അനിരുദ്ധും താമരയും ഒന്നിക്കുന്നു

തമിഴ് ഗാനങ്ങൾക്ക് പുതിയ ഭാവുകത്വം പകർന്ന കവിയത്രിയാണ് താമര. പ്രണയത്തിന്റെ ഋതുഭേദങ്ങളെ ശുദ്ധതമിഴിലേക്ക് ആവാഹിച്ച് താമരയെഴുതിയ ഗാനങ്ങളെല്ലാം തമിഴ്മനം കീഴടക്കി. ഭാഷാഭേദങ്ങൾ പിന്നിട്ട് ആ പാട്ടുകൾ ആസ്വാദകഹൃദയങ്ങളിൽ കൈയൊപ്പ് ചാർത്തി, തലമുറകളുടെ ആഘോഷമായി മാറി. കവിയും പാട്ടെഴുത്തുകാരിയുമായ താമരയും യുവ സംഗീത സംവിധായകൻ അനിരുദ്ധും ഒന്നിക്കുകയാണ്.

അനിരുദ്ധ് തന്നെ തന്റെ ട്വിറ്ററിലൂടെയാണ് താമരയുമായി ഒന്നിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത്. വിഘ്നേശ് ശിവന്റെ ഞാനും റൗഡിതാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നും ട്വിറ്റിലൂടെ അനിരുദ്ധ് പറഞ്ഞു. കൂടാതെ മൂവരും ചേർന്നുള്ള ചിത്രവും അനിരുദ്ധ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അനിരുദ്ധിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗാനത്തിലൊന്നായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ സംവിധായകൻ വിഘ്നേശ്് ശിവൻ പറഞ്ഞിരിക്കുന്നത്.

1998 ൽ സീമൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇനിയവളെ എന്ന ചിത്രത്തിന് പാട്ടെഴുതിക്കൊണ്ട് ഗാനരചനയിലേക്ക് കടന്ന താമര പിന്നീട് ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ, തെനാലി തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. തുടർന്ന് ഗൗതം മേനോൻ, ഹാരിസ് ജയരാജ്, താമര കൂട്ടുകെട്ട് നിരവധി ഹിറ്റ് ഗാനങ്ങൾ തമിഴിന് സമ്മാനിച്ചു. തെനാലി എന്ന ചിത്രത്തിലൂടെ തമിഴ്നാട് സർക്കാറിന്റെ പുരസ്കാരവും, വാരണം ആയിരം, വിണ്ണെയ് താണ്ടി വരുവായ എന്ന ചിത്രങ്ങളിലൂടെ ഫിലിം ഫെയർ പുരസ്കാരങ്ങളും താമരയെ തേടി എത്തിയിട്ടുണ്ട്.

തമിഴിലെ മധുരമാർന്ന പ്രണയഗാനങ്ങളുടെ പേരിൽ പ്രശസ്തയായ താമരയും ഡപ്പാംകൂത്ത്് ശൈലിയിലുള്ള ഫാസ്റ്റ് നമ്പറുകളുടെ പേരിൽ പ്രശസ്തനായ അനിരുദ്ധും തമ്മിലുള്ള കൂടിച്ചേരൽ ആകാംക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്. വേലയില്ല പട്ടധാരി എന്ന ചിത്രത്തിന് ശേഷം വിഘ്നേശ്് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞാനും റൗഡിതാൻ. വിജയ് സേതുപതി നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വിഘ്നേശ് ശിവൻ തന്നെയാണ്. വിജയ് സേതുപതിയെ കൂടാതെ നയൻതാര, ആർ ജെ ബാലാജി, ആർ പാർഥിപൻ, രാധിക ശരത്കുമാർ, അനന്ദരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.