കിനാവ് കാണിച്ച് കൊതിപ്പിച്ച കാവ്യഹൃദയം; സ്വപ്നലോകത്തെ ഗാനഭാസ്കരൻ!
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?" "അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം.
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?" "അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം.
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?" "അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം.
മറവിയുടെ അജ്ഞാതതീരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ഭാസ്കരൻ മാഷ്. സംസാരത്തിനിടെ ഓർമയുടെ കണ്ണികൾ ഇടയ്ക്കിടെ മുറിയുന്നു. എങ്കിലും ചോദിക്കാതിരിക്കാനായില്ല: "സ്വപ്നങ്ങളെക്കുറിച്ചല്ലേ മാഷ് ഏറ്റവുമധികം പാട്ടെഴുതിയിട്ടുള്ളത്?"
"അതെയോ?" അദ്ഭുതത്തോടെ മാഷിന്റെ ചോദ്യം. "പറഞ്ഞാട്ടെ. ഒന്നും ഓർമവരുന്നില്ല.."
നാവിൻ തുമ്പിലുണ്ടായിരുന്നു ആ പാട്ടുകളെല്ലാം. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും കാത്തുനിൽക്കേണ്ടി വന്നില്ല. ഓർമയുടെ അറകൾ തുറന്ന് ഘോഷയാത്ര പോലെ ഒഴുകിയെത്തുന്നു അവ: പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ, ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു, നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടി, സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണ്ണചിറകുകൾ വീശി, പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി, കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായ് വന്നവൻ ഞാൻ, സ്വപ്‌നങ്ങൾ അലങ്കരിക്കും നമ്മുടെ വീടു കണ്ടു, പൊൻകിനാവിൻ പുഷ്പരഥത്തിൽ പോയ് വരൂ നീ, ഒരിക്കലെൻ സ്വപ്നത്തിന്റെ ശരൽക്കാല കാനനത്തിൽ, കിനാവിന്റെ കുഴിമാടത്തിൽ, പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു, പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്, സ്വപ്നം എന്നുടെ കാതിൽ ചൊല്ലിയ കല്പിതകഥയിലെ രാജകുമാരാ, സ്വപ്നമാലിനീ തീരത്തുണ്ടൊരു കൊച്ചുകല്യാണ മണ്ഡപം, ഒരു കൊച്ചുസ്വപ്നത്തിൻ ചിറകുമായവിടുത്തെ, വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവു കണ്ടു, സ്വർഗഗായികേ ഇതിലേ ഇതിലേ സ്വപ്നലോലുപേ ഇതിലേ ഇതിലേ, കുങ്കുമപ്പൂവുകൾ പൂത്തു എന്റെ തങ്കക്കിനാവിൻ താഴ്‌വരയിൽ...
നിലയ്ക്കാത്ത ആ സ്വപ്നഗാനപ്രവാഹം കൗതുകത്തോടെ കേട്ടിരുന്നു മാഷ്; ഇതൊക്കെ താനെഴുതിയ പാട്ടുകൾ തന്നെയോ എന്ന വിസ്മയഭാവത്തോടെ. ഒരു പാട്ടിന്റെ പല്ലവി മൂളിയപ്പോൾ മാത്രം ആ മുഖത്ത് പൊടുന്നനെ തിരിച്ചറിവിന്റെ തിളക്കം. "സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം."
"നമ്മുടെ വിദ്യാധരന്റെ പാട്ടല്ലേ?" മാഷിന്റെ ചോദ്യം.
ഭാസ്കരൻ മാഷിന് ഏറെ പ്രിയപ്പെട്ട സ്വന്തം പാട്ടുകളിൽ ഒന്നാണതെന്നു നേരത്തേ അറിയാം. 1980 കളുടെ അവസാനം കോഴിക്കോട് അളകാപുരിയിൽ ചെന്നു കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ ഓട്ടോഗ്രാഫിൽ മാഷ് എഴുതിക്കൊടുത്ത വരികൾ. ജിജ്ഞാസ അടക്കാനാവാതെ അന്നേ ചോദിച്ചിരുന്നു, എന്താണീ വരികളോട് ഇത്ര സ്നേഹമെന്ന്. ഹൃദ്യമായി ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു: "രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളല്ലേ? സ്വപ്നവും ദുഃഖവും? സ്വാനുഭവത്തിൽ നിന്നെഴുതുമ്പോൾ കവിതകളോടും ഗാനങ്ങളോടും അൽപം സ്നേഹം കൂടും. ഈയിടെ ഈ പാട്ടിന്റെ ഇംഗ്ലിഷ് തർജമ ഒരാൾ അയച്ചുതന്നു. വായിച്ചുനോക്കിയപ്പോൾ കൊള്ളാം. ഈ ആശയത്തിന് ഒരു സാർവജനീനത ഉണ്ടല്ലോ എന്നു തോന്നി...''
