ഇൗ പാട്ടുകൾ കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ

നൂറ്റാണ്ടിനിപ്പുറവും ടഗോർ പാടുകയാണ്. ദേശീയതയും സമർപ്പണവും നിറഞ്ഞ സ്വരത്തിൽ, 'അക് ലാ ചലോ'. രവീന്ദ്ര സംഗീതത്തിന് ഓരോ ഭാരതീയന്റെ മനസ്സിലും ഒരിടമുണ്ട്. ചിലപ്പോൾ പ്രണയത്തിന്റേതാകാം. മറ്റു ചിലപ്പോൾ സ്വാതന്ത്ര്യത്തിനായുള്ള ഒരു നാടിന്റെ ആത്മസമർപ്പണത്തിന്റെതാകാം. അങ്ങനെ പലതാണ് ഒരു ഭാരതീയനു രവീന്ദ്ര സംഗീതം. 

അടിമത്തത്തിന്റെ ചങ്ങലക്കണ്ണികൾ മുറുകിയപ്പോൾ ഒരു ജനതയ്ക്കു കരുത്തേകിയ ചില വരികളുണ്ട്. ടഗോറിനെ പോലുള്ളവരുടെ തൂലികയിൽനിന്ന് ഊർന്നു വീണ വരികൾ. അവരുടെ ജീവിതത്തിന്റെ താളവും ഈണവും കരുത്തും ആ വരികളായിരുന്നു. ഒരു കാലഘട്ടത്തിന്റെ പാട്ടുകളാണ് അവ. ഒരു തലമുറയെ സ്വാതന്ത്ര്യ ബോധത്തിലേക്കു നയിച്ച ആ ഗാനങ്ങളെക്കുറിച്ച്.

ഭാരതാംബയെ സ്തുതിച്ച്...

സാഹിത്യത്തിനു വളക്കൂറുള്ള മണ്ണായിരുന്നു ബംഗാളിലേത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യൻ ജനതയുടെ മനസ്സിൽ സ്വാതന്ത്ര്യബോധം നാമ്പെടുത്ത കാലം. ഇന്ത്യ നമ്മുടേതാണെന്ന ബോധം പതുക്കെ രാജ്യമാകെ പരക്കുന്നു. അന്നാണ് ആ വരികളുടെ ഉത്ഭവം.

വന്ദേമാതരം... സുജലാം സുഫലാം മലയജ ശീതളാം...  1870 ൽ ബങ്കിം ചന്ദ്ര ചാറ്റർജി എന്ന ബംഗാളി സാഹിത്യകാരന്റെ തൂലികയിൽ‌നിന്ന് ഊർന്നു വീണ വരികൾ. 1880 ൽ അദ്ദേഹം തന്റെ ആനന്ദമഠം എന്ന നോവലിൽ ഈ വരികൾ ഉൾപ്പെടുത്തി. നോവലിൽ വരുന്നതിനു മുൻപുതന്നെ ആ വരികൾ ഇന്ത്യൻ ജനത ഏറ്റെടുത്തു. ഭാരതമാതാവിനെ സ്തുതിക്കുന്നതാണ് ഈ ഗാനം. 

1896 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനത്തിൽ രവീന്ദ്രനാഥ ടഗോറാണ് ഈ ഗീതം ആദ്യമായി ആലപിച്ചത്. ഒരു ഗീതം എന്ന നിലയിൽ വന്ദേമാതരത്തിന് ആദ്യമായി സംഗീതം നൽകിയതും ടഗോറായിരുന്നു. 1905 ബംഗാൾ വിഭജനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ ഈ ഗാനം ആലപിക്കപ്പെട്ടു.  എന്നാൽ ഈ ഗാനത്തിന് മേൽ ബ്രിട്ടീഷ് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ആനന്ദമഠം എന്ന നോവലും വന്ദേമാതരവും വിലക്കുന്നതായി ഉത്തരവിട്ടു. വന്ദേമാതരം ആലപിച്ചു എന്ന ഒറ്റക്കാരണത്താൽ പലരും ജയിലിലാവുകയും ചെയ്തു. പക്ഷേ, തടവറകള്‍ അവർക്കൊരു തടസ്സമായില്ല.  ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം 1950 ൽ വന്ദേമാതരത്തെ ദേശീയ ഗീതമായി പ്രഖ്യാപിച്ചു.

