയി അതു മാറി.

തക താരോം

പൂമരം എന്ന ചിത്രത്തിലെ പാട്ടുകള്‍ 2017ഉം കീഴടക്കിയതാണ്. പൂമരം കൊണ്ടുണ്ടാക്കിയ കപ്പലിന്റെ ഓളം തീര്‍ന്നപ്പോഴേക്കും ആ ചിത്രത്തില്‍ നിന്നു വേറെയുമെത്തി ഗാനങ്ങള്‍. അതായിരുന്നു തക താരോം. നാസില്‍ പി എഴുതി ഈണമിട്ട പാട്ടിനു മണ്ണിന്റെ മണമായിരുന്നു. 

നിലാപക്ഷി

നിലാവില്‍ പാറിപ്പോകുന്ന പക്ഷികളെ കണ്ടിട്ടില്ലേ. അതു കാണുന്ന ചെറുഭംഗിയുണ്ട് മറഡോണ എന്ന ചിത്രത്തിലെ ഈ പാട്ടിനും. എന്തോ ഒരു ഭംഗി. മിഴിയില്‍ നിന്നു മിഴിയിലേക്ക്...എന്നെഴുതിയ വിനായക് ശശികുമാറിന്റേതാണു ഈ വരികള്‍.  സംഗീത സംവിധായകനായ സുഷിന്‍ ശ്യാമും നേഹ എസ് നായറും ചേര്‍ന്നു പാടുന്ന പാട്ടിനു മഴത്തുള്ളികളിലേക്ക് വന്നുവീഴുന്ന ഒരായിരം മണികളുള്ള വെള്ളിക്കൊലുസിന്‍രേ ചേലാണ്.

നീ...

അമല്‍ നീരദിന്റെ വരത്തന്‍ പ്രമേയം കൊണ്ട് തീര്‍ത്തും വ്യത്യസ്തമായ ചിത്രമായിരുന്നു. ഏറെ ചര്‍ച്ച ചെയ്ത, അങ്ങനെ തന്നെയാകേണ്ടൊരു ചിത്രം. അതുപോലെ വ്യത്യസ്തമായിരുന്നു അതിലെ ഗാനങ്ങളും. മനസ്സിനെ തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു ആ ഗാനങ്ങളൊക്കെയും. സുഷിന്‍ ശ്യാമിന്റെ സംഗീതത്തിനു വരികള്‍ വിനായക് ശശികുമാറിന്റേതായിരുന്നു. പാടിയത് ശ്രീനാഥ് ഭാസിയും നസ്രിയ നസീമും. അഭിനേതാക്കള്‍ പാട്ടുകാര്‍ കൂടിയായി ഇഷ്ടം നേടിയെന്നു പറയുമ്പോള്‍, അതിലേക്കു തീര്‍ച്ചയായും ഇരുവരുടെയും പേരു കൂടി ചേര്‍ത്തു വയ്ക്കണം.

യെറുശലേം നായകാ...

റഫീഖ് അഹമ്മദിന്റെ വരികളെ കുറിച്ചു പ്രത്യേകിച്ചൊരു മുഖവുര ആവശ്യമില്ല. അദ്ദേഹം മുന്‍പും എഴുതിയിട്ടുണ്ട് യേശു നാഥനെ കുറിച്ച് അങ്ങേയറ്റം ഹൃദ്യമായ വരികള്‍. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലുമുണ്ട് അത്തരമൊരു ഗാനം. ഇതുവരെ എഴുതിയ പ്രാര്‍ഥനാ ഗീതങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഈ പാട്ട്. യെറുശലേം നായകാ.എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം ഗോപി സുന്ദറിന്റേതാണ്. പാടിയത് ശ്രേയ ജയദീപും. കുഞ്ഞു സ്വരത്തിലെ ഗാനം കൂടിയെന്നതു കൊണ്ടാകും വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിച്ചത്. 

ദൂരെ...ദൂരെ...

