തലമുറകളുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ട പാട്ടുകാരൻ, അതികായന്മാരുടെ ചങ്ങാതി; കോഴിക്കോടിന്റെ സ്വന്തം സലാംക്ക!
കോഴിക്കോട്ടെ സംഗീതത്തെയും സംഗീത കൂട്ടായ്മകളെയും ഇഴയടിപ്പിച്ചു നിർത്തിയ സലാംക്കയുടെ ജീവിതം പാട്ടിനൊപ്പം ഒഴുകാൻ തുടങ്ങിയിട്ട് വർഷം 50. കല്യാണ വീടുകളിലെ തട്ടിൻ പുറത്തു നിന്ന് തുടങ്ങിയ പാട്ട് ജീവിതം കടൽ കടന്ന് മറ്റ് പല രാജ്യങ്ങളിലേക്കും ഒഴുകി. എം.എസ്.ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ഉമ്പായി, വിദ്യാധരൻ
കോഴിക്കോട്ടെ സംഗീതത്തെയും സംഗീത കൂട്ടായ്മകളെയും ഇഴയടിപ്പിച്ചു നിർത്തിയ സലാംക്കയുടെ ജീവിതം പാട്ടിനൊപ്പം ഒഴുകാൻ തുടങ്ങിയിട്ട് വർഷം 50. കല്യാണ വീടുകളിലെ തട്ടിൻ പുറത്തു നിന്ന് തുടങ്ങിയ പാട്ട് ജീവിതം കടൽ കടന്ന് മറ്റ് പല രാജ്യങ്ങളിലേക്കും ഒഴുകി. എം.എസ്.ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ഉമ്പായി, വിദ്യാധരൻ
കോഴിക്കോട്ടെ സംഗീതത്തെയും സംഗീത കൂട്ടായ്മകളെയും ഇഴയടിപ്പിച്ചു നിർത്തിയ സലാംക്കയുടെ ജീവിതം പാട്ടിനൊപ്പം ഒഴുകാൻ തുടങ്ങിയിട്ട് വർഷം 50. കല്യാണ വീടുകളിലെ തട്ടിൻ പുറത്തു നിന്ന് തുടങ്ങിയ പാട്ട് ജീവിതം കടൽ കടന്ന് മറ്റ് പല രാജ്യങ്ങളിലേക്കും ഒഴുകി. എം.എസ്.ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ഉമ്പായി, വിദ്യാധരൻ
കോഴിക്കോട്ടെ സംഗീതത്തെയും സംഗീത കൂട്ടായ്മകളെയും ഇഴയടിപ്പിച്ചു നിർത്തിയ സലാംക്കയുടെ ജീവിതം പാട്ടിനൊപ്പം ഒഴുകാൻ തുടങ്ങിയിട്ട് വർഷം 50. കല്യാണ വീടുകളിലെ തട്ടിൻ പുറത്തു നിന്ന് തുടങ്ങിയ പാട്ട് ജീവിതം കടൽ കടന്ന് മറ്റ് പല രാജ്യങ്ങളിലേക്കും ഒഴുകി. എം.എസ്.ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ഉമ്പായി, വിദ്യാധരൻ മാസ്റ്റർ എന്നിവരുടെയെല്ലാം ഒപ്പം സംഗീതവുമായി നാടുകൾ പലതും താണ്ടി. 70 വയസ്സ് കഴിഞ്ഞ സലാം കോഴിക്കോടൻ വീഥികളിലൂടെ സഞ്ചരിച്ച പാട്ടിന്റെ ചരിത്രവും കൂടിയാണ്. മൈക്ക് പോലുമില്ലാത്ത കാലത്ത് തൊണ്ടകീറി പാടിയിരുന്ന പാട്ടുകാരിൽ നിന്ന് വരികൾക്കൊപ്പം ചുണ്ടനക്കുന്ന പാട്ടുകാരിലേക്ക് വരെ എത്തിനിൽക്കുന്ന സംഗീത പരിപാടികളുടെ ദൃക്സാക്ഷിയാണ് സലാം.
