‘ഇതിലും പരമൊരു സുകൃതമുണ്ടോ... ഇഹപരങ്ങളിലൊരു അമൃതമുണ്ടോ...’
ഭക്‌തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും... ‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’ ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്‌മാനും ഇശൽരാജ
ഭക്‌തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും... ‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’ ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്‌മാനും ഇശൽരാജ
ഭക്‌തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും... ‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’ ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്‌മാനും ഇശൽരാജ
ഭക്‌തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും...
‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’
ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്‌മാനും ഇശൽരാജ ഇളയരാജയുമാണ്. ആ സ്വരം മാത്രം മനസിലുള്ളപ്പോർ കേൾക്കുന്നതെല്ലാം അതെന്നു തോന്നുമെന്നും ഇളയരാജ മൊഴി. യേശുദാസിന്റെ സ്വരമാണ് ഇന്ത്യയുടെ സ്വരമെന്നു വാഴ്‌ത്തിയത് ഒരു മലയാളിയല്ല, ഹിന്ദി സിനിമാ സംഗീത ലോകത്തെ ചക്രവർത്തി രവീന്ദ്ര ജെയിനാണ്. അന്ധനായ ആ സംഗീത വിദ്വാൻ തനിക്ക് എന്നെങ്കിലും കാഴ്‌ച ലഭിക്കുന്നുവെങ്കിൽ ആദ്യം കാണാൻ ആഗ്രഹം പ്രകടിപ്പിച്ച മുഖവും മറ്റൊന്നല്ല. ആകാശം എത്ര ഉയരെയാണോ അതിനും മുകളിലാണു യേശുദാസിന്റെ സ്‌ഥാനമെന്നു ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്.ജാനകി. ഈ മഹാ ആയുസിന്റെ കരുത്തിനായി എന്റെ ബാക്കി ആയുസ് എടുത്തുകൊൾക എന്നു സ്വയം സമർപ്പിച്ചത് ഓർമ്മയായി മാറിക്കഴിഞ്ഞ അകാലത്തിൽ വേർപിരിഞ്ഞ സംഗീത സംവിധായകൻ രവീന്ദ്രനാണ്; യേശുദാസിന്റെ ഷഷ്‌ടിപൂർത്തി വേളയിൽ.
എല്ലാ മഹത് സാക്ഷ്യങ്ങൾക്കും അപ്പുറം സ്വയം സാക്ഷ്യമായി യേശുദാസ് എന്ന അനുഭൂതി പാടിക്കൊണ്ടിയിരിക്കുന്നു; ഈശ്വരൻ മനുഷ്യന്റെ ശബ്‌ദത്തിലെന്ന പോലെ. 80 വയസ് എന്നത് ഈ മനുഷ്യനു മുന്നിൽ യൗവനമായി തലകുനിച്ചു നിൽക്കുന്നു. ആ അത്ഭുതത്തെ മലയാളം ഗന്ധർവൻ എന്നു വിളിച്ച് അഭിമാനിക്കുന്നു; ആഘോഷിക്കുന്നു.
കാലം കേടുവരുത്താത്തൊരു പാട്ടുപെട്ടി പോലെയാണ് യേശുദാസ്. ശ്രുതിയും ലയവും തെറ്റാതെ കഴിഞ്ഞ 58 വത്സരമായി ആ സ്വരം മലയാളികളുടെ കാതോരത്ത് പാടുന്നു; ഹൃദയത്തിൽ വസിക്കുന്നു. മനുഷ്യനെ മാത്രമല്ല ഈശ്വരനേയും ആ സ്വരം പാടി ഉണർത്തുന്നു, ഉറക്കുന്നു. മലയാളികളുടെ എല്ലാ വികാരത്തിന്റേയും സംഗീതം ഈ ശബ്‌ദമാണ്. എന്തിനും പക്ഷമുള്ള നാട്ടിൽ പക്ഷഭേദമില്ലാതെ അംഗീകരിക്കപ്പെടുന്ന കാര്യം ഒരുപക്ഷേ ഈ സ്വരം മാത്രമാവും. മലയാളിക്ക് ഒരു ദിനം പോലും ഒഴിവാക്കാനാവാത്ത ആരോഗ്യദായകമായ ഒരു മയക്കുമരുന്നായി മാറിയിരിക്കുന്നു യേശുദാസിന്റെ സംഗീതം.
ഈ നാദത്തിനു മുന്നിൽ വഴങ്ങാത്ത സംഗീത ശൈലികളില്ല; തലങ്ങളില്ല. ഇക്കാലത്തിനിടെ അര ലക്ഷത്തിലേറെ ഗാനങ്ങൾ ആ സ്വരമാധുരിയിൽ പിറന്നുവെന്ന് അനൗദ്യോഗിക കണക്ക്. ലോകമെങ്ങും നൂറു കണക്കിനു വേദികളിൽ കച്ചേരികളും ഗാനമേളയും. ഇന്ത്യൻ ഭാഷകളിൽ ഈ സ്വരം പാടാത്തതു കാശ്‌മീരിയിലും ആസാമീസിലും മാത്രം. ലോകഭാഷയായ ഇംഗ്ലീഷിൽ മാത്രമല്ല, അറബിയിലും ലത്തീനിലും റഷ്യനിലും പാടിയിട്ടുണ്ട് യേശുദാസ്. 8 തവണ മികച്ച ഗായകനുള്ള ദേശീയ സിനിമാ പുരസ്‌ക്കാരം. വിവിധ ഭാഷകളിലായുള്ള സംസ്‌ഥാന അവാർഡുകൾ 43. ഇതിൽ കേരള സർക്കാറിന്റെ പുരസ്‌ക്കാരം 25 തവണ. ഇടയ്ക്ക് പുതുതലമുറയ്‌ക്കായി അംഗീകാരങ്ങളിൽ നിന്നു സ്വയം വഴിമാറി നടന്നു യേശുദാസ്. അപ്പോഴും അംഗീകാരങ്ങൾ അംഗീകാരത്തിനായി ഗാനഗന്ധർവനു മുന്നിൽ കാത്തുനിൽക്കുന്നു.
സംഗീതം മാത്രമല്ല യേശുദാസ്.. കുറേയേറെ നൻമകളുടെ സൗഹാർദ്ദങ്ങളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ്. മതസൗഹാർദ്ദത്തിനും ജീവകരുണ്യത്തിനുമായി പാടുകയും പറയുകയും സ്വയം മാതൃകയാവുകയും ചെയ്യുന്ന യേശുദാസ് സാമൂഹ്യവിഷയങ്ങളിൽ രാഷ്‌ട്രീയം നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്നു.
താളം തെറ്റിയ ഹൃദയങ്ങളുടെ മിടിപ്പ് വീണ്ടെടുക്കാനുള്ള ഹൃദയതാളം പദ്ധതിയിലൂടെയാണു ഗാനഗന്ധർവൻ സപ്‌തതി ആഘോഷിച്ചത്. 70 സൗജന്യ ഹൃദയ ശസ്‌ത്രക്രിയകൾ എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതി യേശുദാസിനെ സ്‌നേഹിക്കുന്നവരുടെ അകമഴിഞ്ഞ സംഭാവനകളുടെ കരുത്തിൽ മുന്നൂറിലേറെയായി. അതിന്റെ തുടർച്ചയായി ശബ്‌ദങ്ങൾ അന്യമായ നിർധന കുരുന്നുകളുടെ ശ്രവണ ശേഷി കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ വീണ്ടെടുക്കാനുള്ള ഹൃദയ തരംഗം പദ്ധതിയ്ക്കും തുടക്കം കുറിച്ചു. ആഘോഷങ്ങൾ നൻമനിറച്ച് ഇങ്ങനെയും അനശ്വരമാക്കാം എന്നു കാണിച്ചു തരുകയാണിവിടെ യേശുദാസ്.
കാലം നമിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധർവൻ മനസു തുറക്കുകയാണ്... സംഗീതം പോലെ ഹൃദ്യമായ ലയത്തിൽ...ഇഷ്‌ടങ്ങളെക്കുറിച്ച്, അനിഷ്‌ടങ്ങളെക്കുറിച്ച്, വിശ്വസങ്ങളെക്കുറിച്ച്, പിന്നിട്ട വഴികളെക്കുറിച്ച്, സ്വപ്‌നങ്ങളെക്കുറിച്ച്, വിവാദങ്ങളെക്കുറിച്ച്, വിമർശനങ്ങളെക്കുറിച്ച്...
∙ യേശുദാസിന് ഇത്രയ്ക്കു പ്രായമായി എന്നു വിശ്വസിക്കാൻ മറ്റുള്ളവർക്കാണ് പ്രയാസം. കുട്ടികൾക്കു പോലും ‘ദാസേട്ടൻ’ ആണ്.
അതൊരു ഭാഗ്യമല്ലേ. ശബ്‌ദത്തിന്റെ കാര്യമാണെങ്കിൽ ഈശ്വരൻ തന്നൊരു ശബ്‌ദത്തെ ചിട്ടകളോടെ കാത്തു സൂക്ഷിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു എന്നു മാത്രം. ആരോഗ്യം പ്രധാനമാണ്. അമേരിക്കയിൽ എന്നെ ഏറെ സ്‌നേഹിക്കുന്ന കുറേ ഡോക്‌ടർമാരുണ്ട്. അവരാണ് ആ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മുടങ്ങാതെ ചെക്കപ്പ്. വേണ്ട നിർദേശങ്ങൾ തരുന്നു. പിന്നെ ഞാൻ തന്നെ പാലിക്കുന്ന ചിട്ടകൾ. പ്രത്യേകിച്ചും ആഹാര കാര്യത്തിൽ. ഡോ.പീറ്റർ അഡാമോ എഴുതിയ ‘ഈറ്റ് റൈറ്റ് ഫോർ യുവർ ടൈപ്പ്’ എന്ന പുസ്‌തകമാണ് ഈ കാര്യത്തിൽ എന്റെ വഴികാട്ടി. ഓരോ രക്‌ത ഗ്രൂപ്പിനും ഇണങ്ങുന്ന ഭക്ഷണക്രമമുണ്ട്. അതാണ് ആ പുസ്‌തകത്തിൽ പറയുന്നത്. എന്റെ ഗ്രൂപ്പ് എ പോസിറ്റീവ് ആണ്. ഇതു വായിക്കുന്നതിനു മുമ്പും എനിക്ക് എന്റേതായ ആഹാര ചിട്ടകൾ ഉണ്ടായിരുന്നു. പക്ഷേ പിന്നീടത് കൂടുതൽ ശാസ്‌ത്രീയമായി എന്നു മാത്രം. അസിഡിറ്റി ഉണ്ടാക്കുന്ന സാധനങ്ങൾ തൊണ്ടയ്‌ക്കു നല്ലതല്ല. അതുകൊണ്ട് മാമ്പഴം പോലും ഒഴിവാക്കുന്നു. പിന്നെ കശുവണ്ടി, അധികം എണ്ണ ചേർത്ത ആഹാരങ്ങൾ തുടങ്ങിയവയും ഉപയോഗിക്കില്ല. കുറേ കാലമായി ശുദ്ധ വെജിറ്റേറിയനാണ്.
∙ സമാനതകളില്ലാത്ത ജീവിത നേട്ടങ്ങളിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്തുതോന്നുന്നു?