ഷൂട്ടിങ് തുടങ്ങും മുൻപേ മൃതിയടഞ്ഞ "കാണാൻ കൊതിച്ച്'' എന്ന സിനിമയ്ക്കു വേണ്ടി 1985 ൽ റെക്കോർഡ് ചെയ്യപ്പെട്ട പാട്ടാണത്. കെ.സുകു (പിൽക്കാലത്ത് കളഭമഴ എന്ന ചിത്രം ഒരുക്കിയ സുകു മേനോൻ തന്നെ) സംവിധാനം ചെയ്യേണ്ടിയിരുന്ന പടമായിരുന്നു "കാണാൻ കൊതിച്ച്.'' ലോഹിതദാസിന്റെ ആദ്യ തിരക്കഥയിൽ നിന്നു പിറക്കേണ്ടിയിരുന്ന സിനിമ. സിനിമയിൽ ഒരൊറ്റ പാട്ടാണ് സുകുമേനോൻ ഉദ്ദേശിച്ചിരുന്നത്. പടത്തിന്റെ ആത്മാവായി മാറണം ആ പാട്ട്. തീവ്രമായ പ്രണയം പലവിധ തടസ്സങ്ങൾക്കൊടുവിൽ വിവാഹത്തിൽ കലാശിക്കുമ്പോൾ പശ്ചാത്തലത്തിൽ ഉയരേണ്ട ആശംസാഗാനമാണ്. സാഹിത്യ അക്കാദമിയുടെ എന്തോ മീറ്റിങ്ങിനായി അന്ന് തൃശൂരിലുണ്ട് പി.ഭാസ്കരൻ. എങ്കിൽ പിന്നെ മാഷെ കൊണ്ടുതന്നെ പാട്ടെഴുതിക്കാം എന്നു തീരുമാനിക്കുന്നു സംവിധായകൻ. സംഗീതസംവിധായകനായി താരതമ്യേന പുതിയൊരു ആൾ വേണമെന്നാണ് ആഗ്രഹം. "എന്റെ ഗ്രാമ''ത്തിൽ വിദ്യാധരൻ ചിട്ടപ്പെടുത്തിയ കൽപ്പാന്തകാലത്തോളം എന്ന പാട്ട് ഹിറ്റായി നിൽക്കുന്ന സമയം. നേരത്തേ `അഷ്ടപദി'യിൽ ഭാസ്കരൻ മാഷിന്റെ വരികൾക്ക് ഈണം പകർന്നിട്ടുണ്ട് വിദ്യാധരൻ. "വിണ്ണിന്റെ വിരിമാറിൽ''' എന്ന പാട്ട് ഭേദപ്പെട്ട ഹിറ്റുമായിരുന്നു. പുതിയ പടത്തിൽ ആ കൂട്ടുകെട്ടിനെ ഒരിക്കൽക്കൂടി പരീക്ഷിക്കാൻ തീരുമാനിക്കുന്നു സുകു മേനോൻ.
