പെൺവീര്യത്തെ കുറിച്ചു പാടി, സ്ത്രീ ശക്തിയെ പ്രതിനിധാനം ചെയ്യുന്നൊരു പാട്ട്. ദംഗൽ എന്ന ചിത്രത്തിൽ നിന്ന് ഏറ്റവുമൊടുവിലായി പുറത്തു വന്ന ഗാനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. അത്രയേറെ ഊർജ്ജമുണ്ട് ഈ ഗാനത്തിന്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നമ്മൾ ഓരോരുത്തരുടേയും മനസിനുള്ള ധാരണകളെ പൊളിച്ചടുക്കുന്ന ഗാനമാണിത്.
ഗുസ്തിയിൽ ഒളിംപിക് സ്വർണമെന്ന സ്വപ്നം തന്റെ പെൺമക്കളിലൂടെ പൂവണിയിക്കുവാൻ പ്രയത്നിക്കുന്ന ഒരു അച്ഛന്റെ കഥയാണ് ദംഗൽ. ഹാനികാരക് ബാപ്പുവിന്റെയും അയാളുടെ പെൺമക്കളുടെയും കഥ. അഥവാ ഗുസ്തിയിൽ ഇന്ത്യയുടെ യശസ് അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയ ഗീത ഭോഗട്ടിന്റെയും ബബിത ഭോഗട്ടിന്റെയും അച്ഛന്റെയും കഥ. ആമിർ ആണ് അച്ഛനായി വേഷമിടുന്നത്. സൈറ വാസിം മകളായും. ഈ അച്ഛനും മകളും ഗുരുവും ശിഷ്യനുമാകുന്ന കാഴ്ചയിലെ വൈകാരികതയും ആഴവുമാണ് പാട്ടിലുള്ളത്. അവളെ പരിശീലിപ്പിക്കുന്ന രീതിയും മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ആവേശവും നിലപാടുകളുമെല്ലാം തന്മയത്തത്തോടെ ആമിർ അവതരിപ്പിക്കുമ്പോൾ സൈറ തോളോടു തോൾ ചേർന്നുള്ള ഉജ്വല അഭിനയ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്.
ചടുലമായ വരികളും ഈണവുമുള്ള ഗാനം ശരീരത്തിലെ ഓരോ കോശങ്ങളേയും ആവേശത്തിലാഴ്ത്തും. വരികൾ ഉണർവേകും. അമിതാഭ് ഭട്ടാചാര്യയാണു പാട്ടെഴുതിയത്. പ്രിതത്തിന്റേതാണ് സംഗീതം. റഫ്താറിന്റേതാണു വരികൾ. ഒറ്റ ദിവസം കൊണ്ട് അഞ്ചു ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ ഈ പാട്ട് കണ്ടത്.