അഡ്വാൻസ് തിരിച്ചുകൊടുക്കാനൊരുങ്ങി എംജി, ‘കട്ടയ്ക്കു’ കൂടെ നിന്ന് ബിച്ചു; പഴന്തമിഴ് പാട്ടിഴയും പിന്നണിക്കഥ!
‘‘ഇല്ല, എന്നെക്കൊണ്ട് കഴിയില്ല, നീ ഇതങ്ങ് തിരിച്ചു കൊടുത്തേക്ക്’’ – പാതിയുറക്കത്തിലായിരുന്ന ബിച്ചു തിരുമല മെല്ലെ കണ്ണുകൾ തുറന്ന് കൂടെയുള്ളവരുടെ സംഭാഷണത്തിനു കാതു കൊടുത്തു. കാറിന്റെ പിൻസീറ്റിലിരുന്ന എം.ജി.രാധാകൃഷ്ണൻ ഒരു പൊതി ഡ്രൈവറെ ഏൽപിക്കാൻ ശ്രമിക്കുകയാണ്, ഡ്രൈവർ സ്നേഹപൂർവം എതിർക്കുന്നുമുണ്ട്.
‘‘ഇല്ല, എന്നെക്കൊണ്ട് കഴിയില്ല, നീ ഇതങ്ങ് തിരിച്ചു കൊടുത്തേക്ക്’’ – പാതിയുറക്കത്തിലായിരുന്ന ബിച്ചു തിരുമല മെല്ലെ കണ്ണുകൾ തുറന്ന് കൂടെയുള്ളവരുടെ സംഭാഷണത്തിനു കാതു കൊടുത്തു. കാറിന്റെ പിൻസീറ്റിലിരുന്ന എം.ജി.രാധാകൃഷ്ണൻ ഒരു പൊതി ഡ്രൈവറെ ഏൽപിക്കാൻ ശ്രമിക്കുകയാണ്, ഡ്രൈവർ സ്നേഹപൂർവം എതിർക്കുന്നുമുണ്ട്.
‘‘ഇല്ല, എന്നെക്കൊണ്ട് കഴിയില്ല, നീ ഇതങ്ങ് തിരിച്ചു കൊടുത്തേക്ക്’’ – പാതിയുറക്കത്തിലായിരുന്ന ബിച്ചു തിരുമല മെല്ലെ കണ്ണുകൾ തുറന്ന് കൂടെയുള്ളവരുടെ സംഭാഷണത്തിനു കാതു കൊടുത്തു. കാറിന്റെ പിൻസീറ്റിലിരുന്ന എം.ജി.രാധാകൃഷ്ണൻ ഒരു പൊതി ഡ്രൈവറെ ഏൽപിക്കാൻ ശ്രമിക്കുകയാണ്, ഡ്രൈവർ സ്നേഹപൂർവം എതിർക്കുന്നുമുണ്ട്.
‘‘ഇല്ല, എന്നെക്കൊണ്ട് കഴിയില്ല, നീ ഇതങ്ങ് തിരിച്ചു കൊടുത്തേക്ക്’’ – പാതിയുറക്കത്തിലായിരുന്ന ബിച്ചു തിരുമല മെല്ലെ കണ്ണുകൾ തുറന്ന് കൂടെയുള്ളവരുടെ സംഭാഷണത്തിനു കാതു കൊടുത്തു. കാറിന്റെ പിൻസീറ്റിലിരുന്ന എം.ജി.രാധാകൃഷ്ണൻ ഒരു പൊതി ഡ്രൈവറെ ഏൽപിക്കാൻ ശ്രമിക്കുകയാണ്, ഡ്രൈവർ സ്നേഹപൂർവം എതിർക്കുന്നുമുണ്ട്. ഇരുവരേയും മാറി മാറി നോക്കിയ ബിച്ചു കാര്യം തിരക്കി. ‘‘എന്നാൽ നീ ഇതങ്ങ് കൊടുത്തേക്ക്.’’ മറുപടി പറയാൻ കൂട്ടാക്കാതെ എംജി ആ പൊതി ബിച്ചുവിനുനേരെ നീട്ടി. അപ്പോഴാണ് ബിച്ചു ശ്രദ്ധിച്ചത് - തന്റെ കയ്യിലും ഉണ്ടല്ലോ ഇതേപോലൊരു പൊതി. അൽപം മുമ്പ് കിട്ടിയതാണ്. പുതിയ പടത്തിനു പാട്ടൊരുക്കാനുള്ള ജോലി ഫാസിൽ തങ്ങളെ ഏൽപിച്ചിരിക്കുകയല്ലേ. ആ വകയിൽ കിട്ടിയ പ്രതിഫലത്തിന്റെ അഡ്വാൻസാണ് പൊതി! കഥയൊക്കെ കേട്ട് ജോലിയുമേറ്റെടുത്ത് ആലപ്പുഴയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് എംജിയുടെ ഈ മനം മാറ്റം. ‘‘എന്തുപറ്റി, ഈണമുണ്ടാക്കാൻ പ്രയാസമാണോ?’’ എങ്ങനെ വേണമെങ്കിലും ഈണങ്ങളെ ചൊൽപടിക്കു നിർത്താൻ തനിക്കാവുമെന്ന് പലവട്ടം തെളിയിച്ച എംജി അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം, ചോർന്നുപോയ ആത്മവിശ്വാസവുമായാണ് ബിച്ചുവിനു നേരെ നോക്കിയത് - ‘‘തഞ്ചാവൂരൂന്നുള്ള ആട്ടക്കാരി നാഗവല്ലിയും മാടമ്പള്ളി തറവാടും അവിടുത്തെ പ്രേതബാധയും...... ഏയ്, എന്റെ തലയിൽ ഒന്നും വരുന്നില്ല. എന്നെക്കൊണ്ടാവില്ല.’’ ആ മുഖത്ത് നിഴലിക്കുന്ന പരിഭ്രമം വായിച്ചറിഞ്ഞ ബിച്ചു തിരുമല ആശ്വസിപ്പിച്ചു - ‘‘പ്രേതങ്ങളെയൊക്കെ ഇങ്ങനെ പേടിച്ചാലോ. നമുക്ക് ചെയ്തു നോക്കാമെന്നേ. പറ്റില്ലെങ്കിൽ അപ്പോൾ പാച്ചിയോട് പറയാം.’’ പാതി തമാശയായാണെങ്കിലും കഥയുടെ പ്ലോട്ടും അവിടെ വരേണ്ട മൂഡും ബിച്ചുവിനേയും അൽപം ചിന്താധീനനാക്കിയിരുന്നു എന്നതാണ് സത്യം. പക്ഷേ, പാച്ചി (ഫാസിൽ) അവർക്ക് അന്യനല്ലല്ലോ, ആ ധൈര്യമായിരുന്നു അന്ന് പാട്ടെഴുതാമെന്നേറ്റ ബിച്ചുവിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ!
രണ്ടാഴ്ച കഴിഞ്ഞു. ഫാസിൽ പറഞ്ഞുവച്ച പ്ലോട്ടിനുള്ള ഈണമൊരുക്കൽ ലളിതഗാനങ്ങളുടെ ചക്രവർത്തിക്കു പക്ഷേ അത്ര ലളിതമായിരുന്നില്ല! ആലോചനകൾക്ക് അപ്പുറത്തേക്ക് ഒരടി പോലും മുന്നോട്ടു പോകാൻ പ്രതിഭ മുറ്റിയ ആ പ്രതിഭാസത്തിനു കഴിഞ്ഞിട്ടില്ല. ‘‘ആഹരിയല്ലാതെ ഒന്നും വരുന്നില്ല ബിച്ചു....’’ - വരിയെഴുതാൻ ആശാനോട് ഈണം ചോദിച്ച തിരുമലയ്ക്കു മുന്നിൽ മൂന്നര ദശാബ്ദങ്ങൾക്കായി മുഴുനീളൻ ക്ലാസിക്കുകൾ മെനഞ്ഞ ചക്രവർത്തിയുടെ നിരാശ നിറഞ്ഞ പരിഭവപ്പെടൽ. ‘‘എന്ത്, അന്നം മുടക്കി ആഹരിയോ?’’- ചോദിക്കണമെന്നുണ്ടായിരുന്ന ബിച്ചു പക്ഷേ ചോദിച്ചില്ല! പാട്ടൊരുക്കാൻ ആരും അത്ര ധൈര്യം കാട്ടാത്ത രാഗമല്ലേ, കേൾവികേട്ടവർ പോലും പാടാനറയ്ക്കുന്നതും! ആരും കടന്നുചെല്ലാൻ കൂട്ടാക്കാത്ത പാതയിലൂടെ ആരെയും കടത്തിവെട്ടാൻ പോന്ന കൈത്തഴക്കവുമായി കാതമേറെ നടന്നേറിയ പ്രിയ ചങ്ങാതിയെ ബിച്ചു എത്ര കണ്ടിരിക്കുന്നു! മറ്റൊരു പരീക്ഷണമായിക്കോട്ടെയെന്നുറപ്പിച്ച ബിച്ചു ഒട്ടും അമാന്തിക്കാതെ ചങ്ങാതിക്കു ധൈര്യം പകർന്നു -
‘‘ആശാൻ ധൈര്യമായി ചെയ്യെന്നേ..... എന്താവുമെന്ന് നമുക്ക് നോക്കാം.’’
* * * * *
‘‘യാരദ്, അന്ത ആഹരിയിലെ കീർത്തനം ഒൻഡ്രു പാടുവീങ്കളാ?’’ തെക്കിനിയിൽ ഗംഗയിലെ ചിത്തരോഗി നാഗവല്ലിയാകുന്നു, നാഗവല്ലി ഏതോ കൊട്ടാരനർത്തകിയാവുന്നു. മൾട്ടി ലെയേഡ് ഹാലൂസിനേഷനിൽ കാഴ്ചക്കാരെയിങ്ങനെ നാഗവല്ലി ഭ്രമിപ്പിക്കെ, ഡോ.സണ്ണി തിരയുന്ന ചില ഉത്തരങ്ങളാണ് പാട്ടാവുന്നത്. പറഞ്ഞുവച്ച കഥയിലെ നാഗവല്ലിയുടെ പ്രിയരാഗമാണ് ആഹരി. ഗംഗയെ സ്വതന്ത്രയാക്കി ശ്രീദേവിയെ പൂട്ടിയിട്ട് ഒരു സമസ്യയ്ക്ക് പരിഹാരം തേടിയ ഡോക്ടർക്ക് ഗംഗയിലെ നാഗവല്ലിയെ പഠിക്കണം. ‘പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി......’ കഥയോടു ചേർന്ന പാട്ടൊരുക്കുന്നതിൽ തികഞ്ഞ വൈദഗ്ധ്യം നേടിയ ബിച്ചുവിന് ഗംഗയോടും ശ്രീദേവിയോടുമൊക്കെ തോന്നിയ അനുകമ്പ ഒട്ടും ചെറുതായിരുന്നില്ല. നാഗവല്ലി എന്ന പഴയ തമിഴത്തിയായി ഇടയ്ക്കിടെ കൂടുമാറുന്ന ഗംഗയുടെ ഉപബോധ മനസ്സിൽ ശ്രുതിയിടുന്ന ആഹരിക്ക് ഡോ. സണ്ണിയെന്ന ‘പത്തു തലയുള്ള രാവണൻ’ വലിയ മാനങ്ങളാണ് കൊടുത്തത്. ഗംഗയിലെ സൈക്കിക്ക് വൈബ്രേഷനെ ഒന്നു കുറയ്ക്കാനെന്നവണ്ണം, പാട്ടു പിറക്കുന്ന കഥാവഴിയിൽ എന്തെന്തു ചിത്രങ്ങളാണ് തെളിയുന്നത്!
ഗംഗ പഴയ തംബുരുവും ശ്രീദേവി നിലവറമൈനയുമൊക്കെയായി മാറുന്നതും ആഹരിയിലൂടെ ചമച്ച അന്തരീക്ഷവും കൂടിയാവുന്നതോടെ അനിവാര്യമായൊരു പഴമയെപ്പുണർന്ന് ആസ്വാദക ചിന്തകളും നൂറ്റാണ്ടുകൾക്ക് പിന്നിലേക്കു മെല്ലെ ഒഴുകി നീങ്ങുകയായി. ശങ്കരൻ തമ്പിയെന്ന ക്രൂരനായ കാരണവരുടെ അഹന്തയ്ക്കുമുന്നിൽ തലയറ്റുവീണ രാമനാഥനും പാതിയിൽ മുറിഞ്ഞ പ്രണയവുമൊക്കെ വരികളിൽ തെളിയുമ്പോൾ അത് ചരിത്രത്തിന്റെ പുനരാഖ്യാനമാവുന്നു.
‘വിരലിൽനിന്നും വഴുതിവീണു
വിരസമായൊരാദിതാളം.... ’ - കൊള്ളാം, അബദ്ധത്തിൽ കൈവിട്ടുപോയാൽ പിന്നെ ഒക്കെയും വിരസമാവുകയേ ഉള്ളു എന്നതാണല്ലോ തത്വം. ആദിയിൽ മുറിഞ്ഞ പ്രണയത്തെ കുറിക്കാൻ തിരുമലച്ചേലിൽ പിറന്ന വരികളിലെ വ്യാഖ്യാനം അസ്സലായി! ഡോ. സണ്ണിയിലും ഇതേ സമയം ഇതളിട്ടു തുടങ്ങിയ ഒരു നൊമ്പരത്തെക്കൂടി വരികളിലേക്കു സന്നിവേശിപ്പിക്കാൻ ആ എഴുത്തഴകിനായി എന്നതും വേറിട്ട കാഴ്ച തന്നെ.
‘കുളിരിനുള്ളിൽ സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി....’
മുത്തശ്ശി പറഞ്ഞു കൊടുത്ത പഴങ്കഥകളിൽ ഹരം കൊണ്ട ഗംഗ അതിലെ കഥാപാത്രമായി മാറിപ്പോയ ട്രാജഡിയിലേക്കു വിരൽചൂണ്ടുന്ന വരികൾ. കേട്ടറിഞ്ഞ കഥകളിലേക്ക് ആണ്ടിറങ്ങിയ ഗംഗയിൽ അറിയാതെ പിടിമുറുക്കിയ ഡിസോസിയേറ്റീവ് പഴ്സനാലിറ്റി ഡിസോർഡർ നാൾക്കുനാൾ രൂക്ഷമാവുകയുമാണ്. ശങ്കരൻ തമ്പിയുടെ ചോര കാണാതെ ഗംഗയിലെ നാഗവല്ലി അടങ്ങില്ല.
അത്ര സാധാരണമല്ലാത്ത മാനസീകാവസ്ഥയിൽനിന്ന് ഒരു രോഗിയെ തിരികെ കൊണ്ടുവരിക ക്ലിനിക്കൽ സൈക്യാട്രിയിലെ കടുത്ത വെല്ലുവിളിയാണ്. പ്രിയസുഹൃത്തിന്റെ ഭാര്യയെ മരണത്തിനോ സ്ഥായിയായ ചിത്തഭ്രമത്തിനോ വിട്ടുകൊടുക്കാതെ സാധാരണ ജീവിതത്തിലേക്ക് എത്തിയ്ക്കാനുള്ള പോംവഴിയറിയാതെ ഉഴറുന്ന സണ്ണിയെയും ചരണത്തിലൂടെ വരച്ചുകാട്ടാൻ കവിക്കായി.
അസാധാരണ ഈണം കൊണ്ട് ഒന്നു വഴിമാറി നടക്കാനൊരുങ്ങിയ എംജിക്ക് ഒപ്പം നിൽക്കാനും കഥാകാരന്റെ ഉള്ളറിഞ്ഞ് വരികളൊരുക്കാനും തിരുമലയ്ക്ക് അത്ര പ്രയാസമില്ലായിരുന്നു. യേശുദാസ് എന്ന അമാനുഷിക പ്രതിഭയുടെ, ഏതുകാലത്തെയും അസൂയപ്പെടുത്തുന്ന ശബ്ദസൗന്ദര്യം കൂടിയായതോടെ പാട്ട് അതിന്റെ പൂർണതയെ തൊട്ടു.