'അക് ല ചലോ രേ' ഒരു ടഗോർ ഗീതം

രവീന്ദ്രനാഥ ടഗോറില്ലാതെ ഇന്ത്യൻ സംഗീതവും സാഹിത്യവും അപ്രസക്തം. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഏറെ പ്രസക്തി നേടിയ ഗാനമായിരുന്നു ടാഗോറിന്റെ 'അക് ല ചലോ രേ'. ഭന്ദാർ എന്ന മാസികയിൽ 1905 ലാണ് ടാഗോറിന്റെ ഈ കവിത പ്രസിദ്ധീകരിച്ചത്. മാതൃരാജ്യത്തിനായി നടത്തിയ പോരാട്ടത്തിൽ ഈ വരികളുടെ പ്രസക്തി ചെറുതല്ല. മഹാത്മാ ഗാന്ധിയെ ആഴത്തിൽ സ്പർശിച്ച വരികളായിരുന്നു ഇത്. 

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളിൽ 'അക് ല ചലോ രേ' ആലപിച്ചു. ബംഗാള്‍ വിഭജന കാലത്തെ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു ഈ ഗാനം. പിന്നീടു പല ഗായകരും  അക് ല ചലോ രേ ആലപിച്ചിട്ടുണ്ട്. 

2012ൽ പുറത്തിറങ്ങിയ 'കഹാനി' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ ഈ ഗാനം പാടി. തലമുറകൾക്കിപ്പുറവും എക് ല ചലോ രേക്ക് ആരാധകർ ഏറെയാണ്. 

ഹിന്ദുസ്ഥാനു വേണ്ടി ഒരു കാവ്യം

കേട്ടുപഴകിയ ഗാനം. തലമുറകള്‍ ഏറ്റുപാടിയ ദേശഭക്തിഗാനം. അതാണ് സാരെ ജഹാം സെ അച്ഛാ. ഉറുദു കവി മുഹമ്മദ് ഇക്ബാലിന്റെ വരികൾ. 1904 ഓഗസ്റ്റ് 16ന് ഇത്തിഹാദ് എന്ന മാസികയിലായിരുന്നു ആദ്യമായി ഈ കവിത പ്രസിദ്ധീകരിച്ചത്. ലാഹോറിലെ ഒരു കോളജിൽ ഇക്ബാൽ തന്നെ ഈ കവിത ചൊല്ലി. സ്വാതന്ത്ര്യ സമരകാലത്തെ പ്രധാന ദേശഭക്തി ഗാനമായിരുന്നു സാരെ ജഹാം സെ അച്ഛാ. 

1930 ല്‍ പുണെയിലെ യെർവാഡ ജയിലിൽ കഴിയുന്ന കാലത്ത് തനിക്ക് ഊർജം പകർന്നത് ഈ ഗാനമായിരുന്നു എന്നു മഹാത്മാഗാന്ധി പിന്നീടു പറഞ്ഞിരുന്നു. 

ഗസൽ രൂപത്തിലായിരുന്നു ഈ ഗാനം ആദ്യം ചിട്ടപ്പെടുത്തിയത്. എന്നാൽ 1945 ൽ  ഇന്നു കേൾക്കുന്ന ഈണത്തിലേക്ക് സാരെ ജഹാം സെ അച്ഛാ മാറുകയായിരുന്നു. ധർത്തികാ ലാൽ എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി പണ്ഡിറ്റ് രവിശങ്കർ ആണ് ഗാനം ഇന്നു കേൾക്കുന്ന ഈണത്തിലേക്ക് ചിട്ടപ്പെടുത്തിയത്. ഒരു  ശോകഗാനം കേൾക്കുന്നതു പോലയായിരുന്നു സാരെ ജഹാം സെ അച്ഛാ കേട്ടിരുന്നതെന്ന് അദ്ദേഹം 2009ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിൽ നിന്നു ദേശീയത ഉണർത്തുന്ന ഒരു ഈണത്തിലേക്കു മാറ്റണമെന്നു തീരുമാനിക്കുകയായിരുന്നെന്നും പണ്ഡിറ്റ് രവിശങ്കർ പറഞ്ഞു. 1945 മുതൽ രവിശങ്കറിന്റെ ഈണത്തിൽ ഈ ഗാനം ഭാരതീയർ കേട്ടു തുടങ്ങി.

