വൈറൽ ഹിറ്റായ ജിമിക്കി കമ്മൽ പാട്ടിനൊപ്പം കുഞ്ചാക്കോ ബോബന്റെയും സൗബിൻ സാഹിറിന്റെയും തകർപ്പൻ ഡാൻസ്. വനിത ഫിലിം അവാർഡ്സ് വേദിയിലാണ് അപ്രതീക്ഷിതമായ ഇൗ ഡാൻസ് അരങ്ങേറിയത്.
മികച്ച സംഗീത സംവിധായകനുള്ള 2017–ലെ വനിത അവാർഡ് നേടിയത് ഷാൻ റഹ്മാനായിരുന്നു. ഷാനിന് അവാർഡ് നൽകാനായി വേദിയിലെത്തിയത് മനോജ് കെ. ജയനും. പുരസ്കാരം കൈമാറിയ ശേഷം അവതാരകന്റെ അഭ്യർഥന മാനിച്ച് ജിമിക്കി കമ്മൽ പാടാൻ ഷാൻ തയാറായി. എന്നാൽ ഒാളം വയ്ക്കാൻ ബാക്കിയുള്ളവർ സ്റ്റേജിലേക്കു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതോടെ കുഞ്ചാക്കോ ബോബൻ, സൗബിൻ സാഹിർ, ശരത്, പ്രസന്ന മാസ്റ്റർ, പ്രിയങ്ക, കവിത നായർ തുടങ്ങിയ താരങ്ങളൊക്കെ സ്റ്റേജിലേക്ക് വന്നു. ഷാൻ പാട്ടു തുടങ്ങിയതോടെ ഇവർ ഡാൻസും ആരംഭിച്ചു. അതോടെ സദസ്സ് ഇളകി മറിഞ്ഞു. ഷാനിനൊപ്പം മനോജ് കെ. ജയൻ കൂടി പാടാനാരംഭിച്ചു. കൂടുതൽ താരങ്ങളും തുടർന്ന് വേദിയിലേക്കെത്തി.
വെളിപാടിന്റെ പുസ്തകം എന്ന സിനിമയ്ക്കായി ഷാൻ റഹ്മാൻ ഇൗണമിട്ട് അനിൽ പനച്ചൂരാൻ എഴുതി വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് പാടിയ ഗാനമാണ് ജിമിക്കി കമ്മൽ. പാട്ടിന്റെ താളത്തിനൊപ്പം അനായാസമായി നൃത്തചുവടുകൾ വയ്ക്കാമെന്നതാണ് ഈ ഗാനത്തെ ജനകീയമാക്കിയതിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന്. പാട്ടിനൊപ്പം പലരും നൃത്തം വെയ്ക്കുന്ന ആയിരക്കണക്കിനു വിഡിയോകളാണ് ഇതിനോടകം യുട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.