ബാലഭാസ്കറിന്റെ ഭാര്യയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

മലയാളത്തെ കണ്ണീരിലാഴ്ത്തി മടങ്ങിയ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. ബാലഭാസ്കറിന്റെയും മകളുടെയും മരണവിവരം ഇതുവരെ ലക്ഷ്മിയെ അറിയിച്ചിട്ടില്ലെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. 

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനു പുലർച്ചെയാണു മരിച്ചത്.  തലയ്ക്കും കഴുത്തിനും സുഷുമ്നാ നാഡിക്കും പരുക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണു മരണകാരണം. 

സെപ്തംബർ 25നായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തു വച്ചു അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. 

ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, സുഹൃത്ത് അർജുൻ എന്നിവർക്കാണു അപകടത്തില്‍ പരുക്കേറ്റത്. ലക്ഷ്മിയും അർജുനും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.