അലമേലു, നിന്റെ പ്രണയം തോറ്റുപോയത് മറ്റൊരു പ്രണയത്തിനു മുന്നിൽ മാത്രമാണ്; ഒടുവിൽ മരണത്തിലേക്കു നീ മടങ്ങി!
അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം... അറിയാതെയും പറയാതെയും പോകുന്ന പ്രണയത്തിന്റെ നോവാഴത്തിനൊപ്പം ഞാനെന്നും ചേർത്തുവയ്ക്കുന്നൊരു പേരുണ്ട്; അലമേലു. ‘മഴയെത്തുംമുൻപേ’ എന്ന ചിത്രത്തിലെ അലമേലുവിനെ ഓർമയില്ലേ? എപ്പോഴും കുട്ടിയുടുപ്പും ചുരുൾമുടിക്കെട്ടും ചിരിയും കുസൃതിയുമുള്ള പരിഷ്കാരിയായ

അറിയുന്നില്ലാത്മാനുരാഗം
അറിയേണ്ടൊരാൾ മാത്രം...
അറിയാതെയും പറയാതെയും പോകുന്ന പ്രണയത്തിന്റെ നോവാഴത്തിനൊപ്പം ഞാനെന്നും ചേർത്തുവയ്ക്കുന്നൊരു പേരുണ്ട്; അലമേലു. ‘മഴയെത്തുംമുൻപേ’ എന്ന ചിത്രത്തിലെ അലമേലുവിനെ ഓർമയില്ലേ? എപ്പോഴും കുട്ടിയുടുപ്പും ചുരുൾമുടിക്കെട്ടും ചിരിയും കുസൃതിയുമുള്ള പരിഷ്കാരിയായ പെൺകുട്ടി.
വേണ്ടതിനും വേണ്ടാത്തതിനുമുള്ള പിടിവാശിയും ഒച്ചപ്പാടും, പോരാഞ്ഞതിന് അലമേലു എന്ന പേരുദോഷവും. കൂട്ടുകാരികളോടുള്ള പന്തയംവയ്‌പിൽ ജയിക്കാൻ വേണ്ടിയാണ് നന്ദൻ മാഷിനെക്കൊണ്ട് തന്നെ ഇഷ്‌ടമാണെന്നു പറയിക്കുമെന്ന് അവൾ വാശി പിടിച്ചത്. അക്കാലത്ത് അലമേലു കാട്ടിക്കൂട്ടിയ വികൃതികൾ കാണുമ്പോൾ മനസ്സു കൊണ്ട് ഞാനും ആഗ്രഹിച്ചുപോയിട്ടുണ്ട്, കൂട്ടുകാരികളോടുള്ള പന്തയംവയ്‌പിൽ എന്റെ അലമേലു തന്നെ ജയിക്കണമെന്ന്.
നിലവിളക്കും താലിയും കസവുപുടവയുമൊക്കെ കനവുകണ്ടു തുടങ്ങിയപ്പോഴാണ് മാഷ് അവളെ ആദ്യമായി അദ്ദേഹത്തിന്റെ നാട്ടിലേക്കു ക്ഷണിക്കുന്നത്. അന്നു മാഷിന്റെ തറവാട്ടുവീട്ടിലെത്തിയപ്പോൾ വരന്റെ വീട്ടിലേക്കാദ്യമായെത്തുന്ന പെൺകൊടിയെ പോലെ നാണത്തോടെ കാൽവിരൽകൊണ്ടു കളം വരച്ചതും അമ്മയുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയതും ഞാൻ ഓർമിക്കുന്നു. അപ്പോഴും അവൾക്കറിയില്ലായിരുന്നു അയൽത്തൊടിക്കപ്പുറം അമ്മാവന്റെ വീട്ടിൽ നന്ദനു വേണ്ടി മാത്രം പിറന്ന പെണ്ണൊരുവൾ കാത്തിരിക്കുന്നുണ്ടായിരുന്നുവെന്ന്; ഉമ. മുടിപ്പിന്നലിന്റെ തുമ്പത്തു പിച്ചിപ്പൂ ചൂടി, ഇളം നിറത്തിലുള്ള സാരി ഭംഗിയായി ഞൊറിഞ്ഞു ചുറ്റി, നാവിലൊരു നാടൻപാട്ടിന്റെ നാലുവരി മൂളി മാഷിനോടൊപ്പം തോളോടു തോൾ ചേർന്നു നടക്കുമ്പോൾ എന്തൊരഴകായിരുന്നു ഉമേച്ചിയെ കാണാൻ.
