ഡാൻസ് ഏറ്റവും നന്നായി വഴങ്ങുന്ന മലയാള നടൻ ആരെന്നു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ മലയാളി പറയും, മോഹൻലാൽ. ഇൗ പ്രായത്തിലും അതിഗംഭീര ചുവടുകളുമായി അദ്ദേഹം നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. അമ്മ മഴവില്ലിലെ പ്രകനടത്തിനു ശേഷം സെമി ക്ലാസിക്കൽ നൃത്തം അവതരിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹമിപ്പോൾ. ഗായകനായും നർത്തകനായുമെല്ലാം താരം മലയാളികളെ രസിപ്പിക്കാറുണ്ടെങ്കിലും സെമി ക്ലാസിക്കലിൽ വീണ്ടും കൈവക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ്.
നർത്തകനായ മോഹന്‍ലാലിനെ മലയാളി എന്നും ഓർക്കുന്നത് കമലദളം എന്ന ചിത്രത്തിലൂടെയാണ്. എംജിആറിന്റെ ജീവിതകഥ ഇരുവർ എന്ന സിനിമയാക്കിയപ്പോൾ ആ വേഷം മണിരത്നം ഏൽപ്പിച്ചത് മോഹൻലാലിനെയായിരുന്നു. ആ ചിത്രത്തിൽ വിധുബാലയ്ക്കൊപ്പം ആടിത്തകർത്ത 'നറുമുഖയേ നറുമുഖയേ' എന്ന ഗാനത്തിനാണ് മോഹൻലാൽ വീണ്ടും ചുവടുവയ്ക്കുന്നത്. നടിയും നർത്തകിയുമായ സ്വാസികയാണ് മോഹൻലാലിനൊപ്പം എത്തുന്നത്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഒരു ഷോയ്ക്ക് വേണ്ടി ഇരുവരും പരിശീലനം നടത്തുന്നതിന്റെ വിഡിയോ സ്വാസികയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇരുവർ ഇറങ്ങി ഇരുപതു വർഷങ്ങൾക്ക് ശേഷവും അതേ ചെറുപ്പവും പ്രസരിപ്പുമായി മോഹൻലാൽ ആ ഗാനത്തിന് ചുവടുവയ്ക്കാൻ പോകുന്നതിന്റെ ആവേശത്തിലും പ്രതീക്ഷയിലുമാണ് ആരാധകർ. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ എല്ലാവർക്കും സുപരിചിതയാണ് സ്വാസിക.