ഭാരത് ഭാഗ്യവിധാതാ...

1950 ലാണ് ഇന്ത്യയുടെ ദേശീയ ഗാനമായി ജനഗണ മന വരുന്നതെങ്കിലും, അതിനെത്രയോ മുൻപു തന്നെ  ഇന്ത്യൻ ജനതയെ സ്വാധീനിച്ചതായിരുന്നു ടഗോറിന്റെ 'ഭാരത ഭാഗ്യ വിധാതാ'. 1911ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സെഷനിലായിരുന്നു ആദ്യമായി ഈ വരികൾ ആലപിച്ചത്. ഈ വരികൾക്കു സംഗീതം നൽകിയതും ടഗോർ തന്നെ. 1912ൽ തത്വബോധിനി മാസികയില്‍ ഭാരത ഭാഗ്യവിധാതാ എന്ന വരികൾ അച്ചടിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പല സമ്മേളനങ്ങളിലും ഈ ഗാനം ആലപിക്കുകയും ചെയ്തു. 

1945 ൽ പുറത്തിറങ്ങിയ ഹം രഹി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി ജനഗണമന സിനിമയിൽ ഉപയോഗിച്ചത്. ബംഗാളി സിനിമ ഉദയർ പാത്തെയുടെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. ബിമൽ റോയാണ് ചിത്രത്തിന്റെ സംവിധാനം. ആര്‍ സി ബോരൽ ആയിരുന്നു സംഗീത സംവിധാനം. ഒരു ക്വയർ ഗാനം പോലെയാണു സിനിമയിൽ ഉപയോഗിച്ചത്. 

ഏക് നയാ സൻസാർ ബസാ ലേൻ...

സ്വതന്ത്ര്യ സമരം അതിന്റെ മൂർധന്യത്തിലെത്തിയ കാലം. നാൽപതുകളുടെ തുടക്കത്തിലിറങ്ങിയ ഒട്ടുമിക്ക സിനിമാഗാനങ്ങളും സമരാവേശം നിറഞ്ഞവയായിരുന്നു. ഇവയെല്ലാം അക്കാലത്ത് പലവേദികളിലും മുഴങ്ങി. അന്ന് ദേശീയതയിലൂന്നിയ ഗാനങ്ങൾ എഴുതിയ വ്യക്തിയായിരുന്നു കവി പ്രദീപ്. കവിതകൊണ്ടു പ്രതിരോധം തീർത്ത വ്യക്തിയായിരുന്നു അദ്ദേഹം. 

കവി പ്രദീപിന്റെ വരികളാണ് ഏക് നയാ സന്‍സാർ ബസാ ലേൻ. 1941ൽ പുറത്തിറങ്ങിയ 'നയാ സൻസാർ' എന്ന ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തി. അശോക് കുമാറും രേണുക ചൗധരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള ആഹ്വാനമായിരുന്നു ഈ ഗാനം. അതുകൊണ്ടുതന്നെ ബ്രിട്ടിഷ് സർക്കാരിനെ ഇതു ചൊടിപ്പിച്ചു. ഇതേതുടർന്നു ബ്രിട്ടിഷ് സെൻസര്‍ ബോർഡ് പല സിനിമകളുടെയും പേരു മാറ്റി. 1935 ൽ പുറത്തിറങ്ങിയ മഹാത്മ എന്ന ചിത്രത്തിന്റെ പേര് ധർമാത്മ എന്നാക്കി. മഹാത്മ എന്ന പദത്തിനു പ്രോത്സാഹനം നൽകുന്ന ഒന്നും ബ്രിട്ടിഷ് സർക്കാർ അക്കാലത്തു പ്രോത്സാഹിപ്പിച്ചിരുന്നില്ല. 

ദൂര്‍ ഹാതോ ഏ ദുനിയാ വാലെ...