അലമേലൂ, നിനക്കു പരിഭവം തോന്നില്ലെങ്കിൽ നിന്നോടുള്ള മുഴുവൻ ഇഷ്‌ടത്തോടെയും തുറന്നു പറയട്ടെ. നിന്റെ നന്ദൻമാഷിനു ചേരുന്നത് ഉമേച്ചി തന്നെയായിരുന്നു. ഇനിവരും ജന്മങ്ങളിലേക്കു കൂടി നിന്റെ മാഷിനെ പ്രണയം കൊണ്ടു തീറെഴുതി വാങ്ങിയവൾ. എത്ര കാതം ദൂരെയും എത്ര കാലം അകലെയും കാത്തുകാത്തിരിക്കാൻ ഉമേച്ചിയെ പോലൊരാൾ ഉണ്ടെന്നറിഞ്ഞിട്ടും അവരോടുള്ള പ്രണയം മാഷ് നിന്റെ കൺമുന്നിൽ തുറന്നുകാട്ടിയിട്ടും പിന്നെയും നീ വാശി പിടിച്ചതെന്തിനായിരുന്നു? എല്ലാ പിടിവാശികളും അവസാനിപ്പിച്ചു മരണത്തിലേക്കു മടങ്ങിയെങ്കിലും നിനക്കു സമാധാനിക്കാം; നിന്റെ പ്രണയം തോറ്റുപോയതു മറ്റൊരു പ്രണയത്തിനു മുന്നിൽ മാത്രമായിരുന്നല്ലോ എന്ന്. നാട്ടിലെ തറവാട്ടുപൂമുഖത്തെ ചാരുതിണ്ണപ്പടിയിൽ മഴക്കുളിരു കൊണ്ടും മഴവില്ലിനെ പുണർന്നും ഉമേച്ചിക്കൊപ്പം നന്ദൻമാഷ് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രണയം ജീവിച്ചുതീർക്കുന്നുണ്ടാകുമെന്ന് കരുതാനാണ് എനിക്കിഷ്ടം.
ഗാനം: എന്നിട്ടും നീ പാടീല്ലല്ലോ
ചിത്രം: മഴയെത്തുംമുൻപേ
രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
ആലാപനം: എസ്. ജാനകി
ചിച്ചാം ചിച്ചാം ചിച്ചാം ചിച്ചാം
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
തിങ്കൾകൊമ്പിൽ കൂടും കൂട്ടി കാതോർത്തിരിപ്പൂ ഞാൻ
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം
പൂമഴയിൽ കുളിരുമ്പോൾ പാൽനിലാവിൽ അലിയുമ്പോൾ
ഞാനിന്നു നിന്നെ മറന്നു
അറിയാതെ അറിയാതെ ഉണർന്നു
ഏഴുവർണമായ് വിരിഞ്ഞു
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
അനുവാദമില്ലെങ്കിലും ഞാൻ ഈ മാറിൽ വനമാലയാകും
മഞ്ഞുണരും പൂങ്കാറ്റായ് ഒന്നരികിൽ വന്നാലോ
മിണ്ടുന്ന മൗനങ്ങളായ് ഞാൻ പറയാതെയെല്ലാം പറയാം
സ്‌നേഹഗീതമായ് തലോടാം.
ചിച്ചാം ചിച്ചാം ചിച്ചാം ചിച്ചാം
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ...