ആവേശത്തിന്‍റെ ആ മഹാസംഗമത്തിലേക്ക് ഇനി നാളുകളുടെ ദൂരം മാത്രം. മഴവിൽ മനോരമയും ‘അമ്മ’യും ചേർന്ന് നടത്തുന്ന അമ്മ മഴവില്ല് എന്ന ഷോയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ നൃത്തപരിശീലനവും മറ്റുും തകൃതിയായി നടക്കുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നൃത്തം പരിശീലിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹണി റോസ്, ഷംന, നമിത പ്രമോദ് തുടങ്ങിയ നടിമാർക്കൊപ്പമാണ് മോഹൻലാലിന്റെ പ്രകടനം.
മലയാളത്തിലെ നൂറിലേറെ താരങ്ങൾ അണിനിരക്കുന്ന, അഞ്ചു മണിക്കൂറിലേറെ നീളുന്ന ദൃശ്യവിരുന്ന് ഈമാസം ആറിന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. മൂന്നാം തീയതി മുതൽ തിരുവനന്തപുരത്തേക്കു റിഹേഴ്സൽ ക്യാംപ് മാറും. തുടർന്നു സ്റ്റേജ് റിഹേഴ്സൽ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഉണ്ടാവും. അമ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്.
പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവർത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തിൽ ആദരിക്കും. നടൻ മധുവിന്റെ നേതൃത്വത്തിലാണിത്. ഇവർക്കു മലബാർ ഗോൾഡും മഴവിൽ മനോരമയും സ്വർണനാണയങ്ങൾ സമ്മാനിക്കും. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ രീതിയിലാണ് മെഗാ ഷോ ഒരുക്കുന്നത്. ഇതുവരെ കാണാത്ത ഒരുപാടു കാര്യങ്ങൾ ഷോയിൽ ഉണ്ടാകും. ഇതിനായി പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരെയാണു കൊണ്ടുവരുന്നത്.