മാളിക മുകളിലെ പാട്ട്
വിവാഹത്തിന് മാളിക വീടുകളുടെ മച്ചിൽ സംഗീത പരിപാടികൾ നടത്തുമായിരുന്നു. ചെറു അഴികളുള്ള മച്ചിൽ ഒറ്റ ടർണർ മൈക്കിന് പിന്നിലിരുന്നാണ് ഗായകൻ പാടുന്നത്. പണ്ടത്തെ കോളാമ്പി സ്പീക്കറിൽ വിവാഹ വീട്ടിൽ അതിഥികൾ പാട്ട് കേൾക്കും. ആരാണ് പാടിയതെന്ന് ആരും അറിയില്ല. മൂത്ത സഹോദരൻ മൊയ്തീൻ കോയ ആണ് സലാമിനെ പാട്ടിന്റെ ലോകത്തേക്കു കൈപിടിച്ചത്. കല്യാണവീട്ടിലെ ഗാനമേളയിൽ പാടിക്കൊണ്ടായിരുന്നു പന്ത്രണ്ടാം വയസ്സിൽ തുടക്കം. അന്ന് പെൺശബ്ദത്തിലാണ് പാടിയത്. പിന്നീട് മുസ്‌ലിം ലീഗിന്റെ സമ്മേളനത്തിൽ വലിയ സദസ്സിനു മുന്നിൽ പാടി. ഇതോടെയാണ് ഗായകനാകണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയത്. ആ ആഗ്രഹം 50 വർഷം നീണ്ട സംഗീതജീവിതത്തിലെത്തിനിൽക്കുകയാണ്.
യുണൈറ്റഡ് ഡ്രാമ അക്കാദമയിൽ ചേർന്നതോടെ പാട്ടിന്റെ ലോകത്തേക്ക് പുതിയ വഴി തുറന്നു. പിന്നീട് ഹട്ടൻസ് ഓർക്കസ്ട്രയിലേക്കു ചേക്കേറി. ഹട്ടൻസ് ഓർക്കസ്ട്ര അക്കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന ട്രൂപ്പായിരുന്നു. അതിലെ പാട്ടുകാർക്കു താരപരിവേഷമായിരുന്നു. തുടർന്നാണ് കോഴിക്കോട്ടുകാരുടെ ബാബുക്കയായ എം.എസ്.ബാബുരാജിനൊപ്പം ചേരുന്നത്. ബാബുരാജ് ഈണമിട്ട പാട്ടുകളോട് സലാമിന് ഇഷ്ടം കൂടുതലാണ്. ബാബുരാജിന്റെ പാട്ടുകൾ നന്നായി പാടുന്ന ആൾ എന്നാണ് സലാമിനെ കോഴിക്കോട്ടുകാർ അംഗീകരിച്ചിട്ടുള്ളത്. നിരവധി നാടകങ്ങൾക്കുവേണ്ടിയും സലാം പാട്ടുപാടി.
പാട്ടുകാരെ ചേർത്തുനിർത്തി
പാടുന്നതിനൊപ്പം ഗാനമേളകളുടെയും മറ്റ് സ്റ്റേജ് പരിപാടികളുടെയും സംഘാടകൻ എന്ന നിലയിലും സലാം തിളങ്ങി. എഴുപതുകളിൽ വ്യാപാരവുമായി ബന്ധപ്പെട്ട് സലാം ഗൾഫിലേക്കു പോയി. ഗൾഫിൽ താമസിക്കുന്നതിനിടെ സ്വന്തമായി പല്ലവി എന്ന പേരിൽ ഓർക്കസ്ട്ര രൂപീകരിച്ചു. അന്ന് ബഹ്റൈനിൽ മലയാളികൾക്കിടയിൽ ആദ്യമായി രൂപീകരിച്ച ഓർക്കസ്ട്രയായിരുന്നു അത്. നാട്ടിൽ എത്തിയ ശേഷവും പല്ലവി എന്ന പേരിൽ തന്നെ ഓർക്കസ്ട്ര പ്രവർത്തനം തുടർന്നു.
60 പീസ് വാദ്യോപകരണങ്ങൾ ഉൾപ്പെടുത്തി കല്യാൺജി ആനന്ദ്ജി മ്യൂസിക് നൈറ്റ്, 50 പീസ് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ എസ്.പി.ബാലസുബ്രഹ്മണ്യം, ചിത്ര എന്നിവരുടെ ഗാനമേള, ഉമ്പായി മ്യൂസിക് അക്കാദമിയുടെ പേരിൽ കേരളത്തിൽ ആദ്യത്തെ ഹിന്ദുസ്ഥാനി ഫെസ്റ്റിവൽ, ഇന്ത്യയിലെ പ്രമുഖ കലാകാരൻമാരെ ഉൾപ്പെടുത്തി മൂന്ന് ദിവസം നീണ്ട ‘തരംഗ്’ എന്നിവയുൾപ്പെടെ അനവധി പരിപാടികൾ സംഘടിപ്പിച്ചു.