കുത്തനെയുള്ള ഒരു വലിയ മല കയറി നിന്നിട്ട് തിരിഞ്ഞു നോക്കുമ്പോലെയാണിത്. എനിക്കും ചിലപ്പോൾ അത്ഭുതം തോന്നാറുണ്ട്; എങ്ങനെ ഇത്രയൊക്കെ സാധിച്ചുവെന്ന്. ഈശ്വര നിയോഗം എന്നു മാത്രമേ അതിനെ കാണുന്നുള്ളൂ. വന്ന വഴികളെക്കുറിച്ചുള്ള ഓർമ്മകളാണ് നയിക്കുന്നത്.
പക്ഷേ മറുവശത്ത് സംഗീതം കൂടുതൽ ആഴത്തിൽ പഠിച്ചു വരുന്തോറും ഞാൻ അനുഭവിക്കുന്ന ദുഖം ഇത്രയൊക്കെയായിട്ടും സംഗീതത്തിൽ ഞാൻ കാര്യമായി ഒന്നും നേടിയിട്ടില്ലല്ലോ എന്നതാണ്. ഇനിയും എത്രയോ പഠിക്കാൻ കിടക്കുന്നു. അതിന് ഒരു മനുഷ്യായുസ് പോര. ഇത് കപട വിനയം കൊണ്ടു പറയുന്നതല്ല. ശരിക്കും മനസിൽ തട്ടുന്ന വികാരമാണ്.
ത്യാഗരാജ സ്വാമികളേയും ഗോവിന്ദമാരാരേയും ചെമ്പൈ സ്വാമികളേയും പോലുള്ള മുൻഗാമികൾ തെളിച്ചു തന്നെ വഴിയിലൂടെ നടക്കുക മാത്രമാണ് ഞാൻ അടക്കമുള്ളവർ ചെയ്‌തത്. അവർ ചെയ്‌തതിന്റെ ഒരംശം പോലും എനിക്ക് ചെയ്യാനായിട്ടില്ല. പക്ഷേ സംഗീതത്തിനു വേണ്ടി സമർപ്പിച്ച അവർക്ക് ഇന്നത്തെ പോലെ അംഗീകാരങ്ങളൊന്നും ലഭിച്ചിട്ടില്ല. അവർ പകർന്നു തന്നെ സംഗീതത്തിന്റെ പേരിൽ കിട്ടുന്ന എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ സുഖം അനുഭവിക്കുകയാണ് ഞാനൊക്കെ. ശരിക്കും ഈ അംഗീകരങ്ങളെല്ലാം ആ ഗുരുക്കൻമാരുടെ പാദങ്ങളിൽ സമർപ്പിക്കേണ്ടതാണ്.
∙ എസ്‌റ്റാബ്ലിഷ്‌മെന്റ് വേണമെങ്കിൽ വിദേശികൾ അംഗീകരിക്കണമെന്ന അഭിപ്രായം തന്നെയാണോ ഇപ്പോഴും?
നമ്മുടെ നാട്ടിലെ ഒരു സമീപനം അതാണ്. എന്നെ തന്നെ ഒരു ഗായകനായി അംഗീകരിക്കപ്പെടുന്നത് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ അവതരിപ്പിച്ച ഒരു കച്ചേരി കേട്ട ഒരു സായിപ്പ് മലയാള മനോരമയിൽ എഴുതിയ ഒരു ലേഖനത്തെ തുടർന്നാണ്. ഇതുപോലെ ഇമ്പമുള്ള ഒരു സ്വരം കേട്ടിട്ടില്ല എന്നൊക്കെയാണ് അദ്ദേഹം എഴുതിയത്. ഇത് 1968ൽ ആണെന്നാണ് എന്റെ ഓർമ്മ. ഇന്നും ഈ സ്‌ഥിതിക്ക് മാറ്റമില്ല. വിദേശത്തൊക്കെ പരിപാടി അവതരിപ്പിപ്പിക്കാൻ അവസരം കിട്ടിയാൽ വലിയ കലാകാരനായി എന്നാണ് വയ്‌പ്പ്. എന്തിനേറെ ബിസിനസിൽ പോലും ഇതു തന്നെയല്ലേ സ്‌ഥിതി. ഒരു എക്‌സ്‌പോർട്ട് ഓർഡർ ലഭിച്ചാൽ ആ ബിസിനസിന്റെ സ്‌റ്റാറ്റസ് തന്നെ മാറിയില്ലേ?
∙ വ്യക്‌തി എന്ന നിലയിൽ സ്വന്തം ജീവിതത്തെ വിലയിരുത്തുമ്പോൾ?
കഷ്‌ടപ്പെടുന്നവരും ദുരിതം അനുഭവിക്കുന്നവരും ഏറെയുള്ള ഈ ലോകത്ത് നമ്മൾ അതിൽ നിന്നൊക്കെ എങ്ങനെ രക്ഷപ്പെട്ടു എന്നു പലപ്പോഴും ചിന്തിക്കാറുണ്ട്. ഏറെ കഷ്‌ടപ്പാടുകൾ സഹിച്ചും വെല്ലുവിളികൾ നേരിട്ടും തന്നെയാണ് ഞാനും ഈ നിലയിൽ എത്തിയത്. എന്നാലും ഒരു പരിശുദ്ധമായ ഒരു ജീവിതമാണ് എന്റേത് എന്ന് ഒരിക്കലും ഞാൻ പറയില്ല. ഒരു ശുദ്ധ മനുഷ്യനാണ് എന്ന് അവകാശപ്പെടാറുമില്ല. എല്ലാ മനുഷ്യരേയും പോലെ കുറവുകളും കുറ്റങ്ങളും എനിക്കുമുണ്ട്. കഴിയുന്നത്ര മൂല്ല്യങ്ങളിൽ അടിയുറച്ച് മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാതെ എന്നാൽ നമ്മെക്കൊണ്ട് ആവുന്ന സഹായം ചെയ്‌തു ജീവിക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. അപ്പച്ചൻ എനിക്കു പകർന്നു തന്നൊരു ഉപദേശമുണ്ട്. നീ വിദ്യയുടെ കാര്യത്തിൽ ഏറ്റവും ഉയരത്തിലുള്ളവരെ മാതൃകയാക്കി അവിടെ എത്താൻ അഭ്യസിക്കുക. സൗകര്യങ്ങളുടെ കാര്യത്തിൽ നിനക്കു താഴെയുള്ളവരെ നോക്കി കാണുക. ഇതാണു ഞാൻ പാലിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ നിരാശകളൊന്നും എന്റെ ജീവിതത്തിലില്ല.
∙ എങ്കിലും പണം, സമ്പാദ്യം ഇതൊക്കെ ഒരു ഘടകം തന്നെയല്ലേ?
പാടി സമ്പാദിച്ച പണമൊന്നും ഞാൻ അനാവശ്യമായി ചെലവഴിച്ചിട്ടില്ല. അപ്പോൾ ഒരു ചോദ്യം വരാവുന്നത് പരിപാടിയ്‌ക്കൊക്കെ ഞാൻ കാര്യമായ പ്രതിഫലം വാങ്ങുന്നുണ്ടല്ലോ എന്നതാണ്. അതു ജീവിക്കാൻ വേണ്ടിയാണ്. എന്റെ അപ്പച്ചന്റെ അനുഭവമാണ് എന്നെ അതിനു പ്രേരിപ്പിക്കുന്നത്. ഏറെ വിട്ടുവീഴ്‌ച ചെയ്‌ത ആളാണ് അഗസ്‌റ്റിൻ ജോസഫ് ഭാഗവതർ. എന്നിട്ടും അവസാന കാലത്ത് മരുന്നിനു വേണ്ടിയുള്ള തുക കണ്ടെത്താൻ പോലും അപ്പച്ചൻ കഷ്‌ടപ്പെട്ടു. അപ്പച്ചൻ ആശുപത്രിയിൽ മരിക്കുമ്പോൾ മൃതദേഹം വിട്ടുകിട്ടാൻ പണം കെട്ടിവയ്‌ക്കാൻ ഇല്ലാതെ ഞാൻ അലയുകയായിരുന്നു. മദ്രാസ് പട്ടണത്തിലൂടെ കിലോമീറ്ററുകൾ ഓടി ഭാസ്‌ക്കരൻ മാസ്‌റ്ററുടെ വീട്ടിൽ എത്തി കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ഉടൻ പണം തന്നു. തിരികെ ഓടി ആ പണം കെട്ടിവച്ച ശേഷമാണ് അപ്പച്ചന്റെ ബോഡി കിട്ടിയത്. ആ അനുഭവം എന്റെ കുടുംബത്തിന് വരരുത് എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാൻ പ്രതിഫലം ചോദിച്ചു വാങ്ങിക്കുന്നു. ഇതെന്റെ തൊഴിലാണല്ലോ? അങ്ങനെയല്ലാതെയും പാടാറുണ്ട്. പക്ഷേ പാടാൻ വേദിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ പ്രതിഫലം തന്നില്ലെന്നോ കുറവാണെന്നോ ഉള്ള കാര്യമൊന്നും മനസിൽ ഉണ്ടാവില്ല. പാട്ടിനെ അതു ബാധിക്കാറുമില്ല. മുന്നിലിരിക്കുന്ന ആസ്വാദകരെ തൃപ്‌തിപ്പെടുത്തണം എന്നു മാത്രമാണ് ചിന്ത.
∙ ഈ താടിയും നീട്ടിവളർത്തിയ മുടിയും തൂവെള്ള ജുബ്ബയും ദാസേട്ടന്റെ ഐഡന്റിറ്റിയുടെ ഭാഗമായി മാറുന്നതെങ്ങനെയാണ്?
ആദ്യമൊന്നും ഇതൊന്നും ഉണ്ടായിരുന്നില്ല. 1972ൽ ആദ്യമായി ശബരിമലയിൽ പോയ ശേഷമാണ് താടിയും മുടിയും നീട്ടി വളർത്തുന്നത് ശീലമായത്. അന്ന് വ്രതത്തിനായി നീട്ടി വളർത്തിയതാണ്. പിന്നെ അതൊരു സുഖവും സൗകര്യവുമായി തോന്നി. മാറ്റിയിടാൻ വേറെ ജോഡി ഡ്രസ് ഇല്ലാതിരുന്ന കാലത്ത് കൂട്ടുകാർ അതറിയാതിരിക്കാനുള്ള തന്ത്രമായാണ് വെള്ള വസ്‌ത്രം ഉപയോഗിച്ച് തുടങ്ങിയത്. പിന്നെ അതിനോടൊരു പ്രതിപത്തിയായി. ജൂബ്ബയും മുണ്ടും ശീലമാക്കിയിട്ട് 30 വർഷത്തോളമായി. എനിക്ക് ഏറ്റവും കംഫർട്ട് ആയ വേഷമാണിത്. പക്ഷേ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്‌ത്രം ഇതൊന്നുമല്ല; തോർത്താണ്. വീട്ടിലൊക്കെ ഒരു തോർത്തുടുത്തു നടക്കാൻ ഇപ്പോഴും എന്ത് ഇഷ്‌ടമാണെന്നോ. പക്ഷേ പ്രഭയൊക്കെ വിലക്കും. അമേരിയ്‌ക്കയ്‌ക്കു വിമാനത്തിൽ പോകുമ്പോൾ പാന്റും ഷർട്ടും ഇടണമെന്നാണ്. അവരുടെ രാജ്യത്തിന്റെ ഗമ കാണിക്കാനുള്ള ഒരു ചിട്ടയാണ്. എന്നെങ്കിലും ഒരിക്കൽ അമേരിക്കയക്കു പോകാൻ മുണ്ടും ജുബ്ബയും ഇട്ട് ഞാൻ വിമാനത്താവളത്തിലെത്തും. ആ വേഷത്തിൽ എന്നെ വിമാനത്തിൽ കയറ്റിയില്ലെങ്കിൽ അതോടെ അമേരിക്കയ്‌ക്ക് പോക്ക് അവസാനിപ്പിക്കും. പലപ്പോഴും ഞാൻ പരീക്ഷിക്കാൻ ശ്രമിച്ചതാണ്. പ്രഭയാണ് വിലക്കിയത്. പ്രഭ പലപ്പോഴും എനിക്ക് ജീവിതത്തിൽ അമ്മയുടെ സ്‌ഥാനത്താണ്. അത്രയേറെ കരുതലാണ്.