ആകാശത്തില്‍ വെളുത്തു കൂട്ടങ്ങളായി പിരിഞ്ഞ് എങ്ങോട്ടെന്നില്ലാതെ പാറിപ്പോകുന്ന മേഘങ്ങളെ തൊട്ടിട്ടു വാ എന്ന് മനസ്സിനോടു പറയാറുണ്ട് ചില പാട്ടുകള്‍. ആ അനുഭൂതിയാണ് അത്തരം ഗാനങ്ങള്‍ സമ്മാനിക്കാറ്. അങ്ങനെയുള്ളൊരു പാട്ടായിരുന്നു ഞാന്‍ മേരിക്കുട്ടിയിലെ ദൂരെ ദൂരെ എന്ന ഗാനം. ഒരിടവേളയ്ക്കു ശേഷം ബിജു നാരായണന്റെ സ്വരത്തില്‍ കേട്ട മനോഹരമായ ഗാനം. ഇടവേളം അദ്ദേഹത്തിന് വലിയൊരു ഹിറ്റാണ് സമ്മാനിച്ചത്. ചിത്രം പങ്കുവയ്ക്കുന്ന സന്ദേശം പോലെ ദൂരങ്ങളിലേക്ക്, ഉയരങ്ങളിലേക്ക് പാറിപ്പോകൂ സന്തോഷങ്ങള്‍ കണ്ടെത്തി ജീവിതത്തിനു നിറം പകരൂ എന്നു പറയുന്ന ഗാനം എഴുതിയത് സന്തോഷ് വര്‍മയാണ്. അദ്ദേഹത്തിന്റെ വരികളിലെ ലളിത സൗന്ദര്യത്തിന് ചേരുന്ന സംഗീതമാണ് ആനന്ദ് മധുസൂദനന്‍ പകര്‍ന്നതും. 

സുഡാനി ഫ്രം നൈജീരിയ

ചെറുകഥകള്‍ കേള്‍ക്കാനിഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ആ ചെറുകഥകളുടെ നിഷ്‌കളങ്കതയായിരുന്നു സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനും അതിലെ പാട്ടുകള്‍ക്കും. കാല്‍പന്തുകളിയുടെയും അതിനെ നെഞ്ചേറ്റിയ മനുഷ്യരിലൂടെയും കടന്നുപോയ, പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞ ചിത്രത്തിലെ ചെറുകഥപോലെ എന്ന പാട്ട് ഹരി നാരായണനാണ് എഴുതിയത്. മഴയത്ത് കാല്‍പ്പന്തു കളിക്കും പോലെ, അന്നേരം കണ്ണിലേക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികളുടെ ഭംഗിയുള്ള എഴുത്തായിരുന്നു അത്. ആ എഴുത്തിന്റെ വശ്യതയ്ക്ക് ചേര്‍ന്ന സംഗീതം പകര്‍ന്നത് റെക്‌സ് വിജയനാണ്. പാടിയതും അദ്ദേഹം തന്നെ.

കൊണ്ടോരാം...

കാവിലെ പൂരവും അവിടേയ്ക്കായി പാടവരമ്പുത്തൂടെ മഞ്ഞുകൊണ്ടുള്ള യാത്രയും അന്നേരം കാണുന്ന നക്ഷത്രങ്ങളും അതുപെയ്തിറങ്ങുന്ന കുന്നിന്‍ ചെരിവുമൊക്കെ ഇന്നത്തെ കാലത്തും നമ്മളെത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നൊരു പാട്ടായിരുന്നു ഇത്. കൊണ്ടോരാം...ഒടിയന്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു. അതിന്റെ സംഗീതവും വരികളും ഗ്രാമത്തിന്‍ ചന്തവും നിഷ്‌കളങ്കതയുമുള്ളതായിരുന്നു. ശ്രേയ ഘോഷാലും സുദീപ് കുമാറും ചേര്‍ന്നു പാടിയ പാട്ടിനു സംഗീതം എം.ജയചന്ദ്രന്റേതായിരുന്നു. റഫീഖ് അഹമ്മദാണു പാട്ട് എഴുതിയത്. കാവ്യാത്മകമായ വരികള്‍ക്ക് അതിനൊത്ത സംഗീതം പകര്‍ന്നപ്പോള്‍ ദൃശങ്ങളാകട്ടെ എത്ര കണ്ടാലും മതിവരാത്ത ചില ഛായാചിത്രങ്ങള്‍ പോലെയായിരുന്നു.