Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"നെഞ്ചിലാകെ അനുരാഗ കരിക്കിൻവെള്ളം"

anuraga-karikkin-vellam-songs

അനുരാഗ കരിക്കിൻ വെള്ളം എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ വരുന്നത് "അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം" എന്ന പഴയഗാനമാണ്. പി ഭാസ്കരൻ രചിച്ച് ജോബ് മാസ്റ്റർ സംഗീതം നൽകി ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആലപിച്ച് അനശ്വരമാക്കി ഈ പഴയഗാനം ഇന്നും സംഗീതപ്രേമികളുടെ നെഞ്ചിലുണ്ട്. അതിനാൽ തന്നെയാണ് 'അനുരാഗ കരിക്കിൻവെള്ളം' എന്ന തലക്കെട്ടിൽ ഒരു ചിത്രം ഇറങ്ങിയപ്പോൾ മലയാളികൾ ആ ചിത്രവും ഒപ്പം അതിലെ ഗാനങ്ങളും മികച്ചതായിരിക്കണമെന്ന് ആഗ്രഹിച്ചത്.

പ്രശാന്ത് പിള്ള എന്ന സംഗീതസംവിധായകൻ

ആമേൻ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ പ്രശാന്ത് പിള്ളയാണ് അനുരാഗ കരിക്കിൻവെള്ളം എന്ന പുതിയ ചിത്രത്തിന്റെ സംഗീതം ചെയ്തത്. 2010 ൽ പുറത്തിറങ്ങിയ നായകൻ മുതൽ അനുരാഗകരിക്കിൻ വെള്ളം വരെ പതിനഞ്ചോളം മലയാള ചിത്രങ്ങൾ സംഗീതം നൽകി തന്റേതായ മുഖമുദ്ര പതിപ്പിച്ച വ്യക്തിയാണ് സംഗീത സംവിധായകൻ പ്രശാന്ത് പിള്ള. ആമേൻ എന്ന ചിത്രത്തിലെ സോളമനും ശോശന്നയുമാണ് പ്രശാന്തിന്റെ മലയാളത്തിലെ ഇതുവരെയുള്ള വലിയ ഹിറ്റെന്ന് പറയാം.

എന്നാൽ അനുരാഗകരിക്കിൻ വെള്ളത്തിലെ ചടുല താളങ്ങളും പ്രണയാർദ്ര ഈണങ്ങളും പ്രശാന്തിനെ കൂടുതൽ ശ്രദ്ധേയനാക്കുകയാണ്. തമിഴിലും ഹിന്ദിയിലും നിരവധി പ്രൊജക്റ്റുകൾ അദ്ദേഹത്തിന്റേതായിത്തുണ്ട്. "അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം" പോലുള്ള പഴയ അനശ്വരഗാനങ്ങൾക്ക് ഒപ്പം നിർത്താൻ കഴിയില്ലെങ്കിലും സിനിമ കണ്ടിരിക്കുമ്പോൾ കഥാ സന്ദർഭത്തിനനുസരിച്ച് േപ്രക്ഷക മനസിനെ തൊടാൻ ഇതിലെ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

 

അനുരാഗ കരിക്കിൻവെള്ളത്തിലെ ഗാനങ്ങൾ

നീയോ ഞാനോ..... 

‘പതിനായിരമായിരമെന്നും 

അതിരാവിലെ എണീറ്റ് വരുന്നു 

മധുരം നിറയും കനവിൽ നഗരം ഉണർന്നേ...’ 

ഈ ടൈറ്റിൽ ഗാനം തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ഗാനം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഗാനത്തിന്റെ വേഗമേറിയ താളത്തിന് അനുസരിച്ചുള്ള ദ്രുത വിഷ്വലുകൾ കാഴ്ച കൂടുതൽ മനോഹരമാക്കി. പ്രേമം ചിത്രത്തിലെ ഗാനങ്ങൾ എഴുതിയും പാടിയും പ്രശസ്തനായ ശബരീഷ് വർമയാണ് ഈ ഗാനത്തിന്റെ രചന. വൈക്കം വിജയലക്ഷ്മിയുടെ മനോഹര ആലാപനത്തിൽ നിരഞ്ജ്, ശബരീഷ് വർമ, ശ്രീരാജ് സജു എന്നിവർ ഒപ്പം ചേർന്നു.

പ്രശാന്ത് പിള്ളയുടെ കമന്റ്

"ഖാലിദ് റഹ്മാൻ കൃത്യമായ നിർദേശം നൽകി ചെയ്ത പാട്ടാണ് നീയോ ഞാനോ... നഗരത്തിന്റെ തിരക്കിന്റെയും പ്രവർത്തനങ്ങളുടെയും ചടുലത ആ പാട്ടിൽ വ്യക്തമാകണമെന്നുണ്ടായിരുന്നു. മെയിൽ വോയ്സാണ് പാട്ടിനായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് പാടാനായി വൈക്കം വിജയലക്ഷ്മിയെ തിരഞ്ഞെടുക്കുകയായിരുന്നു. ആ പാട്ടിന് അനുയോജ്യമായ ഭാവം വിജയലക്ഷ്മിയുടെ ശബ്ദത്തിനുണ്ടായിരുന്നു. വിജയലക്ഷ്മി അത് ഗംഭീരമായി പൂർത്തീകരിക്കുകയും ചെയ്തു."