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു വ്യാപകമായി പ്രചാരത്തിലിരുന്നിരുന്ന ഗാനമായിരുന്നു ഇത്. കവി പ്രദീപ് തന്നെയായിരുന്നു ഈ ഗാനത്തിന്റെയും രചയിതാവ്. 1943 ൽ പുറത്തിറങ്ങിയ 'കിസ്മത്ത്' എന്ന സിനിമയിൽ ഈ ഗാനം ഉൾപ്പെടുത്തി. എന്നാൽ ബ്രിട്ടിഷ് സെൻസർ ബോർഡ് ഈ ഗാനം ഒഴിവാക്കാതിരിക്കാനായി 'തും ന കിസി കീ ആഗെ ഛുക്ന ജര്‍മൻ ഹോ യാ ജപ്പാനി' എന്ന വരികൂടി കവി പ്രദീപ് എഴുതി ചേർത്തു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന് എതിരായ രീതിയിലാണ് ഈ വരികൾ എഴുതി ചേർത്തത്. എന്നാൽ ബാക്കിയെല്ലാ വരികളും ഇന്ത്യയുമായി ബന്ധപ്പെട്ടായിരുന്നു. അതുകൊണ്ടു തന്നെ പലവേദികളിലും ഈ ഗാനം ആലപിച്ചു. 

ഹിന്ദുസ്ഥാൻ കീ ഹം ഹേൻ ഹിന്ദുസ്ഥാൻ ഹമാരാ...

1944ല്‍ പുറത്തിറങ്ങിയ 'പെഹലി ആപ്' എന്ന ചിത്രത്തിലേതാണു ഈ ഗാനം. പ്രശസ്ത ഗായകൻ മുഹമ്മദ് റഫിയുടെ ആദ്യ ഗാനമായിരുന്നു ഇത്. ഡിഎൻ മധോകിന്റെ വരികൾ. നൗഷാദിന്റെ സംഗീതം. ഇന്ത്യ ഇന്ത്യക്കാർക്ക് അവകാശപ്പെട്ടതാണെന്നാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. മാത്രമല്ല, ഇന്ത്യയിലെ ജാതി വ്യവസ്ഥയെയും രൂക്ഷമായി വിമർശിക്കുന്നതാണ് ഈ ഗാനം. അതുകൊണ്ടു തന്നെ കാലികപ്രസക്തി ഏറെയുള്ളതാണ് ഈ ഗാനം

 

യേ ദേശ് ഹമാരാ പ്യാരാ ഹിന്ദുസ്ഥാൻ...

1946 ലെ ഹം ജോലി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സ്വാതന്ത്ര്യസമര പരിപാടികളിലും പിന്നീടുള്ള വിഭജന കാലത്തും ഏറെ പ്രചാരത്തിലിരുന്ന ഗാനമായിരുന്നു ഇത്. ഹാഫിസ് ഖാനായിരുന്നു ഗാനം ചിട്ടപ്പെടുത്തിയത്. അൻജും പീലി ഭീട്ടിയായിരുന്നു ഗാനരചന. നൂർ ജഹാനായിരുന്നു ആലാപനം. വിഭജനത്തോടെ  നൂർജഹാൻ പാക്കിസ്ഥാനിലേക്കു പോയി. സ്വതന്ത്ര ഇന്ത്യക്കായുള്ള ആഹ്വാനമായിരുന്നു ഈ ഗാനം.  ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുപം ഈ ഗാനത്തിലുടനീളം ആഹ്വാനം ചെയ്തിരുന്നു. 

ഭാരതമെന്ന പേര്‍ കേട്ടാ-

ലഭിമാനപൂരിതമാകണം അന്തഃരംഗം

കേരളമെന്ന കേട്ടാലോ തിളയ്ക്കണം

ചോര നമുക്കു ഞരമ്പുകളില്‍...

ഓരോ സ്വാതന്ത്ര്യ ദിനത്തിലും നമ്മള്‍ ഉറക്കെ ചൊല്ലുന്ന ഈ വരികൾക്കൊപ്പം നമുക്കു ചേർത്തു പിടിക്കാം ഒരു തലമുറയാകെ ഏറ്റുപാടിയ വരികളെയെല്ലാം.