റഹ്മാൻ കണ്ടെത്തിയ മാണിക്യമാണു നിങ്ങളെന്ന് ചിരഞ്ജീവി; ഇനി സിനിമയിൽ

ജീവിതത്തിലെ ഏറ്റവും മനോഹരമായി നിമിഷങ്ങളിലൂെടയാണ് ഇൗ സോഷ്യൽ മീഡിയ താരം കടന്നുപോകുന്നത്. സംഗീത വിസ്മയം സാക്ഷാൽ എ.ആർ.റഹ്മാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആന്ധ്ര സ്വദേശിനി ബേബി ഇന്ന് ലോകത്തിന്റെ പ്രിയപ്പെട്ടവളാണ്. ഇപ്പോഴിതാ പാട്ടുപഠിച്ചിട്ടില്ലാത്ത ആ പാട്ടുകാരിയെ കാണാനെത്തിയിരിക്കുകയാണ് സൂപ്പർ താരം ചിരഞ്ജീവി.

‘എന്റെ ഭാര്യയാണ് വൈറലായ വിഡിയോയെ കുറിച്ചു പറയുന്നത്. കേട്ടപ്പോൾ ഞാനും അമ്പരന്നുപോയി. ഇത്രയും നാളും അറിയപ്പെടാതെ ആരും ശ്രദ്ധിക്കാതെ പോയ മാണിക്യമാണു നിങ്ങൾ’. ചിരഞ്ജീവിയുടെ ഇൗ വാക്കുകളാണ് ബേബി എന്ന ഗായികയ്ക്ക് ആവേശം. കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പറഞ്ഞതും ഇൗ വാക്കുകളെ കുറിച്ചായിരുന്നു. ‘കാതലന്‍’ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ ‘ഓ ചെലിയ’ എന്ന ഗാനമാണ് ജോലി സ്ഥലത്തിരുന്ന് ബേബി ആലപിച്ചത്.

മനോഹരശബ്ദത്തെ എ.ആർ റഹ്മാനും ഫെയ്സ്ബുക്കിലൂടെ  പരിചയപ്പെടുത്തിയതോടെ ബേബി ലോകശ്രദ്ധ നേടി. ചിരഞ്ജീവിയുടെ വലിയ ആരാധികയാണ് ബേബി. ഇൗ ആരാധനയെ കുറിച്ച് അറിഞ്ഞ് താരം നേരിട്ടെത്തി ഇൗ ഗായികയെ കാണാൻ.  ഭാര്യയ്ക്കൊപ്പമാണ് ബേബിയെ കാണാൻ അദ്ദേഹം എത്തിയത്.  നിറഞ്ഞ സന്തോഷത്തോടെ ബേബി ഇഷ്ടതാരത്തെ അടുത്തു കണ്ടു. അദ്ദേഹത്തിനായി പാട്ട് പാടി. ഇൗ വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ആന്ധ്രയിലെ 'വടിസലേരു' എന്ന ഗ്രാമത്തിലെ ബേബി സാധാരണ തൊഴിലാളിയാണ്. ജോലിയുടെ ഇടവേളയിൽ വെറുതെ പാടിയ ഗാനമാണു ജീവിതം തന്നെ മാറ്റിയത്. സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് ബേബി. ഗാനം കേട്ട തെലുങ്ക് സംഗീതസംവിധായകൻ കൊട്ടി ഗാരുവാണ് ഇവർക്ക് തന്റെ സിനിമയിൽ അവസരം നൽകിയത്.