മനോഗതം ഭവാൻ...

‘മനോഗതം ഭവാൻ അറിഞ്ഞേ 

ശുഭാദ്രമായി ദിനം സലോലം’ 

ഈ ഗാനം കേട്ടാൽ അറിയാം പാടിയത് മലയാളിയല്ലെന്ന്. എന്നാൽ ശബ്ദമാധുര്യം കൊണ്ടു മനോഹരമാക്കി മാതംഗിയും പ്രശംസ നേടുന്നു. വളരെ ശാന്തമായി, എന്നാൽ മനോഹരമായി ഹൃദയത്തിൽ തൊട്ടുപോകുന്ന നല്ല നിമിഷങ്ങൾ കാഴ്ചയായി വരുന്ന ഭാഗത്താണ് ഗാനമെത്തുന്നത്. ഹരിനാരായണന്റ വരികൾക്ക് ഹരിചരന്റെ പ്രൗഡശബ്ദം അലങ്കാരമായി. പ്രശാന്ത്പിള്ളയുടെ സംഗീത സംവിധാനത്തിൽ മിക്കവാറും കാണാറുള്ള ഇൻസ്ട്രമെന്റൽ മാജിക്കും ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നതു കാണാം.

പ്രശാന്ത് പിള്ളയുടെ കമന്റ്

"കർണാടിക് കൃതിപോലുള്ള വരികളിൽ ഒരു ഗാനം വേണമെന്ന നിർദേശമാണ് ഉണ്ടായിരുന്നത്. ഹരിനാരായണൻ മനോഹരമായി അതിന്റെ രചന നടത്തി. അത്തരത്തിലുള്ള ഗാനമായതു കൊണ്ടുതന്നെ മലയാളം അറിയുന്ന ഗായിക വേണമെന്നില്ലായിരുന്നു. അങ്ങനെയാണ് മാതംഗിയെ തിരഞ്ഞെടുത്തത്. അവരുടെ ശബ്ദവും അതിന് മനോഹരമായി ചേരുന്നുണ്ടായിരുന്നു. ഹരിചരൻ കൂടി ഒപ്പം ചേർന്നപ്പോൾ ഗാനം ഗംഭീരമായി.

മോഹം തിരതല്ലുന്നേ..

മോഹം തിരതല്ലുന്നേ.. ഉള്ളിൽ തുടികൊട്ടുന്നേ

തിരിതിരിയണലോകം ഇങ്ങനെ എന്താ 

ഓളം കലി തുള്ളുന്നേ 

ഓർമകളോ പൊള്ളുന്നേ... 

മാറേണം നമ്മൾ വാഴേണം ഉള്ളിൽ സ്നേഹം 

മാത്രം എന്നും ഒഴുകേണം... അനുരാഗകരിക്കിൻ വെള്ളം’ 

അനുരാഗകരിക്കിൻ വെള്ളം എന്ന ചിത്രത്തിന്റെ ടൈറ്റിൽ കൂടി ഉൾപ്പെടുന്ന ഒരു ഗാനം. പീതാംബര മേനോനും ഗോവിന്ദ് മേനോനും ചേർന്ന് പാടിയ ഗാനത്തിൽ ഗോവിന്ദ് മേനോന്റെ വയലിൻ മാന്ത്രികതയും കാണാം. ഉള്ളിൽ ഒഴുകേണ്ട സ്നേഹത്തിന്റെയും പൊള്ളുന്ന ഓർമകളുടെയും തിരിച്ചറിവ് നൽകുന്ന ഈ ഗാനം ചിത്രത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ശബരീഷ് വർമ്മയാണ് വരികൾ എഴുതിയിരിക്കുന്നത്.

