‘സോളോ’ ഡാൻസിനിടെ ദുൽക്കറിന്റെ സർപ്രൈസ് എൻട്രി ! വിഡിയോ

dulquer-surpirise-dance

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ ദുൽക്കർ സൽമാൻ അവതരിപ്പിച്ച നൃത്തങ്ങൾക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ദുൽക്കറിന്റെ ആദ്യ നൃത്തത്തിന്റെ വിഡിയോയ്ക്കു പിന്നാലെ രണ്ടാം നൃത്തത്തിന്റെ വിഡിയോയും വൈറലാണ്. 

രണ്ടാം നൃത്തത്തിൽ ദുൽക്കറിന്റേത് ഒരു സർ‌പ്രൈസ് എൻട്രിയായിരുന്നു. സോളോ എന്ന ചിത്രത്തിലെ റൊഷമോ എന്ന ഗാനത്തിനായി മൈഥിലിയും സംഘവും ചുവടു വയ്ക്കുകയായിരുന്നു. പാട്ടിന്റെ അവസാനഘട്ടത്തിലാണ് കാണികളെ ഞെട്ടിച്ച് ദുൽക്കർ എത്തുന്നത്. പിന്നാലെ അദ്ദേഹം റെമോ, സഖറിയയുടെ ഗർഭിണികൾ, ഹണി ബീ 2 എന്നീ സിനിമകളിലെ ഗാനങ്ങൾക്ക് ചുവടു വച്ചു. പരിശീലനത്തിനിടെ കാലിൽ ചെറിയ പരുക്ക് പറ്റിയെങ്കിലും അതു വകവയ്ക്കാതെ എല്ലാ പരിപാടികളിലും അദ്ദേഹം സജീവമായി പങ്കു കൊണ്ടു. 

ഇത് ആദ്യമായാണ് ഒരു സ്റ്റേജ് ഷോയിൽ ദുൽക്കർ നൃത്തം അവതരിപ്പിക്കുന്നത്. ആദ്യ വേദിയുടെ പതർച്ചകളേതുമില്ലാതെ മലയാളത്തിന്റെ പ്രിയ യുവതാരം പരിപാടി ഗംഭീരമാക്കി. പല സമയത്തും സ്ത്രീകൾ ഉൾപ്പടെയുള്ള ആരാധകർ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റു നിന്ന് തങ്ങളുടെ ആവേശം പങ്കു വച്ചു. മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ അതേ കയ്യടിയും ഹർഷാരവവും യുവതാരമായ ദുൽക്കറിനും ലഭിച്ചത് അദ്ദേഹത്തിന്റെ ജനപിന്തുണയെ അടയാളപ്പെടുത്തുന്നതായി.