∙ ഭക്‌തിയാണ് സ്‌ഥായി ഭാവമെന്നു തോന്നിയിട്ടുണ്ട്. ശബരിമലയിൽ ഭഗവാൻ അയ്യപ്പൻ ഉണരുന്നതും ഉറങ്ങുന്നതും ഈ സ്വരം കേട്ടാണ്. മറ്റൊരു മനുഷ്യനും കിട്ടാത്ത ഭാഗ്യം?
വലിയ അനുഗ്രമാണിത്. ഇത് എന്നും തുടരുമോ എന്നെങ്കിലും നിർത്തുമോ എന്നൊന്നും അറിയില്ല. പക്ഷേ അയ്യപ്പസ്വാമിയുമായി ഞങ്ങളുടെ കുടുംബത്തിന് എന്തോ ഒരു അഭേദ്യമായ ബന്ധമുണ്ട് എന്നുറപ്പാണ്. കുട്ടികളില്ലാതെ വിഷമിച്ച ഞങ്ങൾക്ക് ഞാൻ അവിടെ ദർശനം നടത്തിയ ശേഷമാണ് മോൻ ഉണ്ടാവുന്നത്. അയ്യപ്പന്റെ നക്ഷത്രം ഉത്രമാണ്. എന്റെ അപ്പച്ചന്റേയും ഇളയ സഹോദരന്റേയും ഇപ്പോൾ വിജയുടെ മകൾ അമേയയുടേയും നക്ഷത്രവും ഉത്രം തന്നെ. വിജയുടെ ഭാര്യ ദർശനയുടെ കുടുംബത്തിലുമുണ്ട് ഒരു അയ്യപ്പക്ഷേത്രം. സമത്വമാണ് ശബരിമലയിൽ എന്നെ ഏറ്റവും വലിയ ദർശനം. ഏതു മതജാതിയിലുള്ളവരാണെങ്കിലും ശരി, അവിടെ ഭഗവാനും ഭക്‌തനും സ്വാമിയാണ്. വേറെ ഏത് ആരാധാനലത്തിൽ ആണ് ഇങ്ങനെ കാണുക. ദൈവം നമ്മുടെ ഉള്ളിലാണ് എന്ന വലിയ തത്വമാണ് ശബരിമല കാട്ടിത്തരുന്നത്. ആ നടയിൽ എത്രയോ തവണ ഹരിവരാസനവും കീർത്തനങ്ങളും ഞാൻ പാടിയിട്ടുണ്ട്. 1975ൽ ആണ് ഹരിവരാസനം റെക്കോർഡ് ചെയ്‌തത്. അപ്പച്ചനും മണ്ഡലകാലത്ത് വ്രതം നോക്കിയിരുന്നു. ശബരിമലയിൽ പോയിട്ടുമുണ്ട്. ജനിച്ച മതം പോലെ തന്നെ എല്ലാ മത ദർശങ്ങളേയും അംഗീകരിക്കാനും ആദരിക്കാനുമുള്ള ബോധം എന്നിൽ വളർത്തിയത് ഈ അന്തരീക്ഷം ആണെന്നു പറയാം. ഏകമായ ദൈവത്തെയാണ് എല്ലാ മതങ്ങളുടെ ആരാധനാലയങ്ങളിലും ഞാൻ കാണുന്നത്. ജന്മദിനമായ ജനുവരി 10ന് മൂകാംബികയിലും എല്ലാ മാർച്ച് 31നും ഫോർട്ട് കൊച്ചി അധികാരി വളപ്പിൽ ഔസേഫ് പിതാവിന്റെ കപ്പേളയിലും ഫെബ്രുവരിയിൽ ചെമ്പൈ ഏകാദശി സംഗീതോൽസവത്തിൽ ഗുരുവായ ചെമ്പൈ സ്വാമിയുടെ വീട്ടുമുറ്റത്തുമെല്ലാം സംഗീതാർച്ചന നടത്തുന്നത് ആ വിശ്വാസത്തിലും ഭക്തിയിലുമുറച്ചാണ്. അതിൽ മതജാതി ഭേദങ്ങൾ കാണുന്നില്ല, പരമമായ ഈശ്വരനെ മാത്രമാണു കാണുന്നത്.
∙ അപ്പോഴും ഗുരുവായൂർ അമ്പലത്തിൽ പ്രവേശനം നിഷേധിച്ചു എന്നത് ഒരു സങ്കടമായി ഉള്ളിലില്ലേ?
ഇല്ല എന്നതാണ് സത്യം. കാരണമുണ്ട്. ഗുരുവായൂരപ്പന്റെ വിഗ്രഹം അവിടെ പോയി കാണുക എന്ന അനുഭവം എനിക്കു നിഷേധിക്കപ്പെട്ടു എന്നതു സത്യമാണ്. പക്ഷേ എവിടെയിരുന്നും മനസിൽ നിനച്ച് ഒരു കീർത്തനം പാടിയാൽ കണ്ണനെ എനിക്ക് ഉള്ളിൽ കാണാം. അത് എന്റെ അനുഭൂതിയാണ്. പറഞ്ഞുകേട്ടതും കീർത്തനങ്ങളിൽ നിന്നു മനസിലാക്കിയതുമായ ഒരു സങ്കൽപ്പം മനസിലുണ്ടല്ലോ? ഒരിക്കലും നശിക്കാത്ത ആ അനുഭൂതി അനുഭവിക്കുമ്പോൾ ഞാൻ എന്തിനു സങ്കടപ്പെടണം. അതിന്റെ പേരിലുള്ള തർക്കങ്ങളിലോ രാഷ്‌ട്രീയ കോലാഹലങ്ങളിലോ ഒന്നും എനിക്കു താൽപര്യമില്ല. ഇനി എന്നെങ്കിലും തർക്കങ്ങളുടെ കാർമേഘങ്ങളെല്ലാം ഒഴിഞ്ഞ് ഞാനടക്കമുള്ള വിശ്വാസികളെയെല്ലാം ഗുരുവായൂരിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ ആ അവസരം ഞാൻ നിഷേധിക്കാനും ഞാൻ ആളല്ല, തീർച്ചയായും പോകും. പക്ഷേ അപ്പോഴും കണ്ണനു മുന്നിൽ തലകുമ്പിട്ട് കണ്ണടച്ചു നിന്നല്ലേ പ്രാർഥിക്കാനാവൂ. അപ്പോഴും ഭഗവാനെ മുന്നിലല്ല, ഉള്ളിലാണു കാണുന്നത്. അതാണ് ശരിയായ അനുഭൂതി. ദൈവത്തെ തമിഴിൽ കടവുൾ എന്നു പറയുന്നത് അതുകൊണ്ടാണ്. ഉള്ളാലെയാണ് ഭഗവാനെ ദർശിക്കേണ്ടത്. ഇതുപോലെ ഒരു അനുഭൂതിയാണ് മൂകാംബികയിൽ എത്തുമ്പോഴും എനിക്ക് അനുഭവപ്പെടുക. എത്രയോ കാലമായി എന്റെ ജൻമദിനമെല്ലാം അവിടെ അമ്മയുടെ നടയിലാണ് ചെലവഴിക്കുക. അവിടുത്തെ ചൈതന്യവും ആ അന്തരീക്ഷവും എത്രമേൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്.
∙ ആദ്യ പാട്ട് റെക്കോർഡ് ചെയ്‌തതിന്റേയും ആദ്യമായി സ്‌റ്റേജിൽ ഒരു പരിപാടി അവതരിപ്പിച്ചതിന്റേയും ഓർമ്മകൾ?
പൊതു വേദിയിലെ ആദ്യ പരിപാടി ഫോർട്ട്‌കൊച്ചി ചുള്ളിക്കലിലെ ഒരു അമ്പലത്തിൽ ഉൽസവത്തിന് കച്ചേരി നടത്തിക്കൊണ്ടായിരുന്നു. അന്നെനിക്കു 11–12 വയസു മാത്രമാണ് പ്രായം. അപ്പച്ചന്റെ കൂട്ടുകാരൊക്കെ അമ്പലക്കമ്മിറ്റിയിലുണ്ട്. അവരും എന്റെ ഗുരു കുഞ്ഞൻവേലും ആശാനുമൊക്കെ മുൻകൈയ്യെടുത്താണ് അങ്ങനെയൊരു അവസരം വന്നത്. കീർത്തനങ്ങളൊക്കെ പാടി. അങ്ങനെയൊരു തുടക്കവും ഒരു നിയോഗമായിട്ടാണ് ഞാൻ കാണുന്നത്.
16 വയസിൽ ഫോർട്ട്‌കൊച്ചിയിൽ വച്ച് ഒരു നാടകത്തിനു വേണ്ടി എം.കെ.അർജുനൻ മാസ്‌റ്ററാണ് എന്റെ സ്വരം ആദ്യമായി ഒരു ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്യുന്നത്. പക്ഷേ സിനിമയ്‌ക്കു വേണ്ടി ഒരു ഗ്രാമഫോണിന് മുന്നിൽ റെക്കോർഡ് ചെയ്യുന്നത് 1961ൽ കാൽപ്പാടുകൾ എന്ന സിനിമയ്‌ക്കു വേണ്ടി ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണ ഗുരുവിന്റെ ശ്ശോകമാണ്. എനിക്കന്ന് 21 വയസാണ്. അതിനു മുമ്പ് എനിക്ക് ആ വരികൾ അറിയില്ലായിരുന്നു. മദ്രാസിലെ ഭരണി സ്‌റ്റുഡിയോയിൽ എത്തിയ ശേഷം എം.ബി.ശ്രീനിവാസൻ സാർ പഠിപ്പിച്ചതാണ്. പെട്ടെന്നു തന്നെ അതു പഠിച്ചു. ഒറ്റ ടേക്കിൽ റെക്കോർഡ് ചെയ്യുകയും ചെയ്‌തു. കാണുമ്പോൾ ഞാനൊരു കാരിരുമ്പ് എന്ന മറ്റൊരു പാട്ടാണ് എനിക്കു വേണ്ടി വച്ചിരുന്നതെങ്കിലും റെക്കോർഡിങ്ങിനു മുമ്പ് എനിക്ക് ടൈഫോയ്‌ഡ് പിടിപെട്ടതിനാൽ ആ ചാൻസ് പോയി. ഒടുവിൽ മഹത്തായ ഈ ഗുരുശ്ലോകം ചൊല്ലി ഹരിശ്രീ കുറിക്കാനായിരുന്നു നിയോഗം.
