തമിഴ് ഡബ്ബിങ് യൂണിയനില്‍ തിരിച്ചെടുക്കണമെങ്കിൽ 1.5 ലക്ഷം രൂപ പിഴ നൽകണമെന്ന് അധികൃതർ അറിയിച്ചതായി പ്രശസ്ത ഗായിക ചിന്‍മയി. മീടുവിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളിൽ മാപ്പു പറയണമെന്നു യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടതായും ചിൻമയി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ചിൻമയിയുടെ വാക്കുകൾ ഇങ്ങനെ: തമിഴ്നാട്ടിൽ ഡബ്ബിങ് ജോലിയില്‍ തുടരണമെങ്കിൽ ഞാൻ ഒന്നരലക്ഷം രൂപ കെട്ടിച്ച് ഡബ്ബിങ് യൂണിയനിൽ പുതിയതായി അംഗത്വം സ്വികരിക്കണം. കൂടാതെ മാപ്പ് അപേക്ഷയും നൽകണം. 2006 മുതൽ എന്റെ വരുമാനത്തിൽ നിന്നും സംഘടന ലക്ഷങ്ങൾ സംഭാവനയായും മറ്റും ഇടാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് വീണ്ടും ഒന്നരലക്ഷം രൂപ നൽകേണ്ടതെന്നു മനസ്സിലായില്ല. പുറത്താക്കികൊണ്ടുള്ള യാതൊരു ഉത്തരവും കഴിഞ്ഞ മാസം വരെ എനിക്കു ലഭിച്ചിട്ടില്ല. എന്തിനാണ് ഞാൻ അംഗത്വത്തിനായി ഒന്നരലക്ഷം രൂപ നൽകുകയും രാധാരവിയോടു മാപ്പുപറയുകയും ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലായില്ല. ഡബ്ബിങ് യൂണിയൻ നിയമപ്രകാരം സംഘടനയിലേക്കു പുതിയതായി എത്തുന്ന വ്യക്തി 2500 രൂപയാണ് അംഗത്വ ഫീസായി നൽകണ്ടത്. ഒന്നരലക്ഷം രൂപയുടെ കണക്കും മാപ്പപേക്ഷയും എന്തിനാണെന്നു മനസ്സിലായില്ല.'
നടനും രാഷ്ട്രീയ നേതാവുമായ രാധാരവിക്കെതിരെ ഒരു സ്ത്രീ ഉന്നയിച്ച വെളിപ്പെടുത്തലുകളിൽ ചിൻമയി നൽകിയ പിന്തുണ രാധാരവിയെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് ഡബ്ബിങ് യൂണിയനിൽ നിന്നും ചിൻമയി പുറത്താക്കപ്പെടുന്നത്. യൂണിയന്റെ തലപ്പിത്തിരിക്കുന്ന രാധാരവിയുടെ പ്രതികാര നടപടിയാണ് ഇതെന്നു നേരത്തെ ചിൻമയി ആരോപിച്ചിരുന്നു.
എന്നാൽ മീടു വെളിപ്പെടുത്തലുകളെ തുടർന്നല്ല നടപടി എന്ന് ഡബ്ബിങ് യൂണിയൻ വിശദീകരിച്ചു. രണ്ടു വർഷമായി അംഗത്വം പുതുക്കാത്തതിനാലാണ് പുറത്താക്കൽ നടപടിയിലേക്കു നീങ്ങിയത്. ഡബ്ബിങ്ങിലും മറ്റും അധികം അവസരങ്ങൾ ലഭിക്കാത്തവർ പോലും അംഗത്വം പുതുക്കുന്നതില്‍ വീഴ്ച വരുത്താറില്ല. ഇത്രയും അവസരങ്ങൾ ലഭിക്കുന്ന ചിൻമയി അംഗത്വം പുതുക്കാതിരിക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും യൂണിയന്‍ വിശദീകരിച്ചു.
രാജ്യത്താകെയുണ്ടായ മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായി ചിൻമയി നടത്തിയ വെളിപ്പെടുത്തലുകൾ തമിഴ് സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം പ്രധാനമായും ഉന്നയിച്ചതു ചിൻമയിയായിരുന്നു. തുടർന്ന് ചിൻമയിയെ പിന്തുണച്ചു നിരവധിപേർ രംഗത്തെത്തിയിരുന്നു.