ലൈംഗിക ആരോപണം; വൈരമുത്തു വേട്ടക്കാരനെന്നു യുവതി; ഇറങ്ങി ഓടി

തമിഴിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ഗുരുതര ആരോപണവുമായി യുവതി. 'മീ ടൂ' ക്യാമ്പയിനിന്റെ ഭാഗമായാണു യുവതിയുടെ വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തക സന്ധ്യ മേനോനോടാണു യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. സന്ധ്യയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ലോകം അറിഞ്ഞത്. 

യുവതി അയച്ച സന്ദേശം ഇങ്ങനെ: 'എനിക്ക് അന്ന് 18 വയസ്സ്. അദ്ദേഹത്തിനൊപ്പം ഒരു പ്രൊജക്റ്റിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. നല്ല മനുഷ്യനാണെന്ന് കരുതി. പ്രശസ്തനായ കവി, ദേശീയ അവാർഡ് ജേതാവ് എന്നീ നിലയിൽ ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചു. പാട്ടിന്റെ വരികൾ വിശദീകരിക്കാൻ എന്നു പറഞ്ഞ് വിളിച്ചു. അവിടെവച്ച് അയാള്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു, ചുംബിച്ചു, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. അയാൾ ഒരു വേട്ടക്കാരനാണ്. സിനിമാ മേഖലയിലെ പലര്‍ക്കു ഇക്കാര്യം അറിയാം. പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതിപ്പെടാൻ ആര്‍ക്കും ധൈര്യം കാണില്ല.'

സംഭവം വിവാദമായതോടെ സിനിമാ മേഖലയിലുള്ള നിരവധി വനിതകൾ യുവതിക്കു പിന്തുണയുമായി എത്തി. സിനിമാ മേഖലയെയും മാധ്യമ രംഗത്തെയും പിടിച്ചു കുലുക്കിയിരിക്കുകയാണു മീ ടൂ ക്യാമ്പെയിൻ. പലപ്രമുഖർക്കെതിരെയും പരാതിയുമായി രംഗത്തെത്തുകയാണു സ്ത്രീകൾ.