∙ ആദ്യ ഗാനം റെക്കോർഡിങ്ങിനെക്കുറിച്ചു പറഞ്ഞു. അന്നത്തേയും സാങ്കേതിക വിദ്യ വികസിച്ച ഇന്നത്തേയും റെക്കോർഡിങ്ങിനെ വിലയിരുത്തുമ്പോൾ എങ്ങനെ തോന്നുന്നു. ഗുണമാണോ ദോഷമാണോ?
അന്നൊക്കെ ഒരു മുറിയിൽ ഒരു മൈക്കിനു മുന്നിലാണ് പാട്ടുകാരന്റേയും ഇൻസ്‌ട്രമെന്റ്‌സിന്റേയുമെല്ലാം ശബ്‌ദം ഒരുമിച്ച് റെക്കോർഡ് ചെയ്യുന്നത്. ഇൻട്രമെന്റ് വായിക്കുന്ന ഒരാൾക്ക് ഒരു തെറ്റു പറ്റിയാൽ പോലും വീണ്ടും പാടുകയേ നിവൃത്തിയുള്ളൂ. അങ്ങനെ എത്ര ടേക്കുകൾ. ഇന്ന് പല ട്രാക്കിലാണ് റെക്കോഡിങ്. പാട്ടുകാരനും ഇൻസ്‌ട്രമെന്റ് വായിക്കുന്നവരും ഡ്യുയറ്റ് പാടുന്നവരുമെല്ലാം പരസ്‌പരം കാണാറുപോലുമില്ല. ഓരോരുത്തരും അവരവർക്കു സൗകര്യമുള്ള സമയത്തു വന്നു
പൊതുവെ പാട്ടിനിതു നല്ലതാണ്. പുറത്തു വരുന്ന ഔട്ട്‌പുട്ട് നല്ലതായിരിക്കും. പക്ഷേ ഗായകനെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഇത്തരം സംവിധാനങ്ങളൊക്കെ വന്നതോടെ അവന്റെ പ്രതിഭ മാറ്റുരയ്‌ക്കപ്പെടുന്നില്ല. വെല്ലുവിളികൾ ഇല്ല എന്നതാണ് സ്‌ഥിതി. പുതിയ റെക്കോർഡിങ്ങിന് ഇങ്ങനെ ഗുണവും ദോഷവും ഉണ്ട്. എനിക്ക് തോന്നിയിട്ടുള്ള ഒരു ബുദ്ധിമുട്ട് നമുക്കിപ്പോൾ ഒരു വാക്കിന് ഒരു പ്രത്യേക എക്‌സ്‌പ്രഷൻ(ഭാവം) കൊടുത്തു പാടണമെങ്കിൽ ബുദ്ധിമുട്ടാണ്. കാരണം അവിടെ പട്ടാളക്കാരുടെ നടത്തം പോലെ സെറ്റ് ചെയ്‌തുവച്ച ഒരു ടോണിനനുസരിച്ചാണ് റെക്കോർഡിങ്. അതിൽ നിന്നു മാറുക പ്രയാസമാണ്. മുമ്പത്തെ റെക്കോർഡിങ്ങ് സംവിധാനത്തിൽ ഈ കാര്യത്തിൽ ഗായകന് കൂടുതൽ സ്വാതന്ത്യമുണ്ടായിരുന്നു. പക്ഷേ പ്രയാസമുള്ള പാട്ടുകളൊക്കെ സൗകര്യം പോലെ മുറിച്ചു പാടാം എന്നതാണ് ഇപ്പോഴത്തെ സ്‌ഥിതി. നന്നായി മിക്‌സ് ചെയ്‌താൽ മുറിച്ചു പാടിയതാണെന്ന് അറിയുകയേ ഇല്ല. വടക്കും നാഥനിലെ ഗംഗേ..എന്ന ഗാനത്തിന്റെ ആദ്യം ഗംഗേ എന്നു 18 സെക്കന്റ് നീട്ടി പാടുന്നത് ഇത്തരത്തിൽ മിക്‌സ് ചെയ്‌തതാണ്. അമേരിക്കയിലായിരുന്നു റെക്കോർഡിങ്. ഞാൻ അതിന്റെ പകുതി മാത്രമേ നീട്ടി പാടിയിട്ടുള്ളൂ. അതുപയോഗിച്ച് അവിടുത്തെ വിദേശി എൻജിനിയർ മിക്‌സ് ചെയ്‌തു നീട്ടുകയായിരുന്നു. റിഥം അനുസരിച്ച് അത്ര പെർഫെക്‌റ്റായി മിക്‌സ് ചെയ്‌തതിനാലാണ് ആർക്കും അതു മനസിലാവാത്തത്. അല്ലാതെ അത്രയും നേരം ശ്വാസം എടുത്ത് നീട്ടി പാടുക പ്രയാസം തന്നെയാണ്.
∙ ഗംഗേ... പോലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പല ഭാഗങ്ങളായി റെക്കോർഡ് ചെയ്‌ത ശേഷം മിക്‌സ് ചെയ്‌ത വേറെ ഗാനങ്ങളുണ്ടോ?
എന്റെ പാട്ടുകളുടെ കാര്യം പറയുകയാണെങ്കിൽ അത്തരത്തിൽ ചെയ്‌ത മറ്റൊരു ഗാനം ചിരിയോ ചിരി എന്ന സിനിമയിലെ ഏഴു സ്വരങ്ങളും.. എന്ന പാട്ടാണ്. അതിന്റെ അനുപല്ലവിയും(ആരോ പാടും ലളിത മധുരമയ...) ചരണവുംും(ഏതോ താളം കരളിനണിയറയിൽ) ഇത്തരത്തിൽ പലതായി പാടി റെക്കോർഡ് ചെയ്‌ത ശേഷം മിക്‌സ് ചെയ്‌തതാണ്. പക്ഷേ പിന്നീട് ഗാനമേള വേദികളിൽ അങ്ങനെ അല്ലാതെ ഒറ്റ ശ്വാസത്തിൽ പാടുകയും ചെയ്‌തു. അത് മാനേജ് ചെയ്യുന്നതാണ്.
∙ ഈ രീതി ഒരു കോംപ്രമൈസിങ് അല്ലേ? നല്ലൊരു പ്രവണതയാണോ ഇത്?
എന്തിനു വേണ്ടി ചെയ്‌തു എന്നതും കൂടി നോക്കേണ്ടതുണ്ട്. ഇത്രയും നീളത്തിൽ ഗംഗേ എന്നു പാടേണ്ടതുണ്ടോ എന്ന് ഞാൻ രവീന്ദ്രനോട് ചോദിച്ചതാണ്. ഹിമാലയത്തിൽ നിന്ന് ഒഴുകുന്ന ഗംഗാ നദി അളക്കാനാവാത്ത വിധം നീണ്ടു പ്രവഹിക്കുകയല്ലേ അതുകൊണ്ട് ആലാപനവും അതുപോലെ വേണമെന്നും രവി പറഞ്ഞപ്പോൾ എനിക്കും അതിലൊരു ശരി തോന്നി. ആസ്വാദകനെ സംബന്ധിച്ച് പാട്ടിന് അതു കൂടുതൽ മികവ് നൽകുകയും ചെയ്‌തിട്ടുണ്ട്.
∙ ഇതിന്റെ ഒരു മറുവശം എടുത്താൽ സാങ്കേതിക വിദ്യകൊണ്ട് പാട്ടുകളുടെ തനിമ നഷ്‌ടപ്പെടാനും സാധ്യതയില്ലേ?
തീർച്ചയായും അങ്ങനെയും സംഭവിച്ചിട്ടുണ്ട്. കുറേ വർഷം മുമ്പിറങ്ങിയ ഒരു സിനിമയിൽ ഞാൻ പാടിയൊരു പാട്ട് നല്ല കംപോസിഷനായിരുന്നു. പക്ഷേ മിക്‌സിങ് എല്ലാം കഴിഞ്ഞ് പുറത്തു വന്നപ്പോൾ സങ്കടം തോന്നി. എന്തൊക്കെയോ ഇഫക്‌ടെല്ലാം ചേർത്ത് അതിന്റെ സർവ ഭംഗിയും പോയി. എന്റെ സ്വരം തന്നെ മാറിപ്പോയപോലെ. അതിന്റെ ഒറിജിനൽ ഞാൻ പാടിയത് എന്റെ കൈയ്യിൽ ഇപ്പോഴുമുണ്ട്. അതും പുറത്തുവന്ന പാട്ടും കേട്ടാലെ ആ വ്യത്യാസം മനസിലാവൂ. ഞാൻ സംവിധായകനോട് എന്റെ പ്രതിഷേധം അറിയിച്ചു. അവർ അവരുടെ ന്യായം പറഞ്ഞു. പക്ഷേ പിന്നീട് ആ സംവിധായകന്റെ സിനിമയിൽ പാടിയിട്ടില്ല. എന്നുവച്ച് ഞങ്ങൾ പിണക്കമൊന്നുമില്ല. ഇനിയും അതിന്റെ പേരിൽ ഒരു വിവാദം ആഗ്രഹിക്കാത്തതുകൊണ്ട് സംവിധായകന്റേയോ സിനിമയുടേയോ സംഗീത സംവിധായകന്റേയോ പേര് പറയുന്നില്ല.
∙ പുതിയ പാട്ടുകൾക്കു നിലവാരം കുറയുകയാണെന്നു തോന്നിയിട്ടുണ്ടോ?
അതിനു കാരണമുണ്ട്. മുമ്പൊക്കെ ഒരു പാട്ട് രൂപപ്പെടുത്തുന്നതിനു മുമ്പ് സംവിധായകനും തിരക്കഥാകൃത്തും പാട്ടെഴുത്തുകാരും സംഗീത സംവിധായകനും പാട്ടുകാരനും ക്യാമറാമാനും എല്ലാം ചേർന്നിരുന്നു ചർച്ച ചെയ്യുമായിരുന്നു. ആ കൂട്ടായ്‌മയും തപസ്യയും പാട്ടിനും ഗുണം ചെയ്യും. ഗായകനെ പാട്ട് പഠിപ്പിക്കുന്ന രീതിയിലും വ്യത്യാസം ഉണ്ട്. മൂന്നും നാലും ദിവസമൊക്കെ സംഗീത സംവിധായകനൊപ്പം ഇരുന്ന് കേട്ടു പഠിച്ചും പലവുരു പാടി റിഹേഴ്‌സലു ചെയ്‌തിട്ടുമൊക്കെയാണ് റെക്കോർഡിങ്. അന്നത്തെ പാട്ടുകൾ ഏത് ഉറക്കത്തിൽ വിളിച്ചുണർത്തി പാടാൻ പറഞ്ഞാലും പാടാനും പ്രയാസമില്ല. ഇന്ന് അങ്ങനെയല്ല. അതുകൊണ്ടു തന്നെ പാടിക്കഴിഞ്ഞാൽ പല പാട്ടും മറന്നു പോകുകയാണ്.
∙ ഒരു ദിവസം വിവിധ ഭാഷകളിലായി 11 പാട്ടുകൾ പാടി റെക്കോർഡ് ചെയ്‌തിട്ടുണ്ടല്ലോ? എങ്ങനെയായിരുന്നു അനുഭവം?
