ജീവാംശമായി പാടി വൈറലായ ചേച്ചിയും അനിയത്തിയും; കഥ ഇങ്ങനെ

ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാതിരിക്കുന്നതാണ് ഏറ്റവും മനോഹരമായ കാര്യം. വളരെ ഹൃദ്യമായി തന്നെ തുറന്നു പറയുകയാണ് ഇൗ സോഷ്യൽ മീഡിയ താരം. ഒരു പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടോ ചേട്ടാ.. എന്ന് ചോദിച്ചുകൊണ്ട് ഹൃദ്യ പറയുന്നു, ജീവിതത്തിൽ വന്നുകയറിയ ഭാഗ്യങ്ങളെ പറ്റി. ഒരമ്മയുടെ വയറ്റിൽ നിന്നും വന്നതല്ലെങ്കിലും മലയാളി കൽപ്പിച്ച് തന്ന ആ അനിയത്തിയെ പറ്റി. സോഷ്യൽ മീഡിയയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ഹൃദ്യ രാജ് മനോരമ ഓൺലൈനിനോടു പറയുന്നു ആ വൈറൽ കഥ.

നിങ്ങൾ സംഗീതത്തെ കൊല്ലുകയാണോ.. തെറ്റായി പാടുന്ന പാട്ടുകളുടെ വിഡിയോ എന്തിനാണ് ഇങ്ങനെ പോസ്റ്റ് ചെയ്യുന്നത്? കമന്റുകളായി എത്തുന്ന ചോദ്യങ്ങൾ പലവിധമാണ്. പക്ഷേ ഇവർക്ക് പറയാനുള്ളത് ഒറ്റഉത്തരം. സംഗീതം കൊണ്ട് ജീവിക്കണം എന്നാണ് ആഗ്രഹം. പാട്ട് പഠിക്കുന്ന ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. കുറ്റവുമില്ലാതെ വിഡിയോ പോസ്റ്റ് ചെയ്യുന്നതിനെക്കാൾ നല്ലത് അത് പാടുമ്പോഴുണ്ടാകുന്ന ചെറിയ തെറ്റുകളോട് കൂടി തന്നെ പങ്കുവയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ന് എവിടെപോയാലും എല്ലാവരും തിരിച്ചറിയുന്നുണ്ട്. അനിയത്തിയെ കുറിച്ചും ചോദിക്കുന്നുണ്ട്. എന്നാൽ സത്യമെന്താണെന്ന് വച്ചാൽ അതുല്യ എന്റെ അനിയത്തി അല്ല. എന്റെ സഹപാഠിയാണ്.

കേരള കലാമണ്ഡലത്തിൽ ഒന്നാം വർഷ സംഗീത വിദ്യാർഥികളാണു ഞങ്ങൾ. ഞാൻ പ്ലസ് വൺ മുതലാണ് കലാമണ്ഡലത്തിൽ പഠിക്കാനെത്തുന്നത്. അതുല്യ എട്ടാം ക്ലാസുമുതൽ അവിടെയുണ്ട്. ഹോസ്റ്റൽ മുറിയിൽ ഒരു തമാശയ്ക്ക് ചെയ്ത ടിക്ടോക് വിഡിയോയാണ് ഞങ്ങളുടെ തലവര തന്നെ മാറ്റിയത്. സെന്തിൽ ഗണേശും രാജലക്ഷ്മിയും പാടിയ ‘എന്നാ പുള്ളേ സൊല്ല് മച്ചാ’ എന്ന ഗാനം പാടിയ ടിക്ടോക്കിൽ പങ്കുവച്ച വിഡിയോ വൈറലായി. ഞങ്ങൾ സഹപാഠികളാണെന്നറിയാതെ സഹോദരിമാരാണെന്ന് കരുതിയാണ് ആദ്യം എല്ലാവരും പ്രോൽസാഹിപ്പിച്ചത്. സത്യത്തിൽ ഞങ്ങൾ അങ്ങനെ തന്നെയാണ്. അവളെന്റെ അനിയത്തിയെ പോലെയാണ്. പിന്നീട് ‘ജീവാംശമായി..’ എന്ന ഗാനവും ഞങ്ങൾ ഒരുമിച്ച് പാടി. അതും വൈറലായതോടെ സോഷ്യൽ ലോകത്ത് നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്.

സെന്തിൽ ഗണേശ് ഞങ്ങളുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. മലയാളി പെൺകുട്ടികൾ എത്ര മനോഹരമായിട്ടാണ് തമിഴ് പാട്ട് പാടുന്നത് എന്ന് അദ്ദേഹം കുറിച്ചപ്പോൾ വളരെ സന്തോഷം തോന്നി. പാലക്കാടാണ് എന്റെ സ്വദേശം അതുല്യ ഇരിങ്ങാലക്കുടയിലാണ്.  പാട്ട് തന്നെയാണ് ഞങ്ങൾക്ക് എല്ലാം. ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. ആൽബത്തിലൊക്കെ പാടൻ ക്ഷണം കിട്ടിയിട്ടുണ്ട്. ക്ലാസിക്കൽ മ്യൂസിക്ക് നന്നായി പഠിച്ച് നല്ലൊരു സംഗീതാധ്യാപിക ആകണമെന്നാണ് മോഹം. സോഷ്യൽ ലോകത്ത് നിന്ന് ഇത്ര പിന്തുണയും സ്നേഹത്തോടെയുള്ള ഗുണദോഷങ്ങളും പ്രോൽസാഹനങ്ങളും ലഭിക്കുമ്പോൾ അത് സാധ്യമാകുമെന്ന് തോന്നുന്നുണ്ട്.

പക്ഷേ ഞങ്ങൾക്ക് ഒരു സ്വപ്നം ഇപ്പോഴും ബാക്കിയാണ്. എം. ജയചന്ദ്രൻ സാറിനെ ഒരിക്കലെങ്കിലും നേരിൽ കാണണം. ജീവിതത്തിൽ എപ്പോഴെങ്കിലും അവസരം കിട്ടുമെങ്കിൽ അദ്ദേഹത്തിന്റെ  ഒരു പാട്ട് പാടണം. അതിമോഹമാണെന്ന് തോന്നുന്നവർ ക്ഷമിക്കണം. മോഹത്തെക്കാളുപരി സ്വപ്നമാണ്. ഹോസ്റ്റലിലും ക്ലാസിലും ഞങ്ങൾ പലതവണ പറയാറുണ്ട്. ഇൗ വൈറലായ വിഡിയോകൾ അദ്ദേഹം ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന്