വിടർന്ന കണ്ണുകൾ, സ്വര്‍ണമുടി; ആ ഗാനങ്ങൾക്കു വീണ്ടും ചുവടുവച്ച് പ്രിയാ രാമൻ

വർഷങ്ങൾക്കിപ്പുറം 'പോരുനീ വാരിളം ചന്ദ്രലേഖേ' എന്ന ഗാനത്തിനു ചുവടുവച്ചു മലയാളിയുടെ പ്രിയതാരം പ്രിയ രാമൻ. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മുന്ന്' എന്ന പരിപാടിയിലായിരുന്നു പ്രിയയുടെ ഡാൻസ്. പ്രിയ രാമനെ പരിപാടിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടു റിമി ടോമി ഗാനം ആലപിക്കുകയായിരുന്നു. ഈ ഗാനത്തിനു ചുവടുവച്ചുകൊണ്ടാണു പ്രിയാ രാമൻ എത്തിയത്. 

പ്രിയാ രാമനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ വരിക വിടർന്ന കണ്ണുകളും സ്വർണമുടിയുമാണെന്നും റിമി ടോമി പറഞ്ഞു. ഗാനത്തിന്റെ ചിത്രീകരണ സമയത്തെ അനുഭവങ്ങളും പ്രിയ പങ്കുവച്ചു. പ്രിയയുടെ വാക്കുകൾ ഇങ്ങനെ:'ആഗ്രയിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. അതൊരിക്കലും മറക്കാൻ പറ്റില്ല. അന്ന് മൈനസ് നാലു ഡിഗ്രിയായിരുന്നു അവിടത്തെ താപനില. നല്ല തണുപ്പുകാലമായിരുന്നു. സ്വെറ്റർ, ഗ്ലൗസ് ഒന്നും സമ്മതിച്ചില്ല സംവിധായകനായ രാജീവ് അഞ്ചല്‍. ആ തണുപ്പിൽ ഭയങ്കര റൊമാൻസായി മധുപാലിനെ ഇങ്ങനെ നോക്കണം. മധുപാലാണെങ്കിൽ എന്നോടാണല്ലേ എന്ന ഭാവത്തിലും. എന്നാലും അദ്ദേഹം വളരെ റൊമാന്റികായി തന്നെ നിന്നു.' 

രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ കശ്മീരം എന്ന ചിത്രത്തിലേതാണു 'പോരുനീ വാരിളം ചന്ദ്രലേഖേ' എന്ന ഗാനം. കെ.എസ്.ചിത്രയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജി രാധാകൃഷ്ണനാണു സംഗീതം പകര്‍ന്നത്. 

90കൾ തനിക്കു സിനിമാ മേഖലയിൽ സുവർണ കാലഘട്ടമായിരുന്നു എന്നും പ്രിയാ രാമൻ പറഞ്ഞു. തുടർന്ന് പല സിനിമകളിലെയും ഓർമകളും പ്രിയാ രാമൻ പങ്കുവച്ചു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച 'നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്' എന്ന ചിത്രത്തിലെ പൊന്നമ്പിളിപ്പൊട്ടും തൊട്ട് എന്ന ഗാനം റിമി ആലപിച്ചപ്പോൾ ദുൽഖർ സൽമാന്റെ കുട്ടിക്കാലത്തെ പറ്റിയും പ്രിയ ഓർത്തു. അച്ഛന്റെ ഒരു വലിയ ആരാധകനായിരുന്നു കുട്ടിക്കാലത്ത് ദുൽഖർ എന്ന് പ്രിയാരാമൻ പറഞ്ഞു. കെ.ജെ. യേശുദാസാണ് 'പൊന്നമ്പിളി പൊട്ടും തൊട്ട്' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജെറി അമൽദേവിന്റെ സംഗീതം. 

'സൈന്യ'ത്തിലെ 'ബാഗീ ജീൻസും'  എന്ന ഗാനത്തിനും പ്രിയ ചുവടുവച്ചു. 1993ലാണു സൈന്യം പുറത്തിറങ്ങിയത്. ജോഷിയായിരുന്നു സംവിധാനം. എസ്.പി. വെങ്കിടേഷ് ആണ് 'സൈന്യ'ത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. കൃഷ്ണ ചന്ദ്രൻ, മനോ, ലേഖ ആർ നായർ, സിന്ധു എന്നിവർ ചേർന്നാണു ബാഗി ജീൻസും എന്ന ഗാനം ആലപിച്ചിരിക്കുന്നത്