‘‘ഫ്ലാഷ്ബാക്കിൽ നൂറ്റാണ്ടുകൾക്കപ്പുറത്തേക്കാണ് കാഴ്ചകൾ ഫോക്കസ് ചെയ്യേണ്ടത്. അവിടെ തികഞ്ഞ പഴമയെ തോന്നിപ്പിക്കുന്ന ഈണം വേണമെന്നത് എന്റെ നിർബന്ധമായിരുന്നു. അത് ഭദ്രമാക്കാൻ എംജിക്ക് അന്ന് കഴിയുമായിരുന്നുള്ളൂ.’’ - ഇങ്ങനൊരു ഉദ്യമം എംജിയെ വിശ്വസിച്ചേൽപിച്ചതിനു പിന്നിലെ ചേതോവികാരം ഫാസിൽ പിന്നീട് എത്രവട്ടം വെളിപ്പെടുത്തി! മണിച്ചിത്രത്താഴ് (1993) എന്ന എക്കാലത്തെയും മികച്ച സൈക്കളോജിക്കൽ ഹൊറർ ത്രില്ലർ അഭ്രപാളിയിൽ പിറക്കുമ്പോൾ അതുവരെ കാണാത്ത ഒരു ഇതിവൃത്തത്തെ ആയിരുന്നല്ലോ അനാവരണം ചെയ്തത്. മധു മുട്ടത്തിന്റെ കഥയ്ക്ക് ചമച്ച സിനിമാഭാഷ്യം അവസാന ഘട്ടംവരെ എത്തിയിട്ടും, ഒരുക്കിവച്ച സങ്കീർണതകൾക്ക് ഒപ്പം നിൽക്കാൻ പോന്ന ഒരു പേര് കണ്ടെത്താൻ ഫാസിലിനായിരുന്നില്ല. ഒടുവിൽ ബിച്ചുവിന്റെ വരികളിൽനിന്നുമായിരുന്നു ആസ്വാദകനെ ഭ്രമാത്മകതയിൽ പൂട്ടിയിട്ട ആ ‘മണിച്ചിത്രത്താഴ്’ സിനിമയ്ക്കുള്ള തലക്കുറിയായത്!
വിലക്കപ്പെട്ട രാഗത്തിന്റെ പേരുദോഷം മാറ്റാനുറപ്പിച്ച എംജി അസാധാരണ വാദ്യവിന്യാസമാണ് പാട്ടിലുടനീളം ഒരുക്കിവച്ചത്. ഒട്ടനവധി ഉപകരണങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഓർക്കസ്ട്രേഷൻ പാട്ടൊരുക്കലിലെ മറ്റൊരു വലിയ പ്രത്യേകതയായിരുന്നു. ഡ്രമ്മിന്റെ പൂർണ ചുമതല വിഖ്യാതനായ ശിവമണിയെ ഏൽപിച്ചപ്പോൾ പഴമയുടെ അന്തരീക്ഷം ഒരുക്കുന്നതിലും കഥയ്ക്കൊപ്പിച്ച മൂഡ് വരുത്തുന്നതിലും ഏറെ പങ്കുവഹിച്ച വയലിൻ കൈകാര്യം ചെയ്തതോ, സാക്ഷാൽ ഔസേപ്പച്ചനും!
അന്ധവിശ്വാസത്തിനപ്പുറത്തേക്ക്, ആഹരിയുടെ അന്നം മുടക്കലിനെ ഉൾക്കൊള്ളാൻ പാട്ടെഴുതിയ ആളോ പാട്ടൊരുക്കിയ ആളോ ഒരുക്കമല്ലായിരുന്നു. പക്ഷേ, പാട്ട് ഹിറ്റായതോടൊപ്പം വീണു പരുക്കേറ്റ ബിച്ചു രണ്ടു മാസത്തോളമായിരുന്നു കിടന്നു പോയത്. സുഖമില്ലാതായ എംജി നേരാംവണ്ണം ആഹാരം കഴിക്കാനാവാത്ത കടുത്ത പഥ്യവുമായി ഒന്നരമാസത്തെ ആയുർവേദ ചികിത്സയിലും!
വിശ്വാസങ്ങൾ പിന്നെയും അന്ധതയെ പുൽകി മാടമ്പള്ളിയിലെ തെക്കിനിയിലേക്ക്......
കനത്ത നിശ്ശബ്ദതയെ ഭേദിച്ച് കേൾവികളിൽ പിന്നെയും ആ മെതിയടി ശബ്ദം...
‘‘യാരത്?’’ അടഞ്ഞ വാതിലിനപ്പുറത്ത്, നർത്തനം നിർത്തിയ നാഗവല്ലിയുടെ ചോദ്യം കാലത്തെ ഭേദിച്ച് കാതിൽ മുഴങ്ങുന്നു. മുറുക്കാൻ ചെല്ലത്തിലേക്കു മിഴികൾ നട്ട്, പാട്ടൊരുക്കലിന്റെ കുലപതി കഥയുടെ വേരറിഞ്ഞ് പരതുന്നുണ്ടാവാം, വീണ്ടുമൊരു അപൂർവ രാഗത്തെ.....