10 വർഷം എംഡബ്ല്യുഎ (മ്യുസിഷ്യൻ വെൽഫെയർ അസോസിയേഷൻ) പ്രസിഡന്റ്, 15 വർഷം എംഎഎ (മ്യൂസിക് ആർട്ടിസ്റ്റ് അസോസിേയഷൻ) പ്രസിഡന്റ്, ഉമ്പായി മ്യൂസിക് അക്കാദമി സെക്രട്ടറി, കോഴിക്കോട്ടെ മിക്ക കലാസംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുന്ന കല, സാംസ്കാരിക സംയുക്ത വേദി സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം സ്തുത്യർഹമായ സേവനമാണ് സലാം നടത്തിയത്. കലാകാരൻമാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് സമര പരിപാടികൾക്കും നേതൃത്വം നൽകി.
അരങ്ങൊഴിഞ്ഞ ഗാനമേളകൾ
ഒരുകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം പള്ളികളിലും അമ്പലങ്ങളിലും ഗാനമേളകളിൽ പാടിയിരുന്ന ആളായിരുന്നു സലാം. കാലക്രമേണ ഉത്സവപ്പറമ്പുകളിൽ നിന്ന് ഗാനമേള മാറ്റിനിർത്തപ്പെട്ടു. പാട്ടുകാരുടെ പ്രവർത്തനം തന്നെയാണ് ഈ പിൻവാങ്ങലിന് കാരണമായതെന്നാണ് സലാമിന്റെ അഭിപ്രായം. അനുചിതമായ പാട്ടുകൾ പാടുകയും അത് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നത് പലയിടത്തും പതിവായി. ഇതോടെ സംഘാടകർ ഗാനമേള ഒഴിവാക്കാൻ തുടങ്ങി. അല്ലെങ്കിൽ ഭക്തിഗാനമേളയിലേക്ക് മാത്രമായി പരിപാടി ഒതുക്കി. അതിനു മുമ്പ് തന്നെ കഥാപ്രസംഗവും നാടകവും ഏറെക്കുറെ അരങ്ങ് വിട്ടിരുന്നു. ആർട്ടിസ്റ്റുകൾക്കു നൽകേണ്ട പ്രതിഫലം കുത്തനെ കൂടിയതും പ്രതികൂലമായി ബാധിച്ചു.
മുൻകാലത്തെ അപേക്ഷിച്ച് ഗാനമേളകളുടെ രീതി തന്നെ മാറി. പാട്ടുകൾ നേരത്തേ റെക്കോർഡ് ചെയ്ത് വച്ചശേഷം സ്റ്റേജിൽ ചുണ്ടനക്കുന്ന രീതിയിലേക്കു കാര്യങ്ങൾ എത്തി. ഇതോടെ ഗാനമേളകളുടെ തനിമ തന്നെ നഷ്ടപ്പെടുന്ന സാഹചര്യമായെന്നും സലാം പറയുന്നു.
എളുപ്പം മറക്കുന്ന സിനിമാ പാട്ടുകൾ
സിനിമാ പാട്ടുകളുടെ കാര്യത്തിലും വലിയ മാറ്റം സംഭവിച്ചുവെന്ന് സലാം പറയുന്നു. യേശുദാസിന്റെയോ ചിത്രയുടേയോ പാട്ടുകേട്ടാൽ ആരാണ് അത് പാടിയതെന്നും അതിന്റെ വരികൾ എഴുതിയതും സംഗീതം നൽകിയതും ആരാണെന്നും പലർക്കും അറിയാമായിരുന്നു. ഇന്ന് അങ്ങനെയല്ല. ധാരാളം പാട്ടുകാരുണ്ട്. ഒന്നോ രണ്ടോ പാട്ടുകൾ പാടിയശേഷം അവർ ഈ രംഗത്തു നിന്നും മാറിപ്പോകുന്നു. അടുത്ത ആളുകൾ വരുന്നു. അതിനാൽ പലർക്കും സിനിമയിൽ പാടാൻ അവസരം ലഭിക്കുന്നു എന്നത് നേട്ടമാണ്. പക്ഷേ പുതിയ തലമുറയിലെ ചുരുക്കം ചില പാട്ടുകാരെ മാത്രമേ പലർക്കും അറിയുകയുള്ളു.