പ്രശാന്ത് പിള്ളയുടെ കമന്റ്

മോഹം തിരതല്ലുന്നേ എന്ന പാട്ടല്ല സിനിമയിൽ ആദ്യം ഉപയോഗിച്ചത്. ആദ്യം ചെയ്ത ഗാനം  ചിത്രത്തിൽ മിക്സ് ചെയ്തു കഴി‍ഞ്ഞപ്പോൾ അത്ര ചേരുന്നില്ലെന്ന് കണ്ടിട്ട് വീണ്ടും ഒരു ഗാനം ചെയ്യുകയായിരുന്നു. ശബരീഷ് ആണ് ഇതിന്റെ രചന നടത്തിയത്. പെട്ടെന്നുള്ള പ്രൊഡക്ഷൻ ആയതുകൊണ്ട് ശബരീഷിനെ സമ്മർദ്ദം ചെലുത്തി എഴുതിക്കുകയായിരുന്നു. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നത് കൊണ്ട് തന്നെ ഒരു അച്ഛനും മകനും തന്നെ ഈ ഗാനം ആലപിക്കണമെന്നും തീരുമാനിച്ചു. ട്രാക്ക് അയച്ചുകൊടുത്തപ്പോൾ ഗോവിന്ദ് മേനോൻ വളരെ ഹാപ്പിയായി. പീതാംബരമേനോനും പാടാൻ റെഡി. അങ്ങനെ അവസാനം ചിട്ടപ്പെടുത്തിയ പാട്ടാണ് ഇത്. ഗോവിന്ദ് മേനോന്റെ വയലിനും ഈ പാട്ടിൽ മനോഹരമായി ചേർത്തിട്ടുണ്ട്. ഗോവിന്ദ് മേനോനും പീതാംബരമേനോനും ഒരുമിച്ച് പാടുന്ന ആദ്യ മലയാള ഗാനമാണിത്.

പോയി മറഞ്ഞോ...

‘പോയി മറഞ്ഞോ ഇരുളിലായി ആ നിറങ്ങൾ 

ഓഹോ... ഈ നിമിഷം 

തിരികെ വരുമോ വീണ്ടും..’ 

ചിത്രത്തിലെ വികാര നിർഭരമായ നിമിഷത്തിൽ വിരിഞ്ഞ ഗാനം. നഷ്ട സ്വപ്നങ്ങളുടെയും പ്രണയം സമ്മാനിച്ച നിറമുള്ള ഓർമകളുടെയും വികാരം പ്രേക്ഷക മനസിലേക്ക് ആഴ്ന്നിറക്കാൻ ഈ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രശാന്ത്പിള്ളയുടെ സഹോദരിയായ പ്രീതിപിള്ളയുടെ ശബ്ദം മനോഹരമായി പാട്ടിനിണങ്ങുന്നു. അരുൺ കമ്മത് സഹഗായകനായി ഒപ്പം ചേരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് എത്തുന്നതിന് മുമ്പുള്ള ഗാനത്തിന് വരികൾ  എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മ തന്നെയാണ്.

പ്രശാന്ത് പിള്ളയുടെ കമന്റ്

ചിത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗത്ത് വരുന്ന ഗാനമായിരുന്നുവിത്. ആ കഥയുടെ മൂഡ് ഈ പാട്ടിലൂടെ പ്രേക്ഷകരിലേക്ക് വരുത്താനായിരുന്നു ശ്രമം. ലളിതമായ വാക്കുകളിലൂടെ ആ ഫീൽ വരുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. പ്രീതിയും അരുണും അത് നന്നായി പാടി. ഒടുവിൽ പ്രേക്ഷക മനസിൽ തൊടുന്ന ഒരു പാട്ടായി അതുമാറി.

പശ്ചാത്തല സംഗീതം

പശ്ചാത്തല സംഗീതം മികച്ചതാണ്. എന്നാൽ അപൂർവ്വം ചിലയിടങ്ങളിൽ കഥാപാത്രങ്ങളുടെ ഡയലോഗ് പ്രസന്റേഷനെ അധികരിക്കുന്നുണ്ടോയെന്ന് സംശയം തോന്നും. താനൊരു മികച്ച പശ്ചാത്തല സംഗീതജ്ഞനാണെന്ന് നേരത്തെ തെളിയിച്ച പ്രശാന്ത് ഇവിടെയും മോശമാക്കിയില്ല.

govind-prasanth ഗോവിന്ദ്.പി.മേനോനും പ്രശാന്ത് പിള്ളയും

പ്രശാന്ത് പിള്ളയുടെ കമന്റ്

നൂറു ശതമാനം ആസ്വദിച്ചാണ് ഞാൻ ഇതിന്റെ പശ്ചാത്തല സംഗീതം ചെയ്തത്. ആമേൻ കഴിഞ്ഞ് ഇത്രയും ആസ്വദിച്ചു ചെയ്ത ചിത്രവും ഇതുതന്നെ. ആദ്യം ചിത്രത്തിൽ ഉപയോഗിച്ച പശ്ചാത്തല സംഗീതമല്ല ചിത്രം പുറത്തുവന്നപ്പോൾ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ റിലീസ് നീണ്ടപ്പോൾ വീണ്ടും പശ്ചാത്തല സംഗീതം മെച്ചപ്പെടുത്താൻ സമയം കിട്ടി. ഓരോ സീനും വീണ്ടു വീണ്ടും മാറ്റി സംഗീതം ചെയ്യുകയായിരുന്നു. ആ മാറ്റങ്ങൾ എല്ലാം നന്നായി തന്നെ വരികയും ചെയ്തുവെന്നാണ് വിശ്വാസം.