‘പ്രഭ... പക്ഷേ ആ പേരു ചൊല്ലി വിളിച്ചിട്ടില്ല ഇതുവരെ. അമ്പ്രാട്ടി; അങ്ങനെയേ നാവിൽ വരൂ... എത്ര അടുത്താണെങ്കിലും എത്ര ദൂരെപ്പോാലും. ഒരു ദിവസം അമ്പ്രാട്ടി ഈ ഒടിയനോട് ഒരു മോഹം പറഞ്ഞപ്പോൾ, അതുകൊണ്ടാ മറുത്തു പറയാൻ തോന്നാതിരുന്നത്. കാരണം, ചോദിക്കുന്നത് എന്റെ അമ്പ്രാട്ടിയാണ്. ഒടിമറയണ ഈ രാക്കാറ്റാണേ സത്യം ഞാനതു സാധിച്ചു കൊടുക്കും...’
ഒടിയന്റെ ഈ വാക്കുകൾ അലിഞ്ഞിറങ്ങുന്നത് ആ മനോഹര ഗാനത്തിലേക്കാണ്. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയന്റെ’ പുറത്തിറങ്ങുന്ന ആദ്യഗാനം. എം.ജയചന്ദ്രന്റെ സംഗീതത്തിലാണ് ‘കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം...’ എന്ന പാട്ടൊരുങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണു വരികൾ.
സുധീപ് കുമാറിന്റെയും ശ്രേയ ഘോഷാലിന്റെയും ശബ്ദത്തിൽ, നേർത്ത താളത്തിൽ മനസ്സിലേക്കിറങ്ങുന്ന ഈ ഗാനം ഇതിനോടകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം കണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേർ. ഒടിയന്‍ മാണിക്യനായി മോഹൻലാലിനെയും പ്രഭയായി മഞ്ജു വാര്യരെയും ചിത്രത്തിൽ കാണാം. ലിറിക്കൽ വിഡിയോയായി പുറത്തിറക്കിയ പാട്ട് ഇരുവരുടെയും ഫെയ്സ്ബുക് പേജിലും ഷെയർ ചെയ്തിട്ടുണ്ട്.
ദേശീയ പുരസ്കാര ജേതാവ് കെ.ഹരികൃഷ്ണന്റെ തിരക്കഥയിൽ വി.എ.ശ്രീകുമാർ മേനോനാണ് ഒടിയൻ ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ഡിസംബർ 14നു റിലീസ് ചെയ്യും.