അന്ന് അതൊരു വെല്ലുവിളിയും ഇന്ന് ഓർക്കുമ്പോൾ ഒരു ആവേശവുമാണ്. 1977ൽ ആയിരുന്നു അത്. ഇന്നത്തെ പോലത്തെ റെക്കോർഡിങ് അല്ല. ഒറ്റ ട്രാക്കിലുള്ള റെക്കോർഡിങ് ആണ്. ഒരാൾ തെറ്റിച്ചാൽ വീണ്ടും വീണ്ടും പാടേണ്ട സ്‌ഥിതി. ചെന്നൈയിലെ നാലോ അഞ്ചോ സ്‌റ്റുഡിയോകളിലായിരുന്നു റെക്കോർഡിങ്. അഞ്ച് ഭാഷകളിലെ പാട്ടാണന്നു തോന്നുന്നു. പാട്ടെല്ലാം നേരത്തെ പഠിച്ചിരുന്നു. രാവിലെ തന്നെ തുടങ്ങി. ഓരോ സ്‌റ്റുഡിയോയിലും ചെന്ന് അവസാന റിഹേഴ്‌സലും തിരുത്തും കഴിഞ്ഞ് റെക്കോർഡിങ്. പിന്നെ അടുത്ത സ്‌റ്റുഡിയോയിലേക്ക് ഓട്ടം. ഏറ്റവും അവസാനം പാടിയത് നീല ജലാശയത്തിൽ.. എന്ന പാട്ടാണ്. വീണ്ടും ഒരു പാട്ടുകൂടി പാടാനുണ്ടായിരുന്നു. പക്ഷേ ഇനി പറ്റില്ലെന്ന് പറഞ്ഞ് അന്നത്തെ റെക്കോർഡിങ് രാത്രി പത്തോടെ അവസാനിപ്പിക്കുകയായിരുന്നു. അത്രയ്‌ക്കു ഞാൻ ക്ഷീണിച്ചു പോയിരുന്നു. പക്ഷേ ഇന്നത്തെ റെക്കോഡിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണെങ്കിൽ 11 അല്ല 100 പാട്ടു വേണമെങ്കിലും ഒരു ദിവസം പാടാം.
∙ ഇതുവരെ അരലക്ഷത്തോളം ഗാനങ്ങൾ പാടിയിട്ടുണ്ടെന്നാണല്ലോ കണക്ക്. ഇതിലൽ പാടാൻ ഏറെ ബുദ്ധിമുട്ട് നേരിട്ട പാട്ട് ഏതാണ്?
ഞാൻ പാടിയിട്ടുള്ളതിൽ ഏറ്റവും പ്രിയപ്പെട്ട പാട്ടാണത്. പക്ഷേ ആ ചിത്രം പുറത്തു വന്നില്ല. അധികമാരും ആ പാട്ട് കേട്ടിട്ടുമില്ല. ഹിന്ദിയിലെ തുടക്കകാലത്ത് താൻസൺ എന്ന ചിത്രത്തിനു വേണ്ടി പാടിയ ഷഡ്‌ജനെ പായാ... എന്നു തുടങ്ങുന്ന ഗാനമാണത്. നമ്മുടെ ശങ്കരാഭരണം രാഗത്തോട് സാദൃശ്യമുള്ള ബിലാവൽ എന്ന രാഗത്തിൽ രവീന്ദ്ര ജെയ്‌ൻ ആണ് ആ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറെ രാഗ വിസ്‌താരങ്ങളും റെന്ററിങ്ങുമെല്ലാം ഉള്ള പാട്ട്. അതു കേട്ടു പഠിക്കാനും റിഹേഴ്‌സലിനുമായി തന്നെ തന്നെ അഞ്ച് ആറ് ദിവസമെടുത്തു. 12–13 മിനിട്ട് ദൈർഘ്യമുള്ള ആ പാട്ട് രണ്ട് ദിവസങ്ങളിലായിട്ടാണു റെക്കോർഡ് ചെയ്‌തത്. റെക്കോർഡിങ് കഴിഞ്ഞതും രവീന്ദ്ര ജെയ്‌നിനും എനിക്കും പനി പിടിച്ചു. അദ്ദേഹം ആശുപത്രിയിലും ഞാൻ വീട്ടിലും കിടപ്പായി. അത്രയേറെ മാനസിക–ശാരീരിക സംഘർഷം ആ പാട്ടിനു പിന്നിൽ ഞങ്ങൾ അനുഭവിച്ചു. പക്ഷേ ആ സിനിമാ പ്രോജക്‌ട് തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഞാൻ എന്റെ ദൗത്യം ഭംഗിയായി ചെയ്‌തു സംതൃപ്‌തി ഉണ്ട്. പക്ഷേ ഏത്രയേറെ കഷ്‌ടപ്പെട്ട, പ്രിയപ്പെട്ട ആ ഗാനം അധികമാർക്കും കേൾക്കാനായില്ലല്ലോ എന്ന സങ്കടവുമുണ്ട്. പിന്നീട് ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ രാഗസഭാതലം... എന്ന ക്ലാസിക്കൽ ഗാനം താൻസണിലെ ഗാനത്തിന്റെ പ്രേരണയിൽ ഞാൻ രവീന്ദ്രനോട് പറഞ്ഞ് ചെയ്യിച്ചതാണ്. പക്ഷേ അതിന്റെ കംപോസിങ്ങും റെക്കോർഡിങ്ങുമെല്ലാം വേഗം കഴിഞ്ഞു.
∙ ഹിന്ദിയിൽ പാടിയ പാട്ടെല്ലാം ഹിറ്റ്? എന്നിട്ടും എന്തുകൊണ്ട് അധികം അവിടെ നിന്നില്ല?
പലരും പറയുംപോലെ അവിടുത്തെ ലോബി എന്നെ ഒഴിവാക്കി ഓടിച്ചുവിട്ടതൊന്നുമല്ല. തിരുവനന്തപുരത്ത് തരംഗിണി സ്‌റ്റുഡിയോയും സ്‌കൂളുമൊക്കെ തുടങ്ങിയപ്പോൾ ആ തിരക്കുകൊണ്ട് ഇവിടേക്കു പോന്നതാണ്. അവസരങ്ങൾ ഏറെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അവിടുത്തെ രുചിയെക്കാൾ മനസിനു പിടിച്ചത് നമ്മുടെ കേരളത്തിന്റെ സംഗീതവും അതിന്റെ രൂചിയുമാണ്. അത് എനിക്ക് മതിയാവോളം ലഭിക്കുകയും ചെയ്‌തു. പിന്നെന്തിനു മറിച്ചു ചിന്തിക്കണം. അവിടെ ഉറച്ചു നിൽക്കാത്തതിൽ എനിക്ക് ഒരിക്കലും ഒരു നഷ്‌ടബോധവു തോന്നിയിട്ടില്ല.
∙ ശാസ്‌ത്രീയ സംഗീതമാണോ സിനിമാ ഗാനങ്ങളാണോ കൂടുതൽ സംതൃപ്‌തി തരുന്നത്?
അതു ശാസ്‌ത്രീയ സംഗീതം തന്നെയാണ്. അതാണ് എല്ലാത്തിന്റേയും അടിസ്‌ഥാനം ഒരു പാട്ടുകാരൻ എന്ന നിലയിൽ കച്ചേരികളാണ് ഗാനമേളകളെകകാൾ എനിക്കു സംതൃപ്‌തി തരുന്നത്.
∙ ഇഷ്‌ടരാഗം എതാണ്?
ആദ്യ കാലത്ത് കല്യാണി, ഹിന്ദോളം, ചക്രവാഹം എന്നീ രാഗങ്ങളായിരുന്നു എന്റെ വീക്ക്‌നെസ്. എളുപ്പാം പാടാം എന്നതായിരുന്നു അതിന്റെ പ്രധാന കാരണം. പക്ഷേ പിന്നീട് 72 മേളകർത്താ രാഗങ്ങളും അതിനിടയിലുള്ള അപൂർവ രാഗങ്ങളും ജന്യരാഗങ്ങളുമെല്ലാം കൂടുതൽ ആഴത്തിൽ പഠിച്ചപ്പോൾ അങ്ങനെ പ്രത്യേകിച്ചൊരു ഇഷ്‌ടം ഇല്ലാതായി. എല്ലാ രാഗങ്ങളോടും അഭിനിവേശമാണ്. എങ്കിലും മേളകർത്താ രാഗങ്ങളിൽ കല്യാണി, ഹരഹരപ്രിയ,ഭൈരവി, ശങ്കരാഭരണം, ശുഭപന്തുവരാളി, പന്തുവരാളി(കാമവർധിനി) ജന്യരാഗ്യങ്ങളിൽ ആനന്ദ ഭാരവി, രീതിഗൗള,ആരഭി, നാട്ടുക്കുറിഞ്ചി, ആഭോഗി,ശ്രീരഞ്‌ജിനി, ശ്രിരാഗം, മോഹനം തുടങ്ങി പ്ലസന്റെ ആയ രാഗങ്ങളാണ് കൂടുതൽ താൽപര്യം ജനിപ്പിക്കുക.
∙ റസൂലേ നിൻ കനിവാലേ..., മരാളികേ..., ആശ്‌ചര്യചൂഢാമണി... തുടങ്ങിയ മനോഹരമായ ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. പിന്നെന്തുകൊണ്ട് ആ മേഖലയിൽ നിന്നു പിൻവാങ്ങി?
ഒരു കാര്യം സംവിധായകന്റേയും നിർമ്മാതാവിന്റേയുമൊക്കെ താൽപര്യത്തിന വിട്ടുവീഴ്‌ച ചെയ്‌തു പാട്ടൊരുക്കാൻ എനിക്ക് ബുദ്ധിമുട്ടാണ് എന്നുള്ളതു തന്നെ. വല്ലാത്തൊരു സമ്മർദ്ധമാണത്. മറ്റൊരു പ്രധാന കാര്യം അതിനോട് എത്രത്തോളം നീതി പുലർത്താൻ കഴിയില്ല എന്നതാണ്. പലപ്പോഴും നമ്മൾ പാടിയിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ഗാനങ്ങൾ മനസിൽ കിടക്കുന്നതിനാൽ അതിന്റെ ഒരു സ്വാധീനം പുതിയൊരു പാട്ടൊരുക്കുമ്പോൾ അറിഞ്ഞോ അറിയാതയോ കടന്നു വരും. ട്യൂണിൽ സാദൃശ്യം വരുകയും ചെയ്യും. ഉദാഹരണത്തിന് ഞാൻ അവസാനമായി സംഗീത സംവിധാനം ചെയ്‌ത തക്കിടി മുണ്ടൻ താറാവേ എന്ന ഗാനം. ആപ് ജെയ്‌സേ കോയിരേ.. എന്ന ഹിന്ദി ഗാനത്തിന്റെ ട്യൂണിന്റെ കോപ്പിയാണത്.
∙ അത് അബദ്ധത്തിൽ സംഭവിച്ചു പോയതാണോ?
