അച്ഛൻ ഇങ്ങനെയാകണം; ഇന്ത്യ ഏറ്റെടുക്കുന്നു ആമിറിന്റെ പാട്ട്

ദംഗൽ എന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ഇന്ത്യയൊന്നാകെ എന്നു തന്നെ പറയാം. ആമിറിന്റെ ലുക്കും യഥാർഥകഥയിലെ ആവേശവും ചേർന്നപ്പോൾ പതിവ് ആമിർ ചിത്രങ്ങളൊരുക്കുന്ന ആകാംഷകളേക്കാൾ അൽ‌പം മേലെയാണ് ആ കൗതുകം. ചിത്രത്തിന്റെ ട്രെയിലറിനെ പോലെ ഇപ്പോൾ എത്തിയ പാട്ടിനേയും ഇന്ത്യ ഏറ്റെടുക്കുകയാണ്. ഹാനികാരക് ബാപ്പു എന്ന് നമ്മള്‍ ഏറ്റുപാടുകയാണ്.  ഗോദയിൽ പാറുന്ന പൂഴിമണ്ണിന്റെ യാഥാർഥ്യതയുണ്ട് ദൃശ്യങ്ങൾക്കും പാട്ടിനും എന്നതുകൊണ്ടു തന്നെയാണത്. 

പാട്ടിന്റെ താളത്തിനു തന്നെ ഒരു ഗോദയുടെ ആവേശമാണ്. നമ്മെക്കൊണ്ട് ഏറ്റുപാടിക്കുന്ന ആലാപന ശൈലിയാണ് സർവാർ ഖാന്റെയും സർതാസ് ഖാൻ ബർണയുടേയും. പ്രിതം ആണു സംഗീതം. അമിതാഭ് ഭട്ടാചാര്യയുേടതാണ് എഴുത്ത്. ഗാനം ആറു ദിവസം കൊണ്ട് 90 ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി കണ്ടത്. 

പെൺമക്കളിലൂടെ ഗുസ്തിയിൽ ഒളിമ്പിക്സ് സ്വർണമെന്ന സ്വപ്നത്തിലേക്കു യാത്ര ചെയ്യുന്ന അച്ഛന്റെ ജീവിതം പറയുന്ന ചിത്രത്തിന്റെ ആത്മാവ് ഈ പാട്ടിലൂടെ നമുക്കറിയാനാകും. പരുക്കന്‍ രീതിയിലാണെങ്കിലും പെൺമക്കളെ ഉയരങ്ങളിലേക്കെത്തിക്കാന്‍ ഇദ്ദേഹം പരിശ്രമിക്കുന്നതു കാണുമ്പോൾ നമ്മളും ആഗ്രഹിച്ചു പോകും എന്റെ അച്ഛനും ഇതുപോലെയായെങ്കിലെന്ന്. ആമിറിന്റെ നോട്ടവും  പാടത്തിന് നടുവിലെ ഗോദയിലേക്കു പെൺമക്കളെ കൈപിടിക്കുന്ന യാത്രയും ഹൃദയം തൊടും.