തൃശൂർ ബിനി ടൂറിസ്റ്റ് ഹോമിന്റെ ഒന്നാം നിലയിലെ മുറിയിലാണ് കമ്പോസിങ്. "ഭാസ്കരൻ മാഷിന്റെ കൂടെയുള്ള പാട്ടുണ്ടാക്കൽ ഒരു സംഭവമാണ്.''- വിദ്യാധരൻ ഓർക്കുന്നു. "വലിയൊരു സൗഹൃദക്കൂട്ടായ്മയിലാണ് പാട്ടു പിറക്കുക. ശോഭന പരമേശ്വരൻ നായർ, സുകു, ലോഹി.. എല്ലാവരുമുണ്ട് മുറിയിൽ. കട്ടിലിൽ ഹാർമോണിയവുമായി ഞാനും. സംവിധായകൻ പറഞ്ഞുകൊടുത്ത സിറ്റുവേഷൻ മനസ്സിലിട്ട് പാകപ്പെടുത്തിയെടുക്കുന്നു മാഷ്. മൂളിപ്പാട്ടൊക്കെ പാടി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് അദ്ദേഹം. ഒന്ന് രണ്ടു പല്ലവി പാടിക്കേൾപ്പിച്ചെങ്കിലും പരമേശ്വരൻ നായർക്കു ദഹിക്കുന്നില്ല. ഇതിലും ഉഗ്രൻ വരാനിരിക്കുന്നു എന്നറിയാം അദ്ദേഹത്തിന്. ഇടയ്ക്കെപ്പോഴോ കുളിമുറിയിൽ കയറി വാതിലടയ്ക്കുന്നു ഭാസ്കരൻ മാഷ്. പാട്ട് മൂളുന്നതൊക്കെ വെളിയിൽ കേൾക്കാം നമുക്ക്. അഞ്ചു മിനിറ്റ് കഴിഞ്ഞ് അദ്ദേഹം പുറത്തു വന്നത് ചുണ്ടിൽ നാല് വരികളുമായാണ്: "സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം; ആശ തൻ തേനും നിരാശ തൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്ക്കാം.''
"പല്ലവി ഇതുതന്നെ മതി. ഗംഭീരം.''- ശോഭന പരമേശ്വരൻ നായർ പ്രഖ്യാപിക്കുന്നു. ലോഹിക്കും സുകുവിനുമില്ല മറിച്ചൊരു അഭിപ്രായം. "ഇനി പൊടിപ്പും തൊങ്ങലും വിദ്യാധരന്റെ വക. അപ്പോഴേക്കും മാഷ് ബാക്കിയെഴുതും.'' പതിനഞ്ചു മിനിറ്റേ വേണ്ടിവന്നുള്ളൂ, പല്ലവി ചിട്ടപ്പെടുത്താൻ എന്ന് വിദ്യാധരൻ. "മാഷിന്റെ വരികളിൽ തന്നെ ഉണ്ടായിരുന്നു അവയുടെ സംഗീതം. ഒരൊറ്റ തവണ പാടിനോക്കുകയേ വേണ്ടി വന്നുള്ളൂ ഈണം കണ്ടെത്താൻ.''
അൽസ്ഹൈമേഴ്സ് ബാധിച്ച് മറവിയുടെ തീരത്തുകൂടി സഞ്ചരിക്കുമ്പോഴും വല്ലപ്പോഴുമൊക്കെ നേരിൽ കാണുമ്പോൾ ആ പാട്ടിനെ കുറിച്ച് സുകുവേട്ടനോട് ചോദിക്കാറുണ്ടായിരുന്നു മാഷ്. "നിങ്ങൾ ഒരു പടം ചെയ്യണം. അതിന് "സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം'' എന്ന പേരിടണം. സിനിമയ്ക്ക് ഇണങ്ങുന്ന പേരാണ്. അതിനും പാട്ടെഴുതുന്നത് ഞാനായിരിക്കും..'' അവസാന കൂടിക്കാഴ്ച കഴിഞ്ഞു യാത്രയാക്കവേ മാഷ് സംവിധായകനോടു പറഞ്ഞു. പക്ഷേ മറവിയുടെ ലോകത്തു നിന്ന് ഒരു തിരിച്ചുവരവുണ്ടായില്ല മാഷിന്. സ്വപ്‌നങ്ങൾ ബാക്കിവച്ച് സുകുമേനോൻ യാത്രയായത് 2018 ൽ.
ഇഷ്ടപ്പെട്ട സ്വപ്നഗീതികൾ വേറെയുമുണ്ട്. രവീന്ദ്രൻ മാസ്റ്ററുടെ ഈണത്തിൽ അനശ്വരമായ "പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി" ഉദാഹരണം. ആ ഗാനത്തിന്റെ പിറവിയുടെ കഥ "ഒരു മെയ് മാസപ്പുലരിയിലി'' (1987) ന്റെ സംവിധായകൻ വി.ആർ.ഗോപിനാഥ് ഒരിക്കൽ വിവരിച്ചു തന്നതോർക്കുന്നു. "ഒട്ടൊരു പ്രവചനാതീത സ്വഭാവമുള്ള പെണ്‍കുട്ടിയായിരുന്നു ആ ചിത്രത്തില്‍ ശാരി അവതരിപ്പിച്ച രേഷ്മ എന്ന കഥാപാത്രം. ആണ്‍കുട്ടികളെ പോലെ കളിച്ചു ചിരിച്ചും ഇടതടവില്ലാതെ സംസാരിച്ചും സുഹൃത്തുക്കളില്‍ നിന്നു സുഹൃത്തുക്കളിലേക്കു കൂടുമാറിയും നടന്ന ഒരു കുസൃതിക്കാരി. രേഷ്മയുടെ വ്യക്തിത്വത്തിലെ ഈ കുട്ടിത്തം ശരിക്കും പ്രതിഫലിക്കുന്ന ഒരു പാട്ട് വേണം. ചെറുപ്പം മുതലേ ഞാന്‍ ആരാധിക്കുന്ന ഗാനരചയിതാവിനെ കൊണ്ടു തന്നെ അതെഴുതിക്കണമെന്നു നേരത്തേ ഉറച്ചിരുന്നു. പാട്ട് എഴുതിത്തരികമാത്രമല്ല, സ്വന്തം മനസ്സിലെ താളത്തില്‍ അത് പാടി കസെറ്റിലാക്കി എന്നെ ഏല്‍പ്പിക്കുകയും ചെയ്തു ഭാസ്കരന്‍ മാഷ്.''
മുൻപും ഇതേ ആശയമുൾക്കൊണ്ട് പാട്ടെഴുതിയിട്ടുണ്ട് ഭാസ്കരൻ മാഷ്. ഗുരുവായൂർ കേശവനിലെ "സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണ്ണചിറകുകൾ വീശി പ്രത്യുഷ നിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാറി" ഓർക്കുക. സംസ്കൃത പദബഹുലമായിരുന്നു ആദ്യ സൃഷ്ടിയെങ്കിൽ ലാളിത്യമാണ് "പുലർകാല സുന്ദര സ്വപ്ന"ത്തിന്റെ മുഖമുദ്ര. എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ എന്തിനു ചുറ്റിപ്പറന്നൂ എന്നു ചോദിക്കുന്നുണ്ട് ഗുരുവായൂർ കേശവനിലെ കാമുകി. മെയ് മാസപ്പുലരിയിലെ കാമുകിയാകട്ടെ, ചിന്തിയ കൗമാര സങ്കല്പ ധാരയിൽ തന്നെത്തന്നെ മറന്നുപാടുന്നു. അതിനും വർഷങ്ങൾക്കു മുൻപ് വിലകുറഞ്ഞ മനുഷ്യൻ എന്ന ചിത്രത്തിനു വേണ്ടി "മധ്യാഹ്നസുന്ദര സ്വപ്നത്തിൽ ഞാനൊരു ചിത്രശലഭമായ് പറന്നുപോയി" എന്നെഴുതിയതും ഭാസ്കരൻ മാഷ് തന്നെ.
ചെന്നൈയില്‍ രവീന്ദ്രൻ മാസ്റ്ററുടെ വാടക വീട്ടില്‍ വച്ചായിരുന്നു "മെയ് മാസപ്പുലരി"യുടെ കമ്പോസിങ്. "മൂന്ന് ട്യൂണ്‍ ശരിയാക്കിയിട്ടുണ്ട്. ഇഷ്ടമുള്ളത് എടുക്കാം,'' -ഹാര്‍മോണിയത്തിനു മുന്നിലിരുന്നു സംഗീതസംവിധായകൻ പറഞ്ഞു. ഘനഗംഭീരമെങ്കിലും ഭാവാർദ്രമായ ശബ്ദത്തില്‍ ആദ്യത്തെ ഈണം അദ്ദേഹം പാടിക്കേള്‍പ്പിച്ചപ്പോള്‍ തന്നെ സംവിധായകൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു, തന്റെ സിനിമയിലെ രേഷ്മയുടെ പാട്ട് അതു തന്നെ എന്ന്. "പാട്ടില്‍ മുഴുകി നിശബ്ദനായി തരിച്ചിരുന്ന എന്നെ നോക്കി രവിയേട്ടന്‍ ചോദിച്ച ചോദ്യം ഇപ്പോഴും ഓര്‍മയിലുണ്ട്: എന്താ ഗോപിക്ക് ഇഷ്ടമായില്ല എന്നുണ്ടോ?'' നൂറു വട്ടം ഇഷ്ടമായി എന്നായിരുന്നു ഗോപിനാഥിന്റെ മറുപടി. "ഇഷ്ടപ്പെടുമെന്ന് എനിക്കറിയാം. മലയമാരുത രാഗത്തിന്റെ വശ്യതയാണത്. പുലരിയുടെ വിശുദ്ധഭാവം മുഴുവന്‍ ഉണ്ട് ആ രാഗത്തില്‍.''- രവീന്ദ്രന്‍ പറഞ്ഞു.
പാട്ടെഴുതിയ പി.ഭാസ്കരനും ഈണമിട്ട രവീന്ദ്രൻ മാസ്റ്ററും ശാരിയോടൊപ്പം രംഗത്തഭിനയിച്ച അനുഗൃഹീത നടന്മാരായ മുരളിയും നെടുമുടി വേണുവുമൊക്കെ ഇന്ന് ഓർമ. പക്ഷേ പാട്ട് ഇന്നും ജീവിക്കുന്നു; ജീവന്റെ ജീവനിൽ നിന്നുമൊരജ്ഞാത ജീമൂത നിർത്ധരി (പർവ്വതത്തിൽ നിന്നുള്ള നീർച്ചാലുകൾ) പോലെ കാതുകളിലേക്കും മനസ്സുകളിലേക്കും പ്രവഹിക്കുന്നു അത്.
അങ്ങനെയങ്ങനെ എത്രയെത്ര സ്വപ്നഗീതികൾ. മധുരക്കിനാവിന്റെ മറക്കാനാവാത്ത ഒരു കരിമ്പിൻ തോട്ടം തന്നെ മലയാളികൾക്കു പതിച്ചു നൽകി ഭാസ്കരൻ മാഷ്. പകൽക്കിനാവും മണിക്കിനാവും കനകക്കിനാവും തങ്കക്കിനാവും കാണാക്കിനാവും പൊൻകിനാവുമെല്ലാം ചിരിതൂകി നിന്നു ആ പാട്ടുതോട്ടത്തിൽ. "ഓരോ കിനാവിന്റെ മാമ്പൂവും തിന്ന് ഓരോരോ മോഹത്തിൻ തേൻപഴം തന്ന് ഓടിക്കളിച്ചതും പാടിപ്പറന്നതും ഒന്നായ് കണ്ണീരിൽ നീന്തിക്കുളിച്ചതും എങ്ങനെ നീ മറക്കും കുയിലേ" എന്നു മനം നൊന്ത് പാടിയ കവിഹൃദയത്തിൽ കിനാക്കൾക്കെന്ത് പഞ്ഞം?
പാട്ടിന്റെ വരികളിൽ ഇത്രയേറെ സ്വപ്‌നങ്ങൾ നിറച്ചുവച്ച ഗാനരചയിതാക്കൾ കുറവായിരിക്കും മലയാളത്തിൽ. എഴുതിയ ആദ്യത്തെ ഹിറ്റ് ഗാനങ്ങളിലൊന്നു തുടങ്ങുന്നതു തന്നെ കിനാക്കളിലല്ലേ? നവലോക (1951) ത്തിലെ "തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ." സിനിമാജീവിതത്തിലെ അവസാന ഹിറ്റുകളിലൊന്നായ "വെങ്കല"ത്തിലെ പാട്ടിലും സ്വപ്‌നങ്ങൾ കൊയ്യുന്നുണ്ട് ഭാസ്കരൻ മാഷ്: "ഒത്തിരി ഒത്തിരി മോഹങ്ങൾ കതിരിട്ട പുത്തരിചെമ്പാവു പാടത്ത് വണ്ണാത്തിപ്പുള്ളിന്റെ വായ്ത്താരി കേട്ടു ഞാൻ പൊന്നിൻ കിനാവുകൾ കൊയ്യാൻ പോയ്...."
സ്വപ്നങ്ങൾക്കു പ്രായം ബാധിക്കുന്നേയില്ലല്ലോ. ഭാസ്കരഗീതങ്ങൾക്ക് അതുകൊണ്ടുതന്നെ മലയാളി മനസ്സിൽ നിത്യയൗവനം. ഏതോ സ്വപ്നലോകത്തു കൂടി പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മെ കൈപിടിച്ചു നടത്തുന്നു ആ പാട്ടുകൾ.