അല്ല, മനപ്പൂർവം തന്നെയായിരുന്ന ആ ട്യൂൺ മോഷണം. ആപ് ജെയ്‌സേ കൊയിരേയുടെ ട്യൂൺ തിരിച്ചിടുകയായിരുന്നു. ഇതാണ് ഇവിടെ നടക്കുന്നത് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി തന്നെയായിരുന്നു. ആ പാട്ട് വലിയ ഹിറ്റായി. പക്ഷേ ഈ കോപ്പിയടി ബോധ്യപ്പെടുത്തി ഇനി ഞാൻ ഈ പണിക്കില്ലെന്നു പറഞ്ഞ് വിടപറയുകയായിരുന്നു. പലരും ഇതുപോലെ ട്യൂൺ മോഷ്‌ടിക്കുന്നുണ്ട്. അങ്ങനെയല്ലാതെ മികച്ച സംഗീതം ഒരുക്കാൻ കഷ്‌ടപ്പെടുന്ന സംഗീത സംവിധായകരും നിരവധിയുണ്ട്. അതിനു പിന്നിലെ സർഗാത്മകത അപാരമാണ്. സിനിമാപാട്ടിന് സംഗീതം നൽകിയിട്ടില്ലെങ്കിലും പിട്ടീടും ഭക്‌തി ഗാനങ്ങൾക്കൊക്കെ ഞാൻ ഈണം നൽകി പാടിയിട്ടുണ്ട്.
∙ യേശുദാസിന്റെ പാട്ടുകൾ പാടാൻ ആഗ്രഹിക്കാത്തവരുണ്ടാവില്ല? മറ്റാരെങ്കിലും പാടിയ ഏതെങ്കിലും പാട്ട് പാടാൻ ആഗ്രഹം തോന്നിയിട്ടുണ്ടോ?
ചെറുപ്പത്തിൽ ഞാൻ ഏറ്റവും ആരാധനയോടെ നോക്കി കണ്ടിരുന്നത് മുഹമ്മദ് റഫിയെയാണ്. അദ്ദേഹത്തിന്റെ പാട്ടുകളാണ് ഞാൻ പാടി നടന്നത്. അതുപോലുള്ള പാട്ടുകൾ പാടാനാവണം എന്നാണ് ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ സ്വരവുമായി എന്റെ സ്വരത്തിനു സാദൃശ്യം ഉണ്ടെന്ന് എം.ബി.എസ് അടക്കം പലരും പറഞ്ഞു കേട്ടപ്പോൾ അഭിമാനം തോന്നിയിട്ടുമുണ്ട്. പക്ഷേ പിൽക്കാലത്ത് മറ്റൊരാൾ പാടിയ പാട്ട് എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം ഞാൻ ആഗ്രഹിച്ചപോലുള്ള പാട്ടുകളെല്ലാം എനിക്ക് യഥേഷ്‌ടം കിട്ടിയിട്ടുണ്ട്.
∙ എത്രയോ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സംതൃപ്‌തിയും സ്വാതന്ത്യവും അനുഭവിച്ചത് ആർക്കു വേണ്ടി പാടുമ്പോഴായിരുന്നു?
അത് രവീന്ദ്രനാണ്. ഞങ്ങളുടെ കൂട്ടുകെട്ടിലൂടെ രണ്ടു പേർക്കും ഗുണം ഉണ്ടായിട്ടുണ്ട്. എനിക്ക് വെല്ലുവിളി ഉയർത്തുന്ന പാട്ടുകളാണ് അവൻ ഒരുക്കിയത്. എന്നിട്ട് എന്നെ ആ ട്യൂണുമായി പറത്തി വിടുകയായിരുന്നു; സർവ സ്വാതന്ത്യവും തന്ന്. എത്ര ഉയരത്തിൽ പറന്നാലും അവൻ ആഗ്രഹിക്കുന്നിടത്ത് എന്റെ ആലാപനം എത്തുമെന്ന് അവന് വിശ്വാസം ഉണ്ടായിരുന്നു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള കെമിസ്‌ട്രി. അതൊരു മുജ്‌ജൻമ ബന്ധം തന്നെയായിരുന്നു. താടിയുടെ കാര്യത്തിലൊക്കെ കാണാനും ഞങ്ങൾ തമ്മിൽ സാദൃശ്യം ഉണ്ടായിരുന്നു. ഇവിടെ മദ്രാസിലുള്ളവരൊക്കെ ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ കൂടെയുള്ളത് തമ്പിയാണോ എന്ന് എന്നോട് ചോദിക്കാറുണ്ടായിരുന്നു. രവിയുടെ അകാലത്തിലുള്ള വേർപാട് വ്യക്‌തിപരമായും വലിയ നഷ്‌ടം തന്നെയാണ്.
∙ ഇടയ്‌ക്ക് മലയാള ചലച്ചിത്ര സംഗീത രംഗത്ത് നിന്ന് ഒന്നു പിൻവലിഞ്ഞല്ലോ. എന്തായിരുന്നു കാരണം?
ദക്ഷിണാമൂർത്തി സ്വാമിയും ദേവരാജൻ മാഷുമെല്ലാം സംഗീത സംവിധാനം നിർത്തിയ ഒരു കാലത്താണു ഞാനും െഓന്നു പിൻവലിഞ്ഞത്. സംഗീത സംവിധായകരുടടെ പുതിയൊരു തലമുറ വരുകയായിരുന്നു. അതുവരെ പാടിയിരുന്നതു പോലുള്ള നല്ല ഗാനങ്ങളൊന്നും ഇല്ല. വരുന്ന ഗാനങ്ങളിൽ തൃപ്‌തിയുമില്ല. അങ്ങനെ ഒന്ന് ഒതുങ്ങിയതാണ്. അപ്പോഴാണു രവീന്ദ്രൻ ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ ഗാനങ്ങളുമായി വരുന്നത്. ദാസേട്ടൻ ഈ ട്യൂണുകൾ ഒന്നു കേൾക്കു. അതിനുശേഷം മാത്രം തീരുമാനിച്ചാൽ മതി എന്നാണ് അവൻ പറഞ്ഞത്. പ്രമദവനം വീണ്ടും.. ട്രാക്ക് കേട്ടപ്പോൾ എന്റെ മനസ് നിറഞ്ഞു. വീണ്ടും സജീവമാവുന്നത് അവിടെ നിന്നാണ്.
∙ പുതിയ തലമുറയിലെ ഗായകരെയൊക്കെ വിലയിരുത്താറുണ്ടോ?
അവരെ വിലയിരുത്താനൊന്നും ആവില്ല. കഴിവുള്ളവരൊക്കെയുണ്ട്. പക്ഷേ ഞങ്ങളുടെ കാലത്തൊരക്കെ ഉണ്ടായിരുന്നതു പോലെ സംഗീതത്തിൽ മാത്രമായി ഒരു സമർപ്പണത്തോടെ വരുന്നവർ എത്ര പേരുണ്ട്. ഓരോ പുതിയ ആൾക്കാർ വരുന്നു. അതുപോലെ പോകുന്നു. നിലനിൽക്കുന്നവർ എത്രപേരുണ്ട്. ഞാനൊക്കെ ഇന്നും സംഗീതം എന്ന ഈ വലിയ കടലിനു മുന്നിൽ അധികമൊന്നും പഠിക്കാനായില്ലല്ലോ എന്ന തിരിച്ചരിവോടെ നിൽക്കുന്ന വ്യക്‌തിയാണ്. പുതിയ തലമുറയിലെ പാട്ടുകാർക്കു മുന്നോട്ടുപോകണമെങ്കിൽ ഈ സാധന ഉണ്ടാവണം. അല്ലാതെ റിയാലിറ്റി ഷോയിലെ വീടിനും കാറിനും സിനിമയിൽ പാടാനുള്ള ഒരു അവസരത്തിനും വേണ്ടിയുള്ള ഫാസ്‌റ്റ്‌ഫുഡ് പഠനം കൊണ്ട് അധികകാലം ഈ രംഗത്ത് പിടിച്ചു നിൽക്കാനാവില്ല.
∙ വിജയ് യേശുദാസിനെ എങ്ങനെ വിലയിരുത്തുന്നു? വന്നപ്പോൾ യേശുദാസിന്റെ മകൻ എന്ന ലേബൽ ആയിരുന്നു. പിന്നീട് വിജയ് സ്വന്തം വഴി തെളിച്ചു.
വിജയും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. മഹാൻമാരായ സംഗീതജ്‌ഞരുടെ കച്ചേരികളും ക്ലാസിക്കൽ കീർത്തനങ്ങളുമൊക്കെ കേൾക്കാനാണ് ഉപദേശിക്കാറ്. അതാണു ഗുണം ചെയ്യുക. പാട്ടുകേട്ട ശേഷം നല്ലതിനെക്കാൾ അതിന്റെ കുറവുകളാണു ഞാൻ പറഞ്ഞു കൊടുക്കുക. എന്റെ പാട്ട് കേൾക്കുമ്പോഴും ഞാൻ ശ്രദ്ധിക്കുക കുറവുകളാണ്.
വിജയുടെ മകൾ അമേയ ഇപ്പോഴത്തെ ഈ അടിപൊളി ഗാനമൊക്കെ കേൾക്കുമ്പോൾ തലയും ശരീരവുമൊക്കെ ഇളക്കാറുണ്ട്. പക്ഷേ അടുത്തിരുത്തി ഒരു ക്ലാസിക്കൽ ഇട്ടുകൊടുത്താൽ അനങ്ങാതെ ഇരുന്ന് അത് തീരുന്നതു വരെ ശ്രദ്ധിച്ചുകേട്ടിരിക്കും. കുഞ്ഞുങ്ങൾക്ക് ആരും പറഞ്ഞുകൊടുത്തിട്ടല്ല. മുൻവിധിയോ ഇഷ്‌ടങ്ങളോ ഇല്ല. പക്ഷേ നല്ലത് അറിയാതെ ഉള്ളിൽ ചെല്ലുമ്പോൾ അവർ അത് അറിയാതെ തന്നെ ആസ്വദിക്കുകയാണ്. ഇതാണ് പറയുന്നത് ചെറുപ്പത്തിൽ നല്ലതു കൊടുത്താൽ ആ വഴിക്കു തന്നെ വളരും. അതു ശീലമായാലും സംഗീതമായാലും.
∙ പാട്ട് പുസ്‌കത്തിനു പകരം ലാപ്‌ടോപ്പ് ആണ് കച്ചേരികൾക്കു വരെ ഉപയോഗിക്കുന്നത്
അതിന് ഏറെ സൗകര്യമുണ്ട്. ശെമ്മാങ്കുടി സ്വാമിക്കും ചെമ്പൈ സ്വാമികൾക്കുമെല്ലും ശുദ്ധ സംഗീതമായിരുന്നു ജീവിതം. അതിനു വേണ്ടിയുള്ള സമർപ്പണം. നമ്മളെ പോലെ സിനിമാ പാട്ടും മറ്റു സൈഡ് ബിസിനസൊന്നുമില്ലല്ലോ. അതുകൊണ്ടു തന്നെ കീർത്തനങ്ങളും മറ്റും അവരുടെ മനസിലുണ്ട്. നമ്മളെ സംബന്ധിച്ച് ഇത്രയും പാട്ടൊക്കെ പാടിയിട്ടുള്ളതിനാൽ പലതും ഓർമ്മയിൽ നിൽക്കില്ല. അതെല്ലാം ബുക്കിൽ എഴുതിയാൽ തിരഞ്ഞെടുക്കാനും പ്രയാസം. ഇതാവുമ്പോൾ സൗകര്യമാണ്. സദസിൽ നിന്ന് ഏതെങ്കിലും പാട്ട് ആരെങ്കിലും ആവശ്യപ്പെട്ടാലും വേഗം കണ്ടെത്താം. ലാപ്ടോപിൽ കീർത്തനങ്ങളും ഗാനങ്ങളുമെല്ലാം എന്റെ കൈപ്പടയിൽ തന്നെ എഴുതുകയാണ്. സ്വരങ്ങളും നോട്ടുകളുമെല്ലാം പ്രത്യേകം കളർ കൊടുക്കാവുന്നതിനാൽ അതും സൗകര്യം. റെക്കോർഡിങ്ങിനും സ്വന്തം കൈപ്പടയിൽ പാട്ട് എഴുതിയെടുത്തു പാടുന്നതാണു ശീലം. ഒരുപക്ഷേ ലാപ്‌ടോപ്പിൽ ഇത്രയേറെ എഴുതുന്നവർ അധികം ഉണ്ടാവില്ല. എന്റെ വിരലൊക്കെ കണ്ടില്ലേ, അതിന്റെ പേന പിടിച്ച് കല്ലിച്ചു.
