നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ആഡിസ്–വിൻസി ജോഡികളുടെ പുതിയ വീഡിയോ തരംഗമാകുന്നു. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലെ ഓമൽതാമര പെണ്ണല്ലേ എന്ന ഗാനത്തിലെ ഏതാനും വരികൾ മനോരമ ഓൺലൈന്റെ ചാറ്റ്ഷോയിൽ ഇരുവരും ചേർന്നു പുനരാവിഷ്കരിച്ചതാണ് ആരാധകർ ഏറ്റെടുത്തത്.
നായികാ നായകൻ റിയാലിറ്റി ഷോയിലെ ഏറ്റവും മികച്ച ജോഡിയായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയവരാണ് ആഡിസും വിൻസിയും. ഇവർ ഒരുമിച്ച എല്ലാ റൗണ്ടുകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇവർക്ക് വിവാഹം ചെയ്തു കൂടെ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. ആഡിസിന്റെയും വിൻസിയുടെയും ഓഫ് സ്ക്രീൻ കെമിസ്ട്രി എങ്ങനെ എന്ന ആരാധകരുടെ ചോദ്യത്തിനു മറുപടിയാണ് പുതിയ വിഡിയോ.
![Vincy Vincy](https://img-mm.manoramaonline.com/content/dam/mm/ml/music/music-news/images/2018/12/28/Vincy.gif.image.784.410.jpg)
'നേരത്തേ നിങ്ങള് കല്യാണം കഴിച്ചാ കൊള്ളാരുന്നു എന്നേ ഉണ്ടാരുന്നുള്ളൂ.. ഇത് കണ്ടിട്ട് ഉറപ്പായിട്ടും കല്യാണം കഴിക്കണേന്ന് പറയാനാ തോന്നുന്നേ,' എന്നാണ് വിഡിയോക്ക് ഒരു ആരാധകന്റെ കമന്റ്. വിഡിയോ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല എന്നു മറ്റൊരു ആരാധകൻ പറയുന്നു. 'വിവാഹത്തിനായി കട്ട വെയ്റ്റിങ്' എന്നാണ് ഒരു ആരാധികയുടെ പ്രതികരണം. രണ്ടു പേരും കല്യാണം കഴിച്ചാൽ അത് ആഗ്രഹിക്കുന്ന ആരാധകരെയും വിവാഹത്തിനു ക്ഷണിക്കണമെന്ന അഭ്യർത്ഥനയും മുന്നോട്ടു വച്ചിട്ടുണ്ട്.
![Addis-Vincy-2 Addis-Vincy-2](https://img-mm.manoramaonline.com/content/dam/mm/ml/music/music-news/images/2018/12/28/Addis-Vincy-2.gif.image.784.410.jpg)
ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയായിരിക്കും ഇരുവരും സിനിമയിൽ അരങ്ങേറുന്നത്. നായികാ നായകൻ വിജയികളായ ശംഭു–ദർശന ജോഡികൾക്കൊപ്പമാണ് ആഡിസും വിൻസിയും അഭിനയിക്കുക. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.