യൂട്യൂബ് വഴിയും ആൽബത്തിലൂടെയും ധാരാളം പേർ പാടുന്നുണ്ട്. അതുകൊണ്ട് തന്നെ പണ്ടത്തെപ്പോലെ പാട്ടുപാടാൻ വേദി കാത്തിരിക്കേണ്ട സാഹചര്യം ഇല്ലാതായി. അതേ സമയം, കാലത്തിനപ്പുറത്തേക്ക് ജീവിക്കുന്ന പുതിയ പാട്ടുകളും വിരളമായി.
മരണം വരെ തുടരുന്ന ആത്മബന്ധങ്ങൾ
എം.എസ്.ബാബുരാജ്, കോഴിക്കോട് അബ്ദുൽ ഖാദർ, ദേവരാജൻ മാസ്റ്റർ, ഉമ്പായി, സതീഷ് ബാബു, നജ്മൽ ബാബു, മുഹമ്മദ് അസ്‌ലം തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചതിന്റെ ജീവൻ തുടിക്കുന്ന സ്മരണകളാണ് സലാമിനുള്ളത്. ഉമ്പായി കോഴിക്കോട് വന്നാൽ സലാമിന്റെ വീട്ടിലേക്കാണ് എത്തിയിരുന്നത്. ആ ബന്ധം മരണക്കിടക്ക വരെ തുടർന്നു. ബാബുരാജിനൊപ്പം ഉണ്ടും ഉറങ്ങിയും പലയിടത്തും സഞ്ചരിച്ചു. ബാബുക്കയുടെ സംഗീതത്തെ അനുധാവനം ചെയ്യുന്ന ആളായി മാറി. പല യുവാക്കൾക്കും പാട്ട് പാടാൻ വേദിയൊരുക്കുന്നതിനും സലാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ സംഗീതലോകത്തെ സലാമിന്റെ ബന്ധത്തിന് ആഴവും പരപ്പും ഏറെയാണ്.
ഇങ്ങനെ 50 വർഷം പിന്നിട്ട സലാമിന്റെ സംഗീത ജീവിതത്തെ ആദരിക്കുകയാണ് കോഴിക്കോട് പൗരാവലി. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് സ്നേഹാദരം എന്ന പേരിൽ ശ്രീനാരായണ സെന്റനറി ഹാളിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഹരിഹരൻ, ഷാജി കൈലാസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, വിദ്യാധരൻ മാസ്റ്റർ, എം.കെ.രാഘവൻ എംപി തുടങ്ങിയ പ്രമുഖരുടെ വലിയ നിര പരിപാടിയിൽ പങ്കെടുക്കും.
കലാകുടുംബം
എഴുത്തുകാരൻ യു.എ.ഖാദറിന്റെ മകൾ സറീനയാണ് ഭാര്യ. മരുമകൻ കലാകാരനാകണമെന്ന യു.എ.ഖാദറിന്റെ ആഗ്രഹമാണ് സലാമിന്റെയും സറീനയുടെയും വിവാഹത്തിലെത്തിയത്. ഷിനാഫ്, ഷാസിം, ശാരിക എന്നിവരാണ് മക്കൾ. ശാരിഖയും പിതാവിനെപ്പോലെ തന്നെ പാട്ടുകാരിയാണ്. ഉമ്പായി ഉൾപ്പെെടയുള്ളവരോടൊപ്പം ശാരിഖ പാടിയിട്ടുണ്ട്. ഉപ്പയും മകളും ഒരേ വേദിയിൽ പാടാറുണ്ട്.
50 വർഷം കഴിഞ്ഞെങ്കിലും സംഗീതത്തോടുള്ള അഭിനിവേശം സലാമിന് ഒട്ടും കുറഞ്ഞിട്ടില്ല. പാടിയും പാടാൻ ഇടം ഒരുക്കിയും സലാം സംഗീത സപര്യ തുടരുകയാണ്.