∙സംഗീത ജീവിതത്തിൽ ഏറ്റവും വലിയ വിമർശനം കേൾക്കേണ്ടി വന്നത് റോയൽറ്റി വിവാദത്തിന്റെ പേരിലാണ്? അന്നത്തെ വിവാദത്തെ ഇപ്പോൾ എങ്ങനെ നോക്കി കാണുന്നു?
എന്റെ പാട്ടിന് റോയൽറ്റി വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. തരംഗിണി കമ്പനിയുടെ ഡയറക്‌ടർ എന്ന നിലയിൽ വിനോദാണ് കമ്പനി പുറത്തിറക്കിയ പാട്ടുകൾ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന കാര്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ റോയൽറ്റി വേണം എന്ന് ആവശ്യപ്പെട്ടത്. ഇത് ഇന്ന് എല്ലാ മ്യൂസിക് കമ്പനികളും ചെയ്യുന്നില്ലേ. റോയൽറ്റി കിട്ടുന്നത് കമ്പനിക്കു മാത്രമല്ല, പാട്ട് എഴുതിയ ആൾക്കും സംഗീത സംവിധായകനും കൂടിയാണ്.ഗായകന് ഒന്നും ലഭിക്കുകയുമില്ല. നമ്മുടെ കൂട്ടത്തിൽ കഷ്‌ടപ്പെടുന്ന എത്രയോ എഴുത്തുകാരും സംഗീത സംവിധായരും ഉണ്ട്. എന്നിട്ടും ഈ വശങ്ങൾ മനസിലാക്കാതെ ഞാൻ പറയാത്ത കാര്യത്തന്റെ പേരിലാണു പ്രഗൽഭരുൾപ്പടെ അന്ന് എന്റെ നേർക്കു തിരിഞ്ഞത്. ഞാൻ ഒന്നും പ്രതികരിച്ചില്ല. സത്യം എന്നെങ്കിലും പുറത്തുവരും എന്ന് എനിക്കറിയാമായിരുന്നു.
∙ വിമർശനങ്ങളെ എങ്ങനെയാണ് എടുക്കുക?
പല വിമർശനങ്ങളും ശ്രദ്ധിക്കാൻ പോലും മെനക്കെടാറില്ല. ചിലതൊക്കെ പറഞ്ഞ് അറിയുകയാണ്. നല്ല ഉദ്ദേശത്തോടെ ആരു പറഞ്ഞാലും കേൾക്കാനും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനും തയ്യാറാണ്. മറിച്ചുള്ളതിനൊന്നും ചെവികൊടുക്കാറുമില്ല. ഞാൻ എന്തോ ദേവരാജൻ മാസ്‌റ്ററെ അവഹേളിച്ചു എന്ന മട്ടിൽ അടുത്ത കാലത്ത് ഒരു മാഗസിനിൽ ഒരാൾ വിമർശനം എഴുതിയെന്നു കേട്ടു. ഞാനും മാസ്‌റ്ററും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയാതെയും സംഭവങ്ങളുടെ പിന്നിലെ യഥാർഥ വസ്‌തുതകൾ അറിയാതെയുമാണ് വിമർശനം. അതുകൊണ്ടു തന്നെ അതിനൊന്നും മറുപടി പറയേണ്ട കാര്യവുമില്ല. ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ ദേവി എന്ന ഗാനത്തിൽ ഗന്ധർവ എന്ന ഉച്ചാരണത്തിൽ പിഴവുണ്ടെന്നായിരുന്നു മറ്റൊരു വിമർശനം. ആ പാട്ടിന്റെ മ്യൂസിക്കിനനുസരിച്ചാണ് ഞാൻ പാടിയിരിക്കുന്നത്. എന്റെ ഉച്ചാരണം മോശമാണോ എന്ന് ആസ്വദകർ വിലയിരുത്തട്ടേ. പണ്ട് എന്നെ വിമർശിച്ചതിനു മാപ്പ് പറഞ്ഞ് എഴുത്തുകാരൻ സക്കറിയ അടുത്തകാലത്ത് ഒരു ലേഖനം പ്രസിദ്ധീകരിച്ചെന്നു കേട്ടു. അതിലും എനിക്ക് അമിത സന്തോഷമില്ല. എന്റെ സംഗീതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനും ചെവിയും മനസും കൊടുക്കാറില്ല; പ്രശംസയായാലും വിമർശനമായാലും.
∙ ദേഷ്യം പിടിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുമ്പോഴാണ് ദാസേട്ടൻ ഏറ്റവും നന്നായി പാടുക എന്ന് സംഗീത സംവിധായകൻ രവീന്ദ്രൻ പറഞ്ഞിട്ടുണ്ട്. ശരിയാണോ?
അങ്ങനെയൊന്നുമില്ല. പിന്നെ വാശി എന്റെ ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിനെ വല്ലാത്ത നിമിത്തമായിട്ടുണ്ട്. മാപ്പിളയ്‌ക്കെന്തു സംഗീതം എന്നു ചോദിച്ച സംഗീത അധ്യാപകൻ മനസിലിട്ടു തന്ന വാശിയാണ് ആ പ്രായത്തിൽ കൂടുതൽ മുന്നേറാൻ പ്രേരണയായത്. 16 വയസുള്ളപ്പോൾ അപ്പച്ചനോടൊപ്പം ഈ മദ്രാസ് പട്ടണത്തിൽ ഞാൻ ആദ്യമായി വരുന്നത് ആകാശവാണിയുടെ സംഗീത മൽസരത്തിൽ പങ്കെടുക്കനാണ്. അന്ന് സ്വരങ്ങളൊക്കെ പാടിക്കേട്ട ശേഷം ആകാശവാണിയുടെ വിദഗ്‌ധൻമാർ വിലിയിരുത്തിയത് എന്റെ സ്വരം പ്രക്ഷേപണത്തിനു കൊള്ളില്ല എന്നായിരുന്നു. അന്ന് വലിയ വിഷമം തോന്നിയെങ്കിലും പിന്നീട് അതു തന്നെ വാശി വലിയ പ്രചോദനമായി.
ഇതുപോലെ പാട്ടിന്റെ റെക്കോർഡിങ് സമയത്തും ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആറാം തമ്പുരാനിലെ ഹരി മുരളീരവത്തിന്റെ റെക്കോർഡിങ് വേളയിലാണ് ഒരു സംഭവം. മദ്രാസിലെ എസ്‌പിയുടെ സ്‌റ്റുഡിയോയിൽ രവീന്ദ്രൻ എന്നെ പാട്ട് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്ത് താടിയൊക്കെയുള്ള വേറൊരാൾ കൂടി വന്നു; ഒരാവശ്യവുമില്ലാതെ. ആക്‌ഷൻ പടങ്ങളുടെ തിരക്കഥാകൃത്തായി രംഗത്തു വരികയും പിന്നീട് ഏതാനും സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്‌ത ആളാണു കക്ഷി. രവി പാട്ടുപറഞ്ഞു തരുന്നതിനിടെ പുള്ളിക്കാരൻ എന്നെ പാട്ടിന്റെ ഉച്ചാരണം പഠിപ്പിക്കാനും തിരുത്തിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. എന്നെ അതു വല്ലാതെ പ്രകോപിപ്പിച്ചു. ആ കാര്യം രവിയോട് തുറന്നു പറയുക മാത്രമല്ല, പാടുന്നില്ലെന്നു പറഞ്ഞ് ഞാൻ വീട്ടിലേക്കുതിരികെ പോരുകയും ചെയ്‌തു. പിന്നാലെ എങ്ങനെയും എന്നെ കൂട്ടിക്കൊണ്ടു പോകാൻ ഉറച്ച് രവിയുമെത്തി. അയാളെ അവിടെ നിന്നു പറഞ്ഞുവിട്ടെന്നു പറഞ്ഞ ശേഷമാണ് ഞാൻ തിരികെ സ്‌റ്റുഡിയോയിൽ എത്തിയത്. ആ ദേഷ്യവും വാശിയും പാടാൻ നിൽക്കുമ്പോഴും മനസിലുണ്ടായിരുന്നു. പക്ഷേ ആ പാട്ട് ഒറ്റ ടേക്കിൽ ഒകെയായി.
∙ ഒരു കാലത്ത് സൂപ്പർ ഹിറ്റ് പാട്ടുകൾ പുറത്തിറക്കിയിരുന്ന തരംഗിണി പിന്നീട് പ്രതിസന്ധിയിലായി? എന്തായിരുന്നു കാരണം?
പൈറസിയാണ് പ്രശ്‌നം. അതുകൊണ്ടാണ് ഇപ്പോൾ തരംഗിണി അധികം സിഡികൾ പുറത്തിറക്കാത്തതും. നമ്മൾ എഴുത്തുകാരനും സംഗീത സംവിധായകനുമെല്ലാം പണം മുടക്കി ഒരു ആൽബമോ പാട്ടോ പുറത്തിറക്കുമ്പോൾ അതെല്ലാം ഈസിയായി കോപ്പി ചെയ്‌ത് റോഡ് സൈഡിൽ എല്ലാവരുടേയും മുന്നിലിട്ടു വിൽക്കുകയാണ്. തടയേണ്ടവർ പോലും കൂട്ടുനിൽക്കുന്ന സ്‌ഥിതി. സർക്കാർ ഭാഗത്തുനിന്നും കാര്യമായ ഒരു നടപടി ഉണ്ടായില്ല. നഷ്‌ടം സഹിച്ച് എത്ര സിഡികൾ ഇറക്കാനാവും. അതിനി തടയാൻ ആവുമെവന്നും തോന്നുന്നില്ല. കാരണം ധർമ്മം നഷ്‌ടപ്പെട്ട കാലമാണിത്. മനുഷ്യൻ കഴിയ്‌ക്കുന്ന മരുന്നിന്റെ കാര്യത്തിൽ പോലും പകൽക്കൊള്ളയും തട്ടിപ്പുമല്ലേ നടക്കുന്നത്.
∙ മരുന്നു വിപണിയിലെ കൊള്ളയ്‌ക്കെതിരെ ജനപക്ഷം എന്ന സംഘടനയുമായി ചേർന്ന് പോരാട്ടം നടത്തിയിരുന്നു. പക്ഷേ പ്രതീക്ഷിച്ച ഫലം ലഭിച്ചോ?
