മഴവിൽ മനോരമ ചാനലിലെ സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയിൽ വിനീത് ശ്രീനിവാസന്റെ തകർപ്പൻ പ്രകടനങ്ങൾ. സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ശരത്, ദീപക് ദേവ്, ഗായിക സുജാത എന്നിവർ വിധികർത്താക്കളായ ഷോയിലായിരുന്നു വിനീത് അതിഥിയായെത്തിയത്. ഏറെ നേരം സംസാരിച്ച് ഷോയിൽ ചിരി പടർത്തിയ വിനീത് തന്റെ ഹിറ്റ് ഗാനങ്ങളും വേദിയിൽ ആലപിച്ചു.
പരിപാടിയുടെ തുടക്കത്തിൽ തന്നെ എന്തു തോന്നുന്നുവെന്ന് അവതാരക ചോദിച്ചപ്പോൾ ‘ശരത്തേട്ടനെ കാണുമ്പോൾ എനിക്ക് ടെൻഷനാണ്’ എന്നു വിനീത് പറഞ്ഞു. അതു കാര്യമാക്കാനില്ലെന്നും ശരത്തേട്ടനു പോലും കണ്ണാടിയിൽ കാണുമ്പോൾ ടെൻഷനാണെന്നും ദീപക് ദേവ് ഉടനെ പറഞ്ഞു. നമ്മളൊരു സ്ഥലത്തുള്ളതല്ലെ പിന്നെന്തിനാ ടെൻഷൻ എന്ന ശരത് ചോദിച്ചപ്പോൾ ശരത്തേട്ടന് നല്ല പോലെ സംഗീതം അറിയാമെന്നും അതു കൊണ്ട് കാണുമ്പോൾ പേടിയാണെന്നും വിനീത് മറുപടി പറഞ്ഞു.
ദീപക്കേട്ടനോടും സുചി ചേച്ചിയോടും തനിക്ക് കുറച്ചു കൂടി അടുപ്പമുണ്ടെന്ന് വിനീത് പറഞ്ഞപ്പോൾ ഉടനെ ഞാനാണോ നിന്റെ പ്രശ്നം എന്ന് ഷാൻ ചോദിച്ചു. നീയൊരു പ്രശ്നവുമല്ല എന്നു വിനീത് മറുപടി പറയുകയും ചെയ്തു. തനിക്കൊരു പ്ലേബാക്ക് ഗായകനായി അറിയപ്പെടാൻ കഴിഞ്ഞത് ദീപക് ദേവ് തന്ന ഗാനം കൊണ്ടു മാത്രമാണെന്ന് വിനീത് പറഞ്ഞു. കരളേ എന്ന ഗാനത്തിലൂടെയാണ് തന്റെ ശബ്ദം ആളുകൾ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരിക്കൽ ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നതിനിടയിൽ ദീപക്കേട്ടൻ പറഞ്ഞു വിനീതേ നിന്റെ ശബ്ദം ഫ്ലാറ്റാണെന്ന്. എനിക്ക് ഭയങ്കര സന്തോഷമായി. ഞാൻ വിചാരിച്ചത് എന്റെ ശബ്ദം കേട്ട് ദീപക്കേട്ടൻ ഫ്ലാറ്റായി എന്നാണ്. കുറച്ച് കഴിഞ്ഞ് ദീപക്കേട്ടൻ ദേഷ്യത്തോടെ പറഞ്ഞു. വിനീതേ വോയ്സ് ഫ്ലാറ്റാണ്. ഫ്ലാറ്റാണെങ്കിൽ എന്തിനാ ദേഷ്യപ്പെടുന്നത് സന്തോഷിക്കുകയല്ലേ വേണ്ടതെന്നാണ് ഞാൻ ആലോചിച്ചത്. പിന്നീട് സൗണ്ട് എഞ്ചിനിയറാണ് പറയുന്നത് ഫ്ലാറ്റ് എന്നാൽ ശ്രുതി കുറവാണെന്നാണ് അർഥമെന്ന്. ഇതാദ്യം അറിഞ്ഞിരുന്നെങ്കിലും എനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്നത് മറ്റൊരു കാര്യം’ വിനീത് പറഞ്ഞു. സദസ്സിൽ വലിയ ചിരി പടർത്തി വിനീതിന്റെ ഇൗ സംസാരം.
‘സുചിച്ചേച്ചിയും ചിത്രചേച്ചിയും വളരെ സ്വീറ്റായി പാടുന്നവരാണ്. ഞാൻ പാട്ടു പാടിയപ്പോൾ പ്ലേ ബാക്ക് സിംഗിങ്ങ് മേഖലയിൽ നിന്ന് ആദ്യമായി ഒരു മെസജ് അയച്ച് എന്നെ അഭിനന്ദിച്ചത് സുചിച്ചേച്ചിയാണ്.’ വിനീത് പറഞ്ഞതിനു മറുപടിയായി സുജാത പറഞ്ഞ കാര്യം എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു. ‘വിനീതിന്റെ പാട്ടു കേട്ടയുടൻ ഞാൻ ശ്രീനിയേട്ടനെ വിളിച്ചു. ചേട്ടാ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, അവൻ ഇത്ര നന്നായിട്ട് പാടുമോ എന്നു ചോദിച്ചപ്പോൾ അതെന്താ എന്റെ മുഖം കണ്ടാൽ എന്റെ മോന് പാട്ടു പാടാൻ പറ്റില്ലാന്നു തോന്നുവോ എന്നായിരുന്നു ശ്രീനിയേട്ടന്റെ മറുചോദ്യം’ സുജാത പറഞ്ഞു.
‘ശ്രുതി നേരെയാകാൻ എന്തു ചെയ്യണമെന്ന് വിനീത് എന്നോട് ഒരിക്കൽ ചോദിച്ചു. അതിന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കണമെന്നും പറ്റിയ ഒരു ഗുരുവുണ്ടെന്നും ഞാൻ പറഞ്ഞു. അങ്ങനെ ഒരു വിദ്യാരംഭ ദിവസം എന്റെ മക്കൾക്കൊപ്പം വിനീതിനെയും ആ ഗുരുവിന്റെ ക്ലാസ്സിൽ ചേർത്തു. പിന്നീട് ഒരിക്കൽ പാട്ടു പഠനം എന്തായെന്നു അന്വേഷിക്കാൻ അതെ ഗുരുവിനെ കാണാൻ കയറിയപ്പോൾ വിനീത് അന്നു വന്നതാണ് പിന്നെ കണ്ടിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വിനീതിനെ വിളിച്ച് എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ ചേട്ടാ എനിക്ക് മറ്റു കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാനുണ്ടെന്നായിരുന്നു മറുപടി. അന്നു വിനീത് പറഞ്ഞ എല്ലാ കാര്യങ്ങളും ഇന്ന് അദ്ദേഹം നേടുകയും ചെയ്തു. ’ ദീപക് ദേവ് പറഞ്ഞു.