സങ്കടകരമാണ് ആ കാര്യം. മരുന്നിന്, പ്രത്യേകിച്ചും ജീവൻ രക്ഷാ മരുന്നുകൾക്കെല്ലാം കൊള്ളവിലയാണ് ഈടാക്കുന്നതെന്ന കാര്യം സർക്കാറിനും എല്ലാവർക്കും പകൽപോലെ വ്യക്‌തമായ കാര്യമാണ്. പക്ഷേ അതു നിയന്ത്രിക്കാൻ ഒരു നടപടിയും ഉണ്ടാവുന്നില്ല. ഒത്തുകളിപോലെയാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിലാണു കമ്പനിനികളിൽ നിന്നു ലഭിക്കുന്ന വിലയ്‌ക്കു തന്നെ ലാഭം ഈടാക്കാതെ മരുന്നുകൾ ലഭ്യമാക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പുകൾ തുടങ്ങാൻ ജനപക്ഷം തീരുമാനിച്ചത്. പലരും ഇതിനു സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. 8-9 വർഷം മുൻപ് അന്നത്തെ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് സർക്കാർ തന്നെ 14 ജില്ലകളിലും മൂന്നു മാസത്തിനകം ന്യായവില മെഡിക്കൽ ഷോപ്പ് തുടങ്ങുമെന്നായിരുന്നു. അതുവിശ്വസിച്ച് ജനപക്ഷം ആ സംരഭത്തിൽ നിന്നു പിൻമാറി. പക്ഷേ മന്ത്രിയുടെ വാക്കുകൾ പ്രഖ്യാപനം മാത്രമായി ഒതുങ്ങി. ഏറെ ഖേദകരമാണത്. എന്താണ് ഈ ന്യായമായ കാര്യത്തിൽ സർക്കാറിനു മുന്നിലുള്ള തടസം എന്നു മനസിലാവുന്നില്ല.
∙ മനസിൽ രാഷ്‌ട്രീയം ഉണ്ടോ? ഇടയ്‌ക്ക് ഒരു തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നു എന്ന് അഭ്യൂഹം പരന്നിരുന്നു.
അമേരിക്കയിലായിരുന്ന സമയത്താണ് ഞാൻ മനസാ വാചാ അറിയാതെ അത്തരം ഒരു പ്രചരണം ഉണ്ടായത്. ചില രാഷ്‌ട്രീയ പാർട്ടികൾ സീറ്റ് വാഗ്‌ദാനവുമൊക്കെയായി സമീപിച്ചു എന്നതു സത്യമാണ്. പക്ഷേ ഒരു രാഷ്‌ട്രീയ പാർട്ടിയിലോ ക്ലബിലോ നീ അംഗമാവരുത് എന്ന് അപ്പച്ചൻ തന്ന ഉപദേശമാണ് ഞാൻ എപ്പോഴും പാലിക്കുന്നത്. അരു നല്ലതു ചെയ്‌താലും അത് പാർട്ടി നോക്കാതെ പിന്തുണയ്‌ക്കുക എന്നേയുള്ളൂ. ജനകീയമായ വിഷയങ്ങളിൽ ഇടപെടുപത് ഒരു രാഷ്‌ട്രീയ ലക്ഷ്യവും മുൻനിർത്തിയല്ല. അങ്ങനെ ഒരു സ്‌ഥാനവും എനിക്കുവേണ്ട.
∙ ഇത്രയേറെ ആരാധകരുള്ള മറ്റൊരു മലയാളി ഉണ്ടാവില്ല. എന്നിട്ടും ഒരു ഫാൻസ് അസോസിയേഷൻ ഇല്ലാത്തതും യേശുദാസിന് മാത്രമായിരിക്കും.
ശക്‌തമായി തന്നെ വിലക്കിയിട്ടാണ്. നിരവധിപ്പേർ, പ്രത്യേകിച്ചും തമിഴ്‌നാട്ടുകാർ ഈ ആവശ്യവുമായി പലപ്പോഴും വന്നിട്ടുണ്ട്. എല്ലാവരേയും സ്‌നേഹത്തോടെ പിന്തിരിപ്പിക്കുകയായിരുന്നു. ആരാധിക്കേണ്ടതു ദൈവത്തെയാണ്. എന്നെ സ്‌നേഹിക്കാം. ബഹുമാനിക്കാം. അതു മതി. അതിനും എന്റെ പാട്ട് ആസ്വദിക്കാനും എന്റെ പേരിൽ ഒരു നല്ലകാര്യം ചെയ്യുന്നുണ്ടെങ്കിൽ അതിനും സംഘടനയുടെ ആവശ്യമില്ലല്ലോ.
∙ യുനെസ്‌ക്കോയുടെ അംഗീകാരവും പത്മവിഭൂഷണും മുതൽ ഡോക്‌ടറ്ററേറ്റുകൾ വരെ വലുതും ചെറുതുമായി നൂറുകണക്കിന് അംഗീകാരങ്ങൾ തേടിവന്നുകൊണ്ടേയിരിക്കുന്നു. ഇതിൽ ഏറ്റവും വിലമതിക്കുന്ന, സ്‌നേഹിക്കുന്ന അംഗീകാരം ഏതാണ്?
അതൊരു പൊന്നാടയാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ സമ്മാനിച്ചത്. സിനിമയിലൊക്കെ കാര്യമായി പാടി തുടങ്ങുന്ന കാലത്ത് ബോംബെയിലെ ഷൻമുഖാനന്ദ ഹാളിൽ ആദ്യമായി ഒരു കച്ചേരി നടത്തിയപ്പോൾ സദസിൽ മുഖ്യക്ഷണിതാവായി സ്വാമിയും ഉണ്ടായിരുന്നു. ഞാൻ ആദ്യമായി ആ മഹാനായ സംഗീതജ്‌ഞനെ കാണുകയാണ്. കച്ചേരി കഴിഞ്ഞതും അദ്ദേഹം സദസിൽ നിന്ന് എണീറ്റ് സ്‌റ്റേജിലേക്കു വന്നു. അദ്ദേഹത്തിന്റെ പൊന്നാടയെടുത്ത് എന്നെ അണിയിച്ചു. അദ്ദേഹത്തിന് ശൃംഗേരി മഠത്തിലെ ശങ്കരാചാര്യർ സമ്മാനിച്ചതാണത്. അവിശ്വസനീയമായിരുന്നു ആ അനുഭവം. അതിനോളം പോന്ന മറ്റൊരു അംഗീകാരമുണ്ടോ. ഇന്നും ആ പൊന്നാട പൊന്നു പോലെ ഞാൻ സൂക്ഷിക്കുന്നു.
∙ അമേരിക്കയിലേക്ക് താമസം മാറ്റാൻ ഇടയായതെങ്ങനെയാണ്? കൂടുതൽ സൗകര്യങ്ങൾ തേടിയാണോ?
മക്കൾക്ക് നല്ല വിദ്യാഭ്യാസം എന്നതായിരുന്നു ആദ്യത്തെ പ്രേരണ. അവിടെയാവുമ്പോൾ അവർ യേശുദാസിന്റെ മക്കളായല്ല അറിയപ്പെടുന്നത്. സാധാ കുട്ടികളായിട്ടാണ് പഠിച്ചു വളർന്നത്. റാഗിങ്ങ് പോലുള്ള പ്രശ്‌നങ്ങളുമില്ല. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ അമേരിക്കയിൽ തിരക്കൊഴിഞ്ഞ് വേണ്ടത്ര സമയം കിട്ടുന്നതിനാൽ സംഗീത ഗവേഷണത്തിനും പ്രാക്‌ടീസിനുമെല്ലാം കൂടുതൽ സൗകര്യവും കിട്ടി. അവിടെ ഡാലസിലെ വീട്ടിൽ തന്നെ ഞാൻ ഒരു സ്‌റ്റുഡിയോ സെറ്റ് ചെയ്‌തിട്ടുണ്ട്. അപൂർവ രാഗങ്ങളൊക്കെ ഭാവി തലമുറയ്‌ക്കായി പാടി സൂക്ഷിക്കണമെന്ന ആഗ്രഹത്തോടെ പലതും റെക്കോർഡ് ചെയ്തിട്ടുണ്ട്.
∙ കേരളത്തിൽ ഇപ്പോൾ സ്വന്തമായൊരു വീടില്ല. സങ്കടമില്ലേ?
ഫോർട്ട്‌കൊച്ചിയിലെ കുടുംബ വീട് പ്രത്യേക സാഹചര്യത്തിൽ വിറ്റുപോയെങ്കിലും അതു വാങ്ങി ഹോട്ടലാക്കിയ ആൾ എന്റെ പേരിൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. അമ്മച്ചി നട്ട മാവ് വെട്ടാതെ കെട്ടിടത്തിനകത്തു കൂടി വളരാൻ അനുവദിച്ചാണ് പുതിയ നിർമ്മാണം. അതൊരു സന്തോഷം. കേരളത്തിൽ വീടില്ലെങ്കിലും സ്‌ഥലമുണ്ട്. മദ്രാസിൽ ആണ് വീടും ഫ്‌ളാറ്റും ഉള്ളത്. കേരളത്തിൽ വീടില്ലെന്നു കരുതി ഞാൻ കേരളത്തിന്റെ സ്വന്തമല്ലാതാകുന്നില്ലല്ലോ. ഇവിടെ കൃഷിയൊക്കെയായി മനസിന് സ്വസ്‌ഥത തരുന്ന ഒരു സ്‌ഥലത്ത് താമസിക്കണം എന്ന ആഗ്രഹമുണ്ട്.
∙ സ്വപ്‌ന പദ്ധതി?
ഗുരുകുല സമ്പ്രദായത്തിൽ സംഗീതം അഭ്യസിപ്പിക്കുന്ന ഒരു മ്യൂസിക് സ്‌കൂൾ തുടങ്ങണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായതാണ്. കേരത്തിൽ അതിനു വേണ്ടി ശ്രമിക്കുകയും ചെയ്‌തു. പക്ഷെ നടന്നില്ല. മാത്രവുമല്ല, അങ്ങനെയൊരു ഡെഡിക്കേഷനോടെ പഠിക്കാൻ ഇന്ന് കുട്ടികളെ കിട്ടാനും പ്രയാസമാണ്. എല്ലാവർക്കും ഫാസ്‌റ്റ്‌ഫുഡ് മതി. വിദ്യാഭ്യാസ യോഗ്യത അല്ലാതെ, അഭിരുചിയുടെ അടിസ്‌ഥാനത്തിൽ പ്രവേശനം നൽകുന്ന ഒരു സ്‌കിൽ യൂണിവേഴ്‌സിറ്റിയായിരുന്നു മറ്റൊരു സ്വപ്‌നം. അവിടെ സംഗീതം മാത്രമല്ല ശിൽപ്പ നിർമ്മാമാണവും മരപ്പണിയും അങ്ങനെ എല്ലാത്തരം മികവുകളും പഠിപ്പിച്ച് വൈദഗ്‌ധ്യം നൽകുന്ന സർവകലാശാല. അതിനും തടസങ്ങളുണ്ട്. ഇനി ആരെങ്കിലും ഇതിനൊക്കെ മുൻകൈ എടുത്തു വന്നാൽ പിന്തുണ നൽകാൻ സന്തോഷമേയുള്ളൂ.
(മുൻപത്തെ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു)